Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

പി. കൃഷ്ണൻ

പി. കൃഷ്ണൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണസെല്ലിലെ ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു പി. കൃഷ്ണൻ. ധനകാര്യം, ട്രാൻസ്പോർട്ടേഷൻ, അക്കോമഡേഷൻ, ജാഥാ മാനേജർ, ഡെസ്പാച്ച്, ഇങ്ങനെ എന്തുവേണമെങ്കിലും കൃഷ്ണൻ മാഷിനെ ഏല്പിക്കാം; കൃത്യമായി നടന്നിരിക്കും.

ജനകീയാസൂത്രണസെല്ലിൽ ആദ്യം ചുമതലയേറ്റ രണ്ടുപേരാണ് ഡോ. ജോയ് ഇളമണും പി. കൃഷ്ണനും. ഉദ്ഘാടനത്തിനുമുമ്പേ എല്ലാ സംഘടനകളുമായി ആശയവിനിമയത്തിനു യോഗം വിളിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ആസൂത്രണബോർഡ്. ഇ. എം. ശ്രീധരൻ കൃഷ്ണനു നല്കിയ ആദ്യനിർദ്ദേശം ഇതായിരുന്നു - എല്ലാ പാർട്ടികളുടെയും ഓഫീസുകൾ സന്ദർശിച്ച് അവരുടെ ബഹുജനസംഘടനകളുടെ ഭാരവാഹികളുടെ പേരുവിവരവും ഫോൺ നമ്പറും ശേഖരിക്കുക.

മൂന്നാംഘട്ടപരിശീലനം അതിവിപുലമായിരുന്നു. നാലു കേന്ദ്രങ്ങളിൽ ഓരോന്നിലും ആയിരത്തിലേറെ പേർ പങ്കെടുത്തിരുന്നു. ഒരു ഘട്ടത്തിൽ 36 വേദികളിൽവരെ അവതരണങ്ങൾ നടന്നിരുന്നു. പാലാരിവട്ടത്തെ റിന്യൂവൽ സെന്ററിലുള്ള പരിശീലനകേന്ദ്രത്തിന്റെ സെല്ലിൽനിന്നുള്ള ചുമതല കൃഷ്ണൻ മാഷിനായിരുന്നു.

പരിശീലനത്തിനു 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സംസ്ഥാന ആസൂത്രണബോർഡ് തയ്യാറാക്കിയിരുന്നത്. ഇന്നുള്ളതുപോലെ ഇലക്ട്രോണിക് ബാങ്കിങ് സൗകര്യമൊന്നും ഇല്ലാത്തതുകൊണ്ട് ചെലവിനുള്ള 12 ലക്ഷം രൂപയുംകൊണ്ടാണ് കൃഷ്ണൻ മാഷ് എറണാകുളത്തേയ്ക്കു പോയത്. എന്നാൽ പരിശീലനം അവസാനിച്ചപ്പോൾ ആകെ ചെലവായത് 3,91,000 രൂപ! കൃഷ്ണൻ മാഷ് അങ്ങനെയാണ്. പൊതുപ്പണം പിശുക്കിയേ ചെലവാക്കൂ. എല്ലാ ചെലവിനും വൗച്ചറുമുണ്ടാകും. അതുകൊണ്ട് സെല്ലിൽ ആദ്യഘട്ടത്തിൽ ധനകാര്യത്തിന്റെ ചുമതല കൃഷ്ണൻ മാഷിയിരുന്നു.

പിന്നീടാണ് കണക്കുകൾ സൂക്ഷിക്കാനുള്ള സഹായത്തിനായി സമ്പൂർണ്ണസാക്ഷരതായഞ്ജത്തിൽ ഒപ്പമുണ്ടായിരുന്ന വിജയകുമാറിനെക്കൂടി സെല്ലിൽ എടുത്തത്. സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ കൃഷ്ണൻ മാഷ് തിരുവനന്തപുരം ജില്ലാകോർഡിനേറ്റർമാരിൽ ഒരാളായിരുന്നു.

ഞങ്ങളുടെയൊക്കെ സൗകര്യം കണക്കിലെടുത്ത് പരിശീലനങ്ങളുടെ മുഖ്യവേദി തിരുവനന്തപുരം മാർ ഇവാനിയോസിലാക്കി. മാസങ്ങൾ നീങ്ങുനില്ക്കുന്ന പരിശീലനപരിപാടികളായിരുന്നു പലതും. സാമ്പത്തികകാര്യം നിർവ്വഹിക്കുന്നതോടൊപ്പം പരിശീലനത്തിനായി എത്തുന്നവർക്കു താമസസൗകര്യം, ഭക്ഷണം എന്നിവ ഒരുക്കുന്നതിനുമുള്ള പ്രധാന ചുമതലക്കാരൻ കൃഷ്ണൻ മാഷായിരുന്നു.

