Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / വി. എൻ. കൃഷ്ണൻ
വി. എൻ. കൃഷ്ണൻ

വി. എൻ. കൃഷ്ണൻ

ലഘു ജീവചരിത്രം (Biography)

തൊടുപുഴക്കാരൻ വി. എൻ. കൃഷ്ണൻ ഒളവണ്ണയിലെ പഞ്ചായത്തുസ്കൂളിൽ 1970-ൽ അദ്ധ്യാപകനായി വന്നതാണ്. പിന്നെ തിരിച്ചുപോയില്ല. ഒളവണ്ണക്കാരനായി. സാക്ഷരതാപ്രസ്ഥാനത്തിൽ എപിഒ. ജനകീയാസൂത്രണത്തിൽ പഞ്ചായത്തിന്റെ ഡിആർപി കൺവീനറും. അന്നു മുതൽ ഭരണസമിതി മാത്രമേ മാറിയിട്ടുള്ളൂ. കൃഷ്ണൻമാഷ് ഇല്ലാതെ പഞ്ചായത്തുവികസനപരിപാടിയില്ല. 2021-ൽ ഇത് എഴുതുമ്പോൾ 72-ാം വയസ്സിലും ആസൂത്രണപ്രക്രിയയിൽ സജീവം. പക്ഷെ എപ്പോഴും അണിയറയിലായിരിക്കും, അരങ്ങത്തു വരില്ല. ഒരു ഫോട്ടോയിൽപോലും ഉണ്ടാവില്ല.

രണ്ട് ഹൈസ്കൂൾ ഉൾപ്പെടെ 15 സ്കൂളുകളാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് അക്ഷരജ്ഞാനവും അക്കജ്ഞാനവും കമ്മി. ഒട്ടുമിക്ക വിദ്യാലയങ്ങളുടെയും ഭൗതികൗസകര്യങ്ങൾ ഒട്ടും മെച്ചവുമായിരുന്നില്ല. സാക്ഷരതാകാലം മുതൽ പഞ്ചായത്തിനൊപ്പം പ്രവർത്തിക്കുന്ന വി. എൻ. കൃഷ്ണൻ മാസ്റ്ററും കെ. ശങ്കരൻ മാസ്റ്ററും ഉൾപ്പെടെയുള്ള വിദ്യാഭ്യാസപ്രവർത്തകരുടെ ഒരു കൂടിച്ചേരൽ 1995-ൽ പുതിയ ഭരണസമിതി വിളിച്ചുചേർത്തു. എല്ലാ ക്ലാസിലും കുട്ടികളുടെ ശേഷി അളന്നു പിന്നാക്കക്കാരെ കണ്ടെത്തണമെന്നും അതിനു പരിഹാരം തേടണമെന്നും തീരുമാനമായി.

എല്ലാ സ്കൂളുകളിലും വിദ്യാലയവികസനസമിതി രൂപവത്ക്കരിച്ചു. അവയുടെ അപ്പക്സ് ബോഡിയായി പഞ്ചായത്തുതലവികസനസമിതിക്കും രൂപം നൽകി. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് കൺവീനർ; വാർഡ് മെമ്പറോ വിദ്യാഭ്യാസരംഗത്തെ ഒരു വിദഗ്ദ്ധയോ/നോ ചെയർപേഴ്സനും. വിദ്യാഭ്യാസപ്രവർത്തകർ, രക്ഷാകർത്താക്കൾ, അദ്ധ്യാപകർ ഒക്കെ അടങ്ങുന്നതായിരുന്നു സ്കൂൾതലവിദ്യാഭ്യാസസമിതി. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും കൂട്ടായ്മ ഉറപ്പാക്കുക, ആരോഗ്യകരവും ക്രിയാത്മകവുമായ സാമൂഹികയിടപെടലിലൂടെ വിദ്യാഭ്യാസഗുണനിലവാരം മെച്ചപ്പെടുത്തുക, വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ.

ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഒരു മിനിമം എസൻഷ്യൽ ടെസ്റ്റ് നടത്തി. ഇതിൽ പാസാകാത്ത കുട്ടികൾക്കായി പരിഹാരബോധനക്ലാസുകൾ സംഘടിപ്പിച്ചു. ഓരോ സ്കൂളിലെയും അദ്ധ്യാപകർതന്നെ ആയിരുന്നു ഇതിനു നേതൃത്വം കൊടുത്തത്. ഓണപ്പരീക്ഷയ്ക്കുമുമ്പു കുട്ടികളെ മിനിമം ലെവലിൽ എത്തിക്കണമെന്നായിരുന്നു ലക്ഷ്യം. ഇത് അളക്കാൻ ഒരു ടെസ്റ്റുമുണ്ടായിരുന്നു. എല്ലാ മാസവും ക്ലാസ് അടിസ്ഥാനത്തിൽ അദ്ധ്യാപകസംഗമങ്ങൾ ഉണ്ടായിരുന്നു. ഓരോ ക്ലാസിലും അടുത്ത മാസം പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ, പഠനരീതി, സമീപനം തുടങ്ങിയവ ചർച്ച ചെയ്യും. മുൻ മാസത്തെ പഠനാനുഭവങ്ങളുടെ അവലോകനവും ഉണ്ടാവും.

