മനോജ് കെ. പുതിയവിള
ലഘു ജീവചരിത്രം (Biography)
ഈ പുസ്തകത്തിന് ആധാരമായ ഫേസ്‌ബുക്ക് പംക്തി തുടങ്ങാൻ കാരണക്കാരൻ മനോജ് കെ. പുതിയവിളയാണ്. ‘ദേശാഭിമാനി’ വാരികയിൽ അയാൾ എഴുതിയ ലേഖനത്തിലാണ് ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ എഴുതുക എന്ന ആശയം വച്ചത്. ധാരാളം പേർ എഴുതി. പക്ഷെ, വലിയപങ്കും വിമുഖരായിനിന്നു. അങ്ങനെയാണ് അവരെപ്പറ്റി ഞാൻതന്നെ എഴുതിത്തുടങ്ങിയത്.
മനോജ് ജനകീയാസൂത്രണത്തിൽ അധികകാലം ഉണ്ടായിരുന്നില്ല. പക്ഷെ, ഉണ്ടായത് അതിന്റെ സുപ്രധാനനാളുകളിലാണ് - പദ്ധതിരൂപവത്ക്കരണഘട്ടത്തിൽ, 1996 ഓഗസ്റ്റ് 1 മുതൽ ’98 ജൂലൈ 31 വരെ. അതിനും ഒരുമാസം മുമ്പുമുതലേ സെല്ലിൽ ചേക്കേറിയിരുന്നു; ജനകീയാസൂത്രണത്തെയും ജനപങ്കാളിത്തത്തോടെ അതിനുമുമ്പു നടന്ന വികസനപ്രവർത്തനങ്ങളെയുംപറ്റി ഒരു പ്രദർശനം ഒരുക്കുന്ന പണിയിൽ. ജനകീയോത്സവങ്ങളായി നടന്ന വികസനങ്ങളെപ്പറ്റിയുള്ള ഹൃദ്യമായ അവതരണം അതിനെ മികച്ചതാക്കി. സംസ്ഥാനത്തുടനീളം ആവേശമുണർത്താനും വികസനമാതൃകകളെപ്പറ്റി ആശയവ്യക്തത വരുത്താനും ആ പ്രദർശനത്തിനു കഴിഞ്ഞു.
ആ പ്രവർത്തനത്തിനിടെ ഞാനാണ് സെല്ലിൽ കൂടാൻ ക്ഷണിച്ചത്. സുപ്രധാനമായ ഈ പരിപാടിക്ക് പബ്ലിക് റിലേഷൻസിന് ഒരു ആൾ അനിവാര്യമായിരുന്നു. പരിഷത്‌പ്രവർത്തകൻ എന്ന നിലയിൽ 80-കൾ മുതൽ അറിയുമെങ്കിലും 90-കളുടെ ആദ്യം തിരുവനന്തപുരത്ത് ‘ദേശാഭിമാനി’യിൽ ജോലി ചെയ്യുമ്പോഴാണ് കൂടുതൽ അടുത്തത്. വികസനവാർത്തകളിൽ അന്നേ താത്പര്യം എടുത്തിരുന്ന മനോജിന് ഒന്നാം കേരളപഠനകോൺഗ്രസിന്റെ വേളയിൽ ‘ദേശാഭിമാനി’യുടെ പ്രത്യേകപതിപ്പിന്റെ ചുമതല ഉണ്ടായിരുന്നു. അതെല്ലാം ആ ക്ഷണത്തിനു കാരണമായി.
സെല്ലിൽ കേവലം പത്രവാർത്ത നല്കൽ മാത്രമായിരുന്നില്ല ജോലി. ‘ജനകീയാസൂത്രണം’, ‘വിടിസി ന്യൂസ്’ എന്നീ വാർത്താപത്രികകൾ, ‘പഞ്ചായത്ത് രാജ്’ മാസികയ്ക്കു വേണ്ട ലേഖനങ്ങളും വാർത്തകളും, പരിശീലനത്തിനും പ്രചാരണത്തിനും ഉണ്ടാക്കുന്ന പുസ്തകങ്ങളുടെ എഡിറ്റിങ്, പ്രൂഫ് റീഡിങ്, രൂപകല്പന ചെയ്യിക്കൽ, പത്രപ്പരസ്യങ്ങൾ തയ്യാറാക്കൽ, പ്രാദേശികപത്രപ്രവർത്തകപരിശീലനം, പരിപാടിയെപ്പറ്റി പഠിക്കാൻ വരുന്ന പത്രപ്രവർത്തകരെയും വിദഗ്ദ്ധരെയും അനുയാത്ര ചെയ്യൽ തുടങ്ങിയവയും സെല്ലിലെ ദൈനംദിനപ്രവർത്തനങ്ങളുമെല്ലാം ചെയ്യണമായിരുന്നു. ജില്ലതോറും പരിപാടികൾ ദിവസേനയെന്നോണം നടക്കുമ്പോൾ അവയുടെയെല്ലാം മാദ്ധ്യമയേകോപനവും വാർത്തയും ഫോട്ടോയും നല്കലുമൊക്കെ കഠിനമായ പ്രവർത്തനംതന്നെ ആയിരുന്നു. തലസ്ഥാനത്തിനു പുറത്തുള്ള പരിപാടികളുടെ വിവരങ്ങൾ എടുത്ത് വാർത്തയുണ്ടാക്കി, ഫോട്ടോകൾ തരപ്പെടുത്തി ഫാക്സിലൊക്കെ ഓരോ പത്രത്തിലേക്കും അയയ്ക്കണം. ഇ-മെയിൽ പോലും നടപ്പിലുള്ള കാലമല്ലല്ലോ.
