Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ: ലത ഭാസ്ക്കർ
ഡോ: ലത ഭാസ്ക്കർ

ഡോ: ലത ഭാസ്ക്കർ

ലഘു ജീവചരിത്രം (Biography)

അങ്കണവാടികളുടെ സൗകര്യം പരിമിതം. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഒരുമിച്ചാണു പരിപാലിക്കുന്നത്. അവ മുഖ്യമായും ഊട്ടുപുരകൾ മാത്രം. പാവപ്പെട്ട കുട്ടികൾക്കു നിവൃത്തിയില്ലെങ്കിൽ പോയി ഇരിക്കാനുള്ള ഇടം. തൊഴിലെടുക്കേണ്ട അമ്മമാർക്ക് മക്കളെ ഏല്പിച്ചു പോകാമെന്ന ആശ്വാസമുണ്ട്. കേരളത്തിലെ അങ്കണവാടികളുടെ സ്ഥിതി അത്ര പന്തിയല്ല. കുട്ടികളുടെ എണ്ണം കുറയുന്നു. സ്കൂളുകളിലെ പ്രീ-പ്രൈമറി ക്ലാസുകളോടുള്ള ആഭിമുഖ്യം വർദ്ധിക്കുകയാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അങ്കണവാടികളെ സ്മാർട്ടാക്കാനുള്ള നടപടികൾ ആരംഭിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ മാതൃകാഅങ്കണവാടികളെ പ്രോത്സാഹിപ്പിക്കാൻ ജനകീയാസൂത്രണകാലത്ത് ഉയർത്തിപ്പിടിച്ച മാതൃകയെക്കുറിച്ചുള്ള വിശദീകരണത്തിന് ഏറെ പ്രസക്തിയുണ്ട്. ലത ഭാസ്ക്കർ ആയിരുന്നു ഇതിന്റെ സൂത്രധാര.

സാമൂഹികക്ഷേമവകുപ്പിൽ (പിന്നീടാണു സാമൂഹികനീതിവകുപ്പ് ആയത്) പ്രവർത്തിക്കുമ്പോഴാണ് ലത ഭാസ്ക്കർ ജനകീയാസൂത്രണസെല്ലിൽ എത്തുന്നതും വികേന്ദ്രീകൃതാസൂത്രണപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതും. സാമൂഹികക്ഷേമമേഖലയുമായി ബന്ധപ്പെട്ട ചുമതലകളാണ് സെല്ലിൽ ലത നിർവ്വഹിച്ചിരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സമഗ്രക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി അങ്കണവാടി കേന്ദ്രീകൃതമായി പരിശീലനപ്രവർത്തനങ്ങളുടെയും അതിനാവശ്യമായ പരിശീലനസഹായി തയ്യാറാക്കലിന്റെയും ചുമതലയേറ്റു. ഒപ്പം കൊല്ലം ജില്ലയിലെ പരിശീലനപരിപാടികളുടെ ചുമതലയും ലത ഭാസ്ക്കറിനായിരുന്നു.

എടുത്തുപറയാവുന്ന ഓരോർമ്മ കുടപ്പനക്കുന്ന് ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടി നിർമ്മാണമാണ്. ഒരു വാർഡിൽ അടുപ്പു കൂട്ടിയതുപോലെ മൂന്ന് അങ്കണവാടികൾ പ്രവർത്തിച്ചിരുന്നു.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി പാതിരപ്പള്ളി വാർഡിൽ ഒരു മാതൃകാഅങ്കണവാടി നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം ഗ്രാമസഭയിൽ ചർച്ചചെയ്യപ്പെട്ടു. ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങൾക്ക് ക്രഷ് സൗകര്യമാണു വേണ്ടത്. എന്നാൽ ആറു വയസ്സുവരെയുള്ള കുട്ടികളെല്ലാം ഒരുമിച്ച് ഒരു മുറിയിലാണ്. അങ്കണവാടികളുടെ ഭൗതികസൗകര്യങ്ങൾ തീർത്തും മോശം. മൂത്രപ്പുരപോലുമില്ല പലതിനും. ഈ ചർച്ചയ്ക്കൊടുവിൽ പഞ്ചായത്തുവക 14 സെന്റ് സ്ഥലത്ത് ഒരു മാതൃകാഅങ്കണവാടി നിർമ്മിക്കാൻ തീരുമാനമായി.

