Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / സഞ്ജയൻ (എസ്. സഞ്ജയ് കുമാർ)
സഞ്ജയൻ (എസ്. സഞ്ജയ് കുമാർ)

സഞ്ജയൻ (എസ്. സഞ്ജയ് കുമാർ)

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണത്തിലെ ഒരു പ്രധാന വെല്ലുവിളി പരിശീലനപരമ്പരകൾക്കുള്ള പുസ്തകങ്ങൾ സമയത്ത് അച്ചടിച്ചു തയ്യാറാക്കുക ആയിരുന്നു. പലതിന്റെയും പതിനായിരക്കണക്കിനു കോപ്പികൾ വേണ്ടിയിരുന്നു. സഞ്ജയനെയാണ് അതിനു ചുമതലപ്പെടുത്തിയത്. ശിവകാശിയിൽ പോയി അച്ചടിച്ചു കൊണ്ടുവരാനാണ് അനിയൻ ആവശ്യപ്പെട്ടത്. അത് നടപ്പുള്ള കാര്യമായിരുന്നില്ല. പലപ്പോഴും പരിശീലനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് എഴുതിത്തീരുന്നത്. സഞ്ജയന്റെ പ്രവർത്തനനിഘണ്ടുവിൽ നടക്കില്ല / പറ്റില്ല / പ്രയാസം എന്നീ വാക്കുകളില്ല. എന്തു പ്രവർത്തനം വന്നാലും ചെയ്തുനോക്കാം എന്നേ പറയൂ. അവ വിജയിപ്പിക്കാനുളള വഴി സഞ്ജയൻ കണ്ടെത്തും.

സഞ്ജയന്റെ ബുദ്ധിയായിരുന്നു ഓഡിയോവിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ ജനകീയാസൂത്രണത്തിന്റെ അച്ചടികേന്ദ്രമാക്കുക എന്നത്. ആളുകളെ അനുനയിപ്പിക്കാൻ അയാൾക്കു പ്രത്യേക കഴിവുണ്ട്. അതിന്റെ എംഡിയായ സലിമിനെ ഏതാനും ദിവസംകൊണ്ട് കൂടെക്കൂട്ടി. അച്ചടി നടക്കാത്തതുകൊണ്ടുള്ള ഒരു പ്രയാസവും പിന്നീട് ക്യാമ്പയിൻ നേരിട്ടില്ല. എഴുതിയുണ്ടാക്കുന്നതും അച്ചടിയും തമ്മിലുള്ള സമയദൈർഘ്യം മണിക്കൂറുകൾ മാത്രമായിരുന്നു. ഇവ യഥാസമയം എഴുതിവാങ്ങി, ഡിറ്റിപി ചെയ്യിച്ച്, പ്രൂഫ് നോക്കി, അച്ചടിയും വിതരണവും യഥാസമയം നടത്തിയത് സഞ്ജയനായിരുന്നു. തുടർന്ന് ശ്രീകുമാറും രാജ്‌മോഹനകുമാറും സ്വാമിയും വന്നപ്പോഴാണ് സഞ്ജയനു ജോലിഭാരം കുറഞ്ഞത്.

ശാസ്തസാഹിത്യപരിഷത്ത് നെയ്യാറ്റിൻകര മേഖലാസെക്രട്ടറി, തിരുവനന്തപുരം ജില്ലാസെക്രട്ടറി, സംസ്ഥാനസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാലവേദികൾക്കായി ശാസ്ത്രോത്സവം, ഓണോത്സവം, പരിസരസഹവാസക്യാമ്പുകൾ തുടങ്ങി ഒട്ടനവധി നൂതനപരിപാടികൾ സംഘടിപ്പിക്കാൻ നേതൃത്വം നല്കിയിട്ടുണ്ട്. കെ. അനിരുദ്ധൻ ജില്ലാക്കൗൺസിൽ പ്രസിഡന്റായിരുന്നപ്പോൾ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ‌നിരക്ഷരത നിർമ്മാർഞ്ജനം ചെയ്യാൻ നടത്തിയ വിജ്ഞാനവേദിയുടെ സംഘാടകരിൽ മുഖ്യനായിരുന്നു.

സാക്ഷരതാപ്രസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ അന്തരീക്ഷസൃഷ്ടിയുടെ (Environment Creation) ചുമതലയായിരുന്നു. വിപുലമായ സംഘടനാശൃംഖല, കലാകാരരുടെയും ചെറുപ്പക്കാരുടെയും കൂട്ടായ്മ തുടങ്ങി വ്യത്യസ്തപ്രവർത്തനങ്ങളിലൂടെ സാക്ഷരതയ്ക്കു വിപുലമായ ജനകീയാടിത്തറ ഉണ്ടാക്കിയെടുത്തത് സഞ്ജയന്റെ സംഘാടനമികവായിരുന്നു.

