Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ബി. സത്യൻ

ബി. സത്യൻ

ലഘു ജീവചരിത്രം (Biography)

തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി എല്ലാവരെയും ഞെട്ടിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ, ചെങ്കൽ, ആര്യനാട് പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതിരേഖ തള്ളി! ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് അഡ്വ. ബി. സത്യൻതന്നെയാണ് ജില്ലാ ആസൂത്രണസമിതിപ്രസിഡന്റും. ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിയും തള്ളി! പലരും ക്ഷുഭിതരായി. ബി. സത്യൻ എന്ന അന്നത്തെ ചെറുപ്പക്കാരന് ഒരു കുലുക്കവുമില്ല. ചിരി പതിവുപോലെതന്നെ.

തിരുവനന്തപുരം ഡിപിസിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. എണ്ണത്തിലും ഗുണത്തിലും മികച്ച വിദഗ്ദ്ധസമിതികൾ ബ്ലോക്കിലും ജില്ലയിലും ഉണ്ടായിരുന്നു. അവർ ടീമായി പ്രവർത്തിച്ച് പദ്ധതികളെല്ലാം അംഗീകാരയോഗ്യമാക്കി പണം അനുവദിച്ചു. പക്ഷെ, ഡിപിസി ചട്ടങ്ങളിൽനിന്നു വ്യതിചലിക്കാൻ തയ്യാറായില്ല.

അന്നത്തെ തിരുവനന്തപുരം ഡിപിസി അംഗങ്ങൾ ഒന്നിനൊന്നു മികവുറ്റവരായിരുന്നു. വി. കെ. മധു (പിന്നീട് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ്), പ്രദീപ് കുമാർ (പിന്നീട് രണ്ടുവട്ടം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ) സിപിഐ നേതാവ് വെഞ്ഞാറമൂട് ശശി, കോൺഗ്രസ് നേതാവ് മണികണ്ഠൻ നായർ (അദ്ദേഹം അന്തരിച്ചു), ഗംഗാധരൻ നാടാർ (പിന്നീട് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ്) കെ. മോഹൻകുമാർ (പിന്നീട് എംഎൽഎ) സുഭാഷ് (നിലവിലും ഡിപിസി അംഗം), അമ്പിളി (നിലവിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റ്) ഇങ്ങനെയൊരു കല്ലൻനിര. സത്യം പറഞ്ഞാൽ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ബി. സത്യൻ ആയിരുന്നു ജൂനിയർ. സംവരണപദവി അല്ലാതിരുന്നിട്ടും സിപി‌ഐ(എം) സത്യനെയാണു നിയോഗിച്ചത്.

ശാരദ മുരളീധരനെക്കുറിച്ച് എഴുതിയപ്പോൾ സൂചിപ്പിച്ചതുപോലെ തിരുവനന്തപുരം ഡിപിസി ആയിരുന്നു മാതൃകാപ്രവർത്തനം കാഴ്ചവച്ചത്. ആദ്യവർഷാവസാനം രണ്ടാം വാർഷികപദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ചു തിരുവനന്തപുരം ഡിപിസിതന്നെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. ഇതും രാജ്യത്ത് നടാടെ ആയിരുന്നു. കൂടാതെ ഡിപിസി അംഗങ്ങളുടെ ഉപസമിതിയെ നിയോഗിച്ച് ബ്ലോക്ക് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും പദ്ധതി പ്രത്യേകം പരിശോധിച്ചിരുന്നു.

ഡിപിസി മുൻകൈയെടുത്ത് ആവിഷ്കരിച്ച സമഗ്രപരിപാടി ആയിരുന്നു പാർപ്പിടം തണൽ പദ്ധതി. ഹഡ്കോ തുടങ്ങിയ ഏജൻസികളെ വായ്പയ്ക്കായി സമീപിച്ചു പരാജയപ്പെട്ടു. അവസാനം സംസ്ഥാനസഹകരണബാങ്കിൽനിന്നാണ് വായ്പ തരപ്പെടുത്തിയത്. പ്ലാൻഫണ്ടിൽനിന്നു ഭാവിയിൽ ഓരോ പഞ്ചായത്തും തുക തിരിച്ചടയ്ക്കണം. ഇതിനു പ്രത്യേക അനുമതി ആസൂത്രണബോർഡ് നല്കി. പിന്നീട് ഇതിന്റെ പാഠങ്ങൾകൂടി ഉൾക്കൊണ്ടാണ് അടുത്തസർക്കാർ ഇഎംഎസ് പാർപ്പിടപദ്ധതിക്കു രൂപം നല്കിയത്.