പഞ്ചവടിപ്പാലം തകർന്നതിന്റെ പടം വരപ്പിച്ച് രസകരമായ വിവരണത്തോടെ നിർമ്മാണങ്ങൾ അഴിമതിരഹിതമായും സുതാര്യമായും ജനപങ്കാളിത്തത്തോടെയും നടത്തേണ്ടതിന്റെ പ്രാധാന്യം വിവരിച്ച പരസ്യമൊക്കെ ശ്രദ്ധേയമായിരുന്നു. പതിവുരീതി വിട്ട് രണ്ടും മൂന്നും കോളം വീതിയിൽ കീഴ്മേലുള്ള പരസ്യമൊക്കെ മനോജിന്റെ ഇന്നവേഷൻ ആയിരുന്നു. അതിനിടെ, ജനകീയാസൂത്രണത്തിനെതിരെ ആക്ഷേപം വല്ലതും ഉയർന്നാൽ ‘സമകാലികമലയാളം’ വാരികയിലുംമറ്റും തൂലികാനാമത്തിൽ ലേഖനമെഴുത്തും ഉണ്ടായിരുന്നെന്നു പിന്നീടാണറിഞ്ഞത്. ജനകീയവികസനമാതൃകകൾ സമാഹിരിച്ച് ‘ജനകീയതയുടെ പൊൻകണി’ എന്ന പുസ്തകം തയ്യാറാക്കിയതും എന്റെ ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’, ‘ജനകീയാസൂത്രണം: ചോദ്യോത്തരങ്ങൾ’ തുടങ്ങിയ പുസ്തകങ്ങൾ എഡിറ്റ് ചെയ്തതും മനോജാണ്. എന്റെ ലേഖനങ്ങളും മറ്റും ഡിക്റ്റേഷൻ എടുത്ത് തയ്യാറാക്കിയിരുന്ന രണ്ടുമൂന്നു പ്രധാനികളിലും ഒരാളായിരുന്നു.
രാവിലെ ഓഫീസിൽ വന്നിട്ട് ഉച്ചയ്ക്ക് ഓടിപ്പോയി വിവാഹം കഴിച്ചതും വിവാഹത്തിന്റെ ആദ്യദിനങ്ങൾ വധൂവരന്മാർ രാപ്പകലിരുന്ന് പ്രകാശനത്തീയതി അടുത്ത പുസ്തകത്തിന്റെ പ്രൂഫ് തിരുത്തൽ നടത്തിയതും അടക്കമുള്ള അനുഭവങ്ങൾ രസകരമായി മനോജുതന്നെ ‘ദേശാഭിമാനി’ വാരിക’യിൽ എഴുതിയിട്ടുള്ളതിനാൽ അതൊന്നും ആവർത്തിക്കുന്നില്ല.
