Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ടി. ആർ. ചന്ദ്രദത്ത്
ടി. ആർ. ചന്ദ്രദത്ത്

ടി. ആർ. ചന്ദ്രദത്ത്

ലഘു ജീവചരിത്രം (Biography)

ചന്ദ്രദത്ത് മൂന്നുപതിറ്റാണ്ടിലേറെ കോസ്റ്റ്ഫോർഡിന്റെ അമരക്കാരനായിരുന്നു. സി. അച്യുതമേനോൻ ദൈനംദിനരാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്നു പിൻവാങ്ങിയശേഷം ലാറി ബേക്കറുടെയും കെ. എൻ. രാജിന്റെയും സഹകരണത്തോടെ രൂപവത്ക്കരിച്ച സന്നദ്ധസംഘടന ആണു കോസ്റ്റ്ഫോർഡ്. നാടിനു ചേർന്ന സാങ്കേതികവിദ്യകൾ കരുപ്പിടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ആയിരുന്നു ലക്ഷ്യം. കോസ്റ്റ്ഫോർഡിനെ നയിക്കാൻ അച്യുതമേനോൻ തെരഞ്ഞെടുത്തത് തൃപ്രയാർ ഗവൺമെന്റ് പോളിടെക്‌നിക്കിലെ അദ്ധ്യാപകനായിരുന്ന ടി. ആർ. ചന്ദ്രദത്തിനെയാണ്.

ലാറി ബോക്കർ ആവിഷ്കരിച്ച, ദുർവ്യയം ഒഴിവാക്കിയുള്ള, കെട്ടിടനിർമ്മാണബദലുകൾ പ്രചരിപ്പിക്കുന്ന ദൗത്യമാണ് കോസ്റ്റ്ഫോർഡ് ഏറ്റെടുത്തത്. കോസ്റ്റ്ഫോർഡിന്റെ ആദ്യത്തെ പരിപാടി തെക്കുംകര പഞ്ചായത്തിൽ 30 എൻജിനീയർമാർക്കും 15 മേസ്തിരിമാർക്കും നല്കിയ പരിശീലനമാണ്. 1985-ലെ വിലനിലവാരത്തിൽ 10,000 രൂപയ്ക്ക് 300 ചതുരശ്രയടിയുള്ള മൂന്നുവീടുകൾ നിർമ്മിച്ചു. ലാലൂരിൽ എൻആർഇപി പ്രോഗ്രാമിൽ നിർമ്മിച്ച 32 വീടുകൾക്ക് 8,000 രൂപയേ ചെലവു വന്നുളളൂ. ഈ സ്കീമിൽ 5000-ത്തിലേറെ വീടുകൾ നിർമ്മിച്ചതോടെ കോസ്റ്റ്ഫോർഡ് പാർപ്പിടമേഖലയിൽ സ്ഥാനം ഉറപ്പിച്ചു.

അധികാരിവികേന്ദ്രീകരണത്തിന്റെ പ്രചാരണവും പരീക്ഷണവും 90-കളുടെ ആദ്യം കോസ്റ്റ്ഫോർഡിന്റെ മുഖ്യദൗത്യങ്ങളിൽ ഒന്നായി. ഒട്ടനവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 73, 74 ഭരണഘടനാഭേദഗതികളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലയിലെ 98 പഞ്ചായത്തിലും 16 ബ്ലോക്കിലും അഞ്ചു മുനിസിപ്പാലിറ്റിയിലും ജില്ലാഭരണകൂടവുമായി സഹകരിച്ചു ബോധവൽക്കരണക്ലാസുകൾ നടത്തി. ഇതിൽ ഏറ്റവും വലിയ കാൽവയ്പ് പഴയന്നൂർ ബ്ലോക്കിന്റെ സമഗ്രവികസനത്തിനു തയ്യാറാക്കിയ പദ്ധതിരേഖയാണ്. കല്യാശ്ശേരി പദ്ധതിപോലെ താഴത്തുനിന്നു പദ്ധതി രൂപവത്ക്കരിക്കുന്നതിന്റെ രീതിശാസ്ത്രപരീക്ഷണമായിരുന്നു ഇത്. തൃശ്ശൂരിലെ ജനകീയാസൂത്രണപരിശീലനപരിപാടികളിൽ ദത്ത് മാഷ് നിറസാന്നിദ്ധ്യമായിരുന്നു. സംസ്ഥാനതലവിദഗ്ദ്ധസമിതിയുടെ ചർച്ചകളിൽ സജീവപങ്കാളിയായി.