ആദ്യ വാർഷികപദ്ധതിയിൽത്തന്നെ 4.5 ലക്ഷം രൂപ കെട്ടിടനിർമ്മാണത്തിനു വകയിരുത്തി. കോസ്റ്റ് ഫോർഡിലെ സാജനും ഷൈലജയും കെട്ടിടത്തിന്റെ രൂപരേഖ ഉണ്ടാക്കിത്തരാമെന്നു സമ്മതിച്ചു. സാക്ഷാൽ ലാറി ബേക്കറാണ് ഈ കെട്ടിടം ഡിസൈൻ ചെയ്തത്. ബേബി ക്രഷ് ആയി പ്രവർത്തിക്കാവുന്ന ഒരു വിഭാഗം. 3-4 വയസ്സുകാർക്കും 4-5 വയസ്സുകാർക്കും വെവ്വേറെ സെക്‌ഷനുകൾ. അമ്മമാർക്കും പെൺകുട്ടികൾക്കും വന്നിരിക്കാനും സഹകരിക്കാനുമുള്ള സൗകര്യങ്ങൾ, വരാന്ത, ശിശുസൗഹൃദടോയ്ലറ്റുകൾ. കിണർ, വാട്ടർടാങ്ക്, ഇലക്ട്രിസിറ്റി കണക്‌ഷൻ, ഫാൻ, ലൈറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും. ആവശ്യമെങ്കിൽ അങ്കണവാടിയുടെ അങ്കണത്തിൽ ഒരു യോഗമോ കല്യാണമോ നടത്താൻ പാകത്തിൽ വരാന്ത സ്റ്റേജ് പോലെയും ഉപയോഗിക്കാം. ഭാവിയിൽ സ്ത്രീകൾക്കു പ്രവൃത്തിപരിശീലനം നല്കാൻ രണ്ടാമതൊരു നില നിർമ്മിക്കാൻ മുകളിലേക്കു സ്റ്റെയർകേസ്. ചുമരുകളിൽ കുട്ടിക്കഥകളിലെ കഥാപാത്രങ്ങൾ. മുന്തിരിക്കുലയ്ക്കു വേണ്ടി ചാടുന്ന കുറുക്കൻ. ആന, അക്ഷരങ്ങൾ ഒക്കെ ഇടംപിടിച്ചു. ബ്ലോക്ക് പഞ്ചായത്തും ഈ മാതൃകാഅങ്കണവാടിക്ക് കുറച്ചു ഫണ്ട് നല്കി.

തൊട്ടടുത്തുള്ള മൂന്ന് അങ്കണവാടികൾ സംയോജിപ്പിച്ച് ഒന്നാക്കി. മൂന്നു ടീച്ചർമാരും (വർക്കർ), മൂന്നു ഹെൽപ്പർമാരും ചുമതലയേറ്റു. അതൊരു വലിയ മാറ്റം ഉണ്ടാക്കി. ആദ്യമൊക്കെ സാമൂഹികക്ഷേമവകുപ്പിന് പഞ്ചായത്തിന്റെ ഈ വിപ്ലവകരമായ തീരുമാനം സ്വീകാര്യമായില്ല. വികേന്ദ്രീകരിച്ച അധികാരങ്ങൾ ഉപയോഗിച്ച് ഇതു പഞ്ചായത്തിനു ചെയ്യാനാകുമെന്ന നില സ്വീകരിച്ചപ്പോൾ അവർ പത്തി മടക്കി.

ജനകീയാസൂത്രണസെമിനാറുകളോട് അനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളെജ് അങ്കണത്തിലും ചെന്നൈയിൽ യൂണിസെഫ് സംഘടിപ്പിച്ച ദേശീയസെമിനാറിലും ഈ മാതൃക ശ്രദ്ധ പിടിച്ചുപറ്റി.

