Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ടി. കെ. ജോസ്

ടി. കെ. ജോസ്

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണയോർമ്മകളിൽ ടി. കെ. ജോസ് കടന്നുവരുന്നത് ഇടുക്കി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടാണ്. ജോസ് അന്ന് ഇടുക്കി കളക്ടറാണ്. കാലിത്തൊഴുത്തിനെക്കാൾ മോശമായ ഭൗതികസൗകര്യങ്ങളായിരുന്നു ആശുപത്രിക്ക് ഉണ്ടായിരുന്നത്. കളക്ടർ മുൻകൈയെടുത്ത് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളെയും കൂട്ടിയിണക്കി ആശുപത്രിവികസനപ്രൊജക്റ്റ് തയ്യാറാക്കി. എന്തോ സാങ്കേതികകാരണംകൊണ്ട് ഡിപിസി പ്രൊജക്റ്റ് അംഗീകരിച്ചില്ല. അങ്ങനെ പ്രത്യേക അംഗീകാരത്തിനായി കോർഡിനേഷൻ കമ്മിറ്റിക്കു മുന്നിൽ വന്നു. ഇത് ഓർമ്മിക്കാൻ കാരണം, ഡിപിസിയുടെ സെക്രട്ടറി കളക്ടറാണ്. എന്തുകൊണ്ട് ഇത്തരമൊരു പ്രൊജക്ടിനു തടസ്സം വന്നെന്ന് എനിക്കു മനസ്സിലായില്ല. ഏതായാലും ഇന്നു കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലാആശുപത്രി സമ്പൂർണ്ണമായി നവീകരിക്കപ്പെടുമ്പോൾ തുടക്കം ജില്ലയിലെ മുഴുവൻ തദ്ദേശഭരണസ്ഥാപനങ്ങളുടെയും മുൻകൈയ്യാണെന്ന് ഓർക്കുക.

1999-ൽ കുടുംബശ്രീ ഡയറക്റ്ററായി. കുടുംബശ്രീക്ക് അടിത്തറയിട്ടു. കുടുംബശ്രീ മിഷന്റെ സ്വഭാവം എന്തായിരിക്കണം? കുടുംബശ്രീ ഏതെങ്കിലുമൊരു വകുപ്പിന്റെ കുത്തകയാക്കി മാറ്റരുത് എന്നായിരുന്നു മന്ത്രിയായിരുന്ന പാലോളിയുടെ അഭിപ്രായം. 19 വകുപ്പുകളിൽനിന്നാണ് കുടുംബശ്രീയിലേക്കു ജീവനക്കാരെ തെരഞ്ഞെടുത്തത്. ഗുണകരമാകുമെന്നു കരുതിയ ചിലരെക്കൊണ്ടു നിർബ്ബന്ധപൂർവ്വം അപേക്ഷ കൊടുപ്പിച്ചു. ജെ. ലളിതാംബിക, എസ്. എം. വിജയാനന്ദ്, ടി. കെ. ജോസ് എന്നിവരായിരുന്നു ആദ്യത്തെ ഇന്റർവ്യൂ ബോർഡ്.

എന്നാൽ, തെരഞ്ഞെടുക്കപ്പെട്ടത് വേണ്ടത്ര അനുയോജ്യരും അർപ്പണബോധം ഉള്ളവരും ആണോ എന്നും ഭാരിദ്ര്യനിർമ്മാർജ്ജനം സമൂഹാധിഷ്ഠിതപ്രവർത്തനമായി ചെയ്യുമ്പോഴും അതിന്റ വിശാലരാഷ്ട്രീയം ഉൾക്കൊള്ളുന്നവരെയാണോ തെരെഞ്ഞടുത്തത് എന്നും വിമർശം ഉണ്ടായി. അതുകൊണ്ട് ടി. എം. തോമസ് ഐസക്, ശ്രീമതിട്ടീച്ചർ, എസ്. എം. വിജയാനന്ദ്, ടി. കെ. ജോസ് എന്നിവരെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയെ നിശ്ചയിച്ചു. എന്നാൽ, പുതിയ കമ്മിറ്റി ഇന്റർവ്യൂ നടത്തിയോ, അതോ നടപടികൾ പരിശോധിക്കുക മാത്രമാണോ ചെയ്തതെന്ന് എനിക്ക് ഓർമ്മയില്ല. പഴയ ലിസ്റ്റിലെ ആളുകളെ തന്നെയാണ് പുതിയ ബോർഡും തെരഞ്ഞെടുത്തത്.