കോസ്റ്റ്ഫോർഡ് പ്രചരിപ്പിച്ചിരുന്ന ബദൽ നിർമ്മാണരീതികൾ ജനകീയാസൂത്രണത്തിൽ ഔപചാരിക അംഗീകാരം നേടി. ഇത്തരം നിർമ്മാണരീതികൾ അവലംബിക്കുന്ന പ്രൊജക്റ്റുകൾക്കു സാങ്കേതികാനുമതി നല്കാൻ സംസ്ഥാനതലത്തിൽ പ്രത്യേകസമിതിതന്നെ രൂപവത്ക്കരിച്ചു. കോസ്റ്റ്ഫോർഡിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ അക്രെഡിറ്റഡ് ഏജൻസികളിൽ ഒന്നായി അംഗീകാരവും നല്കി. ഇതോടെ കേരളത്തിലുടനീളം പ്രാദേശികതലത്തിൽ ജനകീയാസൂത്രണപ്രവർത്തനങ്ങളിൽ കോസ്റ്റ്ഫോർഡ് സജീവപങ്കാളിയായി.

എന്നാൽ ജനകീയാസൂത്രണത്തിന്റെ നിർണ്ണായകഘട്ടത്തിലേക്കു പ്രവേശിച്ചപ്പോഴേയ്ക്കും ദത്ത് മാഷിന്റെ ക്യാൻസർരോഗം സ്ഥിതീകരിക്കപ്പെട്ടു. പിന്നീട് ഒരുവർഷത്തിലേറെ റേഡിയേഷന്റെയും സർജറിയുടെയും മറ്റും ദുരിതകാലമായി. പക്ഷെ, ഇതൊന്നും മാഷിനെ തളർത്തിയില്ല. ആ അവസ്ഥയിൽ സംസാരത്തിലെ അവ്യക്തത മറികടക്കാൻ എഴുതിക്കാണിച്ചാണ് ആശയവിനിമയം നടത്തിയിരുന്നത്.

2000-ൽ തൃശ്ശൂരിൽ സമ്പൂർണ്ണപാർപ്പിടപദ്ധതി ആവിഷ്കരിച്ചു. ഹഡ്കോയിൽനിന്നു വായ്പയെടുത്തു തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാവർക്കും വീടു നല്കാനായിരുന്നു പദ്ധതി. വായ്പയെടുത്തതു കോസ്റ്റ്ഫോർഡാണ്. ഇതും ഇഎംഎസ് പാർപ്പിടപദ്ധതിക്കു പ്രചോദനമായിട്ടുണ്ട്. എന്നാൽ ഇഎംഎസ് സമ്പൂർണ്ണപാർപ്പിടപദ്ധതി പ്രഖ്യാപിക്കപ്പെട്ടതോടെ വീടിന്റെ തിരിച്ചടവു നിന്നു. ഇതു കോസ്റ്റ്ഫോർഡിനു വലിയ സാമ്പത്തികപ്രതിസന്ധിയായി. പിന്നീടു വിഎസ് സർക്കാരിന്റെ കാലത്താണ് എസ്. എം. വിജയാനന്ദ് മുൻകൈയെടുത്ത് ഇതിനു പരിഹാരം കണ്ടത്.

സ്വന്തം ഗ്രാമമായ തളിക്കുളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടു രൂപവത്ക്കരിച്ച വികാസ് ട്രസ്റ്റ് ദത്ത് മാഷിനു വലിയൊരു വികസനപരീക്ഷണശാലയായി. എട്ടുകോടി രൂപ ചെലവിലുള്ള അപ്പാരൽ പാർക്ക്, നൈപുണിവികസനപരിപാടികൾ, 5000 കുടുംബങ്ങളുടെ സമഗ്ര ആരോഗ്യപരിപാലനം, 2000-ത്തിലേറെ വയോജനങ്ങളുടെ ക്ലസ്റ്റായി പ്രവർത്തിക്കുന്ന പകൽവീട്, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയവ വികാസിന്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ്. പലപ്പോഴും പ്രൊജക്ടുകൾ ആരംഭിച്ചശേഷം ആയിരിക്കും ഇതിനുള്ള ആളും അർത്ഥവും തേടുക. അവ കണ്ടെത്താൽ മാഷ് വിജയിക്കുകയും ചെയ്യും. ഒരു ഒറ്റയാൻ നിശ്ചയദാർഢ്യം. ഗൾഫാർ മുഹമ്മദലി, മണപ്പുറം ഫിനാൻസ് തുടങ്ങി ആ പ്രദേശത്തെ ഉദാരമതികളായ പ്രവാസികളിൽനിന്നും അല്ലാത്തവരിൽനിന്നും സഹായം ഇത്തരം പ്രവർത്തനങ്ങൾക്ക് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്.