ഇന്ന് ട്വന്റി-ട്വന്റി പ്രസ്ഥാനക്കാർ ലക്ഷംവീട് ഒറ്റവീടുകൾ ആക്കിയതിന്റെ കേമത്തം പറയുമ്പോൾ ആരും ഓർക്കാറില്ല, ജനകീയാസൂത്രണകാലത്ത് തിരുവനന്തപുരം ജില്ലാപ്പഞ്ചായത്ത് ആവിഷ്കരിച്ച ഒരു പദ്ധതിയായിരുന്നു ഇതെന്ന്. വി. എസ്. സർക്കാരിന്റെ കാലത്ത് ഇത് ഔദ്യോഗിക വകുപ്പുതല പരിപാടിയായി മാറി.

ജനകീയാസൂത്രണത്തിന്റെ സംസ്ഥാനതലപരിപാടികളുടെയും ക്യാമ്പുകളുടെയും നല്ലൊരു പങ്ക് തിരുവനന്തപുരത്തായിരുന്നു. അനിവാര്യമായും ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് എല്ലാ സ്വാഗതസംഘങ്ങളിലെയും പ്രമുഖാംഗമായിരുന്നു. ഡിപിസി അംഗങ്ങളെല്ലാവരും അവസരത്തിനൊത്ത് ഉയർന്നിരുന്നു. ഇവരിൽ പലരെയുംകുറിച്ച് എഴുതിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ കോൺഗ്രസ് നേതാവ് മണികണ്ഠൻനായരെക്കുറിച്ചുമാത്രം പരാമർശിക്കാം. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളിൽ വിമർശനങ്ങളും സംശയങ്ങളും ശക്തമായി ഉന്നയിച്ചിരുന്നു. പലഘട്ടങ്ങളിലും ഞാനുമായിട്ടായിരുന്നു വാഗ്വാദം. പക്ഷെ, പ്രവർത്തനത്തിലും സഹകരണത്തിലും ഒരു കുറവും കാണിച്ചിരുന്നില്ല. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ടീമായി പ്രവർത്തിക്കുന്നതിൽ നേതൃത്വപങ്ക് സത്യൻ നിർവ്വഹിച്ചു.

വിദ്യാർത്ഥിപ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിലേക്കുവന്ന സത്യൻ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ചെയർപേഴ്സൺ, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരുതവണ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി. പിന്നെ 2011-ലും 2016-ലും ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നു എംഎൽഎയായി. എംഎൽഎ എന്ന നിലയിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നഗരസഭാചെയർപേഴ്സൺ പ്രദീപുമായി ചേർന്ന് ആറ്റിങ്ങൽ നഗരത്തിലൂടെയുള്ള റോഡ് വീതികൂട്ടി നവീകരിച്ചതാണ്. ഇതിന് ഇരുവശങ്ങളിലുമുള്ള കടക്കാരിൽനിന്നു കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി സൗജന്യമായി വാങ്ങിയെടുത്തു. കെ. ബാലചന്ദ്രൻ ജിസിഡിഎ ചെയർപേഴ്സൺ ആയിരിക്കുമ്പോൾ സഹോദരൻ അയ്യപ്പൻ റോഡിനുവേണ്ടി ഭൂമി സൗജന്യമായി ഏറ്റെടുത്തത് ഇന്നും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. അത് ഓർമ്മിപ്പിച്ച ഒരു ജനകീയയിടപെടലായിരുന്നു ആറ്റിങ്ങലിലെ ഭൂമിസംഭാവന.