പി. വി. അനിയൻ
ലഘു ജീവചരിത്രം (Biography)
മനസു നിറയെ വലിയ സ്വപ്നങ്ങളും വിട്ടുവീഴ്ചയില്ലാത്ത ആദർശങ്ങളും. എന്തിനെക്കുറിച്ചും കൃത്യമായ രാഷ്ട്രീയലൈൻ തുറന്നുപറയാൻ കൂസലില്ല. പക്ഷെ, കലഹത്തിനില്ല. സൗമ്യതയുടെ പര്യായം. പറയേണ്ടതു പറഞ്ഞു കഴിഞ്ഞാൽ തീരുമാനം സ്തുത്യർഹമായി നടപ്പാക്കാൻ ജനകീയാസൂത്രണസെല്ലിലെ മറ്റെല്ലാവരുമായി രാപ്പകൽ ചേരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി. വി. അനിയൻ.
ജെഎൻയുവിൽനിന്നു ജിയോഗ്രാഫിയിൽ എംഫിൽ കഴിഞ്ഞു പുറത്തിറങ്ങിയ കൃശഗാത്രനായ കുപ്പിക്കണ്ണടക്കാരൻ എങ്ങനെ ജനകീയാസൂത്രണസെല്ലിൽ എത്തി? എത്തിച്ചത് അനിയന്റെ വിപുലീകൃതകുടുംബത്തിലെ അംഗം ജോയ് ഇളമൺ ആയിരുന്നു. ജനകീയാസൂത്രണത്തെക്കുറിച്ചുള്ള റൊമാന്റിക് അതിഭാവനകളും പ്രചോദനമായി. സോവിയറ്റ് കമ്മ്യൂൺ പോലെ കേരളത്തിലെ പഞ്ചായത്തുകൾ വളർന്നാൽ എങ്ങനെയിരിക്കും? ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ചല്ല കമ്മ്യൂണിന്റെ സാദ്ധ്യതകളെക്കുറിച്ചാണ് അനിയൻ വാചാലനാകാറ്. കേരളം അത്തരം സ്വപ്നങ്ങളിൽനിന്ന് ഏറെ അകലെയാണെന്നതു ജനകീയാസൂത്രണത്തിനുശേഷം കുറച്ചൊന്നുമല്ല അനിയനെ അലട്ടിയത്.
പിന്നെ സെല്ലിൽ ചേരുന്നതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നുവെന്ന് അനിയൻ ഓർക്കുന്നു. സെല്ലിലെ രാപ്പകൽ കൂട്ടായ പ്രവർത്തനത്തിന്റെ ഹരം. വലുപ്പച്ചെറുപ്പവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാ പണിയും ചെയ്യും. അനിയൻ ഇതിനെയും വളരെ റൊമാന്റിക് ആയിട്ടാണു കണ്ടിരുന്നത്. ഏതു പണിക്കും എപ്പോൾ വിളിച്ചാലും അനിയൻ റെഡി.
പക്ഷെ, അനിയന്റെ സാങ്കേതികമികവിനനുസരിച്ച് വിശേഷാൽ ചുമതലകളുണ്ടായിരുന്നു. കുടിവെള്ള-നീർത്തടപരിപാടികൾക്കുള്ള കിച്ചു-റെസി-എ. എസ്. കെ ടീമിലാണ് ആദ്യം ചേർന്നത്. റെസിയൊഴികെ ബാക്കി എല്ലാവരും ജിയോഗ്രാഫിക്കാർ ആയിരുന്നു. അനിയന്റെ പിഎച്ച്ഡി പഠനവിഷയം കേരളത്തിന്റെ സാമൂഹികഭൂപ്രകൃതിയുടെ പരിണാമവും.
