Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / സി. എസ്. സുജാത
സി. എസ്. സുജാത

സി. എസ്. സുജാത

ലഘു ജീവചരിത്രം (Biography)

1995-ൽ സി. എസ്. സുജാത അദ്ധ്യക്ഷയായുള്ള ആലപ്പുഴ ജില്ലാപ്പഞ്ചാത്ത് അധികാരമേറ്റപ്പോൾ സർക്കാർ നല്കിയ ഓഫീസ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിനു മുകളിൽ ഒന്നാംനിലയിൽ! അതുമൂലം, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യചുമതല സൗകര്യപ്രദമായ ഒരു ഓഫീസിനുവേണ്ടിയുള്ള സമരമായിരുന്നു. തുടർന്നു കളക്ട്രേറ്റിൽ ഒന്നുരണ്ടു മുറികൾ അനുവദിച്ചു.

1996-ൽ നായനാർ സർക്കാർ കളക്ട്രേറ്റു വളപ്പിൽത്തന്നെ തെക്കു-പടിഞ്ഞാറേ കോണിലായി 20 സെന്റ് അനുവദിച്ചു. പുതിയ പഞ്ചായത്തിന്റെ ആദ്യത്തെ പ്രവൃത്തി ഓഫീസ് നിർമ്മാണമായിരുന്നു. ലാറി ബേക്കർ രൂപകൽപ്പന ചെയ്ത മനോഹരമായൊരു കെട്ടിടം. കോസ്റ്റ്ഫോർഡുതന്നെ ആയിരുന്നു നിർമ്മാണം. മുഖ്യമന്ത്രി നായനാരാണ് തറക്കല്ലിട്ടത്. 75 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. 73 ലക്ഷം രൂപയ്ക്കു പണി തീർന്നു. ഉദ്ഘാടനത്തിനു മുഴുവൻപേർക്കും വിശദമായ കണക്കുകൾ അച്ചടിച്ചു വിതരണംചെയ്തു. സുശീല ഗോപാലനും പാലോളി മുഹമ്മദുകുട്ടിയും ചേർന്നു നാടിനു സമർപ്പിച്ചു. കെ. ഇ. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.

മറ്റൊരു സംഭവം: കോലത്താംതുരുത്ത് തോട്ടിൽ രണ്ടു കുട്ടികൾ വീണുമരിച്ചു. പള്ളിവികാരിയുടെ നേതൃത്വത്തിൽ ജനകീയസമിതി രണ്ടുലക്ഷം രൂപയും 102 തെങ്ങിൻകുറ്റികളും സംഭാവന ചെയ്തു. 21 ലക്ഷം രൂപയ്ക്കു പാലംപണി ജനകീയക്കമ്മിറ്റി പൂർത്തീകരിച്ചു. ഈ ഗുണഭോക്തൃസമിതിയുടെ പ്രത്യേകത സിപിഐ(എം) നേതാവ് ടി. കെ. പളനിയും കോൺഗ്രസ് നേതാവ് പുരുഷോത്തമൻപിള്ളയും പാലം നിർമ്മാണത്തിനു കൈകോർത്തു എന്നുള്ളതാണ്.

ഇതുപോലെ ഗുണഭോക്തൃസമിതികൾ ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ ഏറെ. താമരക്കുളം പഞ്ചായത്തിൽ രണ്ടുലക്ഷം രൂപയുടെ റോഡിന്റെ ഗുണഭോക്തൃസമിതിക്കൺവീനർ അമ്മിണി ആയിരുന്നു. നികത്താൻ 102 ലോഡ് മണ്ണ് ഉപയോഗിച്ചിട്ടും 17,000 രൂപ മിച്ചമുണ്ടായി.

ഒട്ടേറെ മിനി കുടിവെള്ളപ്പദ്ധതികൾ ആരംഭിച്ചു. കൈനകരിയിൽ എവിടെ കുഴൽക്കിണർ കുഴിക്കുമെന്നതു പ്രശ്നമായിരുന്നു. പണ്ട് കൈയ്യാറ്റിപ്പള്ളിയുടെ അടുത്തു കിണർ ഉണ്ടായിരുന്നു. അവിടെ കുഴിച്ചപ്പോൾ ശുദ്ധജലം കണ്ടെത്താൻ കഴിഞ്ഞു. 50 ലക്ഷം രൂപ മുടക്കിയുള്ള ഈ കുടിവെള്ളപ്പദ്ധതിയിൽനിന്നാണ് ഇന്നും വെള്ളം ലഭിക്കുന്നത്. ഇങ്ങനെ നാട്ടറിവുകൾ ഉപയോഗപ്പെടുത്തിയായിരുന്നു ആസൂത്രണം.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എച്ഛ്. ബാബുജാന്റെ നേതൃത്വത്തിൽ ഓലമേഞ്ഞ എല്ലാ സ്കൂളുകളും ഓടാക്കി. ഗുണനിലവാരം ഉയർത്താൻ പ്രത്യേകപദ്ധതി ആവിഷ്കരിച്ചു. പിന്നാക്കം നില്ക്കുന്ന കുട്ടികൾക്കു വൈകിട്ടു നാലുമണിക്കുശേഷം പ്രത്യേക ക്ലാസുകൾ. പെൻഷൻ പറ്റിയ അദ്ധ്യാപകരാണ് ഇതിനു സന്നദ്ധസേവനം ചെയ്തത്. തകഴി, വയലാർ, പി. എൻ. പണിക്കർ, ഇട്ടി അച്യുതൻ എന്നിവരുടെ ഓർമ്മകൾ പുതുക്കാനുള്ള സാംസ്കാരികപരിപാടികൾ.

ഹഡ്കോയുടെ ധനസഹായത്തോടെ 15,000 പേർക്കു വീടു നിർമ്മിക്കാനുള്ള പരിപാടി ആവിഷ്കരിച്ചു. പത്തിയൂർ പുഞ്ചയിൽ ഗലാസ പരിപാടി നടപ്പാക്കി. മികച്ച ജില്ലാപ്പഞ്ചായത്തിനുള്ള കേരള ഗവൺമെന്റിന്റെ ആദ്യത്തെ സ്വരാജ് പുരസ്കാരം ആലപ്പുഴയ്ക്കു ലഭിച്ചു. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ജെ. ആർ. ഡി. റ്റാറ്റാ പുരസ്കാരം ലഭിച്ചത്. കക്ഷിഭേദമന്യേ മുഴുവൻ ജനപ്രതിനിധികളെയും ജില്ലാപ്പഞ്ചായത്തംഗങ്ങളെയും ഏകോപിച്ചു പ്രവർത്തിപ്പിക്കാൻ സുജാതയ്ക്കു കഴിഞ്ഞു.

ആദ്യത്തെ ജില്ലാക്കൗൺസിലിൽ കൃഷ്ണപുരം ഡിവിഷനിൽനിന്നുള്ള ജനപ്രതിനിധിയായിരുന്നു. ചാരുംമൂട് ഡിവിഷനിൽനിന്നാണ് ജില്ലാപ്പഞ്ചായത്തിലേക്ക് അംഗമായത്. 2000-ൽ വീണ്ടും ജില്ലാപ്പഞ്ചായത്ത് അംഗമായി. ജനറൽ സീറ്റിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായി. 2004-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽനിന്നുള്ള വിജയത്തിന് ഒരു കാരണം ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് എന്ന നിലയിലുള്ള സുജാതയുടെ മികവുകൂടി ആയിരുന്നു.