Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

എ. നുജൂം

എ. നുജൂം

ലഘു ജീവചരിത്രം (Biography)

കത്ത് അയയ്ക്കൽ ജനകീയാസൂത്രണസെല്ലിലെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. സ്ഥാപനങ്ങൾക്ക്, ജനപ്രതിനിധികൾക്ക്, ഉദ്യോഗസ്ഥർക്ക്, സന്നദ്ധപ്രവർത്തകർക്ക് ഇങ്ങനെ ഓരോ വിഭാഗങ്ങൾക്കും പരിശീലനയറിയിപ്പുകളും മറ്റുമായി ആയിരക്കണക്കിനു കത്തുകളാണ് ഓരോ ദിവസവും അയച്ചുകൊണ്ടിരുന്നത്. ഒരേ സർക്കുലറുകളാണ് ഓരോ വിഭാഗത്തിനും അയച്ചിരുന്നത് എന്നതുകൊണ്ട് യാന്ത്രികമായി ചെയ്യാൻ കഴിയുന്ന ഒരു പണിയായിരുന്നു ഇത്. സാധാരണ രാത്രിയിലുള്ളവരെല്ലാം കൂടിച്ചേർന്നാണ് ഇതു ചെയ്യുക.

എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായിരുന്നു സെല്ലിലേക്ക് ഓരോ ദിവസവും വരുന്ന നൂറു കണക്കിനു കത്തുകൾക്കു മറുപടി അയയ്ക്കുന്നത്. ഓരോ കത്തിനും ഉചിതമായ മറുപടി തയ്യാറാക്കി ഒപ്പിടേണ്ട പ്ലാനിങ് ബോർഡ് മെമ്പറുടെയോ സീനിയറുടെയും ഒപ്പു വാങ്ങി തപാലിൽ അയയ്ക്കണം. ഇതിന്റെ ചുമതല എ. നുജൂമിനായിരുന്നു.

നെടുമങ്ങാട് നഗരസഭയിൽ നബീസാ ഉമ്മാൾ ടീച്ചർ ചെയർപേഴ്സൺ ആയിരിക്കുമ്പോൾ ടീച്ചറുടെ കൗൺസിൽ ക്ലാർക്ക് ആയി ജോലിനോക്കിയിരുന്ന സന്ദർഭത്തിലാണ് ജനകീയാസൂത്രണസെല്ലിലേക്ക് എടുത്തത്. നെടുമങ്ങാട് നഗരസഭയുടെ പദ്ധതിരേഖയും വികസനറിപ്പോർട്ടുമെല്ലാം തയ്യാറാക്കാൻ കോർഡിനേറ്റർ വിജയകുമാറിനൊപ്പം രാപ്പകൽ പണിയെടുത്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു. പദ്ധതിരേഖ നുജൂമിന്റെ കൈപ്പടയിൽ എഴുതിയാണ് ഡിപിസിക്കു സമർപ്പിച്ചത്. അതുകൊണ്ടുതന്നെ നബീസാ ഉമ്മാളിന് നുജൂമിനെ നഗരസഭയിൽനിന്നു വിടുതൽ ചെയ്യാൻ ഇഷ്ടമില്ലായിരുന്നു. എങ്കിലും അവസാനം സമ്മതിച്ചു. 1997 ജൂലൈ 25-നു ജനകീയാസൂത്രണസെല്ലിൽ ചേർന്നു.

സെല്ലിലെ മറ്റൊരു ഓൾറൗണ്ടറായിരുന്നു നുജൂം. സ്റ്റാമ്പ് ഒട്ടിക്കൽ മുതൽ ക്ലാസ് എടുക്കൽ വരെയുള്ള ഒട്ടുമിക്ക ജോലികളിലും പങ്കാളിയായിട്ടുണ്ട്. നഗരസഭാപരിശീലനത്തിനുള്ള ചുമതല നുജൂമിനായിരുന്നു. വർക്ക് മാനുവൽ തയ്യാറാക്കാൻ ജഗജീവന്റെ സഹായിയായി പ്രവർത്തിച്ചു. പരിശീലനക്യാമ്പുകളുടെ സംഘാടനത്തിൽ സ്റ്റേജ്, പന്തൽ, ഭക്ഷണം എന്നിവയുടെ മേൽനോട്ടച്ചുമതല ഉണ്ടായിരുന്നു. ഇതോടൊപ്പം പരിശീലനപരിപാടിയിൽ പ്ലാൻ മോണിറ്ററിങ്, സ്റ്റാൻഡിങ് കമ്മിറ്റി പ്രവർത്തനങ്ങൾ, സാമൂഹിക ഓഡിറ്റിങ് എന്നീ വിഷയങ്ങളിൽ ക്ലാസും എടുക്കുമായിരുന്നു.

കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും വികസനറിപ്പോർട്ടുകൾ ബയൻഡ് ചെയ്തു ഡോക്കുമെന്റ് ചെയ്യുന്നതിന്റെ ചുമതല നുജൂമിനായിരുന്നു. ഓരോ സെറ്റ് രേഖകളും ഒരുലക്ഷത്തിലേറെ പേജ് വരുമായിരുന്നു. കേരളത്തിലെ മുഴുവൻ വികസനറിപ്പോർട്ടുകളുടെയും ബയൻഡ് ചെയ്ത കോപ്പികൾ ഇന്നും ആസൂത്രണബോർഡ്, ഇഎംഎസ് അക്കാദമി, ഐആർറ്റിസി എന്നിവിടങ്ങളിൽ ലഭിക്കും. ഇഎംഎസ് അക്കാദമിയിൽ വികസനറിപ്പോർട്ടുകളുടെ ഉള്ളടക്കം വിഷയാടിസ്ഥാനത്തിൽ ബയൻഡ് ചെയ്ത സെറ്റുമുണ്ട്.

സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ വയ്ക്കേണ്ട ഫയലുകൾ തയ്യാറാക്കലിലും കമ്മിറ്റിക്കുശേഷം മിനിട്ട്സ് തയ്യാറാക്കി അന്നുതന്നെ ബന്ധപ്പെട്ടവർക്ക് അയയ്ക്കുന്ന ജോലിയിലും മനമോഹന്റെ സഹായിയായിരുന്നു.

സെല്ലിൽനിന്നു പിരിഞ്ഞശേഷം തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ചന്ദ്രട്ടീച്ചറുടെ ക്ലാർക്കായി ജോയിൻ ചെയ്തു. ജനകീയാസൂത്രണസെല്ലിൽനിന്നു ലഭിച്ച അനുഭവസമ്പത്ത് പില്ക്കാലത്തു സംഘടനാരംഗത്തും ഔദ്യോഗികകൃത്യനിർവഹണത്തിലും മുതല്ക്കൂട്ടായി.

1986-ൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ വെഞ്ഞാറമൂട് മേഖലാ സെക്രട്ടറിയായിരിക്കുമ്പോൾമുതൽ നുജൂമിനെ എനിക്കറിയാം. ശാസ്ത്രസാഹിത്യപരിഷത്തിന്റെ മേഖലാ സെക്രട്ടറി, മേഖലാ പ്രസിഡന്റ്, ജില്ലാസെക്രട്ടറി, ജില്ലാപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1990-ൽ ഞാനും ഡോ. ചന്ദൻ മുഖർജിയും ചേർന്നു നടത്തിയ തൊഴിലില്ലായ്മാസർവ്വേയുടെ തിരുവനന്തപുരം ജില്ലാകോ-ഓർഡിനേറ്ററായി പ്രവർത്തിച്ചപ്പോഴാണ് കൂടുതൽ അടുത്തറിഞ്ഞത്.

1991-ൽ മുനിസിപ്പൽ കോമൺ സർവ്വീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. അന്നുമുതൽ കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ. എം. സി. എസ്. യു) പ്രവർത്തകനായി. യൂണിറ്റ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാസെക്രട്ടറി, സംസ്ഥാനകമ്മിറ്റിയംഗം, ‘മുനിസിപ്പൽ ന്യൂസ്’ മാസികയുടെ മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ. എം. സി. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ 2016-ൽ സർവ്വീസിൽനിന്നു സൂപ്രണ്ടായി വിരമിച്ചു. ദീർഘകാലം നെടുമങ്ങാട് താലൂക്ക് ലോക്കൽ ബോഡീസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റായിരുന്നു.

ചിട്ടയായി കാര്യങ്ങൾ ചെയ്യുകയും കൃത്യമായി ഫയലുകൾ പരിപാലിക്കുകയും ചെയ്യാനുള്ള നുജൂമിന്റെ പ്രാപ്തി കണക്കിലെടുത്ത് 2006-11-ൽ എന്റെ പേഴ്സണൽ സ്റ്റാഫിൽ പിഎ ആയി ഉണ്ടായിരുന്നു. 2016-ൽ ഡോ. കെ. ടി. ജലീൽ തദ്ദേശഭരണവകുപ്പുമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

ഇപ്പോൾ സിപിഐ(എം) തേക്കട ലോക്കൽ കമ്മിറ്റിയംഗമായും കർഷകസംഘം തേക്കട മേഖലാസെക്രട്ടറിയായും, പെൻഷണേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി, ബ്ലോക്കുകമ്മിറ്റിയംഗം എന്നീ നിലകളിലും സജീവമായി പൊതുരംഗത്തു പ്രവർത്തിക്കുന്നു. കിലയുടെ എക്‌സ്റ്റൻഷൻ ഫാക്കൽറ്റിയായി ജനകീയാസൂത്രണരംഗത്തു തുടരുകയും ചെയ്യുന്നു.