Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഐ. എസ്. ഗുലാത്തി
ഐ. എസ്. ഗുലാത്തി

ഐ. എസ്. ഗുലാത്തി

ലഘു ജീവചരിത്രം (Biography)

കേരളത്തിലെ അധികാരവികേന്ദ്രീകരണത്തോടുള്ള പ്രൊഫ. ഐ. എസ്. ഗുലാത്തിയുടെ ബന്ധം 1957-ൽ ആരംഭിക്കുന്നതാണ്. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിനെത്തുടർന്ന് ഏതാനും സാമ്പത്തികവിദഗ്ദ്ധർ സർക്കാരിനെ സഹായിക്കാൻ കേരളത്തിലേക്കു വരികയുണ്ടായി. ഇഎംഎസിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഡോ. കെ. എൻ. രാജാണ് ഇതിനു മുൻകൈയെടുത്തത്. ഐ. എസ്. ഗുലാത്തി ഈ സംഘത്തിൽ ഒരു അംഗമായിരുന്നു.

പ്ലാനിങ് കമ്മിഷനുമായി ബന്ധപ്പെട്ട് ഗുലാത്തി പ്രവർത്തിച്ചിരുന്നു. അവിടെനിന്നു ലണ്ടൻ സ്കൂളിൽ പി‌എച്ച്‌ഡിക്കു പോയി. നിക്കോളസ് കാൾഡറിനെ ഇന്ത്യയിലെ പരോക്ഷനികുതിയെക്കുറിച്ചു പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ചപ്പോൾ ഗുലാത്തിയായിരുന്നു മുഖ്യസഹായി. അങ്ങനെയാണ് കെ. എൻ. രാജിന്റെ ശ്രദ്ധയിൽ വരുന്നത്. ‘ബാംബൂകർട്ടനു പിന്നിൽ’ എന്നുപറഞ്ഞു കേരളത്തെക്കുറിച്ച് ഇക്കണോമിക് വീക്കിലിയിൽ ഗുലാത്തി ലേഖനങ്ങൾ എഴുതിയിരുന്നു. കേരളം 1958-ൽ അവതരിപ്പിച്ച അധികാരവികേന്ദ്രീകരണനിയമം ഇന്ത്യയിൽവച്ച് ഏറ്റവും സമഗ്രവും വേറിട്ടതുമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

70-കളുടെ മദ്ധ്യത്തിൽ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപിച്ചപ്പോൾ രാജിന്റെ ക്ഷണപ്രകാരം അവിടെ പ്രൊഫസറായി ചേർന്നു. കേരളം സ്ഥിരം താവളമാക്കി. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ പണ്ഡിതർ പൊതുവിൽ അധികാരവികേന്ദ്രീകരണത്തിലും പ്രാദേശികവികസനത്തിലും ഊന്നുന്ന സമീപനമാണു കൈക്കൊണ്ടുവന്നത്. 1986-ൽ വയനാട്ടിൽ നടന്ന പരിഷത്ത് സംസ്ഥാനസമ്മേളനത്തിൽ പ്രൊഫ. ഐ. എസ്. ഗുലാത്തി നടത്തിയ വിഷയവതരണം കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് ആയിരുന്നു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള സജീവമായ ചർച്ചകൾക്ക് ഈ പ്രഭാഷണം വഴിതെളിയിച്ചു. തുടർന്ന്, ‘അധികാരം ജനങ്ങൾക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി പരിഷത്ത് 1989 ആഗസ്ത്‌ 17 മുതൽ 27 വരെ വികസനജാഥ സംഘടിപ്പിക്കുകയുണ്ടായി.

ജില്ലാക്കൗൺസിലുകൾ രൂപവത്ക്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. 1987-91 കാലത്തെ ഇ. കെ. നായനാർ മന്ത്രിസഭയിൽ ആസൂത്രണബോർഡ് വൈസ് ചെയർപേഴ്സൺ എന്ന നിലയിൽ ഗുലാത്തിയും ഇതിൽ പങ്കാളിയായിരുന്നു. 1991-92-ലെ വാർഷികപദ്ധതിയിൽ ജില്ലാക്കൗൺസിലുകൾക്കുവേണ്ടി പ്രത്യേകവിഹിതം വകയിരുത്താൻ അദ്ദേഹം മുൻകൈയെടുത്തു. ജില്ലാക്കൗൺസിലുകളിലെ വൻവിജയത്തെത്തുടർന്ന് നിയമസഭാതെരഞ്ഞെടുപ്പു നേരത്തെ നടത്താൻ തീരുമാനിച്ചു. എന്നാൽ രാജീവ്ഗാന്ധിയുടെ വധത്തെത്തുടർന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജില്ലാക്കൗൺസിലുകളും ഗളഹസ്തം ചെയ്യപ്പെട്ടു.

