Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. വി. വിശാലാക്ഷിട്ടീച്ചർ
എം. വി. വിശാലാക്ഷിട്ടീച്ചർ

എം. വി. വിശാലാക്ഷിട്ടീച്ചർ

ലഘു ജീവചരിത്രം (Biography)

തൃശ്ശൂർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം. വി. വിശാലാക്ഷിട്ടീച്ചർ പൊതുരംഗത്തു സജീവമാകുന്നത് തളിക്കുളം സ്കൂളിൽ അദ്ധ്യാപികയായിരുന്നപ്പോൾ അദ്ധ്യാപകസംഘടനാരംഗത്തുകൂടിയാണ്. കെപിറ്റിയുവിന്റെ ആദ്യസംസ്ഥാനകമ്മിറ്റിയംഗം ആയിരുന്നു. വനിതാവിഭാഗം കൺവീനറും ആയിരുന്നു. 1973 മുതൽ ജനാധിപത്യ മഹിളാഅസോസിയേഷൻ ജില്ലാസെക്രട്ടറിയായി. സിപിഎം ജില്ലാക്കമ്മിറ്റിയംഗവുമായി. ജില്ലാക്കൗൺസിലിൽ വൈസ് ചെയർപേഴ്സണായിരുന്നു.

ജില്ലാക്കൗൺസിലിന്റെ തിക്താനുഭവം ഉണ്ടായിരുന്നതുകൊണ്ട് തുടക്കംമുതൽതന്നെ യുഡിഎഫ് സർക്കാരിനോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സ്വീകരിച്ചത്. ആലപ്പുഴയിലെന്നപോലെ ജില്ലാപ്പഞ്ചായത്തിന്റെ ഓഫീസിനുവേണ്ടി കളക്റ്ററേറ്റിനു മുന്നിൽ സമരം ചെയ്തു. ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിലും സമരം ചെയ്യേണ്ടിവന്നു. ജനകീയാസൂത്രണപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ പൂർണ്ണസമയം മുന്നിട്ടിറങ്ങി.

കെആർപി പരിശീലനം കഴിഞ്ഞ ഒരുസംഘം പ്രമുഖർ സഹായത്തിന് ഉണ്ടായിരുന്നു - ജില്ലയുടെ ആദ്യത്തെ കൺവീനർ പ്രൊഫ. സി. രവീന്ദ്രനാഥ്, എം. എൻ. സുധാകരൻ, ജി. വി. സുധാകരൻ, സി. മധുസൂദനൻ, കെ. ജി. ശങ്കരനാരായണൻ തുടങ്ങിയവർ. അതിലുപരി ചന്ദ്രദത്ത് മാഷും കോസ്റ്റ്ഫോർഡും ഏതുകാര്യത്തിനും ടീച്ചർക്കൊപ്പം ഉണ്ടായിരുന്നു. പിന്നീടു പ്രസിഡന്റുമാരായ ഷീലാ വിജയകുമാർ, ഫാത്തിമ്മ അബ്ദുൾഖാദർ ജില്ലാപ്പഞ്ചായത്ത് സെക്രട്ടറി സതീദേവി എന്നീ മൂന്നു വനിതകൾ ഒരുമിച്ചു നിന്നു. ജില്ലാപ്പഞ്ചായത്തിന്റെ വിജയം ടീം വർക്കായിരുന്നു.

കോസ്റ്റ്ഫോർഡിന്റെ കാമ്പസിനോടു ചേർന്നു സ്ത്രീശക്തി കേന്ദ്രം ജില്ലാപ്പഞ്ചായത്ത് ആരംഭിച്ചു. ആദ്യം വനിതാമേസൺ കേന്ദ്രമായിട്ടാണു തുടങ്ങിയത്. പിന്നീട് ലൈബ്രറി ഉൾപ്പെടെ വലിയ കേന്ദ്രമാക്കി. വനിതാശാക്തീകരണത്തിനുള്ള സംയോജിതപരിപാടിയായി സ്ത്രീശക്തി കേന്ദ്രം വളർന്നു. വനിതാഘടകപദ്ധതിയിൽ ആരംഭിച്ച നൂതന പ്രൊജക്ടായിരുന്നു വനിതാ ട്രാൻസ്പോർട്ട് സഹകരണസംഘം.