എന്നാൽ, അടുത്ത യുഡിഎഫ്‌ഭരണത്തിൽ ചെർക്കളം അബ്ദുള്ളയ്ക്കു വാശി പുതിയ ആളുകളെ നിയമിക്കണമെന്ന് ആയിരുന്നു. ഇവരെ പട്ടികവർഗ്ഗമേഖലയിൽ താമസപരിശീലനത്തിന് അയച്ചു. അതോടെ ഏതാണ്ട് എല്ലാവരും പിൻവാങ്ങി. എങ്കിലും രണ്ടുവർഷം കഴിഞ്ഞപ്പോൾ അദ്ധ്യാപകരായ പുതിയ ചില ആളുകൾ രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമിതരായി. പാലോളി വീണ്ടും മന്ത്രിയായതോടെ ഇന്റർവ്യൂ നടത്തി പ്രാപ്തരായവരെ മാത്രം മിഷനിൽ എടുക്കാൻ തീരുമാനിച്ചു. ഡോ. ടി. എൻ. സീമ, ശാരദ മുരളീധരൻ, പി. വി. ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു കമ്മിറ്റി. ഇതാണു മിഷന്റെ സുവർണ്ണകാലമെന്നു ഞാൻ പറയും.

അടുത്ത യുഡിഎഫ്‌സർക്കാർ മിഷനെയാകെ പൊളിച്ചുപണിത് ഇഷ്ടക്കാരെ നിറച്ചു. വളരെ മനഃപ്രയാസത്തോടെയാണെങ്കിലും മിഷനിലെ അഴിമതിയെക്കുറിച്ചു നിയമസഭയിൽ പ്രസംഗിക്കേണ്ടിവന്നു. ഇക്കാലം മുതൽ കേവലം രാഷ്ട്രീയപരിഗണനവച്ചുള്ള ഡെപ്യുട്ടേഷൻ നിയമനങ്ങൾ മിഷന്റെ ശീലമായി. ഇത് കുടുംബശ്രീയുടെ വളർച്ചയെ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞതവണ മന്ത്രിയായിരുന്നപ്പോൾ സീനിയർ ആയ കുടുംബശ്രീയുദ്യോഗസ്ഥരോട് ജൻഡർ സെൻസിറ്റിവിറ്റിയെക്കുറിച്ചു കർശനമായി സംസാരിക്കേണ്ടിവന്നു എന്നു പറഞ്ഞാൽ മതിയല്ലോ. എല്ലാവരും അങ്ങനെയാണെന്നല്ല. പക്ഷെ, ചിലർക്ക് ഈവക ചിന്തയില്ല.

ആദ്യഘട്ടമെന്നനിലയിൽ നായനാർസർക്കാരിന്റെ കാലത്തു മൂന്നിലൊന്നു പഞ്ചായത്തുകളിലും നഗരസഭകളിലും മാത്രമേ കുടുംബശ്രീ നടപ്പാക്കിയിരുന്നുള്ളൂ. 2003 ആയപ്പോഴേക്ക് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അയൽക്കൂട്ടങ്ങളും എഡിഎസും സിഡിഎസും രൂപീകൃതമായി. കുടുംബശ്രീയുടെ ഭാവിപ്രവർത്തനങ്ങളിൽ നിർണ്ണായകസ്ഥാനം ഇന്നും വഹിക്കുന്ന മൂന്നു സ്കീമുകൾ ആവിഷ്കരിക്കപ്പെട്ടത് ഇക്കാലത്താണ്.