ഒരുപക്ഷെ, ഇത് ഗുലാത്തിയിൽ ഒരു വാശി സൃഷ്ടിച്ചിരിക്കാം. അദ്ദേഹം അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള പ്രചാരകനും പ്രവർത്തകനുമായിമാറി. 73, 74 ഭരണഘടനാഭേദഗതികൾ പാസ്സായതിനെത്തുടർന്ന് അനിവാര്യമായി നടക്കേണ്ടുന്ന കേരളത്തിലെ നിയമനിർമ്മാണത്തിൽ വലിയ അമാന്തമുണ്ടായി. എന്നുമാത്രമല്ല, പ്രതിലോമകരമായ ഒട്ടേറെ വകുപ്പുകൾ കരടുനിയമത്തിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് സംഘാടനച്ചുമതല ഏറ്റെടുത്തുകൊണ്ട് കേരളത്തിലെ പ്രമുഖപണ്ഡിതരെയെല്ലാം അണിനിരത്തി അധികാരവികേന്ദ്രീകരണനിയമത്തെക്കുറിച്ചുള്ള വിപുലമായ കൺവെൻഷൻ നടത്തി. ഇഎംഎസും ഇതിൽ പങ്കെടുത്തു. നിയമഭേദഗതിക്കുള്ള വിശദമായ നിർദ്ദേങ്ങൾക്ക് ഈ സമ്മേളനം രൂപം നല്കി. ഇവ നാട്ടിൽ പ്രചരിപ്പിക്കാൻ എല്ലാജില്ലയിലും കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.

ഈ കൺവെൻഷനുകളിലെല്ലാം പ്രൊഫ. ഗുലാത്തിയും ഞാനും ഒരുമിച്ചു പങ്കെടുക്കുകയുണ്ടായി. കാറിലുള്ള നീണ്ടയാത്രകളും കണ്ടുമുട്ടിയ അധികാരവികേന്ദ്രീകരണതൽപ്പരരും കൂടുതൽ മൂർത്തമായ കാഴ്ചപ്പാടു നല്കി. 1996-2001 സർക്കാരിന്റെ കാലത്ത് ആസൂത്രണബോർഡ് വൈസ് ചെയർമാനായിരുന്ന പ്രൊഫ. ഗുലാത്തിയോട് അധികാരവികേന്ദ്രീകരണമായിരിക്കും പുതിയ സർക്കാരിന്റെ സുപ്രധാനചുമതല എന്ന് ഇഎംഎസ് പറഞ്ഞപ്പോൾ അത് ഏറ്റെടുക്കാൻ അദ്ദേഹത്തിന് അഭിമാനവും സന്തോഷവുമേ ഉണ്ടായിരുന്നുള്ളൂ.

ജനകീയാസൂത്രണപ്രവർത്തനങ്ങൾ ക്യാമ്പയിനായി മുന്നോട്ടുനീക്കാൻ ആസൂത്രണബോർഡിൽ ഒരു പ്രത്യേകസംഘം പ്രവർത്തിച്ചു. ജനകീയാസൂത്രണസെൽ എന്ന പേരിലാണ് ഇതു രൂപവത്ക്കരിച്ചത്. ജനകീയാസൂത്രണസെൽ ആസൂത്രണബോർഡിന്റെ ഭാഗമായാണു പ്രവർത്തിച്ചിരുന്നതെങ്കിലും സാധാരണഗതിയിലുള്ള സർക്കാർനടപടിക്രമങ്ങൾ അതിനു ബാധകമാക്കിയില്ല. ചില ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ ഉണ്ടായിരുന്നതു നീക്കം ചെയ്യാൻ പ്രൊഫ. ഗുലാത്തിതന്നെ മുൻകൈയെടുത്തു. മുന്നൊരുക്കത്തിന്റെ ഭാഗമായി വിദഗ്ദ്ധരുമായി നടത്തിയിട്ടുള്ള ചർച്ചകളിൽ അദ്ദേഹം സജീവപങ്കാളി ആയിരുന്നു. ജനകീയാസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും സജീവതാൽപ്പര്യമെടുത്തിരുന്നു, ചർച്ചകൾ ചെയ്തിരുന്നു, എന്നാൽ പൂർണ്ണസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. ആരോഗ്യം വകവയ്ക്കാതെ ജനകീയാസൂത്രണത്തിന്റെ സംസ്ഥാനതലയോഗങ്ങളിൽ മാത്രമല്ല, പ്രാദേശികചടങ്ങുകളിലും പങ്കെടുക്കാൻ പോകുമായിരുന്നു.

