Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

എൻ. ജഗജീവൻ

എൻ. ജഗജീവൻ

ലഘു ജീവചരിത്രം (Biography)

എൻ. ജഗജീവന്റെ കഥ എവിടെനിന്നു തുടങ്ങണം? 1983-ൽ സിഡിഎസിലെ എന്റെ ക്വാർട്ടേഴ്സിൽ നടത്തിയ ഗ്രാമശാസ്ത്രസമിതിക്യാമ്പിൽനിന്ന് ആവട്ടെ. ടി. ഗംഗാധരൻ, കെ. ടി. രാധാകൃഷ്ണൻ, ടി. പി. കുഞ്ഞിക്കണ്ണൻ രാധാകൃഷ്ണൻ അണ്ണൻ തുടങ്ങി ഒരുഡസൻ പേർ. അതിലൊരാളായിരുന്നു ജഗജീവൻ. രണ്ടുദിവസം രാപ്പകൽ. ഗ്രാമപഠനത്തിന് ഒരു രീതിസമ്പ്രദായം ആവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് എസ്എഫ്ഐ മാണിക്കൽ പഞ്ചായത്ത് സന്നദ്ധപ്രവർത്തനത്തിനായി ഏറ്റെടുത്തപ്പോൾ പരിപാടി ആവിഷ്കരിക്കാൻ സഹായിച്ചത് ജഗജീവനായിരുന്നു.

പിന്നെയങ്ങോട്ടുള്ള 40 വർഷക്കാലം ജഗജീവൻ സഞ്ചരിച്ച റൂട്ട് ഏതാണ്ട് ഇങ്ങനെയാണ്. എറണാകുളം സാക്ഷരത, കേരള സമ്പൂർണ്ണസാക്ഷരത, വിഭവഭൂപടനിർമ്മാണം, പഞ്ചായത്തുതലവികസനപദ്ധതി (പിഎൽഡിപി), ജനകീയാസൂത്രണം, കുടുംബശ്രീ, കേന്ദ്ര ഗ്രാമവികസനവകുപ്പിന്റെ ദേശീയ കൺസൾട്ടന്റ് ടീം അംഗം, കുടുംബശ്രീ ദേശീയ റിസോഴ്സ് പേഴ്സൺ സംവിധാനത്തിന്റെ മുഖ്യസംഘാടകരിൽ ഒരാൾ, അവസാനം ഹരിതകേരളം മിഷൻ. ആയുഷ്ക്കാലം അധികാരവികേന്ദ്രീകരണത്തിന്റെ നാനാതലങ്ങളിലൂടെയുള്ള സഞ്ചാരമാണ്.

ഇതിലൂടെ ജഗജീവൻ ആർജ്ജിച്ച ജ്ഞാനവും പ്രാപ്തിയും ഞാൻ എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാരിലെ നോൺഗസറ്റഡ് കേഡറിലുള്ള ഒരു ഉദ്യോഗസ്ഥൻ ദേശീയതലത്തിൽ ജാർഘണ്ഡ്, ഛത്തീസ്ഗഡ്, അസം, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ അധികാരവികേന്ദ്രീകരണം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഉപദേശകനായി പ്രവർത്തിക്കുക! ജഗജീവന്റെ കഴിവു തിരിച്ചറിഞ്ഞ എസ്. എം. വിജയാനന്ദും ശാരദ മുരളീധരനുമാണ് അദ്ദേഹത്തെ ദില്ലിക്കു കൂട്ടിയത്. ആ ടീമിൽ ജോയ് ഇളമൺ, ജോസ് ചാത്തുക്കുളം, പി. പി. ബാലൻ എന്നിവരും ഉണ്ടായിരുന്നു. എല്ലാവർക്കും ഇതുപോലെ വിവിധ സംസ്ഥാനചുമതലകൾ ഉണ്ടായിരുന്നു. ഈ എല്ലാ സംസ്ഥാനങ്ങൾക്കും അധികാരവികേന്ദ്രണമാനുവലും മറ്റും തയ്യാറാക്കാൻ സഹായിക്കുകയായിരുന്നു ചുമതല. ഈ രേഖകളുടെ ഗുണനിലവാരം അളക്കാൻ ഒരുകാര്യം കണക്കിലെടുത്താൽ മതി - അസമിനു വേണ്ടി ജഗജീവൻ തയ്യാറാക്കിയ രേഖ പ്രസിദ്ധീകരിച്ചത് യൂണിസെഫാണ്!

