Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ബാബു പറശ്ശേരി
ബാബു പറശ്ശേരി

ബാബു പറശ്ശേരി

ലഘു ജീവചരിത്രം (Biography)

കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും ജനകീയാസൂത്രണത്തിന്റെ മാതൃകയിലൂടെ ഏറ്റവും സ്വാധീനം ചെലുത്തിയ പഞ്ചായത്ത് ഏതെന്നു ചോദിച്ചാൽ ഒളവണ്ണ എന്നായിരിക്കും ഉത്തരം. ഒളവണ്ണയിലെ ജനകീയ കുടിവെള്ളപദ്ധതിയുടെ മോഡൽ പഠിക്കാനായി അന്യസംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമടക്കം ഒരുപാടുപേർ വന്നിരുന്നു. പഞ്ചായത്തുപ്രസിഡന്റായരുന്ന ബാബു പറശ്ശേരി ഇന്ത്യൻ മിനിസ്റ്റേഴ്സ് കോൺഫറൻസിൽ അനുഭവം അവതരിപ്പിച്ചിട്ടുണ്ട്. “കുടിവെള്ളപ്രശ്നം പരിഹരിക്കാൻ നിങ്ങൾക്കും ഒളവണ്ണ മോഡൽ പദ്ധതി ആവിഷ്കരിച്ചുകൂടേ” എന്ന ഒരു പരസ്യംതന്നെ ഇന്ത്യാ സർക്കാർ ടെലിവിഷനിൽ നൽകിയിരുന്നു. ‘ഒളവണ്ണ മോഡൽ’ സ്വീകരിച്ചാണ് ലോകബാങ്ക് ‘ജലനിധി’ പദ്ധതിക്കു രൂപം നൽകിയത്.

പങ്കാളിത്തപഠനപരമ്പരയിൽ ഉൾപ്പെടുത്തി ഒളവണ്ണ കുടിവെള്ളപദ്ധതിയെക്കുറിച്ച് രണ്ടുദിവസത്തെ ശിൽപ്പശാല നടത്തി. ബാബു പറശ്ശേരിയുടെ നേതൃശേഷി ഞങ്ങൾ നേരിട്ടു തിരിച്ചറിഞ്ഞത് അപ്പോഴാണ്. രണ്ടു തവണ സെമിനാറിന്റെ വേദി പന്തീരങ്കാവ് യുപി സ്കൂളായിരുന്നു. പൊതുപരിപാടിക്കായി ഒരു സ്ഥിരം സ്റ്റേജുതന്നെ സ്കൂളിൽ നിർമ്മിച്ചു. സെമിനാറിൽ 200 പേരെയാണു നിശ്ചയിച്ചിരുന്നതെങ്കിലും 350-ലധികം പേർ എത്തി. എല്ലാവർക്കും താമസസൗകര്യം ഒരുക്കുകയായിരുന്നു പ്രയാസം. പക്ഷെ വിവിധ വീടുകളിലായി ആ പ്രശ്നം പരിഹരിച്ചു.

സെമിനാറിൽ അവതരിപ്പിക്കാൻ ഒളവണ്ണ മോഡൽ പദ്ധതിയുടെ ഉത്ഭവവും ചരിത്രവും ഓരോ പദ്ധതിയുടെ വിശദവിവരങ്ങളൗം അടക്കമുള്ള സമഗ്രമായ രേഖ നല്ല പുസ്തകമായി തയ്യാറാക്കിയിരുന്നു. പദ്ധതിയിലെ കിണറുകളും വാട്ടർ ടാങ്കുകളുമെല്ലാം അടങ്ങുന്ന മനോഹരമായ എക്സിബിഷനുമുണ്ടായിരുന്നു. പദ്ധതി സ്ഥലം സന്ദർശിച്ചു പഠിക്കാൻ പ്രത്യേക ബാച്ചുകളായി ഓരോ പദ്ധതിസ്ഥലത്തും ടീമിനെ എത്തിച്ചു. ഗുണഭോക്തൃകമ്മിറ്റികളും ഗുണഭോക്താക്കളും ഓരോ കേന്ദ്രത്തിലും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. വൈകുന്നേരം സാംസ്കാരികസമ്മേളനവും കലാപരിപാടികളും. രണ്ടു ദിവസത്തെ സെമിനാർ പൂർത്തിയായപ്പോൾ എല്ലാവരും ഒരുപോലെ സംതൃപ്തർ.

ഒളവണ്ണ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള സമരനേതാവായിട്ടായിരുന്നു ബാബു പറശ്ശേരിയുടെ രംഗപ്രവേശം. ആ സമരത്തിൽ ഉയർത്തിയ ജനകീയപരിഹാരം 1995-ൽ താൻ പഞ്ചായത്തുപ്രസിഡന്റ് ആയപ്പോൾ നടപ്പാക്കിത്തുടങ്ങിയതിനെക്കുറിച്ചും ജനകീയാസൂത്രണത്തിൽ വ്യാപകമാക്കിയതിനെക്കുറിച്ചും ഹർകിഷൻ സിങ് സുർജിത്തിന്റെ ഒളവണ്ണസന്ദശനത്തെക്കുറിച്ച് എഴുതിയ കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