സെല്ലിലെ പ്രവർത്തനസമയം ആരംഭിക്കുന്നത് കാലത്ത് ഏഴുമണിക്ക് ആയിരുന്നു. പോകുമ്പോൾ മിക്ക ദിവസങ്ങളിലും രാത്രി രണ്ടുമണി കഴിയും. ഞായർ ഒഴിവുദിവസം എന്നൊന്നും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ആയിരക്കണക്കിനു കത്തുകളാണ് അയച്ചിരുന്നത്. രാത്രി എത്ര വൈകിയാലും കാലത്ത് ഏഴുമണിക്ക് കൃഷ്ണൻ മാഷ് റെഡി.

രണ്ടാംവർഷം എല്ലാജില്ലയിലും വനിതാജനപ്രതിനിധി കൺവെൻഷൻ നടത്തി. കൺവെൻഷൻ ആരംഭിക്കുക കലാജാഥാടീമിന്റെ നാടകാവതരണത്തോടെയാണ്. അതുസംബന്ധിച്ച ചർച്ചയാണ് കൺവെൻഷന്റെ അടുത്ത അജൻഡ. കലാജാഥയുടെ മാനേജർ കൃഷ്ണൻ മാഷായിരുന്നു.

കലാജാഥയുടെ മാനേജരാക്കാൻ ഒരു കാരണമുണ്ടായിരുന്നു. കൃഷ്ണൻ മാഷ് ഒരു കലാകാരൻ കൂടിയാണ്. വിദ്യാർത്ഥിയായിരിക്കെ ‘കറിവേപ്പില’ എന്ന നാടകത്തിൽ അഭിനയിക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് സി. എൽ. ജോസിന്റെ ‘ജ്വലനം’, ‘മണൽക്കാട്’ തുടങ്ങി 18 നാടകങ്ങളിൽ അഭിനയിച്ചു. കെ. കെ. രാജീവിന്റെ ‘മഴയറിയാതെ’ എന്ന സീരിയലിലും അഭിനയിച്ചു.

പതിനേഴു വയസ്സുമാത്രം ഉള്ളപ്പോൾ ഇന്ത്യൻ വ്യോമസേനയിൽ ട്രെയിനിയായി. മിഗ് വിമാനത്തിന്റെ മെയിന്റനൻസിൽ പ്രത്യേകപരിശീലനം ലഭിച്ചു. 1965-ലും 1971-ലും ഉണ്ടായ ഇന്ത്യാ-പാക്കിസ്താൻ യുദ്ധത്തിൽ പങ്കെടുത്തു. സ്തുത്യർഹമായ സേവനത്തിനു 10 മെഡലുകൾ കരസ്ഥമാക്കി. ബഹിരാകാശസഞ്ചാരിയായ രാകേഷ് ശർമ്മയോടൊപ്പം മൂന്നു വർഷത്തോളം പ്രവർത്തിക്കാനുള്ള അവസരവുമുണ്ടായി.

12-ാം വയസ്സിൽ ബാലസംഘം സെക്രട്ടറിയായിരുന്നു. പഠിക്കുമ്പോൾ വിദ്യാർത്ഥി ഫെഡറേഷനിലും സജീവമായി പങ്കെടുത്തു. പട്ടാളത്തിൽനിന്നു പിരിഞ്ഞശേഷം 10 വർഷത്തോളം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകനായിരുന്നു. എൻസിസി ഡിപ്പാർട്ടുമെന്റിൽ സൂപ്രണ്ട്, എൻജിഒ യൂണിയൻ ജില്ലാക്കൗൺസിൽ അംഗം, കേരള സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി, ദേശീയ ശിശുക്ഷേമസമിതി തെക്കൻ മേഖലാ കൺവീനർ, ജോയിന്റ് സെക്രട്ടറി, ജുവനൈൽ ജസ്റ്റീസ് അഡ്വൈസറി ബോർഡ് മെമ്പർ (കേരളം) എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലയുടെ കൺവീനറുടെ ചുമതലയും ഉണ്ടായിരുന്നു.

ബാലസംഘം രക്ഷാധികാരിസമിതി തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയായി 14 വർഷം പ്രവർത്തിച്ചു. സംസ്ഥാന ഏകോപനസമിതി അംഗമായും അത്രയും വർഷം ഉണ്ടായിരുന്നു. സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, റെഡ് വോളന്റിയർ തിരുവനന്തപുരം ജില്ലാക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ ബാലസംഘം സംസ്ഥാനസെന്ററിൽ പ്രവർത്തിക്കുന്നു.