ഈ പ്രവർത്തനത്തോടൊപ്പം പങ്കാളിയായ മറ്റൊരു ദൗത്യമായിരുന്നു കുടുംബശ്രീയുടെ ദേശീയ റിസോഴ്സ് പേഴ്സൺ ഓർഗനൈസേഷൻ. ശാരദ മുരളീധരൻ കേന്ദ്രഗ്രാമവികസനവകുപ്പിൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ സ്വയംസഹായസംഘങ്ങൾ സംഘടിപ്പിക്കാനുള്ള കൺസൾട്ടൻസി ഏജൻസിയായി കുടുംബശ്രീയെ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കുടുംബശ്രീയിലെ നൂറിലേറെ സാധാരണപ്രവർത്തകർ ഇന്ത്യയിൽ പല ഭാഗത്തും റിസോഴ്സ്പേഴ്സണായി ജോലി ചെയ്തിരുന്നു. ഇവരുടെ പരിശീലനത്തിനും മേൽനോട്ടത്തിനുമെല്ലാം സുപ്രധാനപങ്കു ജഗജീവന് ഉണ്ടായിരുന്നു.

കാര്യങ്ങൾ വായിച്ചുപഠിക്കുക മാത്രമല്ല, അവ അതിലളിതമായി ചിട്ടയായി വിശദീകരിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും വലിയ വൈഭവം ഉണ്ടായിരുന്നു. അതുകൊണ്ടു ജനകീയാസൂത്രണപരിശീലനങ്ങളിലെല്ലാം പ്രധാനപങ്ക് ജഗജീവൻ വഹിച്ചിട്ടുണ്ട്. കോഴിക്കോട്ട് ആദ്യത്തെ ഏഴുദിവസത്തെ കെആർപി ക്യാമ്പിന്റെ ആദ്യവസാനചുമതല ജഗജീവനായിരുന്നു. പല കുരുക്കുകളും അഴിക്കാൻ ഇദ്ദേഹത്തെ ആയിരുന്നു ചുമതലപ്പെടുത്തുക.

ഓർമ്മയിൽ വരുന്നത് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്ടർമാരുടെ പരിശീലനമാണ്. വലിയൊരു സംഘം ഡോക്ടർമാർ ക്ലാസ് എടുക്കാനുണ്ട്. പക്ഷെ, പ്രായോഗികമായി പിഎച്ച്സിയും പഞ്ചായത്തും തമ്മിലുള്ള ഭരണപരവും അല്ലാതെയുമുള്ള ബന്ധങ്ങളും കൂട്ടായ പ്രവർത്തനത്തിന്റെ സാദ്ധ്യതകളുമെല്ലാം വിശദീകരിക്കാൻ ജെഎച്ച്ഐ മാത്രമായ ജഗജീവനെയാണു നിയോഗിച്ചത്. ഇതിൽ നെറ്റിചുളിച്ച ചിലർ എന്റെയടുത്തു പരാതിയുമായി വന്നു. ഞാൻ കണ്ട പരിഹാരം ജഗജീവന്റെ ഒഫിഷ്യൽ ഉദ്യോഗത്തെക്കുറിച്ചു പറയേണ്ടതില്ല എന്നായിരുന്നു. ആരും ചോദിച്ചുമില്ല, പറഞ്ഞുമില്ല. ക്ലാസ് ആ പരിശീലനത്തിൽ ഏറ്റവും ആവേശം നല്കിയ ഒന്നായി മാറി.

