Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ടി. പി. സുധാകരൻ
ടി. പി. സുധാകരൻ

ടി. പി. സുധാകരൻ

ലഘു ജീവചരിത്രം (Biography)

ഫോട്ടോ കണ്ടപ്പോഴാണു രംഗം ഞാൻ കൃത്യമായി ഓർത്തത്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ കല്യാശ്ശേരി വികസനസെമിനാർ കഴിഞ്ഞു. കല്യാശ്ശേരിക്കാരുമായുള്ള ഗ്രൂപ്പ് ഫോട്ടോയും എടുത്തു. എല്ലാവരും പിരിഞ്ഞു. സെമിനാർ ഹാളിലും ഭിത്തികളിലുമായി പതിച്ചിരുന്ന ഭൂപടങ്ങളെല്ലാം എടുത്തു പായ്ക്ക് ചെയ്യണം. അങ്ങനെ ഞാനും ടി. പി. സുധാകരനുംകൂടി മുകളിൽ ഹാളിൽ വന്നു. അപ്പോൾ സുധാകരന്റെ അനുജൻ രാജേഷ് ഒരു ഫോട്ടോ എടുത്തു. തൊട്ടപ്പുറത്തെ മുറി ഇന്നത്തെ ഗിഫ്റ്റിന്റെ ഡയറക്റ്റർ പ്രൊഫ. കെ. ജെ. ജോസഫിന്റേതാണ്.

സാക്ഷരതയ്ക്കുശേഷം ഇനിയെന്ത്? സാക്ഷരതാ ഇൻസ്ട്രക്ടർമാരെ ഉപയോഗപ്പെടുത്തി വലിയൊരു ഭൂസാക്ഷരതാപ്രസ്ഥാനത്തിനു രൂപം നല്കണമെന്ന ആശയം ഡോ. എം. പി. പരമേശ്വരന്റേതായിരുന്നു. കേവലം വിദഗ്ദ്ധർ തയ്യാറാക്കിയാൽ പോരാ. വിപുലമായ രീതിയിൽ ജനങ്ങളെ പങ്കാളികളാക്കണം. വിവരശേഖരണംതന്നെ വലിയൊരു ബോധവൽക്കരണപ്രവർത്തനമാകണം. ഇതിനു സാക്ഷരതാപ്രവർത്തകരെ ഉപയോഗപ്പെടുത്തണം.

എങ്ങനെയാണു ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഭൂപടങ്ങൾ തയ്യാറാക്കുക? പല കാര്യങ്ങളിലും തർക്കമുണ്ടായി. തർക്കം തീർക്കാൻ തെരഞ്ഞെടുത്തത് ആറ്റിപ്ര പഞ്ചായത്തായിരുന്നു.

പരിഷത്ത് ജില്ലാസെക്രട്ടറി മനമോഹന്റെ വീട് ആറ്റിപ്രയാണ്. പഞ്ചായത്തുപ്രസിഡന്റ് പ്രഭാകരൻ സാറ് പരിഷത്തുകാരനാണ്. ആറ്റിപ്ര പരീക്ഷണം കുറച്ചുനാൾ നീണ്ടു. അവസാനം ചില പൊതുധാരണകൾ ഉണ്ടായി: വിവരശേഖരണം റവന്യു വില്ലേജുകളിലെ കഡസ്റ്റൽ മാപ്പിൽ. പിന്നീട് വിദഗ്ദ്ധർ അവയെ സർവ്വേ ഓഫ് ഇന്ത്യ ഭൂപടങ്ങളിലേക്കു മാറ്റും.

ഈ പുതിയ രീതി എവിടെ പരീക്ഷിച്ചു നോക്കും? കല്യാശ്ശേരിയാണു തെരഞ്ഞെടുത്തത്. ഇ. കെ. നായനാരുടെ നാട്. ടി. ഗംഗാധരന്റെ വീട് തൊട്ടടുത്താണ്. കല്യാശ്ശേരി പഞ്ചായത്തിനുള്ളിൽ നല്ല നാലു പരിഷത്ത് യൂണിറ്റുകളുണ്ട്. പഞ്ചായത്തുപ്രസിഡന്റ് എം. പി. നാരായണൻ നമ്പ്യാരുടെ പൂർണ്ണസഹകരണം. ടി. പി. സുധാകരൻ അന്നു പരിഷത്ത് കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു. അങ്ങനെ പതുക്കെ കല്യാശ്ശേരി പ്രവർത്തനത്തിൽ ആണ്ടിറങ്ങി.

