Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എൽ. സുകുമാരൻ നായർ
എൽ. സുകുമാരൻ നായർ

എൽ. സുകുമാരൻ നായർ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണത്തിലെ ഏറ്റവും കുഴപ്പംപിടിച്ച ഭാഗം കീഴേയ്ക്കുള്ള ധനവിന്യസനവും അതിന്റെ വിനിയോഗവുമാണ്. കെ. എം. എബ്രഹാമും എസ്. എം. വിജയാനന്ദും ചേർന്ന് ധനവിന്യസനത്തിന് ഫലപ്രദമായ രീതി ആവിഷ്കരിച്ചു. എന്നാൽ താഴത്തെ വിനിയോഗത്തിലുള്ള പ്രശ്നങ്ങൾ അതുകൊണ്ടു തീരുന്നവ ആയിരുന്നില്ല. ഓഡിറ്റ് പേടിച്ച് ഒന്നും ചെയ്യാൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥർ. സർക്കാർനടപടികൾ പരിചയമല്ലാത്തതുകൊണ്ട് എന്തും ചെയ്യാമെന്നു കരുതുന്ന ജനപ്രതിനിധികൾ. ഈ പശ്ചാത്തലത്തിലാണ് നിർവ്വഹണപരിശീലനം സുപ്രധാനമായിത്തീർന്നത്. ഇതിൽ ധനവിനിയോഗരീതികളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിപ്പിക്കാൻ സെല്ലിലേക്ക് എടുത്തത് മുൻ ട്രഷറി ഡയറക്റ്റർ എൽ. സുകുമാരൻ നായരെ ആയിരുന്നു. ഓഡിറ്റ് സംബന്ധിച്ചുള്ള പരിശീലനത്തിന്റെ ചുക്കാനും അദ്ദേഹത്തിനായിരുന്നു.

കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിലെ പരിശോധനാവിഭാഗം അണ്ടർ സെക്രട്ടറിയായിരിക്കെയാണ് 1990-ൽ സമ്പൂർണ്ണസാക്ഷരതാ പരിപാടിയിലേക്കു സുകുമാരൻ നായർക്കു ക്ഷണം ലഭിച്ചത്. തികച്ചും ബ്യൂറോക്രാറ്റിക് സംവിധാനത്തിൽ അതുവരെ പ്രവർത്തിച്ചുവന്ന അദ്ദേഹം ഈ ക്ഷണം നിരസിക്കുകയാണു ചെയ്തത്. വലിയ സമ്മർദ്ദങ്ങൾക്കുശേഷമാണു വഴങ്ങിയത്. അധികം താമസിയാതെ മനസ്സു മാറി.

ആഴ്ചയിൽ ഒന്നിലധികം ദിവസം ഗവൺമെന്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ എല്ലാവരും കൂടിയിരുന്നു പരിപാടികൾ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുകയായിരുന്നു പതിവ്. യോഗം കഴിഞ്ഞാൽ അധികം താമസിയാതെ അതിന്റെ നടപടിക്കുറിപ്പ് (മിനിറ്റ്സ്) തയ്യാറാക്കി സെക്രട്ടറിയെക്കൊണ്ട് അംഗീകരിപ്പിച്ചുകഴിഞ്ഞാൽ അതിന്റെ കോപ്പി എല്ലാ വിഭാഗങ്ങൾക്കും നല്കുകയും അവർ ഉടൻ തീരുമാനങ്ങളനുസരിച്ചുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുന്നു. വളരെ ഗൗരവമുള്ള കാര്യങ്ങൾ മാത്രമേ സർക്കാർ ഉത്തരവിനായി പോവുകയുള്ളൂ. വളരെ വേഗം കാര്യങ്ങൾ നടക്കാനുള്ള ഒരു സംവിധാനമായിരുന്ന് അത്. വഴിവിട്ടോ ചട്ടവിരുദ്ധമായോ ഒന്നും ചെയ്യുകയുണ്ടായിട്ടുമില്ല. സർക്കാർ മാറി വന്നപ്പോൾ മുമ്പ് ഉണ്ടായിരുന്നവർ വിക്റ്റിമൈസ് ചെയ്യപ്പെടുമെന്ന് ഭയം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ വിവാദമൊന്നുമില്ലാതെ ഓഡിറ്റ് പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സുകുമാരൻ നായരുടെ മിടുക്ക് ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്.

