Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. വി. വിജയദാസ്
കെ. വി. വിജയദാസ്

കെ. വി. വിജയദാസ്

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണകാലത്ത് പാലക്കാട് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു കെ. വി. വിജയദാസ്. സാക്ഷരതാകാലത്ത് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിൽ അംഗമായിരുന്നു. കോവിഡനന്തരരോഗത്തെത്തുടർന്ന് മരിക്കുമ്പോൾ കോങ്ങാടുനിന്നു രണ്ടാംതവണ നിയമസഭാംഗം ആയിരുന്നു.

പാലക്കാട് ജില്ലയിൽ കെ. വി. വിജയദാസിന്റെ കാലത്താണ് ‘ഹരിശ്രീ’ വിദ്യാഭ്യാസപ്രൊജക്റ്റ് ആരംഭിക്കുന്നത്. ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് ആരംഭിച്ച ഈ പദ്ധതി പതിമൂന്നാം പദ്ധതിക്കാലം വരെയും തുടർന്നുവരികയാണ്. ഒമ്പതാം പദ്ധതിക്കാലത്ത് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയത് ബാലസംഘം സംസ്ഥാനചുമതലക്കാരനും പട്ടാമ്പി ഞാങ്ങാട്ടിരി യുപി സ്കൂൾ അദ്ധ്യാപകനും സിപിഐ(എം) ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന ടി. കെ. നാരായണദാസ് ആണ്.

മികച്ച കർഷകനായിരുന്ന വിജയദാസ് കർഷകസംഘം ജില്ലാപ്രസിഡന്റ് ആയിരുന്നു. പത്തിയൂർ ഗോപിനാഥിന്റെയും പ്രൊഫ. എം. കെ. പ്രസാദിന്റെയും നേതൃത്വത്തിൽ ഐആർറ്റിസി ആവിഷ്കരിച്ച പദ്ധതിയായിരുന്നു ‘ഗാലസ’ (Group Approach for Locally Adapted and Sustainable Agriculture). ലളിതമായി പറഞ്ഞാൽ വി. വി. രാഘവൻ ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ്ങിനോടൊപ്പം ആധുനിക ശാസ്ത്രസങ്കേതങ്ങളിൽ ഊന്നുന്ന കാർഷികരീതിയാണിത്. പത്തിയൂർ ഗോപിനാഥ് ആയിരുന്നു ഇതിന്റെ മുഖ്യപ്രയോക്താവ്. ജനകീയാസൂത്രണത്തിൽ ഇതാണു കാർഷികമേഖലയിൽ പ്രചരിപ്പിച്ച പ്രധാന മാതൃകാപരിപാടി. ഇതു പാലക്കാട്ട് തെരഞ്ഞെടുത്ത പാടശേഖരങ്ങളിൽ വിജയപ്രദമായി നടപ്പാക്കാൻ വിജയദാസ് നേതൃത്വം നല്കുകയുണ്ടായി.

ഞാൻ ഇക്കാലത്ത് വിജയദാസുമായി നേരിട്ട് ഇടപഴകിയത് മീൻവല്ലം സ്മോൾ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ്. ഐആർറ്റിസിയിലെ റെസി ജോർജ്ജും കൂട്ടരുമാണ് മീൻവല്ലത്തിന്റെ പദ്ധതിരേഖ തയ്യാറാക്കാൻ ഏതാണ്ട് ഒരുവർഷക്കാലം പണിയെടുത്തത്. ഈ പ്രവർത്തനം ജനകീയാസൂത്രണത്തിനു മുമ്പേ നടന്നതാണ്. സംസ്ഥാനത്തുതന്നെ ഇത് ആദ്യസംരംഭങ്ങളിൽ ഒന്നാണ്. പദ്ധതി ഏറ്റെടുക്കാനുള്ള തന്റേടം വിജയദാസ് കാണിച്ചു. സർക്കാരിന്റെ പ്രത്യേകാനുമതിയോടെ ഇതിനായി പ്രത്യേക കമ്പനി രൂപവത്ക്കരിച്ചു. ഈ കമ്പനി ജില്ലാപ്പഞ്ചായത്ത് ഫണ്ടിനോടൊപ്പം വായ്പയും എടുത്താണു വിഭവസമാഹരണം നടത്തിയത്. വൈദ്യുതി വില്ക്കാൻ ഇലക്ട്രിസിറ്റി ബോർഡുമായി കരാറുണ്ടാക്കി. പദ്ധതി ഇന്നും ലാഭകരമായി നടക്കുന്നു. ഇന്ത്യയിൽ ഇപ്രകാരം വൈദ്യുതി ഉത്പാദനം നടത്തുന്ന ഏക തദ്ദേശഭരണസ്ഥാപനം പാലക്കാട് ജില്ലാപ്പഞ്ചായത്താണ്.

ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വിജയദാസ് ആദ്യവർഷം തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളുടെയെല്ലാം പ്രത്യേകത അവയുടെ സുസ്ഥിരതയാണ്. ഹരിശ്രീ വിദ്യാഭ്യാസപദ്ധതിയായാലും മീൻവല്ലം വൈദ്യുതി പദ്ധതിയായാലും ഗാലസ കാർഷികപരിപാടിയായാലും പാലക്കാട്ടെ വികേന്ദ്രീകൃതാസൂത്രണത്തിൽ തുടർസ്വാധീനംചെലുത്തി.

നല്ല സഹകാരിയായിരുന്നു വിജയദാസ്. ജനകീയാസൂത്രണത്തിന്റെ ആദ്യവർഷം സഹകരണബാങ്കുകളുമായി ഫലപ്രദമായ ഏകോപനമുണ്ടായില്ല. ഈ പോരായ്മ തിരുത്താൻ വളരെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. തേനാരി ക്ഷീരോൽപ്പാദകസഹകരണസംഘം സ്ഥാപകപ്രസിഡന്റ്, സംസ്ഥാനസഹകരണബാങ്ക് ഡയറക്റ്റർ, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാപ്രസിഡന്റ്, എലപ്പുള്ളി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, റബ്കോ ഡയറക്റ്റർ ബോഡ് അംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.

രണ്ടുതവണ വിജയദാസിന്റെ വീട്ടിൽ അതിഥിയായിട്ടുണ്ട്. ആദ്യത്തേത് 1998-ലാണ്. എലപ്പുള്ളി പഞ്ചായത്ത് വിഭവഭൂപടനിർമ്മാണം ഏറ്റെടുത്തപ്പോൾ അതിന്റെ ഉദ്ഘാടനത്തിനു പോയത്. രണ്ടാമത്തേത്, 2013-ലാണ്. 2015-ലെ അന്തർദേശീയപഠനകോൺഗ്രസ് സംഘാടനം പതിവുരീതിയിൽനിന്നു വ്യത്യസ്തമായിരുന്നു. വിഷയാടിസ്ഥാനത്തിൽ ജില്ലകളിൽ പരമാവധി വിദഗ്ദ്ധർക്കു പ്രബന്ധാവതരണത്തിനു പങ്കാളിത്തം നല്കിക്കൊണ്ട് സെമിനാറുകൾ സംഘടിപ്പിക്കുക. അവയുടെ ക്രോഡീകരണമായി ആ വികസനമേഖലയെക്കുറിച്ച് അന്താരാഷ്ട്രപഠനകോൺഗ്രസിനുള്ള വികസനരേഖയിലെ അദ്ധ്യായം തയ്യാറാക്കുക. അങ്ങനെ ഒരു സമഗ്രമായ വികസനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഠനകോൺഗ്രസ് നടക്കുക. കാർഷികമേഖലയെക്കുറിച്ചുള്ള പ്രാരംഭസെമിനാർ പാലക്കാട്ടായിരുന്നു. രണ്ടുദിവസത്തെ സെമിനാറിന്റെ അവസാനം എലപ്പുള്ളിയിൽ വിജയദാസിന്റെ വീട്ടിൽ പോയി. എംഎൽഎ ആണെങ്കിലും വീട്ടിനൊന്നും വലിയ മാറ്റമില്ല. തമിഴ്‌നാട്ടിലെ കർഷകവീടുപോലെ ചെറിയൊരു പഴയവീട്. ഞാൻ ചോദിച്ചു, ഒരു അതിഥി വന്നാൽ താമസിക്കാനുള്ള സൗകര്യമെങ്കിലും ഉണ്ടാക്കണ്ടേ? പിന്നീട് നിയമസഭയിൽവച്ചു കണ്ടുമുട്ടിയപ്പോൾ വിജയദാസ് പറഞ്ഞു - വീടൊക്കെ ഒന്നു പുതുക്കിയിട്ടുണ്ട്. ഇനിയെന്നാണാവോ വരിക?