പ്രൊഫ. ജയതി ഘോഷിന്റെ അച്ഛൻ അരുൺ ഘോഷ് ആയിരുന്നു പശ്ചിമബംഗാളിൽ വികേന്ദ്രീകരണം നടപ്പാക്കിയപ്പോൾ ആസൂത്രണബോർഡ് വൈസ് ചെയർപേഴ്സൺ. പ്രൊഫ. ഗുലാത്തിയുടെ അടുത്ത സുഹൃത്തുമായിരുന്നു. അരുൺ ഘോഷ് ‘ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലി’യിൽ 80-കളുടെ അവസാനം എഴുതിയിരുന്ന ‘വെസ്റ്റ് ബംഗാൾ ലാൻഡ്‌സ്കേപ്സ്’ എന്ന കുറിപ്പുകൾ പ്രസിദ്ധമായിരുന്നു. അതുപോലെയൊന്ന് തന്റെ യാത്രകളെയും സന്ദർശനങ്ങളെയും ആസ്പദമാക്കി എഴുതാൻ പ്രൊഫ. ഗുലാത്തിക്കു പരിപാടി ഉണ്ടായിരുന്നു. അത് എഴുതാൻ അനാരോഗ്യം അദ്ദേഹത്തെ സമ്മതിച്ചില്ല. അതു നമുക്കെല്ലാം വലിയ നഷ്ടം.

ഞങ്ങൾ അനിയൻ എന്നു വിളിച്ചിരുന്ന ഇ. എം. ശ്രീധരന്റെ ഒരു അപൂർവ്വചിത്രം കണ്ടു. സരളവും സരസവുമായിട്ടാണ് അനിയൻ സംസാരിക്കാറ്. പക്ഷെ, അതു മുഖത്തു പ്രതിഫലിക്കാറില്ല. എന്നാൽ, പൊട്ടിച്ചിരിച്ചുകൊണ്ടുള്ള പ്രസംഗവും കാണാം.

ജനകീയാസൂത്രണത്തിലേക്കുള്ള മൂന്നുപടവുകൾ താണ്ടിയത് ഞങ്ങൾ ഒരുമിച്ചാണ്. ഇതിൽ ആദ്യത്തേത് ഇഎംഎസിന്റെ നേതൃത്വത്തിൽ 1992-ൽ സിപി‌ഐ(എം) സംഘടിപ്പിച്ച അഞ്ചുദിവസം ദൈർഘ്യമുള്ള പാർട്ടി സ്കൂളുകൾ ആയിരുന്നു. എന്താണ് ഇതിനു ജനകീയാസൂത്രണവുമായി ബന്ധമെന്നു ചിന്തിച്ചേക്കാം. കേരളത്തിന്റെ വികസനവുമായിബന്ധപ്പെട്ട് ഏതാനും ക്ലാസുകൾ ഉണ്ടായിരുന്നു. അനിയനും ഞാനുമാണ് അവ കൈകാര്യം ചെയ്തത്. പലപ്പോഴും വികസനസംവാദങ്ങളായി ഈ ക്ലാസുകൾ മാറി. വിഷയങ്ങളുടെ പുതുമകൊണ്ടും അവതരണത്തിന്റെ വ്യത്യസ്തതകൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു ഈ സ്കൂളുകൾ.

രണ്ടാമത്തേത്, ‘മാർക്സിസ്റ്റ് സംവാദം’ എന്ന ത്രൈമാസപ്രസിദ്ധീകരണം ആണ്. ആദ്യലക്കത്തിൽ കേരളവികസനത്തെക്കുറിച്ചു ശ്രീധരന്റെയും എന്റെയും സംയുക്തപ്രബന്ധം ഉണ്ടായിരുന്നു. അതുസംബന്ധിച്ചു പ്രമുഖരടങ്ങുന്ന വട്ടമേശചർച്ച ആയിരുന്നു ഒന്നാംലക്കത്തിന്റെ ഉള്ളടക്കം. ഇതിൽ ഞങ്ങളുടെ ചില നിലപാടുകളോട് ഇഎംഎസിനു വിയോജിപ്പ് ഉണ്ടായിരുന്നു. അവ വിശദീകരിച്ചുകൊണ്ടു രണ്ടാംലക്കത്തിൽ ഞങ്ങൾ വീണ്ടും ലേഖനം എഴുതി. പത്രാധിപരായ ഇഎംഎസ് ഞങ്ങളുടെ ലേഖനം പ്രസിദ്ധീകരിച്ചു. പക്ഷെ, എതിരഭിപ്രായം വച്ചുകൊണ്ടുള്ള മുഖപ്രസംഗവും എഴുതി.