കല്യാശ്ശേരിയിൽ പരീക്ഷിച്ചത് എന്തൊക്കെയാണെന്ന് അറിഞ്ഞാൽ അത്ഭുതപ്പെട്ടുപോകും.

• വിഭവഭൂപടം ഉണ്ടാക്കാനുള്ള രീതിക്ക് അവസാനരൂപം നല്കി.

• നീരൊഴുക്കുസർവ്വേ നടത്തി. അതാണു പിന്നീട് ‘കാലവർഷത്തിനു വരവേൽപ്പ്’ പരിപാടിയായി വികസിച്ചത്.

• പവർ ലൈൻ മാപ്പിങ് നടത്തി. അതായിരുന്നു പിന്നീടു പതിനൊന്നാംപദ്ധതിക്കാലത്ത് ഊർജ്ജമിഷന് അടിസ്ഥാനമായത്.

• പുതിയ തോടു നിർമ്മിക്കാനുള്ള സാങ്കേതികസർവ്വെ. അതാണു പിന്നീട് പുഴനടത്തം ആയത്.

• വലിയതോതിൽ ജനങ്ങളുടെ സന്നദ്ധപ്രവർത്തനം എങ്ങനെ സമാഹരിക്കാം? അതായിരുന്നു വലിയതോട് പുനരുദ്ധാരണം.

• ഗ്രാമസഭയ്ക്കുകീഴിൽ അയൽക്കൂട്ടങ്ങൾ എങ്ങനെ രൂപവത്ക്കരിക്കാം? ഇതു ജനകീയാസൂത്രണത്തിൽ മാതൃകയായി.

• ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ മാസ്റ്റർപ്ലാൻ തയ്യാറാം? ഇതായിരുന്നു പഞ്ചായത്ത് വികസനറിപ്പോർട്ടിനു തുടക്കം.

കല്യാശ്ശേരിക്കാരനല്ലെങ്കിലും ഈ പറഞ്ഞ പ്രവർത്തനങ്ങളിലെല്ലാം ടി. പി. സുധാകരൻ സജീവപങ്കാളി ആയിരുന്നു. ഞങ്ങളെല്ലാം വന്നുപോകും. പ്രാദേശികമായി പൂർണ്ണസമയം നേതൃത്വം നല്കിയ പി. പി. രവീന്ദ്രൻ (ഇന്നില്ല), സർവ്വേ ജീവനക്കാരനായിരുന്ന കെ. ബാലകൃഷ്ണൻ മാഷ്, പഞ്ചായത്തുമെമ്പറായിരുന്ന പ്രദീപൻ തുടങ്ങിയവരുമൊത്തു സുധാകരനും ഉണ്ടായിരുന്നു.

ഇതിനിടയിൽ പഞ്ചായത്തിൽ പൂക്കൃഷിസാദ്ധ്യത പഠിക്കാൻ ടി. ഗംഗാധരൻ മാഷിന്റെകൂടെ കോയമ്പത്തൂർ സർവ്വകലാശാലയിലും മേട്ടുപ്പാളയത്തും സന്ദർശനം നടത്തി. തുടർന്നു ധർമ്മശാലയിൽ കെൽട്രോണിനു സമീപം പൂക്കൃഷി ആരംഭിക്കുകയും ചെയ്തു. ഇതുപോല ഒട്ടേറെ പ്രായോഗിക വികസനപ്രവർത്തനങ്ങൾ കല്യാശ്ശേരിയിൽ ഏറ്റെടുത്തു. ഇതിൽ ഏറ്റവും പ്രധാനം ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ വലിയതോട് പുനരുദ്ധാരണമായിരുന്നു.

മാസ്റ്റർപ്ലാൻ എഴുത്ത് തുടങ്ങിയവ കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഇരുന്നാണ്. കല്യാശ്ശേരിയിൽ പോയിവരാൻ എളുപ്പമാണല്ലോ. ഒരു ദിവസം ഞാൻ ചോദിച്ചു - കല്യാശ്ശേരിയിലെ കടകളിൽ എത്ര പച്ചക്കറി വില്ക്കും? കടകളുടെ മുന്നിൽ നിരീക്ഷകരെ നിർത്തി മതിപ്പുകണക്കു തയ്യാറാക്കിയത് ടി. പി. സുധാകരനും പി. പി. രവീന്ദ്രനും സംഘവും ആയിരുന്നു. മാസ്റ്റർപ്ലാൻ എഴുത്ത് പിന്നീട് ഐആർറ്റിസിയിലേക്കു മാറ്റി. ഒരു മാസത്തോളം ഐആർറ്റിസിയിൽ ഞാനുണ്ടായിരുന്നു. പി. വി. ഉണ്ണിക്കൃഷ്ണൻ, റസി ജോർജ്ജ്, ടി. പി. സുധാകരൻ തുടങ്ങിയവരൊക്കെ അവിടെ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടാണ് കല്യാശ്ശേരി സെമിനാർ ചർച്ചയ്ക്കുവേണ്ടി സിഡിഎസിൽ അവതരിപ്പിച്ചത്