തൃശ്ശൂർ ജില്ലാപ്പഞ്ചായത്തിന്റെ സ്റ്റാർ പ്രോഗ്രാം സമ്പൂർണ്ണഭവനപദ്ധതി ആയിരുന്നു. സമഗ്രപാർപ്പിടസർവ്വേ നടത്തി 60,000 ഗുണഭോക്തൃകുടുംബങ്ങളെ തിട്ടപ്പെടുത്തി. ഇവരെ മൂന്നായി തരംതിരിച്ചു. രണ്ടുസെന്റ് ഭൂമിയെങ്കിലുമുള്ള ആവാസയോഗ്യമായ ഭവനങ്ങൾ ഇല്ലാത്തവർ, ഭൂമിയും ഭവനവും ഇല്ലാത്തവർ, ചില്ലറ റിപ്പയറുകളും നവീകരണവും നടത്തിയാൽ ആവാസയോഗ്യം ആക്കാവുന്ന വീട് ഉള്ളവർ. ലിസ്റ്റ് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം നേടി.

ആദ്യവിഭാഗമായിരുന്നു ഏറ്റവും വലുത്. ഇവരെ രണ്ടായി തിരിച്ചു. (1) പ്രതിവർഷം 12,000 രൂപയിൽ താഴെയുള്ള അതിദരിദ്രർ. (2) ഭവനനിർമ്മാണത്തിനായി പ്രതിദിനം അഞ്ചുരൂപയെങ്കിലും മാറ്റിവയ്ക്കാൻ കഴിയുന്ന ദരിദ്രർ. കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, ഭവനനിർമ്മാണബോർഡ് എന്നിവരുടെ സ്കീമുകളുമായി ചേർത്തുകൊണ്ട് ആദ്യവിഭാഗത്തിൽപ്പെട്ടവർക്കു പൂർണ്ണസൗജന്യമായി വീടു നല്കി. 1999-2000 വർഷം 7,000 വീട് ഇങ്ങനെ നല്കി.

ദരിദ്രവിഭാഗക്കാർക്കായി വായ്പാബന്ധിതസബ്സിഡി സ്കീം ആവിഷ്കരിച്ചു. ഹഡ്കോ വായ്പ നല്കി. ഗുണഭോക്താവ് ഒന്നിന് 7,500 രൂപ ത്രിതല പഞ്ചായത്തുകൾ സബ്സിഡി നല്കി. ഇത് ഹഡ്കോയിൽ 14 വർഷത്തേക്കു നിക്ഷേപിച്ചു. 30,000 രൂപയുടെ വായ്പ ലഭ്യമാക്കി. ഗുണഭോക്താവ് 14 വർഷക്കാലം 10 ശതമാനം നിരക്കിൽ പലിശ നല്കിയാൽ മതി. 15,000 കുടുംബങ്ങൾക്ക് ഇങ്ങനെ വീടു നല്കി. അങ്ങനെ മൊത്തം 25,000 വീട്. കോസ്റ്റ്ഫോർഡിന്റേതായിരുന്നു സാങ്കേതികമേൽനോട്ടം.

