സി. വി. ഔസേപ്പ്
ലഘു ജീവചരിത്രം (Biography)
ബീഡിതെറുപ്പുതൊഴിലാളി ആയിരുന്ന സി. വി. ഔസേപ്പ് എറണാകുളം ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയപ്പോൾ എന്തു ചെയ്തു? കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് സഹകരണസംരംഭം ഉൾപ്പെടെ ഒരുപറ്റം ഇലക്ട്രോണിക്സ് പ്രൊജക്ടുകൾക്കു രൂപം നല്കാൻ മുൻകൈയെടുത്തു. ഇന്നു കേരളം വിവരവിനിമയവിദ്യയിൽ ഐറ്റി പ്ലാറ്റ്ഫോമുകൾ രൂപവത്ക്കരിക്കാൻ പരിശ്രമിക്കുമ്പോൾ 25 വർഷം മുമ്പു നടന്ന ഈ നൂതനപരീക്ഷണം വിസ്മരിക്കാനാവില്ല.
ജോബി ജോൺ, കൃഷ്ണദാസ്, ജോസഫ് തോമസ് തുടങ്ങി ഒരു ചെറുസംഘം യുവാക്കളായിരുന്നു പ്രാദേശികആസൂത്രണത്തിലെ ഐറ്റി വികസനസാദ്ധ്യതകൾ ആരായാൻ തീരുമാനിച്ചത്. ഇവരെയെല്ലാം പിന്നീടു പരിചയപ്പെടുത്തുന്നുണ്ട്. സ്വന്തം നൂതനാശയങ്ങളുമായി ഇവർ എറണാകുളം ജില്ലാപ്പഞ്ചായത്തുപ്രസിഡന്റിനെ കാണാൻ തീരുമാനിച്ചു. അങ്ങനെ സി. വി. ഔസേപ്പ് എന്ന ഔസപ്പേട്ടനുമായി സംസാരിച്ചു.
കോളെജിലെ രാഷ്ട്രീയചർച്ചകളിൽ ഇടം പിടിച്ചിരുന്ന ചില പ്രൊജക്റ്റുനിർദ്ദേശങ്ങൾ ‘സാധാരണക്കാരനായ’ ആ സഖാവുമായി പങ്കുവെച്ചു. ദൈനംദിനജീവിതപ്രശ്നങ്ങളുമായി ജില്ലാപ്പഞ്ചായത്തുപ്രസിഡന്റിനെ കാണാൻ വന്നിരുന്ന ഓരോരുത്തരെയും അദ്ദേഹം ഈ യുവഎൻജിനീയർമാരുമായി നടത്തിയ ചർച്ചയ്ക്കിടയിൽത്തന്നെ കേൾക്കുകയും വേണ്ട നടപടി എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചർച്ചയ്ക്കൊടുവിൽ അദ്ദേഹം ഇങ്ങനെ നിർദ്ദേശിച്ചു: “ജില്ലാ പ്ലാനിങ് ഓഫീസിൽ 80 ഗ്രാമപ്പഞ്ചായത്തുകളുടെ വികസനരേഖകൾ ഇരിക്കുന്നുണ്ട്. അതു മുഴുവൻ വായിച്ച് അവ ക്രോഡീകരിക്കുന്ന പ്രൊജക്റ്റുനിർദ്ദേശങ്ങൾ വെയ്ക്കാമോ? രണ്ടുദിവസത്തിനുള്ളിൽ വേണം. വ്യവസായ ഉപസമിതി പ്രൊജക്ടുകൾ തീർപ്പാക്കുന്ന മീറ്റിങ്ങിൽ പ്രൊജക്ടുകൾ അവതരിപ്പിക്കാനുള്ള അവസരം തരാം.” ജോബിയും കൃഷ്ണദാസും ജോസഫ് തോമസും സമ്മതിച്ചു. പഞ്ചായത്തുവികസനരേഖകൾ പഠിക്കാനായി വൈകുന്നേരങ്ങളിൽ പ്ലാനിങ് ഓഫീസ് തുറന്നുനല്കാൻ നടപടി ഉണ്ടായി.
