Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. സായ് വെങ്കിട്ടരാമൻ
കെ. സായ് വെങ്കിട്ടരാമൻ

കെ. സായ് വെങ്കിട്ടരാമൻ

ലഘു ജീവചരിത്രം (Biography)

തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുനിന്ന് ഒരു റെഡ് വോളന്റിയർ - സിപിഐ(എം)ന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ്സിന് റെഡ് വോളന്റിയറായപ്പോൾ കളിയാക്കലുകളുണ്ടായത്രേ. കൂസിയില്ല; അന്നും പിന്നീടും. അതാണു ഞാൻ പരിചയപ്പെട്ട സ്വാമിയെന്നു വിളിക്കുന്ന സായ് വെങ്കിട്ടരാമൻ. 1991-ൽ സമ്പൂർണസാക്ഷരതാപരിപാടിയുടെ സംസ്ഥാന ഓഫീസിലാണു ഞാൻ സ്വാമിയെ പിന്നീടു കാണുന്നത്. കേരള സാക്ഷരതാപരിപാടിയിൽ ഭാഷാന്യൂനപക്ഷങ്ങളുടെ മേഖലയിലേക്കു പ്രത്യേകപരിപാടി തയ്യാറാക്കുന്ന വേളയിലാണ് സ്വാമിക്ക് അവസരം ലഭിക്കുന്നത്. സാക്ഷരതാപാഠാവലിയും പരിശീലനകൈപ്പുസ്തകങ്ങളും തമിഴിലേക്കു മൊഴിമാറ്റം നടത്തുക, തമിഴ് ആർപിമാരെ പരിശീലിപ്പിക്കുക, തമിഴ് മേഖലയിൽ സാക്ഷരതാകാസ്സുകൾ സംഘടിപ്പിക്കാൻ ആവശ്യമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് സ്വാമി സാക്ഷരതാമിഷനിൽ നിയോഗിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി സ്വാമിയുടെ സംഘാടനമികവിലൂടെ തമിഴ് മേഖലയിൽ കാര്യമായ മുന്നേറ്റം സാക്ഷരതാപരിപാടിക്ക് ഉണ്ടാക്കാൻ കഴിഞ്ഞു.

അതേസമയംതന്നെ സ്വാമിയുടെ പ്രവർത്തനലാളിത്യവും സന്നദ്ധതയും അർപ്പണബോധവും സാക്ഷരതാമിഷനിൽ കൈപ്പുസ്തകങ്ങളുടെ അച്ചടി, വിതരണം, ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി പ്രസിദ്ധീരിക്കുന്ന അക്ഷരകേരളം, പോസ്റ്ററുകൾ തുടങ്ങിയവയുടെ വിതരണം, അക്ഷരകേരളം പത്രികയിൽ തമിഴ് വാർത്ത തയ്യാറാക്കൽ തുടങ്ങി വ്യത്യസ്തപ്രവർത്തനങ്ങളുടെ നടത്തിപ്പുകാരനുമായി മാറി. മാത്രമല്ല, സാക്ഷരതാമിഷനിൽ 24 മണിക്കൂർ സേവനം നല്കുന്ന ടീമിലെ മുഖ്യകണ്ണിയായും സ്വാമി മാറി. ഒപ്പം അക്കൗണ്ട്സ് വിഭാഗത്തിലും സാഹായിയായി. പരിമിതമായ വരുമാനത്തിൽ ചുമതലകൾ നിർവ്വഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നതിലാണ് സ്വാമി മറ്റുളളവർക്കു മാതൃക.

1996-ൽ സ്വാമി ജനകീയാസൂത്രണസെല്ലിലേക്ക്. ജനകീയാസൂത്രണപ്രവത്തനങ്ങൾക്കു വേഗം വർദ്ധിച്ചപ്പോൾ വ്യത്യസ്തജോലികൾ ചെയ്യാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തൽ അനിവാര്യമായ ഘട്ടവുമായിരുന്നു. ദിവസവും ആയിരക്കണക്കിനു കത്തുകൾ അയയ്ക്കണം, പരിശീലനത്തിനത്തിന് എത്തുന്നവർക്കു മുറികൾ ബുക്ക് ചെയ്യണം, അവരെ വിളിച്ചു മുറികളിലെത്തിക്കണം തുടങ്ങിയ പ്രവർത്തനബാഹുല്യവും. ഈ വേളയിലാണ് പി. കൃഷ്ണൻ സെല്ലിലേക്കു സ്വാമിയെ കൊണ്ടെത്തി എത്തിക്കുന്നത്. സ്വാമിയുടെ സാക്ഷരതയിലെ പ്രവർത്തനത്തെക്കുറിച്ച് പ്ലാനിങ് ബോർഡ്‌ സെക്രട്ടറിയായിരുന്ന പി. കെ. ശിവാനന്ദന് നല്ല മതിപ്പായിരുന്നു. അതുകൊണ്ടു സ്വാമിയെ സെല്ലിന്റെ ഭാഗമാക്കാൻ രണ്ടാമത് ഒരു ചർച്ച വേണ്ടി വന്നില്ല.

