Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

സി. പി. നായർ

സി. പി. നായർ

ലഘു ജീവചരിത്രം (Biography)

ചീഫ് സെക്രട്ടറി സി. പി. നായർ ഒരു കാരണവരെപ്പോലെ ആയിരുന്നു. വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും മുഖത്തുനോക്കി പറയാൻ ഒരു മടിയുമില്ല. പക്ഷെ, സഹായിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനല്ല, കാര്യങ്ങൾ കൂടുതൽ നന്നായി നടക്കണമെന്ന വാശി മാത്രമായിരുന്നു.

എന്റെ ലേഖനങ്ങളിൽ വന്നിരുന്ന അക്ഷരത്തെറ്റും വ്യാകരണപ്പിശകുകളുമെല്ലാം ചൂണ്ടിക്കാണിക്കാൻ ഒരു മടിയും കാണിച്ചിരുന്നില്ല. ഈയിനത്തിൽ അവസാനം കിട്ടിയ ചീട്ട് പദ്ധതിയിൽ ഉൾപ്പെടാത്ത ചെലവുകളെ എങ്ങനെ വിശേഷിപ്പിക്കണം എന്നതു സംബന്ധിച്ചാണ്. ഞാൻ പദ്ധതിയേതരം എന്നാണ് എഴുതിക്കൊണ്ടിരുന്നത്. അതുതെറ്റാണ്. പദ്ധതീതരം ആണു ശരി. എന്നാണ് സി. പി. നായർ കുറിപ്പായി കൊടുത്തയച്ചത്.

ജനകീയാസൂത്രണവുമായി വളരെ അനൗപചാരികമായി ഇടപെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവലോകനയോഗങ്ങളിലും മറ്റും പങ്കെടുക്കാൻ ഒരു വിമുഖതയും കാണിച്ചിരുന്നില്ല. ഒരിക്കൽ പ്രൊഫസർ ഗുലാത്തിയുടെ പ്രസംഗം കേൾക്കാൻ സദസ്സിന്റെ മുൻനിരയിൽ ഇരിക്കുന്നതു കണ്ടു.

ആസൂത്രണത്തിന്റെ ഏതാണ്ട് ഒരു വർഷം ആവേശപൂർവ്വം പരിശീലനങ്ങളും വിപുലമായ ചടങ്ങളുകളും എല്ലാമായി ജനകീയാസൂത്രണം മുന്നോട്ടുപോയി. എന്നാൽ ആസൂത്രണത്തിൽനിന്നു നിർവ്വഹണത്തിലേക്കു നീങ്ങിയപ്പോൾ നിനച്ചിരിക്കാത്ത ഒരുപാടു കുരുക്കുകൾ രൂപംകൊണ്ടു. പദ്ധതിനിർവ്വഹണത്തിന് ഉദ്യോഗസ്ഥപങ്കാളിത്തവും ഉത്തരവാദിത്വവും അനിവാര്യമാണ്. മാത്രമല്ല, മാമൂൽ സർക്കാർരീതികളിൽനിന്നു വ്യത്യസ്തമായി ജനകീയമായി കാര്യങ്ങൾ ചെയ്യുകയും വേണം. നല്ലപങ്ക് ഉദ്യോഗസ്ഥരും ഈ പുതിയ ശൈലിയോടു പൊരുത്തപ്പെട്ടിരുന്നില്ല. പലരും ഡിപ്പാർട്ട്മെന്റൽ ശ്രേണിയെ വിട്ട് തദ്ദേശഭരണസ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കാൻ വിമുഖരായിരുന്നു. ഒരുപക്ഷെ, തെറ്റായ സന്ദേശവും അവർക്കു ലഭിക്കുന്നുണ്ടായിരുന്നിരിക്കണം. ഈ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി സി. പി. നായർ ശക്തമായി ഇടപെട്ടത്.

ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ജനകീയമായി മുന്നോട്ടു നീങ്ങാൻ നിരവധി നടപടിക്രമങ്ങൾ സർക്കാരുത്തരവുകളായി അനിവാര്യമായിരുന്നു. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരായ ആർപിമാർക്കും വിദഗ്ദ്ധസമിതിയംഗങ്ങൾക്കും അവരുടെ ചുമതലകളിൽ വീഴ്ചവരുത്താതെ ജനകീയാസൂത്രണപ്രസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാർതീരുമാനങ്ങളിൽ തുടർനടപടി ഉണ്ടാക്കാൻ സി. പി. നായരുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.

സെക്രട്ടറിമാരുടെ അവലോകനയോഗങ്ങളിൽ പദ്ധതിനിർവ്വഹണം അജൻഡയായി. കളക്ടർമാരെ കൂടുതൽ സജീവരാക്കി. ഉടക്കിനിന്നിരുന്ന ചില ഉദ്യോഗസ്ഥരെ തളയ്ക്കാൻ നേരിട്ട് ഇടപെട്ടു. ആദ്യവർഷത്തെ പദ്ധതിനിർവ്വഹണം മാർച്ച് അവസാനിക്കുമ്പോൾ 40 ശതമാനംപോലും എത്തിയിരുന്നില്ലെന്നത് അദ്ദേഹത്തെ ഉൽക്കണ്ഠാകുലനാക്കി. ഒരുഘട്ടത്തിൽ ചീഫ് സെക്രട്ടറിതന്നെ നേരിട്ടു ചില സ്ഥലങ്ങളിൽ ജനസമ്പർക്കപരിപാടിക്കു പോകാൻ തയ്യാറായി.

ഇത്തരം സന്ദർശനത്തിന് ആദ്യം തെരഞ്ഞെടുത്തത് ആലപ്പുഴ ജില്ലയാണ്. കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ജനകീയാസൂത്രണപരിപാടികൾ അവലോകനം ചെയ്തു. ഡിപിസി ചെയർപേഴ്സൺ സി. എസ്. സുജാത, പ്ലാനിങ് ബോർഡ് അംഗം ഡോ. ഇക്ബാൽ, കളക്ടർ പ്രദീപ്കുമാർ, പ്ലാനിങ് ഓഫീസർ തുളസീധരൻ, വിദഗ്ദ്ധസമിതിയംഗം ആർ. രാമചന്ദ്രൻനായർ എന്നിവരെല്ലാം പങ്കെടുത്തു. ഉച്ചയ്ക്കുശേഷം ആര്യാട് ഗ്രാമപ്പഞ്ചായത്തിൽ കീഴുദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും അദ്ദേഹം സംവദിച്ചു. മറ്റു സന്ദർശനങ്ങൾ ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. ഇത്തരത്തിലുള്ള ഇടപെടലുകൾ രണ്ടാംവർഷം പദ്ധതിനിർവ്വഹണം മെച്ചപ്പെടുത്താൻ സഹായകരമായി.