Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / മോഹനൻപിള്ള
മോഹനൻപിള്ള

മോഹനൻപിള്ള

ലഘു ജീവചരിത്രം (Biography)

അന്നും ഇന്നും വികേന്ദ്രീകൃതാസൂത്രണത്തിൽ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ജില്ലാ പ്ലാനിങ് ഓഫീസർ (ഡിപിഒ). ഡിപിഒ വഴിയാണ് ആസൂത്രണബോർഡുമായുള്ള ഔപചാരികബന്ധം. ജില്ലാ ആസൂത്രണസമിതിയുടെ സെക്രട്ടേറിയറ്റായി പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസാണ്. ജനകീയാസൂത്രണകാലത്ത് ഇടുക്കി ജില്ലയിലെ പ്ലാനിങ് ഓഫീസറായിരുന്നു മോഹനൻപിള്ള. കുറച്ചുനാൾ ആലപ്പുഴയിലും പ്ലാനിങ് ഓഫീസറായിരുന്നു.

ഇടുക്കിയിലെ പ്ലാനിങ് ഓഫീസിലെ പ്രവർത്തനം വളരെ ശ്രമകരം ആയിരുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതായിരുന്നു ഒരു പ്രധാനപ്രശ്നം. ഉദ്യോഗസ്ഥർ മിക്കവരും ജില്ലയ്ക്കു പുറത്തുനിന്നുള്ളവർ ആയതിനാൽ എടുക്കാൻ സാധിക്കുന്ന അത്രയും അവധി എടുക്കുകയും എത്രയും വേഗം സ്ഥലം മാറിപ്പോകണമെന്ന മാനസികനിലയിലും ആയിരിക്കും. വളരെയധികം തസ്തികകൾ എപ്പോഴും ഒഴിഞ്ഞുകിടക്കുകയും ചെയ്യും. പദ്ധതി രൂപവത്ക്കരണത്തിലും നടപ്പാക്കലിലും സിവിൽ എൻജിനീയർമാരുടെ ദൗർലഭ്യം കീറാമുട്ടി ആയിരുന്നു.

ഹൈറെയ്ഞ്ച് പ്രദേശത്തു യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു. ജില്ലാതലസ്ഥാനത്തുനിന്നു നാലു മണിക്കൂർ വാഹനയാത്ര ചെയ്താൽമാത്രമേ തൊടുപുഴയിലോ കുമിളിയിലോ മൂന്നാറിലോ ഒക്കെയുള്ള ചില പ്രദേശങ്ങളിൽ എത്തിപ്പെടാൻ സാധിക്കൂ. വാഹനം എത്തിപ്പെടുന്ന സ്ഥലങ്ങൾ വളരെ കുറവാണ്. അതിനാൽ അവിടങ്ങളിൽനിന്നു വരുന്ന ജനപ്രതിനിധികളെ ഒരു മീറ്റിങ്ങിനോ പഠനക്ലാസുകളിലേക്കോ ക്ഷണിച്ചാൽ 11 മണി കഴിയാതെ എത്തില്ല. അതുകഴിഞ്ഞാൽ മൂന്നു മണിയാകുമ്പോൾ തിരിച്ചു പോവുകയും വേണം. പുറമേ, കുറേ ജനപ്രതിനിധികൾക്കു തമിഴ് മാത്രമേ എഴുതാനും വായിക്കാനും അറിയുമായിരുന്നുള്ളൂ.

തുടക്കത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും അനുഭാവികൾ കെആർപി ലിസ്റ്റിൽ ഇടംപിടിക്കാനായി വലിയ ശ്രമമായിരുന്നു. ആസൂത്രണപ്രവർത്തനങ്ങൾ ശക്തമായപ്പോൾ അവരിലെ കൊഴിഞ്ഞുപോക്കു തുടങ്ങി. അവസാനം ഇത്തരം പ്രവർത്തങ്ങൾക്കു സ്വയം ഹോമിക്കാൻ ശാസ്ത്രസാഹിത്യപരിഷത്‌പ്രവർത്തകർ മാത്രമായി എന്നാണു മോഹനൻപിള്ളയുടെ അഭിപ്രായം. അവരിൽ വലിയൊരു പങ്കും തൊടുപുഴയ്ക്കു സമീപം താമസിക്കുന്നതിനാൽ ജില്ലയിൽ ആകമാനം എത്തിപ്പെട്ടു പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കാൻ വളരെയധികം കഷ്ടപ്പെടേണ്ടിവന്നു.

ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള പരിശീലനക്ലാസുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം വികസനരേഖയും പദ്ധതിരേഖയും എഴുതിയുണ്ടാക്കിയതിൽ മുഖ്യപങ്കുവഹിച്ചത് കെആർപിമാരാണ്. കുറേ പഞ്ചായത്തുകളിൽ ഇവകളുടെ തമിഴ് പതിപ്പും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ മെമ്പർമാരും ഈ പ്രവർത്തനങ്ങളിൽ സജീവപങ്കാളികൾ ആയിട്ടുണ്ട്.

ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതിരൂപവത്ക്കരണം മന്ദീഭവിച്ചുകിടക്കുമ്പോഴാണ് ടി. കെ. ജോസ് കളക്ടറായി എത്തുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി പദ്ധതികൾ എളുപ്പം രൂപവത്ക്കൃതമായി. ദേവികുളം ബ്ലോക്കിലെ അടുത്ത പത്തു വർഷത്തിനകം വൈദ്യുതി എത്തിച്ചേരാൻ സാദ്ധ്യതയില്ലാത്ത പ്രദേശത്ത് സമീപമുള്ള വെള്ളച്ചാട്ടത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം നടത്താൻ‌പോലും സാധിച്ചു. കൂടാതെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽനിന്നു കുറേ തുക സർക്കാരനുമതിയോടെ സംഭരിച്ച് മൂന്നാറിലെയും കട്ടപ്പനയിലെയും സർക്കാർക്കോളെജുകൾക്കു പുതിയ ബ്ലോക്കുകൾ പണിയാനും ഇടുക്കി ജില്ലാആശുപത്രിക്കു നല്ല കെട്ടിടങ്ങളുള്ള ആസ്ഥാനം നിർമ്മിക്കാനും സാധിച്ചു. നവീനാശയങ്ങൾ രൂപവത്ക്കരിക്കാനും അവലംബിക്കാനുമുള്ള ടി. കെ. ജോസിന്റെ കഴിവിനെക്കുറിച്ചു മോഹനൻപിള്ളയ്ക്കു വലിയ മതിപ്പാണ്. കൂടാതെ, പഞ്ചായത്തുകൾക്കു കൂടുതൽ നിക്ഷേപം വേണ്ട പദ്ധതികൾ ഐകമത്യത്തിലൂടെ നടപ്പിലാക്കാൻ സാധിക്കുമെന്നതും തെളിയിക്കപ്പെട്ടു.