ജനകീയാസൂത്രണത്തിന്റെ മൂന്നാംവർഷം ആയപ്പോൾ പരിശീലനപരിപാടിയിൽ ഒരു വലിയ മാറ്റം വരുത്തി. പങ്കാളിത്തപഠനപരമ്പര ആരംഭിച്ചു. നന്നായി പ്രവർത്തിച്ച മാതൃകാപഞ്ചായത്തും മുനിസിപ്പാലിറ്റിയും അവരുടെ മികവിന്റെ മേഖലയിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ 2-3 ദിവസത്തെ ശില്പശാല സംഘടിപ്പിക്കും. ഏതു തദ്ദേശഭരണസ്ഥാപനത്തിനും ഇതിൽ പങ്കെടുക്കുക മാത്രമല്ല, ഈ മേഖലയിലെ അവരുടെ അനുഭവങ്ങൾ രേഖയായി അവതരിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ 21 ശില്പശാലകൾ 1999 ഒക്ടോബർ മുതൽ 2000 ഫെബ്രുവരി വരെ നടന്നു.

വികേന്ദ്രീകൃതമായ ഈ പരിശീലനപരിപാടി പാളാനും വളരെ എളുപ്പമായിരുന്നു. ഓരോന്നിനും പരിശീലനകൈപ്പുസ്തകങ്ങളും മറ്റും തയ്യാറാക്കാൻ പ്രത്യേകം പ്രത്യേകം ടീമുകളെ ചുമതലപ്പെടുത്തി. ജഗജീവനു നല്കിയ ചുമതല വ്യത്യസ്തമായ ഒന്നായിരുന്നു. ഈ ഓരോ പരിശീലനശില്പശാലയുടെയും പ്രാദേശികസംഘാടനത്തിന്റെ മേൽനോട്ടം. ഓരോ ശില്പശാലയ്ക്കുംമുമ്പ് 3-4 ദിവസം ഈ തദ്ദേശഭരണസ്ഥാപനത്തിൽ ജഗജീവൻ താവളം ഉറപ്പിക്കും. തർക്കങ്ങളുണ്ടെങ്കിൽ പറഞ്ഞുതീർക്കും. അവസാനം മിനുക്കുപണികൾ നടത്തും.

സെല്ലിലാണു പ്രവർത്തിച്ചിരുന്നതെങ്കിലും തിരുവനന്തപുരം ജില്ലയുടെ കോർഡിനേറ്റർച്ചുമതലകൂടി വഹിച്ചിരുന്നു. തിരുവനന്തപുരം ഡിപിസിയായിരുന്നു ഏറ്റവും മികവോടെ പ്രവർത്തിച്ചിരുന്ന ഡിപിസികളിൽ ഒന്ന്. പ്രത്യേകിച്ചു ശാരദ മുരളീധരൻ കളക്ടറായിരുന്ന സമയത്ത്. പദ്ധതിരേഖ പരിശോധിക്കാനും അംഗീകരിക്കാനും എല്ലാമുള്ള നടപടിക്രമങ്ങൾക്ക് അവസാനരൂപം നല്കാൻ തിരുവനന്തപുരം ഡിപിസിയുടെ പ്രവർത്തനം ഏറെ സഹായകരമായിരുന്നു. ജില്ലാതലത്തിലുള്ള ഏകോപിതമായ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ നൂതനമാതൃകകളും തിരുവനന്തപുരം ഡിപിസി ആവിഷ്കരിച്ചിരുന്നു.

വലിയ പരിചയസമ്പത്ത് ഉള്ളതുകൊണ്ട് ജഗജീവനെ ഒട്ടേറെപ്പേർ അവരുടെ ആശയങ്ങൾ നടപ്പാക്കാനും മറ്റും ആശ്രയിക്കാറുണ്ട്. പ്ലാനിങ് ബോർഡ് മെമ്പറാണെങ്കിലും കളക്ടറാണെങ്കിലും ഒരു സാധാരണഞ്ചായത്താണെങ്കിലും അവരെ സഹായിക്കാൻ പിശുക്കു കാണിക്കാറില്ല. ഈ സഹായമാവട്ടെ ഒട്ടുമിക്കപ്പോഴും പിന്നണിയിൽനിന്നുള്ളത് ആകാനും ജഗജീവൻ ശ്രദ്ധിക്കാറുണ്ട്.