Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. കെ. എൻ. ശ്യാമസുന്ദരൻ നായർ
ഡോ. കെ. എൻ. ശ്യാമസുന്ദരൻ നായർ

ഡോ. കെ. എൻ. ശ്യാമസുന്ദരൻ നായർ

ലഘു ജീവചരിത്രം (Biography)

പ്ലാനിങ് ബോർഡ് അംഗം, കാർഷികസർവകലാശാല വൈസ് ചാൻസലർ, എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ അംഗം, ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിലെ കൺസൾട്ടന്റ് എന്നിങ്ങനെ ഏതു പദവിയിൽ ഇരുന്നാലും ഡോ. കെ. എൻ. ശ്യാമസുന്ദരൻ നായർ എല്ലായ്പോഴും ലളിതമായി ജീവിക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യും.

സ്വാമിനാഥൻ ഫൗണ്ടേഷനിൽ ചെന്നപ്പോൾ, ശ്യാം പ്രിയപ്പെട്ട സൈക്കിളിൽ ഉച്ചഭക്ഷണം കഴിഞ്ഞു വരുന്നതാണു ഞാൻ കാണുന്നത്. സൈക്കിൾ മരത്തണലിൽ നിർത്തി അദ്ദേഹം സംസാരിച്ചുതുടങ്ങും. വലിയ സംസാരപ്രിയനാണ്. പല കാര്യങ്ങളിലും ഞങ്ങൾക്കു വിരുദ്ധാഭിപ്രായവും ആയിരിക്കും. എന്നാൽ, ചർച്ചയ്ക്കും കലഹത്തിനും അദ്ദേഹം എപ്പോഴും തയ്യാറാണ്. കേരളത്തിലെ നെൽക്കൃഷിയുടെ സാദ്ധ്യത, നെൽപ്പാടങ്ങളുടെ പരിസ്ഥിതിസ്വാധീനം എന്നിങ്ങനെ പല വിഷയങ്ങളിലും ശ്യാം പിന്നീടു വ്യത്യസ്തമായി ചിന്തിച്ചു.

എം. പി. പരമേശ്വരന്റെകൂടെ ‘കേരളത്തിന്റെ സമ്പത്ത്’ എഴുതുന്ന സമയത്താണ് ശ്യാമിനെ ഞാൻ ആദ്യം കാണുന്നത്. കേരളത്തിന്റെ വികസനസംവാദത്തിൽ ഒരു നാഴികക്കല്ലായിരുന്നു ആ പുസ്തകം. പിന്നീട് പരിഷത്തിന്റെ കുട്ടനാട് പഠന ടീമിൽ അംഗമായി. കാർഷികസർവ്വകലാശാല വൈസ് ചാൻസലറായി. പിന്നീടാണ് പ്ലാനിങ് ബോർഡ് അംഗമായത്.

എഫ്‌എ‌ഒ കൺസൾട്ടന്റായി എത്യോപ്യയിൽ ആയിരുന്നു കുറച്ചുകാലം. അവിടെനിന്നു വന്നശേഷം സിഡിഎസിൽ ഡോ. ശ്യാം നല്കിയ സെമിനാർ ഞാൻ ഇന്നും ഓർക്കുന്നു. എത്യോപ്യയുടെ നല്ലൊരുഭാഗം പ്രദേശത്ത് അന്നു ഭൂമി ആയിരുന്നില്ല സ്വത്ത്, കന്നുകാലികളും ആടുകളും ആയിരുന്നു. ഇങ്ങനെയൊരു രാജ്യത്തെ കാർഷികപരിഷ്കാരത്തെക്കുറിച്ചായിരുന്നു സെമിനാർ.

പ്രൊഫ. ഗുലാത്തിയോടു ശ്യാമിനു പ്രത്യേക മമതയും ബഹുമാനവും ആയിരുന്നു. ദളവാക്കുന്നിലെ ഗുലാത്തിയുടെ വീടിനു തൊട്ടടുത്തു കുറച്ചുസ്ഥലം വാങ്ങി ബേക്കറെക്കൊണ്ട് ഒരു വീടും പണിയിച്ചു. ഇന്നിപ്പോൾ അവിടെയാണ് കിലയുടെ തിരുവനന്തപുരം ഓഫീസ് പ്രവർത്തിക്കുന്നത്.

പ്രതിജ്ഞാബദ്ധതയുള്ള പണ്ഡിതൻ. പക്ഷെ, ഇ. എം. ശ്രീധരനെയോ ബി. ഇക്ബാലിനെയോ എന്നെയോ പോലെ കീഴ്ത്തലജനകീയപ്രവർത്തകൻ ആയിരുന്നില്ല. അതുകൊണ്ടു ജനകീയാസൂത്രണത്തിന്റെ ദൈനംദിനപ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും പങ്കുണ്ടായിരുന്നുവെന്നു പറയാനാവില്ല. സംസ്ഥാനതലപരിശീലനങ്ങളിൽ കൃഷിയെക്കുറിച്ചുള്ള സാന്നിദ്ധ്യമായിരുന്നു. കാർഷികാവലോകനം, കൈപ്പുസ്തകങ്ങൾ തയ്യാറാക്കൽ, മാതൃകാപ്രൊജക്ടുകൾക്കു രൂപം നല്കൽ, കാർഷികഫാക്കൽറ്റിയുടെ പരിശീലനം തുടങ്ങിയവയ്ക്കെല്ലാം മുന്നിലായിരുന്നു.

ജനകീയാസൂത്രണപ്രവർത്തനങ്ങൾ നേരിൽ കാണാനും കർഷികരംഗത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്ന പ്രൊജക്ടുകൾ കാണാനും പഠിക്കാനും ശ്യാം ശ്രദ്ധിച്ചിരുന്നു. കുന്നത്തുകാൽ, വിതുര, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളിൽ അദ്ദേഹം നേരിട്ടു പോകാനും തദ്ദേശഭരണസ്ഥാപനങ്ങളുടെ കാർഷികമുൻകൈകൾ പഠനവിധേയമാക്കാനും ശ്രദ്ധിച്ചിരുന്നു.