അപ്പോഴേയ്ക്കും സിഡിഎസിൽ പ്രാദേശികാസൂത്രണത്തിനായുള്ള കേരള ഗവേഷണപരിപാടി ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി പ്രൊഫ. ഐ. എസ്. ഗുലാത്തിയുടെ മുഖവുരയോടെ പഞ്ചായത്തുവികസനസഹായി പ്രസിദ്ധീകരിച്ചു.

അങ്ങനെയാണ് പിഎൽഡിപി പ്രൊജക്റ്റ് പരിഷത്ത് ഏറ്റെടുക്കുമ്പോൾ അതിലെ അംഗമെന്ന നിലയിൽ ടി. പി. സുധാകരൻ എന്റെ ക്വാർട്ടേഴ്സിലെ നിത്യസന്ദർശകനായത്; ജനകീയാസൂത്രണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയായതും.

ഒന്നാംഘട്ടപരിശീലനത്തിൽ കീ റിസോഴ്സ് പേഴ്സൺ ആയിരുന്നു. പക്ഷെ, പിഎൽഡിപി പ്രൊജക്ടിൽത്തന്നെ തുടർന്നു. താഴേയ്ക്കു പണം വിന്യസിച്ച് പദ്ധതിപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഒരു കാര്യം വ്യക്തമായി. കമ്പ്യൂട്ടറൈസേഷൻ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. അങ്ങനെയാണ് 1998-ൽ സംസ്ഥാന ആസൂത്രണബോർഡ് ഇലക്ട്രോണിക് ഗവേണൻസിനുവേണ്ടി ‘സ്ലൈഡ്’ (SLIDE – Project for a State level Informatics for Strengthening Peoples Planning Process and Decentralized Planning) എന്ന പ്രൊജക്റ്റ് ആരംഭിക്കുന്നത്.

സി-ഡിറ്റ് രജിസ്റ്റ്രാറായിരുന്ന പി. വി. ഉണ്ണിക്കൃഷ്ണനായിരുന്നു ടീം ലീഡർ. വിവരസാങ്കേതികവിദ്യയെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പരിചിതമാക്കുക, അതിനുള്ള പരിപാലനം നല്കുക, സുലേഖ എന്ന പേരിൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു നടപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഈ ടീമിൽ മുഴുവൻസമയപ്രവർത്തകനായി ടി. പി. സുധാകരൻ ചേർന്നു. 1998-ൽ കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ പൈലറ്റായി തുടങ്ങിയ സ്ലൈഡ് പ്രൊജക്ടാണ് പിന്നീട് 1999-ൽ ഇൻഫർമേഷൻ കേരള മിഷനായി മാറിയത്. സുലേഖയിൽ ചെയ്ത ആദ്യപദ്ധതിരേഖ പത്തനംതിട്ടയിലാണ് ഏറ്റുവാങ്ങിയത്.

2013-വരെ ടി. പി. സുധാകരൻ ഇൻഫർമേഷൻ കേരള മിഷനിൽ ആയിരുന്നു. യുഡിഎഫ് സർക്കാർ വന്നപ്പോൾ തിരിച്ചു സി-ഡിറ്റിലേക്കു പോയി. സി-ഡിറ്റിൽ ഗ്രീൻ എനർജി പ്രൊജക്ടിലാണു പ്രവർത്തിച്ചത്. 2017-മുതൽ ഹരിതകേരളം മിഷനിൽ പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ചുമതല വഹിക്കുന്നു.

അന്നും ഇന്നും ശീലം ഒന്നുതന്നെ. മുമ്പിൽ നില്ക്കാറില്ല. ഏറ്റുമുട്ടാറില്ല. പിന്നിൽനിന്നു കാര്യങ്ങളെല്ലാം നിശബ്ദമായി ചെയ്യുക എന്നതാണു ശൈലി. തുടക്കത്തിൽ പറഞ്ഞ ഫോട്ടോതന്നെ ഞാൻ പിടിച്ചുനിർത്തി എടുപ്പിച്ചതാണ്.