Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

പി. സി. ബാലൻ

പി. സി. ബാലൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണത്തിന്റെ ചീഫ് എൻജിനീയർ ആര്? എനിക്ക് ഒരു ഉത്തരമേയുള്ളൂ - പി. സി. ബാലൻ. ഒന്നാംഘട്ടപരിശീലനത്തിൽത്തന്നെ കെആർപിയായി പങ്കെടുക്കുമ്പോഴേ ജനകീയ എൻജിനീയർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പി. സി. ബാലന്റെ മുൻകാലചരിത്രം കേട്ട ആരും ഇതൊരു അതിശയോക്തിയായി പറയില്ല. സർവ്വീസിൽ കയറിയ നാൾ മുതൽ വേറിട്ട പാതയിലൂടെയാണ് ഈ എൻജിനീയർ സഞ്ചരിച്ചത്.

1977-മുതൽ 1980-വരെ പേരാമ്പ്ര ബ്ലോക്കിലെ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നപ്പോൾ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, മേപ്പയ്യൂർ, നൊച്ചാട്, പേരാമ്പ്ര, കൂത്താളി, കായണ്ണ എന്നീ പഞ്ചായത്തുകളിൽ ഫുഡ് ഫോർ വർക്ക് സ്കീമിൽ നൂറിലധികം പുതിയ റോഡുകൾ നിർമ്മിച്ചു. ഓരോ റോഡിനും 2,500 രൂപയും നാലായിരം കിലോ ഗോതമ്പും മാത്രമാണു നല്കിയത്. എന്നാൽ എസ്റ്റിമേറ്റ് തുക 25,000 രൂപ മുതൽ 50,000 രൂപ വരെ ആയിരുന്നു. പഞ്ചായത്തുപ്രസിഡന്റിന്റെയും മെമ്പർമാരുടെയും സഹായത്തോടെ റോഡിന്റെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേർത്തു പ്രവൃത്തിയെപ്പറ്റി വിശദീകരിച്ചശേഷം നിർവ്വഹണക്കമ്മിറ്റി രൂപവത്ക്കരിച്ചു. കൺവീനറെയും തെരഞ്ഞെടുത്തു. നിർവ്വഹണക്കമ്മിറ്റി ഗുണഭോക്താക്കളുടെ സന്നദ്ധസേവനം സംഘടിപ്പിച്ചു. കൂടുതൽ ചെലവുവരുന്ന നിർമ്മാണത്തിനു രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ മത്സരരീതിയിൽ സന്നദ്ധസേവനം സംഘടിപ്പിച്ചു.

പന്ത്രണ്ടോളം അങ്കണവാടിക്കെട്ടിടങ്ങൾക്ക് അഞ്ചു സെന്റ് മുതൽ ഏഴു സെന്റ് വരെ സ്ഥലം സൗജന്യമായി ലഭിക്കാനും ഓരോ കെട്ടിടത്തിനും അനുവദിച്ച 6,000 രൂപയിൽ കൂടുതൽ വേണ്ടിവരുന്ന തുക സമാഹരിക്കാനും പ്രയത്നിച്ചു. പേരാമ്പ്ര ചേനോളി റോഡിൽ അങ്കണവാടിക്കെട്ടിടം നിർമ്മിക്കാൻ 1984-ൽ പി. സി. ബാലൻ പ്രസിഡന്റായ കമ്മിറ്റി സർക്കാരിൽനിന്നോ പഞ്ചായത്തിൽനിന്നോ ഒരു ധനസഹായവുമില്ലാതെ 3 സെന്റ് സ്ഥലമടക്കം 30,000 രൂപ ചെലവു വരുന്ന കെട്ടിടം നിർമ്മിച്ചു.

1981-മുതൽ 1984-വരെ കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ആയിരുന്നപ്പോൾ സിഡബ്ല്യുആർഡിഎമ്മിലെ എക്സിക്യുട്ടീവ് ഡയറക്റ്റർ ഡോ. ആർ. ഗോപാലകൃഷ്ണനുമായി ചേർന്നു കിഴക്കൻ പേരാമ്പ്രയിലും കൂത്താളിയിലുമുള്ള പാടശേഖരങ്ങളിലെ കർഷകരുടെ കൂട്ടായ്മ രൂപവത്ക്കരിച്ചു കൂട്ടുകൃഷി നടത്തി. ഒരു പാടശേഖരത്തിലെ എല്ലാവരും യോജിച്ച് ഒരേ സമയം വിതയ്ക്കാനും ഞാറു നടാനും വളം ചെയ്യാനും ജലസേചനം നടത്താനും ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. ഉത്പാദനക്ഷമത ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.