1997-ൽ ധനകാര്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയും ട്രഷറി വകുപ്പ് ഡയറക്റ്ററായുമായി റിട്ടയർ ചെയ്തു. സാക്ഷരതയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സി. ജി. ശാന്തകുമാറാണ് ജനകീയാസൂത്രണപരിപാടിയിൽ പങ്കുകൊള്ളണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹം അതു സസന്തോഷം സ്വീകരിച്ചു. സഭാകമ്പം കാരണം വേദിയിൽ കയറാൻ ഭയമുണ്ടായിരുന്ന സുകുമാരൻ നായർ പിന്നീട് കേരളം മുഴുവൻ നൂറുകണക്കിന് വേദികളിൽ ധനവിനിയോഗം എന്ന വിഷയം അവതരിപ്പിച്ചു! പാലക്കാട്, കാസർഗോഡ് ജില്ലകളുടെ പ്രത്യേകചുമതല ഉണ്ടായിരുന്നു. അവിടെ നടക്കുന്ന പ്രധാന പരിപാടികളിലെല്ലാം അദ്ദേഹം പങ്കെടുക്കുമായിരുന്നു.

സുകുമാരൻ നായരെ ഏറ്റവും ആകർഷിച്ചത് പ്രൊജക്ടുകൾ പരിശോധിക്കാനുള്ള പ്രൊജക്റ്റ് ക്ലിനിക്കുകളാണ്. റിട്ടയർ ചെയ്ത പല വകുപ്പ് അദ്ധ്യക്ഷൻമാരും അത്തരം ക്ലിനിക്കുകളിൽ പങ്കെടുക്കുമായിരുന്നു. എത്രയോ മരാമത്തു പണികൾ എസ്റ്റിമേറ്റ് തുകയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്കു ചെയ്തുതീർക്കാൻ ഗുണഭോക്തൃസമിതികൾക്കു കഴിഞ്ഞു! അതുപോലെതന്നെ അഴിമതിക്കെതിരെ ചെറുത്തുനില്പിനുള്ള സന്നദ്ധത പലയിടത്തും കാണാൻ കഴിഞ്ഞു. പക്ഷെ, അതു ദീർഘകാലം നിലനിന്നില്ലെന്നാണ് സുകുമാരൻ നായരുടെ അഭിപ്രായം.

ഈ പരിപാടികളിൽ പങ്കെടുത്തതിന്റെ ഫലമായി 18 വർഷത്തോളം അരിപ്പയിലെ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിച്ചു മിക്കവാറും എല്ലാ ട്രെയിനിങ് സ്ഥാപനങ്ങളിലും സുകുമാരൻ നായർ ഗസ്റ്റ് ഫാക്കൽറ്റിയായി സേവമനുഷ്ഠിച്ചു. കൂടാതെ, സർക്കാർ വകുപ്പുകളുടെ ട്രെയിനിങ് പരിപാടികളിലും പങ്കാളിയായിരുന്നു. ജനകീയാസൂത്രണപരിപാടിയിൽനിന്നു വിരമിച്ചശേഷം മൂന്നു വർഷത്തോളം ഹൈദരാബാദിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളെജിന്റെ ലോക്കൽ കൺസൾട്ടന്റ് എന്ന നിലയിൽ കേരളസർക്കാരിന്റെ എംജിപി എന്ന പരിപാടിയിൻകീഴിൽ ഉണ്ടായിരുന്ന സർവ്വീസ് ഡെലിവറി പ്രൊജക്ടിൽ സേവനം അനുഷ്ഠിച്ചു. കൂടാതെ കേരളത്തിലെ ജവഹർ ബാലഭവനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനുമുള്ള ഏകാംഗക്കമ്മിഷനായി പ്രവർത്തിച്ചു.

സാക്ഷരതാപരിപാടിയിലെപ്പോലെതന്നെ ജനകീയാസൂത്രണത്തിന്റെ കാര്യത്തിലും അവസാനം ഓഡിറ്റ് പൂർത്തീകരിക്കുന്നതിൽ സുകുമാരൻ നായർ പങ്കുവഹിക്കുകയുണ്ടായി. അതുപോലെതന്നെ പിഎൽഡിപി പ്രൊജക്റ്റ് സംബന്ധിച്ച എജിയുടെ നിരീക്ഷണങ്ങൾക്കു തൃപ്തികരമായ മറുപടി തയ്യാറാക്കിയതും സുകുമാരൻ നായരാണ്.