Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. ജി. ശ്രീകുമാർ
കെ. ജി. ശ്രീകുമാർ

കെ. ജി. ശ്രീകുമാർ

ലഘു ജീവചരിത്രം (Biography)

ഒന്നാംഘട്ടപരിശീലനം നടക്കുമ്പോൾ കൈപ്പുസ്തകം തയ്യാറായിരുന്നില്ല. വിവിധവിഭാഗത്തിലുള്ള 31 കോൺഫറൻസുകളുടെ ബഹളത്തിനിടയിൽ അതിനു കഴിഞ്ഞില്ല. എന്നാൽ വിശദമായ സംസ്ഥാന ഫാക്കൽറ്റി പരിശീലനം നടന്നു. ക്ലാസിനുള്ള കുറിപ്പുകളും തയ്യാറായി. ഒന്നാംഘട്ട കെആർപിപരിശീലനം തീരുമ്പോഴെങ്കിലും കൈപ്പുസ്തകം കൊടുത്തേതീരൂ. അതിൽ ഏറ്റവും വലിയ സഹായി ശ്രീകുമാർ ആയിരുന്നു.

ശ്രീകുമാർ യഥാർത്ഥത്തിൽ കുട്ടനാട്ടുകാരനാണ്. എംഎ മലയാളം ബിരുദധാരിയായ അച്ഛൻ എൻബിഎസിന്റെ ബുക്ക് സ്റ്റോൾ മാനേജരായി തിരുവനന്തപുരത്തു വന്നതാണ്. പിന്നീട് ബാലരാമപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി. അങ്ങനെയാണ് ശ്രീകുമാർ തിരുവനന്തപുരത്തുകാരനായത്. ത്രിവേണി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ത്രിഭാഷാനിഘണ്ടുവിന്റെ പ്രൂഫ് റീഡറായി ജോലി നോക്കിയതോടെ ആ ജോലിയിൽ വൈദഗ്ദ്ധ്യം നേടി. പോരാത്തതിനു തിരുവനന്തപുരത്തെ ശാസ്ത്രസാഹിത്യപരിഷത്‌പ്രവർത്തകനും. ഇതാണ് കെ. ജി. ശ്രീകുമാറിനെ ജനകീയാസൂത്രണസെല്ലിൽ എത്തിച്ചത്. അച്ചടിയുടെ ബാഹുല്യത്തെക്കുറിച്ചു ഞങ്ങൾക്ക് ഏതാണ്ടു ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ട് പ്രൂഫ് വായിക്കാൻ വൈദഗ്ദ്ധ്യമുള്ള ഒരാൾ അത്യന്താപേക്ഷിതമായിരുന്നു.

പക്ഷെ, അയാൾക്കു മറ്റൊരു വൈഭവംകൂടി ഉണ്ടായിരുന്നു. അതാണു തുണയായത്. കാറിലിരുന്ന് എന്റെ ഡിക്റ്റേഷൻ എടുക്കാൻ സമർത്ഥനായിരുന്നു. അങ്ങനെ 10 ദിവസക്കാലത്തെ തെക്കുവടക്ക്, വടക്കുതെക്ക് സംസ്ഥാനക്യാമ്പുകളിലൂടെയുള്ള കാർസവാരിക്കു ശ്രീകുമാറും സഹയാത്രികനായി. ഞാൻ പറയുന്നതെല്ലാം എഴുതിയെടുക്കും. അവ ഫെയർ കോപ്പിയാക്കി അന്നുതന്നെ ടി. ഗംഗാധരന് എത്തിക്കും. എന്നുവച്ചാൽ യാത്ര കഴിഞ്ഞാലും ശ്രീകുമാറിനു പണി ബാക്കിയുണ്ടാവും. ക്യാമ്പുപരമ്പരയുടെ അവസാനദിവസം തൃശ്ശൂരിൽനിന്നു ഞാൻ തിരിച്ചുവരികയായിരുന്നു. വഴിയിൽവച്ചു ശ്രീകുമാർ ശർദ്ദിച്ച് അവശനായത് എനിക്ക് ഓർമ്മയുണ്ട്.