രണ്ടേരണ്ടു വൈകുന്നേരങ്ങൾ. എല്ലാ ഗ്രാമപ്പഞ്ചായത്തുകളുടെയും വികസനരേഖകൾ ഇവർ വായിച്ചു മനസ്സിലാക്കി. തങ്ങളുടെ നാടിനെക്കുറിച്ചുള്ള ജനങ്ങളുടെ ചരിത്രബോധവും അഭിമാനവും അവിടങ്ങളിലെ വിഭവങ്ങളെക്കുറിച്ചുള്ള ധാരണയും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള രാഷ്ട്രീയ-സാമ്പത്തികകാഴ്ചപ്പാടും ഇവരെ വിനയാന്വിതരാക്കി. ഔസപ്പേട്ടനെ നിരാശപ്പെടുത്തിയില്ല. ജില്ലാതലത്തിൽ ഏറ്റെടുക്കാവുന്ന ചില മൂർത്തമായ പ്രൊജക്റ്റുനിർദ്ദേശങ്ങൾ രൂപപ്പെട്ടു.
‘പഞ്ചായത്തുകളുടെ കമ്പ്യൂട്ടറധിഷ്ഠിത വിവരവിനിമയശൃംഖല’, ‘പോര് ചെറുകിടജലവൈദ്യുതിപദ്ധതി’, ജില്ലയെ ഇലക്ട്രോണിക്-കമ്പ്യൂട്ടർ വ്യവസായഹബ്ബ് ആക്കാൻ ‘ഇലക്ട്രോണിക് കമ്പോണന്റ് വെയർഹൗസ്’, പഞ്ചായത്തുകളിലെ ‘കമ്പ്യൂട്ടർപരിശീലനകേന്ദ്രങ്ങൾക്ക് ഏകീകൃതസിലബസ്സും ഫാക്കൽറ്റിപരിശീലനവും പരീക്ഷാനടത്തിപ്പുസംവിധാനവും’ എന്നീ പ്രൊജക്ടുകൾ ഉദ്യോഗസ്ഥരിൽ അമ്പരപ്പ് ഉളവാക്കി.
ഗ്രാന്റ് ഫണ്ട് നല്കി പണം ചെലവാക്കാൻ ആയിരുന്നു ഉദ്യോഗസ്ഥതലത്തിൽ വന്ന നിർദ്ദേശങ്ങൾ. ഇത്തരം പ്രൊജക്ടുകൾ നടപ്പാക്കാൻ സംവിധാനമില്ലെന്ന് ഉദ്യോഗസ്ഥർ. ചർച്ചകൾ കേട്ടശേഷം സി. വി. ഔസേപ്പ് പ്രഖ്യാപിച്ചു: “ജില്ലാപ്പഞ്ചായത്ത് ഒരു പുതിയ നിർവഹണസൊസൈറ്റി ഉണ്ടാക്കുന്നു - ജില്ലയിലെ ഇലക്ട്രോണിക് - കമ്പ്യൂട്ടർ വ്യവസായവൽക്കരണപ്രൊജക്ടുകൾക്കായി!” തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിതലത്തിൽ മീറ്റിങ് വിളിച്ച് ഏജൻസി എന്ന ആശയം അദ്ദേഹം യാഥാർത്ഥ്യമാക്കുകയും ചെയ്തു.
അങ്ങിനെയാണ് ഇലക്ട്രോണിക്സ്‌വ്യവസായ അടിസ്ഥാനസൗകര്യവികസന ഏജൻസി (Electronics Industrialisation Infrastructure Development Society (EIID)) എന്ന സൊസൈറ്റി ജില്ലാപ്പഞ്ചായത്തു രൂപവത്ക്കരിക്കുന്നത്. പ്രൊഫ. എം. കെ. പ്രസാദ് ആവശ്യമായ സഹായങ്ങൾ നല്കി. ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ചെയർമാനും കൃഷ്ണദാസ് ഡയറക്റ്ററും ജോബി ജോൺ രജിസ്റ്റ്രാറും ആയി സൊസൈറ്റി നിലവിൽവന്നു. പിന്നത്തെ പ്രവർത്തനങ്ങൾ ഈ സൊസൈറ്റിയുടെ നേതൃത്വത്തിലായി.
