Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

വി. നാരായണൻ

വി. നാരായണൻ

ലഘു ജീവചരിത്രം (Biography)

പയ്യന്നൂർ നഗരസഭയുടെ പദ്ധതിപ്രവർത്തനങ്ങളുടെ മികവ് പരിസ്ഥിതിസംരക്ഷണത്തിൽ മാത്രമായിരുന്നില്ല. കൈവച്ച മേഖലകളിലെല്ലാം ഈ മികവു കാണാമായിരുന്നു. വൈസ് ചെയർപേഴ്സണായിരുന്ന വി. നാരായണൻ ആയിരുന്നു ഈ വിജയത്തിന്റെ പിന്നിലെ ഒരു പ്രധാന സൂത്രധാരൻ. 1988-ലാണ് അന്നത്തെ പയ്യന്നൂർ പഞ്ചായത്തിലേക്കു മത്സരിച്ചു ജനപ്രതിനിധിയായത്. നഗരസഭ ആയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് സമിതിയായി തുടർന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ യുഡിഎഫ് പിരിച്ചുവിട്ടു. പിന്നീട് 1995-ൽ പുതിയ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി. ഈയൊരു ടേം മാത്രമേ ജനപ്രതിനിധിയായി നഗരസഭയിൽ പ്രവർത്തിച്ചുള്ളൂ. പിന്നീട് സിപി‌ഐ(എം) ജില്ലാക്കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു. 2021-ൽ ഇത് എഴുതുമ്പോൾ പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ഭാരവാഹി ആയിരുന്നു.

എന്റെ ഓർമ്മയിൽ വരുന്ന ഒരു പ്രോജക്ട് ഹൗസിംഗ് ബോർഡിന്റെ ‘മൈത്രി പദ്ധതി’യുമായി ചേർന്നു നഗരസഭ നടപ്പിലാക്കിയ ഭവനനിർമ്മാണപദ്ധതിയും ലക്ഷംവീട് ഒറ്റവീടാക്കൽ പദ്ധതിയാണ്. ജീർണ്ണിച്ചുതുടങ്ങിയ ലക്ഷംവീട് ഒറ്റവീട് ആക്കുന്നതിനു ഡിപിസി അംഗീകാരം നൽകിയില്ല. ലക്ഷംവീടുകാർ ഒരിക്കൽ സർക്കാർ അനുകൂല്യം കൈപ്പറ്റിയവരാണ് എന്നതായിരുന്നു തടസ്സവാദം. വൈസ് ചെയർപേഴ്സൺ നാരായണനും ചെയർപേഴ്സൺ ജ്യോതിയും ചേർന്ന സംഘം ആസൂത്രണബോർഡിൽ വന്ന് പ്രോജക്ടിന്റെ സാമൂഹികപ്രസക്തി ബോധ്യപ്പെടുത്തി പ്രത്യേക അനുമതി വാങ്ങിപ്പോയത് ഞാൻ ഓർക്കുന്നു. 24 വീടുകളാണ് അന്ന് അവർ ഒറ്റവീട് ആക്കിയത്. സംസ്ഥാനത്ത് ആദ്യമായാണെന്നു തോന്നുന്നു ഒരു നഗരസഭ ഇങ്ങനെയൊരു പദ്ധതി ഏറ്റെടുത്തത്. ഒറ്റവർഷംകൊണ്ട് മുഴുവൻ വീടുകളും പൂർത്തിയായി. എല്ലാവർക്കും വീട് എന്നതായിരുന്നു മുദ്രാവാക്യം. ആദ്യ മൂന്നുവർഷംകൊണ്ട് 415 വീടുകൾ നിർമ്മിച്ചു.

കാർഷികമേഖലയിൽ മൃഗസംരക്ഷണത്തിലാണു കൂടുതൽ ഇടപെട്ടത്. കന്നുകുട്ടിപരിപാലനത്തിൽ 200 കന്നുകുട്ടികൾക്കുള്ള സഹായമാണു നൽകിയത്. 50 ശതമാനം സബ്സിഡിക്കു കാലിത്തീറ്റ നൽകി. ഉൽപ്പാദിപ്പിക്കപ്പെടുന്ന പാൽ മുഴുവൻ സംഭരിക്കാൻ നിലവിലുണ്ടായിരുന്ന മൂന്നു സഹകരണക്ഷീരസംഘങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റിക്കും രണ്ടു സ്വകാര്യസ്ഥാപനങ്ങൾക്കും കഴിയാതെ വന്നപ്പോൾ ശീതീകരണ പ്ലാന്റിനുള്ള പ്രോജക്ട് നഗരസഭ ഏറ്റെടുത്തു. ദിവസം 5600 ലിറ്റർ പാൽ ശീതീകരിച്ചു സൂക്ഷിക്കാനുള്ള സൗകര്യം പ്ലാന്റിലുണ്ട്. സമീപപ്രദേശത്തെ പഞ്ചായത്തുകളിലെ പാൽകൂടി ഇതിന്റെ ഭാഗമായി സംഭരിക്കാൻ കഴിഞ്ഞു.