ഒന്നാംഘട്ട കെആർപി പരിശീലനം കഴിഞ്ഞതിനുശേഷം പി. സി. ബാലനു പ്രത്യേക ചുമതലയാണു നല്കിയത് - പൊതുമരാമത്ത് നിർമ്മാണപ്രവൃത്തികളെക്കുറിച്ചുള്ള മാർഗ്ഗരേഖ തയ്യാറാക്കുക. അന്നു ബാലൻ കോഴിക്കോട് ബിൽഡിങ് സർക്കിളിൽ എക്സിക്യുട്ടീവ് എൻജിനീയർ ആയിരുന്നു.

പോരായ്മകൾ വിലയിരുത്തി. അവ പരിഹരിക്കാൻ മാർഗ്ഗരേഖ തയ്യാറാക്കി.

• കൃത്യമായ സർവ്വേ നടത്തി ശേഖരിക്കുന്ന സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ രൂപരേഖയും അടങ്കലും തയ്യാറാക്കണം.

• എസ്റ്റിമേറ്റിനോടൊപ്പം ഫണ്ടിന്റെയും നിർമ്മാണസാധനങ്ങളുടെയും യന്ത്രോപകരണങ്ങളുടെയും ലഭ്യതയനുസരിച്ചുള്ള കാലൻഡർ തയ്യാറാക്കണം.

• സാങ്കേതികാനുമതിക്കുള്ള കാലതാമസം ഒഴിവാക്കാൻ വിവിധതലങ്ങളിൽ രൂപവത്ക്കരിക്കുന്ന അഞ്ച് അംഗങ്ങളുള്ള സാങ്കേതിസമിതിയുടെ അനുമതി ലഭ്യമാക്കണം.

• ഗുണഭോക്തൃസമിതികൾവഴി പ്രവൃത്തികൾ നടത്താൻ മുൻഗണന നല്കണം.

• പ്രവൃത്തികൾ ആരംഭിക്കുന്നതിനുമുമ്പ് എൻജിനീയർ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു കാര്യങ്ങൾ വിശദീകരിക്കണം.

• പ്രവൃത്തിസ്ഥലത്തു പ്രധാനപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയ നോട്ടീസ് ബോർഡ് സ്ഥാപിക്കണം.

• തദ്ദേശഭരണസ്ഥാപനം നിശ്ചയിക്കുന്ന മോണിറ്ററിങ് കമ്മിറ്റി പ്രവൃത്തിയുടെ നിർവ്വഹണഘട്ടത്തിൽ അതിന്റെ ഗുണനിലവാരവും പുരോഗതിയും പരിശോധിക്കണം. ആ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷമേ ബില്ലു പാസാക്കാവൂ.

• പ്രവൃത്തി പൂർത്തിയായാൽ 15 ദിവസത്തിനകം പണം നല്കണം.

• ഏതു രേഖയുടെയും പകർപ്പ് ആവശ്യക്കാർക്കു നല്കണം.

• ഗ്രാമസഭകൾ സാമൂഹിക ഓഡിറ്റിങ് നടത്തണം.

ഈ മാർഗ്ഗരേഖ പ്ലാനിങ് ബോർഡ് അംഗീകരിച്ചശേഷം കിലയിലും ജില്ലാതലങ്ങളിലും തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും എൻജിനീയർമാർക്കും ക്ലാസുകൾ എടുത്തു.

പേരാമ്പ്ര ബ്ലോക്കിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ജനപങ്കാളിത്തത്തോടുകൂടിയ പ്രവൃത്തിനിർവ്വഹണത്തെപ്പറ്റിയുള്ള ഒരു മാർഗ്ഗരേഖ പി. സി. ബാലൻ തയ്യാറാക്കി. തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂളിൽ ചേർന്ന പഞ്ചായത്തുപ്രസിഡന്റുമാരുടെ യോഗത്തിൽ അത് അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം അംഗീകരിച്ചു. പുസ്തകമായി അച്ചടിച്ച് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും നല്കി. ക്ലാസുകൾ എടുത്തു. ഗുണഭോക്തൃസമിതികൾവഴി നടത്തിയ പ്രവൃത്തികളുടെ ചെലവിന്റെ 25 ശതമാനംവരെ ഗുണഭോക്തൃവിഹിതമായി സമാഹരിക്കാൻ കഴിഞ്ഞു, സംഭാവനവഴിയും സന്നദ്ധസേവനമായും. ആ മാർഗ്ഗരേഖയിലെ നടപടിക്രമങ്ങൾ ഇവയാണ്:

• പ്രവൃത്തികൾക്കു സാങ്കേതികാനുമതി നല്കിയശേഷം നിർവ്വഹണച്ചുമതലയുള്ള എൻജിനീയർമാർ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു പ്രവൃത്തികൾ വിശദീകരിക്കുക.