ഇഷ്ടപ്രവൃത്തിയായ പത്രപ്രവർത്തനത്തിലേക്കു മടങ്ങാൻ താത്പര്യപ്പെട്ടു കഴിയുകയായിരുന്ന മനോജിന് ‘സമകാലികമലയാളം’ വാരികയിൽ ജോലി കിട്ടിയതിനാലാണ് ജനകീയാസൂത്രണപരിപാടിയിൽനിന്നു വിരമിച്ചത്. ക്യാമ്പയിനിൽനിന്നു പോയെങ്കിലും വാരികയിലും തുടർന്ന് ‘കൈരളി റ്റിവി’യിലും ജോലി ചെയ്യുമ്പോഴും ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രധാന പരിപാടികലെല്ലാം കവർ ചെയ്യുമായിരുന്നു. അവസാനഘട്ടത്തിൽ നടത്തിയ അന്താരാഷ്ട്രസെമിനാറിന്റെ കവറേജും തദ്ദേശഭരണമന്ത്രിയായിരുന്ന സ. പാലോളി മുഹമ്മദുകുട്ടിയെ അഭിമുഖം ചെയ്തതും ക്യാമ്പയിനെല്ലാം കഴിഞ്ഞ് ഞാൻ എംഎൽഎ ആയിരിക്കെ മാരാരിക്കുളത്തു ഞാൻ സംഘടിപ്പിച്ച കുടുംബശ്രീ മഹാസംഗമത്തെപ്പറ്റി റ്റിവിയിലും വാരികയിലും വിശദറിപ്പോർട്ട് നല്കിയതുമൊക്കെ ഓർമ്മയിൽ പ്രത്യേകമായുണ്ട്. എന്റെ സ്വകാര്യജീവിതത്തെപ്പറ്റി ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ വന്ന സുദീർഘമായ അഭിമുഖവും മനോജിന്റേതാണ്.
1978-79-കാലത്തു യുക്തിവാദിസംഘം യൂണിറ്റ് സംഘടിപ്പിച്ചു പൊതുപ്രവർത്തകനായ മനോജിനു വിവിധവിഷയങ്ങളിൽ ശരിയായ കാഴ്ചപ്പാടു വികസിക്കുന്നത് 1982-83-മുതൽ ശാസ്ത്രസാഹിത്യപരിഷത്തിൽ ചേർന്നു നടത്തിയ പഠനപ്രവർത്തനങ്ങളിലൂടെയാണെന്നാണു സ്വന്തം വിലയിരുത്തൽ. ‘നാം ജീവിക്കുന്ന ലോകം’, ഹാലീധൂമകേതുവിനെ വരവേറ്റു നടത്തിയ ‘ജ്യോതിശാസ്ത്രക്ലാസുകൾ’ എന്നിവ എടുക്കാൻ ഇടയായത് അസ്ട്രോണമിയിൽ താത്പര്യം വളർത്തി. പ്രൊഫഷനായി തെരഞ്ഞെടുത്ത പത്രപ്രവർത്തനത്തിലും പരിഷത്‌പഠനങ്ങൾ വ്യക്തമായ ദിശബോധം നല്കി. ജനകീയാസൂത്രണാനുഭവം വികസനോന്മുഖപത്രപ്രവർത്തനത്തിലും വഴികാട്ടിയായി. അന്നു പരിചയപ്പെട്ട വികസനമാതൃകകളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെപ്പറ്റി എഴുതിയത് മികച്ച വികസനോന്മുഖറിപ്പോർട്ടർക്കുള്ള സംസ്ഥാസർക്കാരിന്റെ അവാർഡും നേടിക്കൊടുത്തു. സാക്ഷരതായജ്ഞത്തിൽ കെആർപിയും നാട്ടിലെ സംഘാടകനും ആയിരുന്നു. പരിഷത്തിൽ കായംകുളം മേഖലാസെക്രട്ടറി, ആലപ്പുഴ ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാനബാലവേദിസബ്‌ക്കമ്മിറ്റിയംഗം, ‘യുറീക്ക’ പത്രാധിപസമിതിയംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജനകീയാസൂത്രണപ്രദർശനം ഒരുക്കുന്നതിനു മുമ്പ് അന്നു ജോലി ചെയ്തിരുന്ന റാന്നി-പെരുനാട് പഞ്ചായത്തിന്റെ വികസനറിപ്പോർട്ട് തയ്യാറാക്കാൻ സോമൻപിള്ളസാർ, ഹരിഹരൻപിള്ളസാർ തുടങ്ങിയവർക്കൊപ്പം ഉറക്കമിളച്ച ഓർമ്മയും മനോജ് പങ്കുവയ്ക്കുന്നു. ജനകീയാസൂത്രണത്തിന്റെ രജതജൂബിലിക്കാലത്തു വീണ്ടും പ്രസിഡന്റായ പി. എസ്. മോഹനൻ ആയിരുന്നു അന്നും അവിടെ പ്രസിഡന്റ്. സർക്കാർ സേവനത്തിൽനിന്നു വിരമിച്ചശേഷം പരിഷത്തിൽ വിണ്ടും സജീവമായി. ‘ശാസ്ത്രഗതി മാസിക’, ‘ലൂക്ക സയൻസ് പോർട്ടൽ’ എന്നിവയുടെ പത്രാധിപസമിതിയംഗം ആണ്.