എസ്. എം. വിജയാനന്ദ്
ലഘു ജീവചരിത്രം (Biography)
ചില കോൺഗ്രസുകാർക്ക് എസ്. എം. വിജയാനന്ദ് മാർക്സിസ്റ്റ് അനുഭാവി ആയിരുന്നു. സർവ്വോപരി എന്റെ സുഹൃത്തും. ചില മാർക്സിസ്റ്റുകാർക്ക് വിജയാനന്ദ് ഗാന്ധിയനും എ. കെ. ആന്റണി, ജയറാം രമേശ് പോലുള്ള കോൺഗ്രസുകാരുമായി അടുത്തബന്ധം പുലർത്തുന്ന ഒരാളും. ഉമ്മൻചാണ്ടിയുടെ കാലത്ത് അദ്ദേഹത്തെ തദ്ദേശഭരണത്തിൽനിന്നു മാറ്റി ഐഎംജിയിലേക്കു വനവാസത്തിനു വിട്ടു. പക്ഷെ, ജയറാം രമേശ് കേന്ദ്രഗ്രാമവികസനവകുപ്പിലേക്കു മാറ്റി പ്രതിഷ്ഠിച്ചു. അങ്ങനെ അധികാരവികേന്ദ്രീകരണമേഖലകളിൽ തന്റെ സിവിൽ സർവ്വീസ് ജീവിതത്തിന്റെ സിംഹപങ്കും ചെലവഴിക്കാൻ ഭാഗ്യമുണ്ടായ ഉദ്യോഗസ്ഥനായിട്ടാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി അദ്ദേഹം വിരമിച്ചത്.
ജനകീയാസൂത്രണത്തിന്റെ രൂപരേഖ ഇഎംഎസ് അംഗീകരിച്ചശേഷം ചർച്ചചെയ്യാൻ ഞാൻ ആദ്യംകണ്ട വ്യക്തി എസ്. എം. വിജയാനന്ദ് ആയിരുന്നു. കേന്ദ്രസർക്കാരിൽ ഡെപ്യൂട്ടേഷനിൽ ഇരിക്കുമ്പോൾ വിജയാനന്ദ് സിഡിഎസിൽ എംഫിൽ ചെയ്യാൻ വന്നു. ഞാൻ അന്ന് അവിടെ അദ്ധ്യാപകനാണ്. വിജയാനന്ദ് ഗവേഷണത്തിനു തെരഞ്ഞെടുത്തത് വികസനനയങ്ങൾ എങ്ങനെ അട്ടപ്പാടിയെ അവികസിതമാക്കിത്തീർത്തു എന്നതാണ്. കൊല്ലം കളക്ടർ ആയിരിക്കുമ്പോൾ ജില്ലാക്കൗൺസിലുകളുടെ പശ്ചാത്തലത്തിൽ കൊല്ലത്തിന് ഒരു ജില്ലാപ്ലാൻ ഉണ്ടാക്കാനും വിജയാനന്ദ് മുൻകൈയെടുത്തു. അക്കാദമികമണ്ഡലത്തിനുപുറത്ത് ജില്ലാഭരണകൂടം മുൻകൈയെടുത്ത് ഇത്തരത്തിൽ ജനകീയാസൂത്രണത്തിനു മുമ്പു തയ്യാറാക്കിയിട്ടുള്ള ഏക ജില്ലാപ്ലാൻ ഇതാണ്.