“ലോ കോസ്റ്റ്, നോ കോസ്റ്റ്” എന്ന പേരിൽ പാഴ്വസ്തുക്കളിൽനിന്നു പഠനസഹായികൾ നിർമ്മിച്ച് ഉപയോഗിച്ചിരുന്നു. പഞ്ചായത്തുപ്രസിഡന്റിന്റെ നേതൃത്വത്തിൽ സൗഹൃദസന്ദർശനങ്ങൾ എല്ലാ മാസവും സ്കൂളുകളിൽ നടത്തുമായിരുന്നു. കുട്ടികളുമായും സംവാദങ്ങൾ നടത്തും. കീഴ്മേൽ ബന്ധം ഉറപ്പാക്കാൻ ഇതു വളരെ സഹായിച്ചിരുന്നു.

വെക്കേഷൻകാലത്തെ സ്കുൾതല സഹവാസക്യാമ്പുകൾ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. പ്രധാനമായും ഗണിതമൂല, ശാസ്ത്രമൂല, ഭാഷാമൂല, പ്രവൃത്തിപരിചയമൂല, അഭിനയമൂല എന്നിങ്ങനെ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്യാമ്പുകളുടെ സംഘാടനം. തുടർന്ന്, പഞ്ചായത്തുതല സഹവാസക്യാമ്പും നടത്തുമായിരുന്നു. ഇവയെല്ലാം സ്കൂളുകളിലെ പഠനാന്തരീക്ഷണത്തിൽ വലിയ മാറ്റമാണുണ്ടാക്കിയത്. രസകരമായ പഠനപ്രക്രിയ കുട്ടികൾക്കു പഠനത്തിൽ താൽപ്പര്യം ജനിപ്പിച്ചു. കൊഴിഞ്ഞുപോക്കെന്നത് ഏകദേശം പൂജ്യം ആയി. അദ്ധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരും തമ്മിൽ നല്ല ബന്ധം സൃഷ്ടിക്കപ്പെട്ടു. തങ്ങൾ ഒറ്റയ്ക്കല്ലായെന്ന ബോധം അദ്ധ്യാപകസമൂഹത്തിനുണ്ടായി; തങ്ങളുടെ കുട്ടികൾക്കു മികച്ച സൗകര്യങ്ങൾ ലഭിക്കുന്നതിനു രക്ഷിതാക്കളും തൽപ്പരരായി.

സ്കൂൾ ബസിൽ സമീപപ്രദേശങ്ങളിലേക്കു സ്റ്റഡി ടൂർ എല്ലാവർഷവും നടത്തിയിരുന്നു. ഇവ കൂടാതെ ‘നാടറിയുക’ എന്ന പ്രവർത്തനത്തിലൂടെ കുട്ടികളുമൊത്ത് കൃഷിയിടങ്ങൾ, പുഴയോരങ്ങൾ, കാവുകൾ എന്നിവ സന്ദർശിക്കുകയും അവരെക്കൊണ്ടു കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തിരുന്നു. കായികമേഖലയിലും ഇടപെടൽ ഉണ്ടായിരുന്നു. സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് എല്ലാവർഷവും നടത്തുമായിരുന്നു.

മുഴുവൻ കുട്ടികളുടെയും ആരോഗ്യനില ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച് ഹെൽത്ത് കാർഡ് നൽകിയിരുന്നു. പ്രധാനമായും കുട്ടികളുടെ ശ്രവണ, കാഴ്ചാ വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കാനാണു ശ്രമിച്ചത്.

ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ഇരിങ്ങല്ലൂർ ഗവ. എച്ച്എസ്, കൊടൽ ഗവ. യുപിഎസ് എന്നിവിടങ്ങളിൽ മതിയായ ക്ലാസുമുറികൾ ഇല്ലാത്തതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണു പ്രവർത്തിച്ചുവന്നത്. ഹൈസ്കൂളിനു ജില്ലാപ്പഞ്ചായത്തിന്റെയും കൊടൽ യുപിഎസിനു പഞ്ചായത്തിന്റെയും പ്ലാൻ ഫണ്ടിൽനിന്നു തുക വകയിരുത്തി കെട്ടിടം നിർമ്മിച്ചു രണ്ടു സ്കുളുകളെയും ഷിഫ്റ്റ് സമ്പ്രദായത്തിൽനിന്നും മുക്തരാക്കി. സർക്കാർ സ്കൂളുകൾക്കും പഞ്ചായത്തുസ്കൂളിനും ആവശ്യമായ ഫർണീച്ചർ നിർമ്മിച്ചു നൽകി. മുഴുവൻ സ്കൂളുകളിലെയും റിപ്പയർ ചെയ്യേണ്ട ഫർണീച്ചർ സന്നദ്ധാടിസ്ഥാനത്തിൽ പൂർത്തിയാക്കി.

ഇത്തരം പ്രവർത്തനങ്ങളെല്ലാം ഒളവണ്ണയുടെ വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റിമറിച്ചു. കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ജൈവബന്ധം വളരെ നന്നായി. പഠനത്തിലും ആരോഗ്യത്തിലും ഒരുപോലെ മെച്ചപ്പെട്ട ഒരു പുതുതലമുറയെ വാർത്തെടുക്കുന്ന ശ്രദ്ധേയമായ ഇടപെടലാണ് ഒളവണ്ണയിൽ നടന്നത്.