വെങ്ങാനൂർ പഞ്ചായത്തിലാണ് ബഡ്സ് സ്കൂളിനു തുടക്കം കുറിച്ചത്. നെടുമ്പാശ്ശേരി പഞ്ചായത്താണ് ആശ്രയ പദ്ധതി ആവിഷ്കരിച്ചത്. പല പഞ്ചായത്തുകളും മൈക്രോ എന്റർപ്രൈസുകൾക്കു രൂപം നല്കിയിരുന്നു. ഇവ സൂക്ഷ്മമായി പഠിച്ച് സംസ്ഥാനവ്യാപകമായ പരിപാടിയാക്കി മാറ്റുന്നതിൽ ടി. കെ. ജോസ് പ്രധാനപ്പെട്ട പങ്കു വഹിക്കുകയുണ്ടായി. ഡിഎംസിമാർ ജില്ലയിലെ ആശ്രയ കുടുംബങ്ങളുടെ വീടുകളിൽ താമസിച്ച് പരിമിതികളും പ്രശ്നങ്ങളും പഠിച്ചാണു പ്ലാൻ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ അവാർഡും കേരളത്തിനു ലഭിച്ചു.

സൂക്ഷ്മതൊഴിൽസംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഇനം പൂരകപോഷകഹാരനിർമ്മാണയൂണിറ്റായ ന്യൂട്രിമിക്സ് ആയിരുന്നു. ഇപ്പോൾ 241 യൂണിറ്റുകളിലായി 1569 സ്ത്രീകൾ തൊഴിലെടുക്കുന്നു. 160 കോടിയുടെ വാർഷികടേണോവറുള്ള, ഇന്നും ഏറ്റവും നന്നായും ലാഭകരമായും പ്രവർത്തിക്കുന്ന, മൈക്രോ എന്റർപ്രൈസ് ആണത്.

മറ്റൊന്ന്, ഭവനശ്രീ ആയിരുന്നു. പലിശരഹിതഭവനപദ്ധതി ആയിരുന്നു ഇത്. വായ്പ നല്കിയിരുന്നതു കുടുംബശ്രീ യൂണിറ്റുകളിലൂടെ ആയിരുന്നു. എന്നാൽ, സമ്പൂർണ്ണപാർപ്പിടപദ്ധതി വന്നപ്പോൾ ഭവനശ്രീ അവസാനിപ്പിക്കുകയും ബാദ്ധ്യതകൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. അർബൻ സെക്രട്ടറിയെന്ന നിലയിൽ ടി. കെ. ജോസ് കെഎസ്‌യുഡിപി, ജൻ‌റം (JNNURM) പോലുള്ള വലിയ പദ്ധതികളുടെ നടത്തിപ്പിനു നേതൃത്വം നല്കി.

നാളികേരവികസനബോർഡ് ചെയർമാനായി. യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റടീമുകളും കോക്കനട്ട് പ്രൊഡ്യൂസർ കമ്പനികളും വലിയ പ്രതീക്ഷകൾ വളർത്തി. തേങ്ങയിൽനിന്നുള്ള നീര അടക്കമുള്ള ഒട്ടേറെ നൂതനോൽപ്പന്നങ്ങൾ ഈ കമ്പനികളിലൂടെ ഉത്പാദിപ്പിക്കാനായിരുന്നു പരിപാടി. മാരാരിക്കുളത്തും ഇത്തരമൊരു പ്രൊഡ്യൂസർ കമ്പനി രൂപവത്ക്കരിച്ചു. എന്നാൽ, കൃഷിവകുപ്പിൽനിന്നു വേണ്ടത്ര സഹകരണം കിട്ടിയില്ല. ടി. കെ. ജോസ് ബോർഡിൽനിന്നു മാറിയതോടെ ഇവയിൽ പലതും നിർജ്ജീവമായി. അദ്ദേഹം ആവിഷ്കരിച്ച സ്കീമുകളിൽ പലതിലും ജനകീയാസൂത്രണത്തിന്റെ ഒരു ടച്ച് എനിക്കു തോന്നിയിട്ടുണ്ട്.