മൂന്നാമത്തേത്, 1994-ൽ കേരളവികസനവുമായി ബന്ധപ്പെട്ട് ഇഎംഎസ് വിളിച്ചുചേർത്ത കേരളപഠനകോൺഗ്രസിലാണ്.. അധികാരവികേന്ദ്രീകരണം വികസനത്തിന്റെ സുപ്രധാന അജൻഡയായി മാറ്റുന്നതിൽ ഈ സമ്മേളനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അന്നത്തെ അദ്ധ്യക്ഷപ്രസംഗത്തിന്റെ കരടു തയ്യാറാക്കിയശേഷം ഇഎംഎസ് അതു വി. കെ. രാമചന്ദ്രനും (ഇന്നത്തെ പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ) അനിയനും എനിക്കും തന്നു. അതിൽ കേരളവികസനമാതൃക എന്ന സങ്കൽപ്പത്തെക്കുറിച്ചു നിശിതമായ വിമർശം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച പുകഴ്ത്തലുകൾ സമകാലികവെല്ലുവിളികളിൽനിന്നു നമ്മുടെ ശ്രദ്ധ വഴിതെറ്റിക്കുന്നു എന്നതായിരുന്നു ഇഎംഎസിന്റെ വിമർശത്തിന്റെ കാതൽ.

ഞങ്ങൾ മൂവരുമാകട്ടെ, ഇതിനു തികച്ചും വ്യത്യസ്തമായ നിലപാടാണു സ്വീകരിച്ചത്. മാതൃക എന്നതു ശാസ്ത്രീയസംജ്ഞയാണ്, അല്ലാതെ കേരളത്തിലുള്ളതെല്ലാം മാതൃകാപരമെന്ന അർത്ഥമില്ല, കേരളത്തിൽ നമുക്കു നേടാൻ കഴിഞ്ഞത് മറ്റു സംസ്ഥാനങ്ങളിലെ പൊരുതുന്ന ജനങ്ങൾക്കു പ്രചോദനമാകും, നമ്മളിന്ന് നേരിടുന്നത് നേട്ടത്തിന്റെ രണ്ടാംതലമുറ പ്രശ്നങ്ങളാണ് - ഇങ്ങനെ പോയി ഞങ്ങളുടെ വാദമുഖങ്ങൾ. സാമാന്യം ദീർഘമായ ചൂടുപിടിച്ച സംവാദംതന്നെ നടന്നു. പിറ്റേന്ന് ഇഎംഎസ് എന്നെ വിളിച്ചു പറഞ്ഞു: ‘ആ ഭാഗം നിങ്ങൾ പറഞ്ഞത് അനുസരിച്ചു തിരുത്തിക്കോളൂ’. അതായിരുന്നു ഇഎംഎസ്.

ജനകീയാസൂത്രണം തുടങ്ങുന്നതിന് ഇഎംഎസിന്റെ വീട്ടിലെ തുടക്കചർച്ച മുതൽ അനിയനും ഞാനും എല്ലാപ്രവർത്തനത്തിലും ഒരുമിച്ചായിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന അനിയനു വിശ്വനാഥമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ അനുഭവവുംകൂടി ഉണ്ടായിരുന്നു. അതുകൊണ്ട്, ജനകീയാസൂത്രണവും ഭരണസംവിധാനവുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നങ്ങളുടെ കുരുക്ക് അഴിക്കുന്ന ചുമതല പ്രായേണ അദ്ദേഹത്തിന്റേതായി. ചിലപ്പോഴെല്ലാം ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടു ചില്ലറ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പ്രതിരോധത്തിനു ചാടിയിറങ്ങുക അനിയനാണ്. അനിയന്റെ മരണശേഷമാണു ജനകീയാസൂത്രണവിവാദം പൊട്ടിപ്പുറപ്പെട്ടത്. അന്നു ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്, അനിയൻകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്.