ജ്യോഗ്രഫി ബിരുദം, ബി. എഡ്, എംഎ മലയാളം, ജേർണലിസം എന്നിവയായിരുന്നു വിദ്യാഭ്യാസയോഗ്യത. പ്രവർത്തനമേഖലകളിൽ സഞ്ജയനു കൃത്യമായ സമീപനവും കാഴ്ചപ്പാടും അതിനസരിച്ചുള്ള പ്രവർത്തനാശയങ്ങളും ഉണ്ട്. ഒരിക്കലും അവ സഹപ്രവർത്തകരിലേക്കോ പ്രവർത്തനത്തിനായി ഒപ്പം കൂട്ടിയവരിലേക്കോ അടിച്ചേല്പിക്കില്ല. മറിച്ച്, ചർച്ച ഉണ്ടായി വരത്തക്ക രീതിയിൽ വളരെ വിനയത്തോടെ തന്റെ മനസ്സിലെ ആശയങ്ങൾ ഒപ്പമുള്ളവരിലേക്ക് അനൗപചാരികമായി പകരും. ഒപ്പം, അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ചർച്ചാരൂപത്തിൽ പങ്കിടും. തുടർന്ന് സ്വതന്ത്രചർച്ചകൾ ഉണ്ടാവുകയും ഒപ്പം കൂടിയവർ പ്രസ്തുത പ്രവർത്തനങ്ങളുടെ വക്താക്കളായി മാറുകയും ചെയ്യും; അല്ലെങ്കിൽ മാറ്റും. അതിലൂടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ചെയ്യാനും സഞ്ജയന്റെ ഒപ്പം ഒരു സംഘംതന്നെ ഉണ്ടാകും.

സഞ്ജയന്റെ ഈ കഴിവുകൾ അറിയാവുന്നവർ എപ്പോഴും അയാളെ ഒപ്പം നിറുത്താൻ സന്നദ്ധമാണ്. ഇതിന് ഉദാഹരണമാണ് സഞ്ജയനെ ജനകീയാസൂത്രണസെല്ലിൽനിന്നു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനു വിട്ടു നല്കേണ്ടിവന്നത്.

1998-ൽ ജനകീയാസൂത്രണത്തിന്റെ നല്ല തിരക്കുള്ള സമയം. സി. ജി. ശാന്തകുമാർ നിരന്തരം സെല്ലിൽ വരുന്നുണ്ടായിരുന്നു. ആദ്യവരവ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് അധികഫണ്ട് കിട്ടാനെന്നാണ് കരുതിയത്. മനമോഹനെ കാണും. സെല്ലിൽ സമയം ചെലവിടും പോകും. പിന്നെ മനമോഹനാണ് സി. ജി.യുടെ വരവിന്റെ ലക്ഷ്യം പറയുന്നത്. സി. ജി.ക്ക് സഞ്ജയനെ ബാലസാഹിത്യ ഇൻസ്റ്റിറ്റിറ്റ്യൂട്ടിന്റെ പിആർഒ ആയി വിട്ടുനല്കണം. നല്കാൻ കഴിയില്ലെന്നു പറഞ്ഞതായി മനമോഹൻ പറഞ്ഞു. പക്ഷെ, സി. ജി.യെ അറിയാവുന്നവർക്കു മനസ്സിലാകും സി. ജി. അങ്ങനെ വെറുതെ പോകില്ലെന്ന്. നിരന്തരസമർദ്ദത്തിൽ സഞ്ജയനെ വിട്ടുനല്കേണ്ടിവന്നു. എന്നാലും ജനകീയാസൂത്രണത്തിന്റെ പ്രവർത്തനത്തിലുടനീളം ഒപ്പം നില്ക്കാൻ സഞ്ജയൻ ശ്രദ്ധിച്ചിരുന്നു.

രണ്ടുവർഷക്കാലം കുടുംബശ്രീയിൽ ഓർഗനൈസേഷൻ ചുമതലയുള്ള പ്രോഗ്രാം ഓഫീസറുടെ സേവനം നിർവ്വഹിച്ചു. കുടുംബശ്രീ സംഘടനാതെരെഞ്ഞെടുപ്പു കൃത്യസമയത്തു നടത്താനും ഉല്പന്നങ്ങൾക്കു വിപണി സൃഷ്ടിക്കാനും വലിയ സംഭാവന ചെയ്തു.

ലോട്ടറി ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്തിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേമനിധിബോർഡിൽ നിർബ്ബന്ധിച്ചു ചുമതലയേല്പിക്കുക ആയിരുന്നു. ലോട്ടറിത്തൊഴിലാളി ക്ഷേമനിധിബോർഡിന്റെ പ്രവർത്തനത്തെ തൊഴിലാളിസൗഹൃദമാക്കാൻ ബോർഡിന് ഒപ്പംനിന്നു ക്രിയാത്മകമായി പ്രവർത്തിച്ചു.

എന്തായിരുന്നു ജനകീയാസൂത്രണത്തിലെ ഏറ്റവും വലിയ അനുഭവം? ബ്ലോക്ക് വികസനരേഖയുടെ സംസ്ഥാനതല ഉദ്ഘാടനം കൊടകരയിൽ ആയിരുന്നു. രാത്രിയാണ് അനിയൻ വിളിച്ചുപറഞ്ഞത് ഇഎംഎസിനെ കണ്ട് സന്ദേശം എഴുതി വാങ്ങുക. അമ്പലത്തറ ഫ്ലാറ്റിൽച്ചെന്നു. ഇഎംഎസിനോട് അനിയൻ സംസാരിച്ചിരുന്നുവെന്നു വ്യക്തം. 15 മിനിറ്റ് നീണ്ട ഒരു ഡിക്റ്റേഷൻ. ഒരു തിരുത്തുപോലും വേണ്ടിവന്നില്ല. ഇതാണ് സഞ്ജയന്റെ അവിസ്മരണീയമായ അനുഭവം.