തുടർന്ന് പ്രൊജക്ടുകളുടെ നിർവഹണകാലമായിരുന്നു. ആ രണ്ടുവർഷം ഔസേപ്പേട്ടൻ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയിരുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ യഥാർത്ഥമാനം മനസ്സിലാക്കാൻ സാധിച്ച അനുഭവമാണ് ഇക്കാലത്തുണ്ടായത്. ‘ജില്ലയിലെ മുഖ്യമന്ത്രി’യുടെ ഓഫീസ് പോലെയാണു പ്രസിഡന്റിന്റെ ഓഫീസ് പ്രവർത്തിച്ചത്. ജലവൈദ്യുതിപദ്ധതിയുടെ പഠനത്തിനായി കെഎസ്ഇബി ഉദ്യോഗസ്ഥർ, പൊതുമേഖലാ ഉദ്യോഗസ്ഥർ എന്നിവർ ഓഫീസിൽ നിത്യസന്ദർശകരായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉപയോഗപ്പെടുത്തി പഠനങ്ങൾ നടത്തിയത് ഭരണത്തിനു പുതിയ മാതൃകയായി. ഫെർഗൂസൻ തുടങ്ങിയ ലോകത്തേ മുന്തിയ കൺസൾട്ടിങ് സ്ഥാപങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തി.
ഉത്തരേന്ത്യക്കാരനായിരുന്ന കൊച്ചിയിലെ സബ് കളക്ടർ ഗൗരവ് ദ്വിവേദി പ്രവർത്തനങ്ങളിൽ ഏറെ താൽപ്പര്യം പ്രകടിപ്പിച്ചതും സഹായിച്ചതും എടുത്തുപറയേണ്ടതുണ്ട്. ITES വ്യവസായങ്ങൾ ആരംഭിക്കാൻ ഈ രംഗത്തെ മറുനാടൻമലയാളികളായ വ്യവസായികളെ ജില്ലാപ്പഞ്ചായത്തിൽ വിളിച്ചുവരുത്തി ചർച്ച നടത്തി. ‘ഇലക്ട്രോണിക് കൊമ്പണന്റ് വെയർഹൗസ്’ എന്ന പ്രൊജക്റ്റുനിർദ്ദേശം ചർച്ചചെയ്യാൻ അന്നത്തെ ഐറ്റി സെക്രട്ടറി അരുണ സുന്ദർരാജൻ നേരിട്ടു ജില്ലാപ്പഞ്ചായത്തിൽ എത്തി. ഇതിന്റെ ഫലമായി രൂപപ്പെട്ടതാണ് ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക്. ഇതെല്ലാം ജില്ലാഭരണസിരാകേന്ദ്രത്തിനു പുതിയ അനുഭവമായി.
ഇരുമ്പനം ചിത്രപ്പുഴ കൊല്ലൻപടിയിൽ ചെമ്പോന്തുരുത്തിൽ വർക്കിയുടെയും സാറാമ്മയുടെയും മകനായാണ് സി. വി. ഔസേപ്പ് ജനിച്ചത്. ബീഡിതെറുപ്പുതൊഴിലാളി ആയിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തി. സിപിഐ(എം) തിരുവാങ്കുളം ലോക്കൽസെക്രട്ടറി, തൃപ്പൂണിത്തുറ ഏരിയാസെക്രട്ടറി, ജില്ലാസെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2001-മുതൽ 2005-വരെ ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ ആയിരുന്നു. ചോറ്റാനിക്കര പഞ്ചായത്തുപ്രസിഡന്റ്, എറണാകുളം ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ആരക്കുന്നം എ. പി. വർക്കി മിഷൻ ആശുപത്രിയുടെ ഡയറക്റ്ററും ഡയറക്റ്റർ ബോർഡ് അംഗവും ട്രഷററും ആയിരുന്നു. 2017-ൽ മരണമടഞ്ഞു.