ഇവിടെനിന്ന് അനിയൻ അവസാനവർഷമായപ്പോഴേക്കും ജില്ലാപ്ലാൻ തയ്യാറാക്കുന്ന ടീമിൽക്കൂടി അംഗമായി. ജില്ലാപ്പദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നല്ലോ സ്പേഷ്യൽ പ്ലാൻ. ജില്ലാപ്ലാൻ സംബന്ധിച്ച സിഡിഎസ് സെമിനാറിന്റെ സംഘാടകരിൽ ഒരാളായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും അറിയാവുന്നതുകൊണ്ട് പുറത്തുനിന്നു ജനകീയാസൂത്രണം പഠിക്കാൻ വരുന്ന വിദഗ്ദ്ധരെ പലപ്പോഴും സഹായിക്കാൻ നിയോഗിച്ചിരുന്ന ഒരാൾ അനിയനായിരുന്നു. കൈപ്പുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാക്കുക, അന്തർദേശീയസമ്മേളനത്തിന്റെ സംഘാടനം തുടങ്ങിയവയിലെല്ലാം സജീവമായിരുന്നു.
അനിയന്റെ മറ്റൊരു പ്രവർത്തനമണ്ഡലം ശാസ്ത്രസാങ്കേതികസ്ഥാപനങ്ങളുമായുള്ള ബന്ധം സജീവമായി നിലനിർത്തൽ ആയിരുന്നു. ലാബിൽനിന്നു പ്രവർത്തനപുരയിടങ്ങളിലേക്കുള്ള ശാസ്ത്രജ്ഞരുടെ കടന്നുവരവ് അനിയനെ ആവേശംകൊള്ളിച്ചു.
ജനകീയാസൂത്രണം പിഎച്ച്ഡിക്കു തടസ്സമാവില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷെ, പിന്നീട് ഒരു ദശാബ്ദത്തിലേറെ കാലമെടുത്തു അക്കാദമിക് പഠനത്തിലേക്കു തിരിച്ചെത്താൻ. അതിനിടയിൽ 2006-11 കാലത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാനായിരുന്ന പ്രൊഫ. പ്രഭാത് പട്നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയായും അഞ്ചുവർഷക്കാലം പ്രവർത്തിച്ചു. തിരിച്ചു ദില്ലിയിൽ പഠിക്കാനെന്നുപറഞ്ഞു പോയ അനിയൻ കുറച്ചുകാലം ഏതാണ്ടു പൂർണ്ണസമയ രാഷ്ട്രീയപ്രവർത്തനത്തിൽ ആയിരുന്നു. കുറച്ചു കാലതാമസം ഉണ്ടായെങ്കിലും കേരളത്തെക്കുറിച്ചു പഠിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ടുന്ന ഒരു പ്രബന്ധം സമർപ്പിച്ച് ഔപചാരിക ഡോക്ടറേറ്റ് ബിരുദം നേടി. ആ കടമ നിർവ്വഹിച്ചതോടെ ദില്ലിയിൽ പൂർണ്ണസമയ ട്രേഡ് യൂണിയൻ പ്രവർത്തകനായി. ഇപ്പോൾ ദില്ലി സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗമാണ്.
കേരളത്തിലെ അധികാരവികേന്ദ്രീകരണം ഏറെ മുന്നോട്ടു പോകാനുണ്ടെന്ന പക്ഷക്കാരനാണ്. കുടുംബശ്രീ വലിയ നേട്ടമാണ്. ആസൂത്രണം എങ്ങനെ അടിസ്ഥാനവർഗ്ഗങ്ങളെയും അവരുടെ സമരങ്ങളെയും സ്വാധീനിക്കുന്നുവെന്നതു വിലയിരുത്തപ്പെടേണ്ടതുണ്ട്. തൊഴിലാളി-ഉപഭോക്തൃ കൗൺസിലുകളെക്കുറിച്ചാണ് ഇന്നും സ്വപ്നം കാണുന്നത്. പൊതുസേവനങ്ങൾക്കു മുൻഗണന, ജൻഡർവിഭജനം അവസാനിപ്പിക്കൽ, ഗാർഹികജോലിയുടെ സാമൂഹികവിൽക്കരണം, പരിസ്ഥിതിസന്തുലനം, എക്സ്റ്റേണലിറ്റീസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യൽ തുടങ്ങിയവ അനിയൻ ഭാവിവികേന്ദ്രീകരണത്തിൽ പ്രധാനമായി കാണുന്നു.
ആദ്യചിത്രം: പി. വി. അനിയൻ (സംസാരിച്ചുകൊണ്ടു നില്ക്കുന്നു)