ജലക്ഷാമം നേരിടുന്ന നിശ്ചിതപ്രദേശത്തെ വീട്ടുകാർ (50-60 വീടുകൾ) ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യുകയും അവരുടേതായ നടത്തിപ്പുനിയമങ്ങൾ(ബൈലോ)ക്കു രൂപം നല്കുകയും ചെയ്യും. ചെലവുകൾ കണക്കാക്കി വീതിച്ചെടുക്കാനും പിരിച്ചെടുക്കാനും ഏർപ്പാടുണ്ടാക്കും. കിണർ കുഴിച്ച് കുന്നിൻചരുവിൽ ഓവർഹെഡ് ടാങ്കുകളിൽ ജലം സംഭരിച്ച് പൈപ്പുവഴി വീടുകളിലെത്തിക്കുകയാണു പദ്ധതി. ചെലവു പങ്കിട്ടു വഹിക്കുന്നതോടൊപ്പം മാസാമാസം വരുന്ന ആവർത്തനച്ചെലവ് ഓരോ കുടുംബവും വഹിക്കണം. വെള്ളംവിതരണത്തിൽ ചില നിയന്ത്രണങ്ങളുണ്ട്. മീറ്റർ വഴി ഉപയോഗം നിയന്ത്രിക്കും; കൂടുതൽ ഉപയോഗത്തിന് അധികപണം ഈടാക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കു ഗുണഭോക്തൃവിഹിതം പണമായും അദ്ധ്വാനമായും ലഭ്യമാക്കും. നിർമ്മാണഉരുപ്പടികൾ പ്രാദേശികമായി സംഭരിക്കുന്നതോടൊപ്പം സ്ഥലത്തെ വിദഗ്ദ്ധതൊഴിലാളികൾ, പ്ലംബർമാർ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും. മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ലഭ്യമല്ലാത്തിടത്ത് ഡീസൽ ഉപയോഗിക്കും. കുടിവെള്ളപദ്ധതി ആരംഭിക്കുമ്പോൾ ആവശ്യമില്ലാതിരുന്ന കുടുംബങ്ങൾക്കും പിന്നീട് അംഗമാകാം. പദ്ധതിയുടെ അംഗത്വത്തിനുള്ള വിഹിതം സ്വാഭാവികമായും കൂടുതലായിരിക്കും. മിക്ക പദ്ധതികളും വേനൽക്കാലമൊഴികെ പൂർണ്ണ അളവിൽ വെള്ളം ഉറപ്പാക്കിയിരുന്നു. എല്ലാ പദ്ധതികൾക്കും ഒരു ജനറൽ ബോഡിയും (50-60 വീടുകൾ) ഒരു നിർവ്വാഹകസമിതിയും (17-18 പേർ) ഉണ്ട്.

എന്തായിരുന്നു ഈ പദ്ധതിയുടെ നേട്ടം? 70 ശതമാനം ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി. ജാതി-മത-രാഷ്ട്രീയ-സാമ്പത്തികഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയുമായി സഹകരിച്ചു. കുന്നിൻമുകളിലൊക്കെ 25,000 രൂപവരെ ചെലവഴിച്ചു വെള്ളം കിട്ടാത്ത കിണർ കുഴിക്കുന്നതിനുപകരം മൂലധനച്ചെലവായി 5000 രൂപയും നടത്തിപ്പുചെലവായി പ്രതിമാസം 25-30 രൂപയും മുടക്കി പദ്ധതിയിൽ അംഗമാവുകവഴി എന്നും കുടിവെള്ളം ഉറപ്പാക്കുന്നു.

പിന്നീട് ബാബു പറശ്ശേരി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാപ്പഞ്ചായത്തുപ്രസിഡന്റുമായി. എവിടെയും തന്റെ കൈയ്യൊപ്പു പതിപ്പിക്കുന്ന നൂതനപരീക്ഷണങ്ങൾ ബാബുവിന്റെ മുഖമുദ്രയാണ്. ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയിരിക്കുമ്പോൾ കീഴിലുള്ള 43 സ്കൂളുകൾക്കും ആവശ്യമായ കെട്ടിടസൗകര്യങ്ങളും ഫർണീച്ചറും ഒരുക്കിനൽകി. ഇങ്ങനെ 480 ക്ലാസ് മുറികളാണു നിർമ്മിച്ചത്. കൂടാതെ, 43 സ്കൂളുകൾക്കും ജില്ലാപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും മേൽക്കൂരയിൽ 480 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റ് സ്ഥാപിച്ചു. ആവശ്യത്തിലധികം ഉൽപ്പാദിപ്പിച്ചു നൽകിയ വൈദ്യുതിക്ക് ജില്ലാപ്പഞ്ചായത്തിനു പുതിയ വരുമാനവും വന്നു.

ബാബു പറശ്ശേരി ഒരു കലാകാരൻകൂടിയാണ്. നാലായിരത്തിലധികം വേദികൾ പിന്നിട്ട പ്രൊഫഷണൽ നാടകനടൻ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാമുള്ളപ്പോഴും രാഷ്ട്രീയത്തിൽ സജീവം. ഇതെഴുതിയ 2021-ൽ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയാണ്.