സെല്ലിൽ വിവിധ പണികൾ. പക്ഷേ കൈയ്യൊപ്പിട്ടത് പരിശീലനസാമഗ്രികളുടെ സംസ്ഥാനമെമ്പാടുമുള്ള കൃത്യവും സമയബന്ധിതവുമായ വിതരണത്തിലാണ്. പരിശീലനത്തീയതിയ്ക്കു തൊട്ടുമുമ്പുമാത്രം തയ്യാറാക്കാൻ കഴിയുമായിരുന്ന പുസ്തകങ്ങളുടെ ലോഡുമായി 14 ജില്ലാ പ്ലാനിങ് ഓഫീസുകളിലേക്കുമുള്ള പ്രയാണങ്ങൾ... പലപ്പോഴും വന്നിറങ്ങുന്ന ലോറിയിൽനിന്ന് അടുത്ത ലോറിയിലേക്കു കയറുന്ന സ്വാമിയുടെ രൂപം ഇപ്പോഴും മനസ്സിൽ... പ്രഭാതങ്ങളിൽ ഓടുന്ന ലോറിയിലിരുന്നു മുഖക്ഷൗരം ചെയ്യുന്ന സ്വാമിയെക്കുറിച്ചു ഡ്രൈവർമാരുടെ നേർസാക്ഷ്യം.

ജനകീയാസൂത്രണത്തിലും സ്വാമിയുടെ തമിഴ് പ്രവീണ്യം ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ ആസൂത്രണഗ്രാമസഭയുടെ തമിഴ് കുറിപ്പ് തയ്യാറാക്കി ജില്ലകളിൽ അച്ചടിക്കാൻ നല്കിയത് സ്വാമി ഉണ്ടായിരുന്നതുകൊണ്ട് ആയിരുന്നു. അത്യാവശ്യം ഇംഗ്ലീഷ് ഭാഷാശേഷി ഉണ്ടായിരുന്നതു കൊണ്ട് പുറത്തുനിന്നു വരുന്നവരുടെ കൂടെ പോകാനും സ്വാമിയുടെ സേവനം പ്രയോജനപ്പെട്ടിരുന്നു.

മറ്റുള്ളവരുടെ ദുരിതങ്ങൾക്കും വേദനകൾക്കും ഒപ്പം നില്ക്കാനും പരിഹാരവഴികൾ കണ്ടെത്താനും സ്വാമി പ്രത്യേക ശ്രദ്ധ നല്കിയിരുന്നു. സ്വാമി ഏറ്റെടുത്ത പ്രവർത്തികൾ കേവലം ജോലിയായിട്ടല്ല ചെയ്തിരുന്നത്. പരമാവധി സമയവും അദ്ധ്വാനവും അതിലേക്കു നീക്കിവയ്ക്കുമായിരുന്നു. സ്വാമിയുടെ അദ്ധ്വാനം മൂന്നു കാര്യങ്ങൾക്കു മാത്രമാണു വിനിയോഗിച്ചത്. വീട്ടിനു നിത്യജീവിതം മുന്നോട്ടു നീക്കാൻ, തൊഴിൽ, പാർട്ടി - ഇതിൽ സ്വാമിയെ സ്വാമി മാറ്റിനിറുത്തി. സ്വകാര്യജീവിതം സ്വാമിക്കില്ലായിരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കമായിരുന്നു സ്വാമിയുടെ കുടുംബം. സ്വാമിയെ ആശ്രയിച്ചാണു കുടുംബം കഴിഞ്ഞുപോന്നത്. കുടുംബത്തിന്റെ എക ആശ്രയം സ്വാമി ആയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ സ്വാമിയുടെ കുടുംബത്തിന് ഇല്ലായിരുന്നു. അമ്മയുടെയും അവിവാഹിതയായ സഹോദരിയുടെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന രണ്ടു സഹോദരന്മാരുടേയും സംരക്ഷണച്ചുമതല സ്വാമിക്കായിരുന്നു. സ്വന്തം ജീവിതദുരിതം മറ്റാർക്കും പങ്കിട്ടിരുന്നില്ല. എന്നാൽ ജോലിയും രാഷ്ട്രീയ പ്രവർത്തനവും വളരെ സന്തോഷത്തോടെ സജീവമായി ചെയ്യുന്നതിൽ സ്വാമി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ആസൂത്രണസെല്ലിലെ എല്ലാവർക്കും ഉപകാരിയും പ്രിയപ്പെട്ടവനും ആയിരുന്നു സ്വാമി. ഞാൻ സുഖമില്ലാതെ എസ്. യു. ടി. ആശുപത്രിയിലായപ്പോൾ ബൈസ്റ്റാൻഡറായതും സ്വാമിതന്നെ. ഇആർ&ഡിസിയിൽ ഒരു പരിപാടിക്കു പോയപ്പോൾ എനിക്കു സമ്മാനമായി കിട്ടിയ വാച്ച് ഞാൻ സ്വാമിക്കു നല്കി. അത് അവസാനംവരെ നിധിപോലെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

കൈരളി ടിവി ആരംഭിച്ചപ്പോൾ അങ്ങോട്ടു ചേക്കേറിയ സ്വാമിയെ അപൂർവമായേ പിന്നീടു കാണാനായിട്ടുള്ളൂ. മൊബൈൽഫോൺ ഉപയോഗിക്കാതിരുന്ന സ്വാമിയെ ബന്ധപ്പെടലും അന്യമാക്കി. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കോട്ടയ്ക്കകത്തെ ഒറ്റമുറി വാടകവീട്ടിൽ കഴിഞ്ഞിരുന്ന സാമിയുടെ കുടുംബകാര്യങ്ങളൊന്നും പറയുകയില്ല എന്നതിനാൽ അറിഞ്ഞതുമില്ല. ഇനി അറിയുകയുമില്ല.

ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ സായ് വെങ്കിട്ടരാമൻ നമ്മോടൊപ്പം ഇല്ലായെന്നതു ദുഖകരമാണ്. പക്ഷെ, എല്ലാവരുടെയും ഓർമ്മകളിൽ സ്വാമി ഉണ്ടാവും.