Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ബി. വിജയകുമാർ
ബി. വിജയകുമാർ

ബി. വിജയകുമാർ

ലഘു ജീവചരിത്രം (Biography)

കൃഷ്ണൻ മാഷിനോടൊപ്പം രണ്ടും കൈയും ഉയർത്തി ഏതോ വിജയാരവം മുഴക്കുന്ന ബി. വിജയകുമാറിനെ ഒരു ചിത്രത്തിൽ കണ്ടു. എന്താണ് ആ ചിരിയുടെ പ്രകോപനമെന്ന് എനിക്ക് അറിഞ്ഞുകൂടാ. കാരണം വിജയകുമാർ ജനകീയാസൂത്രണസെല്ലിലെ ഏറ്റവും കുറച്ചു ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്ന അംഗമായിരുന്നു. കാലത്ത് 7 മണി മുതൽ രാത്രി ഏറെ വൈകുന്നതുവരെ വിജയകുമാറിനെ സെല്ലിൽ കാണാം. അന്നന്നത്തെ കണക്കുകൾ അന്നന്നുതന്നെ തീർത്തിട്ടേ വീട്ടിൽ പോകൂ. അതിനിടയിൽ ചിരിയും വർത്തമാനവുമെല്ലാം നന്നേ കമ്മി.

1998-ലാണ് വിജയകുമാർ ജനകീയാസൂത്രണസെല്ലിൽ ചേരുന്നത്. വ്യവസായ-വാണിജ്യവകുപ്പിലെ വികസനഓഫീസറായി എറണാകുളത്തു ജോലി ചെയ്യുകയായിരുന്നു. സമ്പൂർണ്ണസാക്ഷരതാപദ്ധതിയിൽ തിരുവനന്തപുരം പ്രൊജക്ടിലെ ആറ്റിപ്ര പഞ്ചായത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസറായി ജോലി ചെയ്തിരുന്നു. എൻജിഒ യൂണിയന്റെ സംസ്ഥാനകൗൺസിലർ ആയിരുന്നു. കെജിഒഎ, ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവയിലും പ്രവർത്തിച്ചിരുന്നു. സർവ്വോപരി ആറ്റിപ്രയിൽ മനമോഹന്റെ അയൽവാസി. അങ്ങനെയാണ് ജനകീയാസൂത്രണസെല്ലിൽ എത്തുന്നത്.

ജനകീയാസൂത്രണത്തിന്റെ സെല്ലിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യലായിരുന്നു വിജയകുമാറിന്റെ മുഖ്യചുമതല. സാധാരണ സർക്കാർസംവിധാനത്തിൽ ക്യാഷ് ക്രയവിക്രയം ചെയ്യുന്നതിൽനിന്നു വ്യത്യസ്തമായ രീതിയിലായിരുന്നു സെല്ലിലെ പ്രവർത്തനം. നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി പ്രവർത്തനങ്ങൾക്കു തടസ്സം വരാൻ പാടില്ലായിരുന്നു. പ്രവർത്തനങ്ങൾക്കു പരാതിയില്ലാതെ പണം ലഭ്യമാക്കേണ്ടിയിരുന്നു. നിരന്തരമായി ആയിരക്കണക്കിനുപേർ പങ്കെടുക്കുന്ന ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന പരിശീലനങ്ങൾ. ഇതിനു വേണ്ട ചെലവുകൾ എല്ലാം സമയബന്ധിതമായി ചെയ്യേണം.

പരിശീലനകേന്ദ്രങ്ങളിൽ കൊണ്ടുപോയി ചെലവു ചെയ്തിരുന്നു. കിലയിൽ നടക്കുന്ന പരിശീലനങ്ങൾക്ക് അവിടെപ്പോയി താമസിച്ചു പരിശീലനങ്ങൾക്കു വേണ്ട സൗകര്യങ്ങളും റ്റിഎയും വാഹനസൗകര്യവും ഏർപ്പാട് ചെയ്യേണ്ടിയിരുന്നു. വലിയ തുകയാണ് പരിശീലനത്തിന് അഡ്വാൻസ് കൈപ്പറ്റുന്നത്. ഇതു ചെലവുചെയ്തു വൗച്ചറുകൾ ശേഖരിച്ച് പരിശീലനം കഴിഞ്ഞു സെറ്റിൽ ചെയ്യുന്ന രീതിയായിരുന്നു.

പരിശീലനങ്ങൾക്കു വേണ്ട വാഹനങ്ങൾ ലഭ്യമാക്കൽ, ഡ്രൈവർമാർക്കു ശമ്പളം നല്കൽ, ഇന്ധനം നിറയ്ക്കൽ, സെല്ലിലെ ദിവസവേതനത്തിൽ പ്രവർത്തിക്കുന്നവരുടെ മേൽനേട്ടം, ശമ്പളം എന്നിവയുടെയും ചുമതലയുണ്ടായിരുന്നു. സർക്കാരോഫീസ് സമയമൊന്നും സെല്ലിനു ബാധകമായിരുന്നില്ല. സർക്കാരുദ്യോഗത്തിൽനിന്നു വന്ന വിജയകുമാറിന് ഇതു പുതിയൊരു അനുഭവമായിരുന്നു. എന്നാൽ സെല്ലിൽ ചേരുന്നതിനു മുമ്പുതന്നെ മനമോഹൻ ഇതുസംബന്ധിച്ച് കാര്യങ്ങൾ വിശദമാക്കിയിരുന്നു.

സെല്ലിന്റെ പ്രവർത്തനം അവസാനിച്ചപ്പോൾ എല്ലാപേരും വിടുതൽ ചെയ്തപ്പോൾ പോകുവാൻ സാധിച്ചില്ല. അക്കൗണ്ട്സ് സെറ്റിൽ ചെയ്യുവാൻ കുറച്ചു സമയം വേണ്ടിവന്നു. അവസാന ആളായാണ് വിജയകുമാർ സെല്ലിൽനിന്നു വിടുതൽ ചെയ്തു പോയത്.