പിഎച്ച്ഡി പ്രബന്ധങ്ങളെക്കാൾ വലുപ്പമുള്ള എംഫിൽ പ്രബന്ധം സമർപ്പിച്ചു ദില്ലിക്കു തിരിച്ചുപോകാൻ ഇരിക്കുമ്പോഴാണു ഞാൻ കാണാൻ ചെല്ലുന്നത്. രേഖ എങ്ങനെ സർക്കാരുത്തരവാക്കും എന്നതായിരുന്നു ചർച്ചാവിഷയം. വിജയാനന്ദ് ദില്ലിക്കു മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സേവനം കേരളത്തിന് ആവശ്യമാണെന്നു പറഞ്ഞു മുഖ്യമന്ത്രി നായനാർ പ്രധാനമന്ത്രിക്ക് എഴുതി. വിജയാനന്ദ് തിരിച്ചുവന്നു; ലോക്കൽ അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയുമായി. അങ്ങനെ, ലോക്കൽ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി എന്നനിലയിൽ ജനകീയാസൂത്രണത്തിന്റെ ആദ്യ ഉത്തരവു പുറപ്പെടുവിച്ചത് വിജയാനന്ദ് ആയിരുന്നു.
പിന്നീടുള്ള വർഷങ്ങൾ ചറപറ ഉത്തരവുകളുടെ കാലമായിരുന്നു. നിലവിലുണ്ടായിരുന്ന മാനുവലിൽ പ്ലാൻ എന്നൊരു വാക്കുപോലും ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ആസൂത്രണമെന്നോ താഴേത്തട്ടിലെ നിർവ്വഹണമെന്നോ ധാരണയുണ്ടായിരുന്നില്ല. അറിഞ്ഞുകൂടാത്ത കാര്യങ്ങളെക്കുറിച്ചു ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുപകരം താൽക്കാലിക ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുക, അതിന്റെ അടിസ്ഥാനത്തിൽ നിയമവും ചട്ടവുമെല്ലാം ഭേദഗതി ചെയ്യുക - ഇത്തരമൊരു സമീപനമാണു ജനകീയാസൂത്രണത്തിൽ കൈക്കൊണ്ടത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഇറക്കിയ ഇത്തരം ഉത്തരവുകൾ മൂന്നു വാല്യങ്ങളിലായി ആയിരത്തോളം പേജുവരും എന്നുപറയുമ്പോഴേ ഈ പണിയുടെ വലുപ്പം മനസ്സിലാകൂ. ഇതിന്റെ ഭാരം മുഖ്യമായും വിജയാനന്ദിന്റെ ചുമലിൽ ആയി.
അതിനിടെ മറ്റു രണ്ടു പ്രധാനദൗത്യങ്ങൾകൂടി അദ്ദേഹത്തിന്റെ ചുമതലയായി. സെൻ കമ്മിറ്റിയുടെയും ഭരണപരിഷ്കാരക്കമ്മിറ്റിയുടെയും സെക്രട്ടറിസ്ഥാനങ്ങൾ. ജനകീയാസൂത്രണത്തിന്റെ അനുഭവം ഉൾക്കൊണ്ടുകൊണ്ടു വേണ്ടിയിരുന്നു ഈ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. വിജയാനന്ദ് അവയുടെ സെക്രട്ടറി ആയതോടെ ഈ പാലം വളരെ എളുപ്പമായി.
നിയമം സംബന്ധിച്ച സംശയനിവാരണവേദി ജനകീയാസൂത്രണപരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു പ്രധാന ഘടകമായിരുന്നു. വിജയാനന്ദ് ആയിരുന്നു ഇതു മുഖ്യമായും കൈകാര്യം ചെയ്തുവന്നത്. സെൻ കമ്മിറ്റി റിപ്പോർട്ട് പൂർത്തീകരിക്കുക മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ 1999-ൽ പാസ്സാക്കിയ പഞ്ചായത്ത്, നഗരപാലിക നിയമങ്ങൾ സമഗ്രമായി ഭേദഗതി ചെയ്യുകയും ചെയ്തു.
കുടുംബശ്രീ രൂപവത്ക്കരിക്കാനുള്ള കമ്മിറ്റി എസ്. എം. വിജയാനന്ദ്, ബക്ഷി, തോമസ് ഐസക് (ചെയർപേഴ്സൺ) എന്നിവരടങ്ങുന്നതായിരുന്നു. സ്വയംസഹായസംഘങ്ങൾ ലോകത്തെമ്പാടുമുണ്ട്. എന്നാൽ കുടുംബശ്രീ പോലുള്ള സംവിധാനം കേരളത്തിലേ ഉള്ളൂ. കുടുംബശ്രീയെ വളർത്താൽ തദ്ദേശഭരണസെക്രട്ടറിയെന്ന നിലയിൽ വലിയ സംഭാവന വിജയാനന്ദിനുണ്ട്.
