Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. സുകുമാരൻ
കെ. സുകുമാരൻ

കെ. സുകുമാരൻ

ലഘു ജീവചരിത്രം (Biography)

സംസ്ഥാന ആസൂത്രണബോർഡിൽനിന്നു സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടേഷനിൽ പോയ ബോർഡിലെ ഏറ്റവും മുതിർന്ന ജോയിന്റ് ഡയറക്റ്റർ 1996-ൽ ജനകീയാസൂത്രണം പ്രഖ്യാപിച്ചതിനു രണ്ടുമൂന്നുമാസങ്ങൾക്കു ശേഷം തിരികെയെത്തി. ഐക്യജനാധിപത്യമുന്നണിയിലെ ഒരു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കെ. സുകുമാരൻ ആയിരുന്നു ആൾ. ജില്ലാ ആസൂത്രണവിഭാഗം ചീഫ് ഡോ. പി. എൻ. ശങ്കരന്റെ ഒഴിവിൽ കെ. സുകുമാരനെ ആ വിഭാഗത്തിൽ ജോയിന്റ് ഡയറക്റ്ററായി നിയമിച്ചു. ആസൂത്രണബോർഡിലെ ഇടതുപക്ഷസംഘടനകളിൽനിന്ന് ഈ നിയമനത്തിൽ സ്വാഭാവികമായ എതിർപ്പുകളുണ്ടായി.

എന്നാൽ അനിയനും ഞാനുംകൂടി പരിശോധിച്ചപ്പോൾ പട്ടികജാതിവിഭാഗത്തിൽപ്പെട്ട കെ. സുകുമാരന്റെ സർവ്വീസ് റെക്കോർഡ് വളരെ മികച്ചതായിരുന്നുവെന്നു കണ്ടു. സർവ്വീസിൽ പ്രവേശിച്ചു രണ്ടുവർഷം പൂർത്തിയാകുന്നതിനുമുമ്പേ അഭിമാനാർഹമായ സേവനത്തിനു സർക്കാരിന്റെ പ്രശംസാപത്രം നേടി. ഡോ. കെഎവി പണ്ടാല ആസൂത്രണബോർഡിലെ ടെക്‌നിക്കൽ മെമ്പറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അസ്റ്റിസ്റ്റന്റായി പ്രവർത്തിച്ചു. ഏല്പിക്കുന്ന ചുമതലകൾ കൃത്യമായി നിർവ്വഹിക്കും. ഇങ്ങനെയുള്ള ഒരാളെ അർഹിക്കുന്ന പദവിയിൽനിന്നു രാഷ്ട്രീയ പരിഗണനവച്ചു മാറ്റിനിർത്തുന്നതു ശരിയല്ലെന്നാണ് ഞങ്ങൾ എത്തിച്ചേർന്ന ധാരണ. ജനകീയാസൂത്രണത്തെക്കുറിച്ചു വിശാലമായ ഒരു സന്ദേശം രാഷ്ട്രീമായി നല്കാനും ഇതു സഹായിക്കുമെന്നു ഞങ്ങൾക്കു തോന്നി. സുകുമാരനോടുതന്നെ ചുമതലകളെക്കുറിച്ചും ഞങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചും സംസാരിച്ചു. എന്നിട്ടാണു നിയമനം നല്കിയത്. സുകുമാരൻ ഞങ്ങളെ നിരാശപ്പെടുത്തിയില്ല.

സാധാരണ സർക്കാർജീവനക്കാർ ദിവസം ആറു മണിക്കൂർ, ആഴ്ചയിൽ ആറു ദിവസം (ചിലപ്പോൾ അഞ്ചു ദിവസം) ജോലി ചെയ്യുമ്പോൾ സുകുമാരന്റെ പ്രവർത്തനത്തിനു സമയപരിധി ഇല്ലായിരുന്നു. ദിവസം 16-18 മണിക്കൂർ, ആഴ്ചയിൽ ഏഴു ദിവസം എന്നതായിരുന്ന് അയാളുടെ പ്രവർത്തനശൈലി.

ഉദാഹരണത്തിന് ബ്ലോക്ക് / മുനിസിപ്പൽ തല കോർഡിനേറ്റർമാരുടെ നിയമനവും സ്ഥലം മാറ്റവും സംബന്ധിച്ച് രാവിലെ നല്കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിൽ മെമ്പർ സെക്രട്ടറിയുടെ നടപടി വൈകുുന്നേരംതന്നെ ഉത്തരവാക്കുമായിരുന്നു. പരിശീലനപരിപാടികൾക്കും പഠനക്യാമ്പുകൾക്കും ആവശ്യമായ തുക അനുവദിക്കാനുള്ള ഉത്തരവ് യഥാസമയം ലഭ്യമാക്കുന്നതിൽ വീഴ്ച ഉണ്ടാകാറില്ലായിരുന്നു.

