Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ടി. കമല

ടി. കമല

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ വളർച്ചയോടൊപ്പം ജനകീയാസൂത്രണസെല്ലും വിപുലമായി. അതതു സമയത്തെ പ്രവർത്തനമുൻഗണനയ്ക്ക് അനുസരിച്ച് താൽക്കാലികമായാണെങ്കിലും അനുയോജ്യരായവരെ സെല്ലിൽ എടുക്കേണ്ടിവന്നു. ഒന്നാംവർഷം പകുതിയായപ്പോഴേക്ക് പരിശീലനങ്ങൾ ഉച്ചസ്ഥായിയിലെത്തി. സംസ്ഥാന റിസോഴ്സ് പേഴ്സൺമാർ, ജില്ലാറിസോഴ്സ് പേഴ്സൺമാർ, പ്രാദേശിക റിസോഴ്സ് പേഴ്സൺമാർ, സന്നദ്ധ-സാങ്കേതികവിദഗ്ദ്ധർ, തദ്ദേശഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റൽ ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ചിട്ടയായി ഡോക്യുമെന്റ് ചെയ്യുകയും ലഭ്യമാക്കുകയും ചെയ്യാൻ ഒരു സ്ഥിരം സംവിധാനം അനിവാര്യമായി. അതുപോലെതന്നെ ജനകീയാസൂത്രണത്തെക്കുറിച്ചു വരുന്ന പത്രവാർത്തകൾ തുടങ്ങിയവ സംബന്ധിച്ച വിപുലമായ ഡോക്യുമെന്റേഷൻ ജോലികളുടെ ഒരു വലിയ മേഖല തുറന്നു. ഈ ചുമതലകൾ ഏറ്റെടുത്തത് കമലട്ടീച്ചറാണ്.

വളരെ കൃത്യതയോടെ പരിശീലനത്തിൽ പങ്കെടുക്കുന്ന റിസോഴ്സ് പേഴ്സൺമാരുടെ കൃത്യമായ വിവരവ്യൂഹം ടീച്ചർ സജ്ജമാക്കി. അതോടെ റിസോഴ്സ് പേഴ്സൺമാർക്കുണ്ടായിരുന്ന നിരവധി പരാതികളും പരിഹരിച്ചു. ഇതോടൊപ്പം ജനകീയാസൂത്രണത്തെ സംബന്ധിച്ചു നടക്കുന്ന എല്ലാ മാദ്ധ്യമവാർത്തകളേയും കൃത്യമായി ഇനം തിരിച്ചുള്ള ഡോക്യുമെന്റ് ചെയ്തു. അതുവരെ ശേഖരിച്ചിരുന്ന വാർത്തകളും മറ്റും പുതിയ രീതിയുമായി സംയോജിപ്പിച്ചു. ജനകീയാസൂത്രണസെല്ലിലെ എല്ലാവരെയും ഈ പ്രവർത്തനങ്ങളുടെ ടീമിലേക്കു കണ്ണി ചേർക്കാനും ടീച്ചർക്കു കഴിഞ്ഞു. ഒപ്പമുള്ളവരെ സൗഹൃദത്തിലൂടെ പ്രവർത്തനത്തിന്റെ ഭാഗമാക്കിത്തീർക്കാൻ ടീച്ചർക്കു സവിശേഷമായ കഴിയുണ്ട്.

ജനകീയാസൂത്രണത്തിന്റെ ഒന്നാംവർഷം കഴിഞ്ഞതോടെ വനിതാഘടകപദ്ധതിയുടെയും വനിതാപങ്കാളിത്തത്തിന്റെയും ദൗർബല്യങ്ങൾ വളരെ പ്രകടമായി. വനിതാജനപ്രതിനിധികളുടെ കൂട്ടായ്മയുടെയും ശാക്തീകരണത്തിന്റെയും അടിസ്ഥാനത്തിൽ ഈ ദൗർബല്യങ്ങൾ മറികടക്കാൻ ഒരു പരിപാടി ആവിഷ്കരിച്ചു. 1998-ൽ വനിതാജനപ്രതിനിധികളുടെ ജില്ലാകൺവെൻഷനോടെയാണ് ഇതിനു തുടക്കം കുറിച്ചത്. തുടർന്ന്, രണ്ടാം വാർഷികപദ്ധതിയുടെ വനിതാകർമ്മസമിതി പരിശീലനം വന്നു. ഇങ്ങനെ തുടർച്ചയായ പരിശീലനങ്ങൾ. അതോടെ ഡോക്യുമെന്റേഷനോടൊപ്പം വനിതാപരിശീലനങ്ങൾക്കായുള്ള ടീമിൽ കമലട്ടീച്ചറും ഒരു മുഖ്യ ചുമതലക്കാരിയായി.