മൂന്നു വർഷംകൊണ്ട് 150 മീറ്ററിനുള്ളിൽ എല്ലാവർക്കും കുടിവെള്ളം എന്നതായിരുന്നു മുദ്രാവാക്യം. നഗരസഭയിൽ ജനകീയാസൂത്രണത്തിനു മുമ്പ് കുടിവെള്ളപ്രോജക്ടുകളൊന്നും ഉണ്ടായിരുന്നില്ല. ഒട്ടനവധി ചെറുകിട കുടിവെള്ളപദ്ധതികൾ ആരംഭിച്ചു. നല്ല വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ കിണർ കുഴിച്ച് സമീപപ്രദേശങ്ങളിൽ എത്തിക്കുകയായിരുന്നു പരിപാടി. കിണറിനും പമ്പുഹൗസിനും പൈപ്പ് ലൈനിനുമുള്ള തുക പദ്ധതിവിഹിതത്തിൽനിന്നു നൽകും. ഗുണഭോക്തൃകമ്മിറ്റികളാണു പ്രോജക്ട് നടപ്പാക്കുക. തുടർന്നുള്ള പരിപാലനവും ഗുണഭോക്തൃകമ്മിറ്റികളുടെ ചുമതലയാണ്.

3000 കുടുംബങ്ങൾക്കു കക്കൂസ് പണിതു നൽകിയതോടെ എല്ലാവർക്കും കക്കൂസ് എന്നതു യാഥാർത്ഥ്യമായി. വാർഡുതലത്തിൽ മോണിറ്ററിങ് സമിതികൾ ഉണ്ടാക്കി. ഗുണഭോക്താവുതന്നെ കക്കൂസ് നിർമ്മിക്കുന്ന രീതിയാണു സ്വീകരിച്ചത്.

പുതിയ വിദ്യാഭ്യാസപദ്ധതി പൂർണ്ണാർത്ഥത്തിൽ നടപ്പാക്കാൻ നഗരസഭ മുൻകൈയെടുത്തു. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പഠനോപകരണനിർമ്മാണം, കളിക്കളങ്ങളുടെ നിർമ്മാണം, പഠനാനുബന്ധപ്രവർത്തനങ്ങൾ എന്നിവയായിരുന്നു പ്രധാന ഇടപെടലുകൾ.

കുട്ടികൾക്കുവേണ്ടി ഫുട്ബോൾ, ഖോഖോ, വോളി, ബാഡ്മിന്റൺ പരിശീലനങ്ങൾ സംഘടിപ്പിച്ചു. സാഹിത്യശിൽപ്പശാലകൾ, ഗാനമേള ട്രൂപ്പ്, നാടൻകലകളിൽ പരിശീലനം, ചിത്രരചനാമത്സരം, സെമിനാറുകൾ തുടങ്ങിയവയാൽ സാംസ്കാരികമേഖല സമൃദ്ധമായി.

ആദ്യവർഷം വനിതാഘടകപദ്ധതിക്കു നാലുശതമാനം തുകയേ ചെലവഴിച്ചുള്ളൂ. ഈ വീഴ്ച പിന്നീട് ആവർത്തിച്ചിട്ടില്ല. ഒട്ടേറെ വനിതാസംരംഭങ്ങൾ നഗരസഭയിൽ ആരംഭിച്ചു. ഫോം ലെതർ യൂണിറ്റ്, വനിതാ പ്രിന്റിംഗ് പ്രസ്, വസ്ത്രനിർമ്മാണശാല എന്നിവയാണു പ്രധാനപ്പെട്ടവ. പത്തു വനിതകൾക്ക് ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം നൽകി. ഓട്ടോറിക്ഷകൾക്കുള്ള വായ്പ ബാങ്കിൽനിന്നു ലഭ്യമാക്കി. വനിതാവിജ്ഞാനോത്സവം ആയിരുന്നു മറ്റൊരു പ്രധാന പ്രോജക്ട്. പയ്യന്നൂരിൽ വർക്കിങ് വിമൻസ് ഹോസ്റ്റലാണു മറ്റൊരു സ്ഥായിയായ സംരംഭം.

പട്ടണഹൃദയത്തിലെ ഗാന്ധിമൈതാനം സ്വാതന്ത്ര്യസമരസുവർണ്ണജൂബിലി സ്മാരകമായി ജനപങ്കാളിത്തത്തോടെ മോടിപിടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിനുവേണ്ടി എട്ടേക്കർ സ്ഥലമാണു സംഭാവനയായി നേടിയത്. സ്റ്റേഡിയത്തിനുവേണ്ടി പത്തേക്കർ അക്വയർ ചെയ്തു. ഇത്തരത്തിൽ നഗരവികസനത്തിന്റെ എല്ലാ മേഖലകളിലും മികവിന്റെ കൈയ്യൊപ്പ് പയ്യന്നൂരിൽ കാണാം.