• 9 മുതൽ 15 വരെ അംഗങ്ങളുള്ള നിർവ്വഹണക്കമ്മിറ്റി രൂപവത്ക്കരിക്കുക. ചെയർമാനെയും കൺവീനറെയും തെരഞ്ഞെടുക്കുക.

• നിർവ്വഹണക്കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുക

• കൺവീനർ കരാറുടമ്പടി വച്ചശേഷം എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തദ്ദേശഭരണസ്ഥാപനം കമ്മിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക.

• പ്രവൃത്തിനിർവ്വഹണത്തിനുള്ള വരവു-ചെലവുകണക്കുകൾ രേഖപ്പെടുത്താനുള്ള അക്കൗണ്ട് ബുക്ക്, ആഴ്ചയിലൊരിക്കൽ ചേരുന്ന യോഗത്തിന്റെ മിനിറ്റ്സ് ബുക്ക്, മസ്റ്റർ റോൾ എന്നിവ കമ്മിറ്റി സൂക്ഷിക്കുകയും പ്രവൃത്തി പൂർത്തിയാക്കിയശേഷം തദ്ദേശഭരണസ്ഥാപനത്തിൽ ഏല്പിക്കുകയും വേണം.

പഞ്ചായത്തീരാജ്, മുനിസിപ്പൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമരാമത്തുചട്ടങ്ങൾ തയ്യാറാക്കിയതും ബാലനായിരുന്നു. വിവിധ നിർമ്മാണപ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ മലയാളത്തിൽ തയ്യാറാക്കി, മന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാജില്ലയിലുമുള്ള എൻജിനീയർമാർക്കു പരിചയപ്പെടുത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാർഗ്ഗരേഖ 2006-ൽ തയ്യാറാക്കിയതും പി. സി. ബാലനായിരുന്നു. ജനകീയ ഗുണഭോക്തൃസമിതികളെ ശക്തിപ്പെടുത്താനും കോൺട്രാക്ടർ-എൻജിനീയർ കൂട്ടുകെട്ടിന്റെ കടന്നാക്രമണത്തിൽനിന്നു സംരക്ഷിക്കാനും ജനകീയാസൂത്രണത്തിന്റെ അവസാനവർഷങ്ങളിൽ ഒരു കുരിശുയുദ്ധമാണു പി. സി. ബാലന്റെ നേതൃത്വത്തിൽ ഒരു ചെറുസംഘം എൻജിനീയർമാർ നടത്തിയത്. സംസ്ഥാന ഫാക്കൽറ്റിയംഗം എന്ന നിലയിൽ കിലയിലും എല്ലാ ജില്ലാതലസ്ഥാനങ്ങളിലും വി. വി. സുധാകരൻ, പ്രൊഫ. ലക്ഷ്മണൻനായർ, പ്രൊഫ. എ. ആർ. വേലായുധൻപിള്ള എന്നിവരോടൊപ്പം ക്ലാസുകൾ എടുക്കുകയും കോർപ്പറേഷനുകളുടെയും ജില്ലാപ്പഞ്ചായത്തുകളുടെയും പ്രൊജക്ടുകൾക്കു സാങ്കേതികാനുമതി നല്കാനുള്ള സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മിറ്റി അംഗമായി പ്രവൃത്തിക്കുകയും ചെയ്തു.

2001-ലെ ഭരണമാറ്റത്തിന്റെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് തദ്ദേശഭരണതലത്തിലെ മരാമത്തുപണികളുടെ നിർവ്വഹണത്തിലാണ്. ഗുണഭോക്തൃക്കമ്മിറ്റികൾക്കു വിരാമമായി. മാർഗ്ഗരേഖകളുടെ നല്ലൊരുഭാഗം അപ്രസക്തമായി. ഇന്നത്തെ സ്ഥിതിയെക്കുറിച്ചു ബാലനു നിശിതവിമർശനമാണ് ഉള്ളത്. എസ്റ്റിമേറ്റുകൾ ഇംഗ്ലീഷിലായി. നോട്ടീസ് ബോർഡുകൾ സ്ഥാപിക്കുന്നില്ല. മോണിറ്ററിങ്ങും സാമൂഹിക ഓഡിറ്റിങ്ങും ഇല്ല. ഗുണനിലവാരം തൃപ്തികരമല്ല.