തുടർന്ന് അനേകം പരിശീലനസന്ദർഭങ്ങളും പ്രൊജക്ടുകളും ഈ അങ്കണവാടി കേന്ദ്രീകരിച്ചു നടന്നുവന്നിരുന്നു. ലത ഭാസ്ക്കറിനെ സംബന്ധിച്ച് അതൊരു സ്വപ്നസാഫല്യമായി. സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയമായ അങ്കണവാടികൾക്കു പുതിയ രൂപവും ഭാവവും നല്കി. ഈ കെട്ടിടം തുടർന്നു പല പഠനങ്ങൾക്കും പരിശീലനങ്ങൾക്കും താവളമായി. കുട്ടികൾക്കാവശ്യമായ കളിക്കോപ്പുകളും ഫർണീച്ചറും പലരും സ്പോൺസർ ചെയ്തു.

ജനകീയാസൂത്രണപ്രസ്ഥാനം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തയ്യാറാക്കിയ സാമൂഹികക്ഷേമപരിശീലനപുസ്തകത്തിൽ ഈ മാതൃകാഅങ്കണവാടി വിവരിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും പുറത്തുമുള്ള പല അങ്കണവാടികളും സംയോജിതശിശുക്ഷേമത്തിനു മാതൃക സൃഷ്ടിച്ചു.

അങ്കണവാടിപ്രവർത്തകർക്കായി ജനകീയാസൂത്രണപദ്ധതി ഒട്ടനേകം സെമിനാറുകൾ എല്ലാജില്ലയിലും സംഘടിപ്പിച്ചു. കുടുംബശ്രീപ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതിനു മുമ്പ് സ്ത്രീകൾ ഒത്തുചേരുന്ന ഏറ്റവും വലിയ വേദികളായിരുന്നു ഈ സമ്മേളനങ്ങൾ. സ്ത്രീപങ്കാളിത്തപ്രവർത്തനങ്ങൾക്കു കരുത്തേകാൻ ഈ പ്രവർത്തനങ്ങൾ തുണയായി.

ലത ഭാസ്ക്കറിന്റെ പ്രത്യേകത മറ്റുള്ളവരുമായി നെറ്റുവർക്ക് ചെയ്യാനുള്ള മികവാണ്. അതുകൊണ്ട് വിവിധ വകുപ്പുകളിലെ സീനിയർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുത്താൻ ലത ഭാസ്ക്കറിനെയാണു പലപ്പോഴും നിയോഗിച്ചിരുന്നത്. മറ്റൊന്ന്, ഏതു വിഷയവും ചിട്ടയായി പഠിക്കുന്ന പ്രവണതയാണ്. ഇതു ജനകീയാസൂത്രണത്തിനുശേഷം ലതയുടെ പ്രവർത്തനങ്ങളെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തി.

കുടുംബശ്രീ രൂപവത്ക്കരിക്കപ്പെട്ടപ്പോൾ ലത ഭാസ്ക്കറെ പുതിയ ചുമതലയിലേക്കു നിയോഗിച്ചു. ഒരു വർഷം കഴിഞ്ഞ് ലയോള കോളെജിൽ പിഎച്ച്‌ഡി ഗവേഷണത്തിനു ചേർന്നു. എം. എ. സോഷ്യോളജി, എംഎസ്ഡബ്ല്യു ബിരുദാനന്തരബിരുദങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ഡോ. ലത ഭാസ്ക്കറുടെ പ്രവർത്തനം കൺസൾട്ടൻസി മേഖലകളിലേക്കു വളർന്നു. സോഷ്യൽ ഡെവലപ്‌മെന്റ് എക്സ്പേർട്ട്, പാരിസ്ഥിതികാവലോകന കൺസൾട്ടന്റ് എന്നീ നിലകളിൽ തുടർന്നുള്ള 20 വർഷക്കാലം വിവിധങ്ങളായ അന്തർദേശീയ, ദേശീയ ഏജൻസികളിൽ പ്രവർത്തിച്ചു. ഒട്ടേറെ വൻകിട വികസനപ്രൊജക്ടുകളുടെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആധികാരികപഠനങ്ങൾ നടത്തി. തുറമുഖവികസനമാണ് വിശേഷാലായി സ്പെഷ്യലൈസ് ചെയ്ത ഒരു മേഖല. ഇപ്പോൾ നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററിൽ തീരദേശഹൈവേയ്ക്കു വേണ്ടിയുള്ള ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകുന്നു.