എ. കെ. ആന്റണിസർക്കാരിൽ വിജയാനന്ദ് പ്ലാനിങ് ബോർഡിന്റെയും പ്ലാനിങ് ഡിപ്പാർട്ട്മെന്റിന്റെയും സെക്രട്ടറിയായി. ജനകീയാസൂത്രണം വലിയ പരിക്കേൽക്കാതെ നിലനിർത്താൻ കഴിഞ്ഞതിന് ഒരു കാരണം ഇതാണ്. വി. എസ്. സർക്കാർ അധികാരത്തിലേറിയപ്പോൾ തദ്ദേശഭരണസെക്രട്ടറിയായി തിരിച്ചുവന്നു. ബിൽഡിങ് റൂൾ തുടങ്ങിയ പുതിയ ചട്ടങ്ങൾ രൂപംകൊള്ളുന്നത് ഈ കാലത്താണ്. ഉമ്മൻചാണ്ടിയുടെ രണ്ടാം ഊഴത്തിൽ ഈ സ്ഥാനം നഷ്ടപ്പെട്ടതും ദില്ലിയിലേക്കു താവളം മാറ്റേണ്ടിവന്നതും നേരത്തെ സൂചിപ്പിച്ചല്ലോ. കേരളത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്തുതല ആസൂത്രണം ഇന്ത്യയിൽ മുഴുവൻ ചെറിയതോതിലെങ്കിലും വ്യാപിപ്പിക്കാൻ ഒരു പരിശ്രമം ഇക്കാലത്തു നടത്തുകയുണ്ടായി.
കേന്ദ്ര ധനക്കമ്മിഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി നീക്കിവച്ച പണത്തിന് പങ്കാളിത്ത ആസൂത്രണ പ്രക്രിയയിലൂടെ ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കണമെന്നു മാർഗ്ഗനിർദ്ദേശം തയ്യാറാക്കിയത് എസ്. എം. വിജയാനന്ദ് ആയിരുന്നു.
ഒരുപക്ഷെ, അന്നു പിറന്ന ഫയലുകളിൽ ഏതെങ്കിലും ഒന്നായിരിക്കും കറങ്ങിത്തിരിഞ്ഞ് രണ്ടാം മോഡിസർക്കാരിന്റെ കാലത്ത് ഇന്ത്യ മുഴുവനും ജനകീയാസൂത്രണം നടപ്പാക്കാനുള്ള ഉത്തരവായി ഇറങ്ങിയതെന്നത് കൗതുകകരമായ കാര്യമാണ്. ദില്ലിയിൽനിന്നു പിന്നീടു തിരിച്ചുവരുന്നത് ചീഫ് സെക്രട്ടറിസ്ഥാനം ഏറ്റെടുക്കാൻ ആയിരുന്നു. സ്ഥാനമൊഴിഞ്ഞശേഷം ശമ്പളമൊന്നും വാങ്ങാതെ ആറാം ധനകാര്യക്കമ്മിഷന്റെ അദ്ധ്യക്ഷപദവി ഏറ്റെടുത്തു.
ഇത്ര വൈവിദ്ധ്യമാർന്ന പ്രവർത്തനാനുഭവങ്ങളും പഠനവും ഉൾച്ചേർന്നവർ അപൂർവ്വമായിരിക്കും. അതുകൊണ്ട്, രാജ്യത്തെ ഏറ്റവും പ്രധാന അധികാരവികേന്ദ്രീകരണവിദഗ്ദ്ധരിൽ ഒരാളായാണ് ഇന്ന് എസ്. എം. വിജയാനന്ദ് അറിയപ്പെടുന്നത്.