ഇങ്ങനെ എഴുതി എത്തിക്കുന്ന കുറിപ്പുകൾ അച്ചടിയോഗ്യമാക്കുന്ന ചുമതല ടി. ഗംഗാധരനായിരുന്നു. പലതും തിരുത്തിയെഴുതുകയും ചെയ്യും. അങ്ങനെ കാറിലിരുന്നാണു പാഠപുസ്തകത്തിന്റെ നല്ലപങ്കും തയ്യാറാക്കിയത്. പിന്നീടുള്ള പ്രസിദ്ധീകരണങ്ങൾക്കു ഡോ. ടി. എൻ. സീമയും ഈ ചുമതല ഏറ്റെടുത്തു.

കൈപ്പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിന് അഞ്ച് അദ്ധ്യായങ്ങളാണ് ഉണ്ടായിരുന്നത്. 1. വികസനത്തിന്റെ വെല്ലുവിളികൾ, 2. വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി, 3. അധികാരവികേന്ദ്രീകരണം ഇന്നലെ, ഇന്ന്, 4. ജനകീയാസൂത്രണപ്രസ്ഥാനം, 5. പുത്തൻ വികസനരാഷ്ട്രീയം.

രണ്ടാംഭാഗം പൂർണ്ണമായും ഗ്രാമസഭകളും അവയുടെ സംഘാടനവും മൂന്നാംഭാഗം പഞ്ചായത്തുതല സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണവും ആയിരുന്നു. പഞ്ചായത്തുതലസ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ പരിഷത്ത് പിഎൽഡിപി പ്രൊജക്ടിൽ രൂപം നല്കിയ രീതിസമ്പ്രദായം അപ്പാടെ സ്വീകരിക്കുകയായിരുന്നു.

നാലാം ഭാഗം വികസനറിപ്പോർട്ട് തയ്യാറാക്കാനുള്ള രീതിസമ്പ്രദായമായിരുന്നു. ഇതിനു കല്യാശ്ശേരി വികസനറിപ്പോർട്ടിനോടു വലിയ കടപ്പാടുണ്ടായിരുന്നു. അഞ്ചാം ഭാഗം ആസൂത്രണസങ്കേതങ്ങളെക്കുറിച്ച് ആയിരുന്നു. സ്കീമുകൾ തയ്യാറാക്കുന്നത് എങ്ങനെ എന്നതായിരുന്നു ഇവിടെ മുഖ്യമായും വിശദീകരിച്ചത്.

മൊത്തം 172 പേജ്. ഇവ റിസോയിൽ കോപ്പിയെടുത്ത് ബൈൻഡ് ചെയ്ത് ഓരോ ക്യാമ്പും അവസാനിക്കുംമുമ്പ് കെആർപിമാർക്കു വിതരണം ചെയ്തു. ജില്ലാപരിശീലനത്തിനുള്ള ഇതിന്റെ കോപ്പികൾ പിന്നീട് അച്ചടിച്ചു ജില്ലകളിൽ എത്തിക്കുകയായിരുന്നു. പരിശീലനകൈപ്പുസ്തകങ്ങൾ എല്ലാംതന്നെ ഇത്തരത്തിൽ പഠിപ്പിക്കുന്നതോടൊപ്പം തയ്യാറാക്കപ്പെട്ടതാണെന്ന വാസ്തവം ഞങ്ങൾക്കു മാത്രമേ അറിയൂ. പ്രൂഫുതിരുത്തലിലും അച്ചടിയിലും പരിപാടികളുടെ സംഘാടനത്തിലും ഓഫീസിന്റെ സഹായിയായുമെല്ലാം ശ്രീകുമാർ പൂർണ്ണസമയം സജീവമായിരുന്നു.