എൺപതു ഗ്രാമപ്പഞ്ചായത്തുകൾ ഗുണഭോക്താക്കളുടെ സ്വയംസഹായസംഘങ്ങൾ സംഘടിപ്പിച്ചു. ലഘുസമ്പാദ്യപരിപാടി വിജയകരമായി നടപ്പാക്കി. എല്ലാ പഞ്ചായത്തിലും നിർമ്മാണത്തൊഴിലാളിസഹകരണസംഘം രൂപവത്ക്കരിച്ചു. അംഗങ്ങളായ 1200 പേരിൽ പകുതി സ്ത്രീകളായിരുന്നു. കെട്ടിടനിർമ്മാണസാമഗ്രികൾ ഉത്പാദിപ്പിക്കാൻ 21 മൈക്രോ സംരംഭങ്ങൾ ആരംഭിച്ചു. സാങ്കേതികവിദ്യ, ധനകാര്യം, സംഘാടനം തുടങ്ങിയവയിലൊക്കെ നൂതനരീതി അവലംബിച്ച പദ്ധതി സമഗ്രപരിപാടിക്കൊരു മാതൃകയാണ്. ദൗർഭാഗ്യവശാൽ ഇഎംഎസ് പാർപ്പിടപദ്ധതി ആവിഷ്കരിച്ചപ്പോൾ ഇത്തരത്തിൽ ജില്ലാപ്പഞ്ചായത്ത് സ്കീമിൽ ഗുണഭോക്തൃസമിതികൾ ഏറ്റെടുത്തിരുന്ന ബാധ്യത പരിഗണിച്ചില്ല. ഇത് വലിയ പ്രയാസങ്ങൾക്ക് ഇടനല്കി.

ഡോ. സി. എൻ. പരമേശ്വരനെപ്പോലുള്ള ഒട്ടേറെ വിദഗ്ദ്ധർ ജില്ലാപ്പഞ്ചായത്തിനോട് ഏറെ സഹകരിച്ചുപ്രവർത്തിച്ചു. ഐഎംഎയുടെ സഹായത്തോടെ തൃശ്ശൂരിൽ ആദ്യമായി ബ്ലഡ് ബാങ്ക് ആരംഭിച്ചു.

ഒല്ലൂർ വനിതാഹാച്ചറി ആയിരുന്നു മറ്റൊരു നൂതനസംരംഭം. എന്നാൽ ടീച്ചർ മാറിയശേഷം കുറച്ചുനാൾ ഇത് അടഞ്ഞുകിടന്നു. വി. എസ്. സർക്കാരിന്റെ കാലത്ത് ഷീല വിജയകുമാർ ജില്ലാപ്രസിഡന്റ് ആയപ്പോൾ അതു നവീകരിക്കുകയും രണ്ടാമതൊരു കെട്ടിടംകൂടി ഞാൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇന്നു തൃശ്ശൂർ റൈസ് പാർക്കിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ 20 വർഷംമുമ്പ് ചേലക്കരയിൽ ഒരു റൈസ് പാർക്ക് ആരംഭിക്കാൻ ജില്ലാപ്പഞ്ചായത്ത് പരിശ്രമിച്ചു. കൃഷിവകുപ്പിന്റെ ഫാമിനോടു ചേർന്നുകിടക്കുന്ന സ്ഥലത്തായിരുന്നു റൈസ് മിൽ സ്ഥാപിച്ചത്.

അവസാനരണ്ടുവർഷം സുബ്രഹ്മണ്യൻ (സിപിഐ) ആയിരുന്നു ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ്. 2000-2005-ൽ ആദ്യരണ്ടുവർഷം ഫാത്തിമ അബ്ദുൾഖാദറും. അവസാനമൂന്നുവർഷം ടീച്ചർ വീണ്ടും പ്രസിഡന്റായി. അങ്ങനെ ആറുവർഷം വിശാലാക്ഷിട്ടീച്ചർ തൃശ്ശൂർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അസാമാന്യമായ കാര്യനിർവ്വഹണശേഷിയും ഇച്ഛാശക്തിയുമുള്ള ഒരു വനിതാനേതാവായിരുന്നു വിശാലാക്ഷിട്ടീച്ചർ. ഏതൊരു പ്രതികൂലസാഹചര്യത്തിലും ഒരു കൂസലുമില്ല. തർക്കിക്കാനും കലഹിക്കാനും മടിക്കില്ല. ഇങ്ങനെ പലവട്ടം ആസൂത്രണബോർഡിൽ വന്നിട്ടുണ്ട്.