ദത്ത് മാഷ് വലിയൊരു കമ്മ്യൂണിസ്റ്റുപാരമ്പര്യത്തിന്റെ തുടർച്ചയാണ്. അച്ഛൻ ടി. കെ. രാമൻ പാർട്ടിയുടെ നാട്ടിക ഫർക്കയുടെ സെക്രട്ടറി ആയിരുന്നു. മാഷ് സിപിഐ(എം)-നോടൊപ്പം ആയിരുന്നു. എന്നാൽ സെക്ടേറിനിയസം ലെവലേശം തീണ്ടാത്ത ആളായിരുന്നു. വലിയ സ്വപ്നമായിരുന്ന കോസ്റ്റ്ഫോർഡിനെ നയിക്കാൻ അച്യുതമേനോൻ ദത്തിനെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കാര്യപ്രാപ്തിക്കും എല്ലാവരെയും കൂട്ടിയോജിപ്പിക്കാനും പുതുവഴികളിലൂടെ ചിന്തിക്കാനുമുള്ള കഴിവുകൾക്കുമുള്ള അംഗീകാരമായിരുന്നു. എന്നും സംവാദത്തിനുള്ള വേദികൾ ഒരുക്കാൻ ദത്ത് മാഷ് പരിശ്രമിച്ചിട്ടുണ്ട്.

1998-ൽ ആരംഭിച്ച ‘ഇഎംഎസ് സ്മൃതി’ മാഷിന്റെ രോഗാനന്തരജീവിതത്തിന്റെ അരങ്ങേറ്റമായി. ഹർകിഷൻ സിങ് സുർജിത്ത് ആണ് ഉദ്ഘാടനം ചെയ്തത്. ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, സുകുമാർ അഴിക്കോട്, ഒഎൻവി കുറുപ്പ്, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി വലിയൊരു നിര പ്രഗത്ഭർ അന്നു തേക്കിൻകാടുമൈതാനത്ത് അണിനിരന്നു. അതിനുശേഷം ഇന്നുവരെ ‘ഇഎംഎസ് സ്മൃതി’ മുടങ്ങിയിട്ടില്ല. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ പ്രത്യയശാസ്ത്രസംവാദവേദിയായി ഇന്നും തുടരുന്നു. സ്മൃതിയുടെ ഭാഗമായി ഒരു ഡസനിലേറെ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബദൽ വികസനം, ഇടതുപക്ഷ രാഷ്ട്രീയം, മാർക്സിയൻ വിശകലനങ്ങൾ, പരിസ്ഥിതി, ലിംഗനീതി, നിയോലിബറലിസനത്തിനുള്ള ബദലുകൾ എന്നിവയുടെ നൂതന മാർഗ്ഗങ്ങൾ തേടുന്നതിനുവേണ്ടി ‘പുതുവഴി’ ത്രൈമാസികയും പ്രസിദ്ധീകരിച്ചു തുടങ്ങി. പ്രതീക്ഷ ട്രസ്റ്റാണ് ഇതിനു നേതൃത്വം. മാഷിന് എന്തെങ്കിലും പുതിയ പരീക്ഷണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കണം. ഏറ്റവും അവസാനം ആരംഭിച്ച ഒന്നാണ് തൃശ്ശൂരിലെ വയോജന പരിപാലന കേന്ദ്രം.

മാഷിനെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് കാവുമ്പായി ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത് കോസ്റ്റ്ഫോർഡ് പ്രസിദ്ധീകരിച്ചിട്ടുള്ള “ജീവിച്ചിടുന്നു മൃതിയിൽ ടിആർ ചന്ദ്രദത്ത് ഒരു ഓർമപ്പുസ്തകം” എന്ന ഗ്രന്ഥം ഉപകരിക്കപ്പെടും.