തുടർന്ന് 2000-ത്തിലെ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പു കഴിഞ്ഞ വേളയിൽ മുൻ ജനപ്രതിനിധികളും വനിതാ റിസോഴ്സ് പേഴ്സൺമാരും തെഞ്ഞെടുത്ത ജനകീയാസൂത്രണറിസോഴ്സ് പേഴ്സൺമാരും ഉൾക്കൊള്ളുന്ന വലിയൊരു സംഘത്തെ മാനവീയം സ്ത്രീപദവിപഠനപരിപാടിക്കായി തയ്യാറാക്കി. ഇവരുടെ നേതൃത്വത്തിൽ വനിതാജനപ്രതിനിധികൾക്കും മുൻ വനിതാജനപ്രതിനിധികൾക്കുമായി വിപുലമായ പരിശീലനം സംഘടിപ്പിച്ചു. ഇതിന്റെ ഫാക്കൽറ്റി കോ-ഓഡിനേഷനും പരിശീലനസംഘാടനവും ഡോ. ടി. എൻ. സീമയും കമലട്ടീച്ചറും ചേർന്ന സംഘമാണു നയിച്ചത്.

ഈ പരിശീലനത്തിനായി ‘ജനകീയാസൂത്രണവും സ്ത്രീമുന്നേറ്റവും’ എന്ന പേരിൽ സമഗ്രമായ ഒരു പുസ്തകം സീമയും കമലട്ടീച്ചറും സിന്ധുവും രാജ്മോഹനകുമാറും ചേർന്നു തയ്യാറാക്കി. ആ പുസ്തകമാണ് തുടർന്ന് തദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന സ്ത്രീപദവിപഠനത്തിന്റെ അടിസ്ഥാന റിസോഴ്സ് ബുക്കായി ഉപയോഗിച്ചത്.

പ്രവർത്തനബാഹുല്യം ഉണ്ടാകുന്ന വേളകളിൽ ശാന്തവും സൗഹൃദപൂർണ്ണവുമായി തിരക്കിനെ സാധാരണ സാഹചര്യത്തെപ്പോലെ മാറ്റി കൈകാര്യം ചെയ്യൽ ടീച്ചറുടെ പ്രവർത്തനരീതിയുടെ സവിശേഷതയായിരുന്നു. പ്രകോപനമല്ല, പ്രോത്സാഹനമാണു ടീച്ചറിന്റെ പ്രവർത്തനതന്ത്രം. ഇതും ഒപ്പം പ്രവർത്തിച്ചവർക്കു ടീച്ചർ തുറന്നുനല്കിയ പാഠമായിരുന്നു. തുടർന്നു സാക്ഷരതാമിഷന്റെ പ്രവർത്തനത്തിലേക്കു പോയ ടീച്ചറിന് ജനകീയാസൂത്രണത്തിന്റെ ഈ പ്രവർത്തനാനുഭവം പ്രയോജനകരമായിരുന്നു.

കമലട്ടീച്ചറിന്റെ അച്ഛൻ തൈക്കണ്ടിയിൽ ആണ്ടി മാസ്റ്റർ ഒഞ്ചിയം സമരപോരാളിയായിരുന്നു. ഒന്നരവർഷം ജയിലിലായിരുന്നു. വടകരയിൽ ചോമ്പാല എൽപി സ്കൂൾ അദ്ധ്യാപകനും പ്രദേശത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി സെന്റ് ജോസഫ് സ്കൂളിൽ കമലട്ടീച്ചർ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന വേളയിലാണ് അന്നു പാർട്ടിയുടെ കണ്ണൂർ ജില്ലാസെക്രട്ടേറിയറ്റ് അംഗവും കൂത്തുപറമ്പ് എംഎൽഎയുമായിരുന്ന പിണറായി വിജയനുമായുള്ള വിവാഹം.

വനിതാഘടകപദ്ധതിപരിശീലനവും സ്ത്രീപദവിപഠനപരിശീലനവും വളരെ വൈകിയാണ് അവസാനിക്കാറുള്ളത്. അഞ്ചുദിവസം ദൈർഘ്യമുള്ള പരിശീലനം. ഇടയ്ക്കു സംഘാടകർക്കു വിശ്രമമില്ല. രാവിലെ 7. 30 - രാത്രി 11 - 12 - ഇതായിരുന്നു സംഘാടകരുടെ സമയം. ഈ മുഴുവൻ സമയവും ടീമിന് ഊർജ്ജവും ഉത്സാഹവും പകർന്ന് സംഘത്തോടൊപ്പം കമലട്ടീച്ചറും ആസൂത്രണബോർഡിലും പരിശീലനവേദിയിലും ഉണ്ടാകുമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായുള്ള ഗ്രൂപ്പ് വർക്കിനു നേതൃത്വം നല്കാനും ടീച്ചറുണ്ട്. സംഘാടക, ഏകോപക, ഒപ്പം ടീച്ചറും – ഇതായിരുന്നു പരിശീലനത്തിലെ ടീച്ചർ. അനൗപചാരികത്വവും ടീം സൗഹാർദ്ദവും ജനകീയാസൂത്രണസേഖരത്തിലെ പല ചിത്രങ്ങളിലും പ്രകടമാണ്.