Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. പി. മധുസൂദനൻപിള്ള
ഡോ. പി. മധുസൂദനൻപിള്ള

ഡോ. പി. മധുസൂദനൻപിള്ള

ലഘു ജീവചരിത്രം (Biography)

മൈക്രോ ബ്രാക്കിയം മധുസൂദനി എന്ന ചെമ്മീൻ വർഗ്ഗം കൊല്ലത്തെ ഇത്തിക്കരയാറ്റിൽനിന്നാണു കണ്ടെത്തിയത്. മധുസൂദനി എന്നത് ഈ ചെമ്മീനെ കണ്ടെത്തിയ ഗവേഷകനായ ഡോ. പി. മധുസൂദനൻപിള്ളയുടെ പേരുമായി ബന്ധപ്പെടുത്തി നല്കിയതാണ്.

ഇതടക്കം ആറു ചെമ്മീൻ ഇനങ്ങളെ ഡോ. മധുസൂദനൻ പിള്ള കണ്ടെത്തിയിട്ടുണ്ട്. കിഴക്കോട്ടൊഴുകുന്ന നദിയായ പമ്പാറിൽ കണ്ടെത്തിയതാണ് മൈക്രോ ബ്രാക്കിയം ഇന്ത്യാനം എന്ന ഇനം. വാമനപുരം ആറ്റിൽനിന്നു കണ്ടെത്തിയ ഒരിനത്തിന്റെ പേര് മൈക്രോ ബ്രാക്കിയം എബ്രഹാമി എന്നാണ്. പ്രൊഫ. എബ്രഹാം മധുസൂദനൻപിള്ളയുടെ ഗുരുവായിരുന്നു. കരമനയാറ്റിൽനിന്നു കണ്ടെത്തിയതിന് മൈക്രോ ബ്രാക്കിയം എസ്എൻ പുരി എന്നാണു പേരു നല്കിയത്. വാമനപുരം ആറ്റിൽനിന്നുതന്നെ മൈക്രോ ബ്രാക്കിയം പ്രഭാകനി എന്നൊരു ഇനത്തെയും കണ്ടെത്തി. നെയ്യാറിൽനിന്നു കണ്ടെത്തിയ ഇനത്തിന് മൈക്രോ ബ്രാക്കിയം എമ്മൂലം കേരള യൂണി എന്നാണു പേരു നല്കിയത്. കേരള സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു ഡോ. മധുസൂദനൻപിള്ള. കേരളത്തിലെ ഈ ശുദ്ധജലചെമ്മീനുകളെല്ലാം വംശനാശഭീഷണി നേരിടുന്നതുകൊണ്ട് ഇവയെ റെഡ്ഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുണ്ടായി. ജലമലിനീകരണമാണ് ഇതിന്റെ മുഖ്യകാരണം. ആറ്റുചെമ്മീനുകളും അവയുടെ ആവാസവ്യവസ്ഥകളും സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രാമാണികപണ്ഡിതരിൽ ഒരാളായിരുന്നു ഡോ. മധുസൂദനൻ പിള്ള.

ഡോ. മധുസൂദനൻ പിള്ള ജനകീയാസൂത്രണത്തിൽ കൺസൾട്ടന്റായി എത്തുമ്പോൾ എംജി കോളെജിലെ ജന്തുശാസ്ത്രവിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. എകെപിസിറ്റിഎ പ്രവർത്തകനായിരുന്ന മധു ആദ്യഘട്ട കെആർപി പരിശീലനത്തിൽ പങ്കെടുത്തിരുന്നു.

മത്സ്യമേഖല കൈപ്പുസ്തകങ്ങളും മറ്റും തയ്യാറാക്കുന്നതിലാണ് മധുസൂദനൻ പിള്ള പങ്കാളിയായിരുന്നത്. എന്നാൽ അദ്ധ്യാപകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തെളിയിച്ചത് മൂന്നാംഘട്ടപരിശീലനത്തിൽ പ്രൊജക്ടുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന ക്ലാസിലൂടെയാണ്. പ്രൊജക്ടിന്റെ ഘടന അതിലളിതമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതുകൊണ്ട് ബ്ലോക്കുതലപരിശീലനങ്ങളിൽവരെ പലപ്പോഴും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്.

ജനകീയാസൂത്രണത്തിനുശേഷം അദ്ധ്യാപനത്തിലേക്കു തിരിച്ചുപോയ ഡോ. മധുസൂദനൻപിള്ള ശുദ്ധജലചെമ്മീനുകളുടെ പഠനത്തിൽ പ്രാഗത്ഭ്യം തെളിയിച്ചു. കേരളത്തിൽനിന്നു കേന്ദ്രസർവ്വകലാശാലകളിലേക്കും സ്വകാര്യസർവ്വകലാശാലകളിലും പ്രവർത്തനം മാറ്റി. കേന്ദ്ര കാർഷികസർവ്വകലാശാലയുടെ ഏഴു പുതിയ കാമ്പസുകൾ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിൽ പങ്കാളിയായി. ത്രിപുരയുടെ കോളെജ് ഓഫ് ഫിഷറീസിന്റെ ഡീനും പ്രൊഫസറുമായും പ്രവർത്തിച്ചിട്ടുണ്ട്. നാഗലാന്റിലെ വെറ്ററിനറി കോളെജ് സ്ഥാപിക്കാനുള്ള സ്പെഷ്യൽ ഓഫീസറായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിൽ പല വിഷയങ്ങളിലെ നോഡൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ കേന്ദ്ര കാർഷികസർവ്വകലാശാലയുടെ രജിസ്റ്റ്രാർ ആയിരുന്നു. ഈ പദവിയിൽ ദേശീയതലത്തിലുള്ള ഒട്ടേറെ പഠന-ഗേവഷണപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കി.

2017 മുതൽ ശ്രീ വെങ്കിടേശ്വര സർവ്വകലാശാലയിലെ ഡയറക്റ്റർ ഓഫ് റിസർച്ച് ആൻഡ് പ്ലാനിങ് പദവിയിലായിരുന്നു. ഇടവേളകളിൽ വൈസ് ചാൻസലറുടെയും രജിസ്റ്റ്രാറുടെയും ചുമതലകൾ വഹിച്ചിട്ടുണ്ട്. നാക്ക് അക്രെഡിറ്റേഷനുവേണ്ടിയുള്ള ഐക്യുഎസിയുടെ മെമ്പർ സെക്രട്ടറിയായി. ഒട്ടേറെ വിദേശപ്രൊജക്ടുകളുടെ കൺസൾട്ടന്റായും ഗവേഷകവിദ്യാർത്ഥികളുടെ സൂപ്പർവൈസറായും പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയതലത്തിൽ വലിയ അംഗീകാരം നേടിയതോടെ നല്ലൊരുപങ്കു സമയം ദില്ലിയിലായി. ദൗർഭാഗ്യവശാൽ ഡോ. എ. എസ്. കെ. നായരെപ്പോലെ അവിടെവച്ച് കോവിഡിന് ഇരയായി.