ജനകീയാസൂത്രണം സംബന്ധിച്ച് തദ്ദേശഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകൾ തമ്മിലും ഡിപിസിയുമായും തർക്കങ്ങൾ പതിവായിരുന്നു. ഇവയടക്കമുള്ള പരാതികൾ ഫയലിൽ ചർച്ചചെയ്തു ചുവപ്പുനാടയിൽ കുടുക്കാതിരിക്കാൻ കണ്ടുപിടിച്ച ഒരു സംവിധാനമായിരുന്നു സംസ്ഥാനതല ഏകോപനസമിതി. ധനവകുപ്പിനും തദ്ദേശവകുപ്പിനും പുറമേ ബന്ധപ്പെട്ട വകുപ്പുകളെയും ഈ സമിതിയിലേക്കു വിളിപ്പിക്കാറുണ്ട്. കാര്യങ്ങൾ ചർച്ചചെയ്ത് അവിടെവച്ചു തീർപ്പുണ്ടാക്കും. ഈ തീരുമാനങ്ങൾ താമസമില്ലാതെ ഉത്തരവുകളാക്കി ഇറക്കേണ്ടിയിരുന്നു. ഏറ്റവും ശുഷ്കാന്തിയോടെ സുകുമാരൻ ഈ ചുമതല നിർവ്വഹിക്കുകയുണ്ടായി.

തദ്ദേശഭരണസ്ഥാപനങ്ങൾക്കു പക്ഷപാതമില്ലാതെയും സുതാര്യമായും ഫണ്ടു വിഭജിച്ചു താഴേയ്ക്കു വിന്യസിക്കുന്നതിന്, ഓരോ പഞ്ചായത്തിനും ലഭ്യമാകാൻ പോകുന്ന തുകകൾ ബജറ്റിന്റെ 4-ാം അനുബന്ധമായി നല്കാൻ തീരുമാനിച്ചു. ജനകീയാസൂത്രണകാലത്ത് ഉടനീളം ഇതിന്റെ കരടു തയ്യാറാക്കി ധനവകുപ്പിനെ ഏല്പിക്കുന്നതിനു നേതൃത്വം നല്കിയതു സുകുമാരൻ ആയിരുന്നു. അതുപോലെതന്നെ ഇൻഫർമേഷൻ കേരള മിഷന്റെ ഭരണസംവിധാനം രൂപപ്പെടുത്തുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.

തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറിക്കിട്ടിയ ആസ്തികളും സ്ഥാപനങ്ങളും ശരിയായി പരിരക്ഷിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാൻ സഹായിയെന്ന നിലയിൽ അസറ്റ് രജിസ്റ്റർ രൂപകൽപ്പന ചെയ്യുന്നതിൽ പങ്കാളിയായി.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗത്തിൽ അതീവതാൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ സൂക്ഷ്മതലാസൂത്രണത്തിന് അനുയോജ്യമായ ഗ്രാമതലസ്ഥിതിവിവരക്കണക്കുകൾ അപഗ്രഥിച്ചുള്ള സാമൂഹിക സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കാൻ മുൻകൈയെടുത്തു. സുകുമാരന്റെ നിസ്വാർത്ഥസേവനം അംഗീകരിച്ചുകൊണ്ട് സർക്കാർ അദ്ദേഹത്തെ വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവിയായി നേരിട്ടു നിയമിക്കുകയുണ്ടായി.

സ്ഥിരോത്സാഹവും വിപുലമായ പ്രായോഗികാനുഭവങ്ങളും ഏകോപനസമിതിയിലെ ദശാബ്ദങ്ങൾ നീണ്ട പങ്കാളിത്തവും സുകുമാരനെ വികേന്ദ്രീകൃതാസൂത്രണത്തിൽ പ്രമാണിയാക്കി മാറ്റി. വിഎസ്‌സർക്കാരിന്റെ കാലത്ത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് രൂപവത്ക്കരിച്ചപ്പോൾ അതിന്റെ ഓഫീസ് ചുമതല സുകുമാരനെ ഏല്പിച്ചപ്പോൾ അതിനെതിരെ ഒരു അപശബ്ദവും ഉണ്ടായില്ല.

ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. ഫോട്ടോയ്ക്കു നിൽക്കില്ല. അതുകൊണ്ട് ആകെ കിട്ടിയിട്ടുള്ളത് ഇപ്പോൾ വയസ്സുകാലത്തുള്ള ഒരു ഫോട്ടോ മാത്രമാണ്. ആരുടെയെങ്കിലും കൈയ്യിൽ അദ്ദേഹത്തിന്റെ ജനകീയാസൂത്രണകാലത്തെ ചിത്രങ്ങൾ ഉണ്ടെങ്കിൽ അയച്ചു തന്നാൽ ഉപകാരമായിരിക്കും.