Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. എസ്. രാജശേഖരൻ
പി. എസ്. രാജശേഖരൻ

പി. എസ്. രാജശേഖരൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണകാലത്ത് പബ്ലിക് റിലേഷൻസ് വകുപ്പി(പിആർഡി)ൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായിരുന്നു പി. എസ്. രാജശേഖരൻ. എങ്കിലും ജനകീയാസൂത്രണസെല്ലിലെ ഞങ്ങളെ സംബന്ധിച്ചിടത്തോളം പിആർഡിയുമായുള്ള ലിങ്കിൽ വലിയൊരു പങ്ക് രാജശേഖരൻ വഴി ആയിരുന്നു. കാരണം, രാജശേഖരൻ കേവലം സർക്കാരുദ്യോഗസ്ഥൻ ആയിരുന്നില്ല. സാമൂഹികപ്രവർത്തകനായിരുന്നു. തിരുവനന്തപുരം ലോ കോളെജ് (ഈവനിങ്) യൂണിയൻ മുൻ ചെയർപേഴ്സൺ, ജീവനക്കാരുടെ സംഘടനകളിൽ സജീവം, സർവ്വോപരി ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെ ശാസ്ത്രസാഹിത്യപരിഷത്‌പ്രവർത്തകനും. പിന്നീട് പരിഷത്തിന്റെ സംസ്ഥാനസെക്രട്ടറിയായും കല-സംസ്കാരം, ഐറ്റി സംസ്ഥാനസബ്കമ്മിറ്റികളുടെ ചെയർമാനായും ചുതമലകൾ വഹിച്ചിട്ടുണ്ട്. ജേണലിസം & മാസ് കമ്യുണിക്കേഷനിൽ ബിരുദാനന്തരബിരുദവും നിയമബിരുദവും സുവോളജിയിൽ ബിഎസ്സിയുമാണ് വിദ്യാഭ്യാസം.

പ്രചാരണത്തിനു പി. ഗോവിന്ദപ്പിള്ള ചെയർമാനും പിആർഡി ഡയറക്റ്റർ കൺവീനറുമായി ഒരു സമിതിയുണ്ടായിരുന്നു. അന്ന് പിആർഡി അഡീഷണൽ ഡയറക്റ്ററുടെ ചാർജ്ജ് ജി. ഗോപാലകൃഷ്ണന് ആയിരുന്നു. താരതമ്യേന ജൂനിയറായിരുന്നുവെങ്കിലും ജനകീയാസൂത്രണപ്രചാരണത്തിന്റെ പിആർഡിയിലെ പ്രവർത്തനങ്ങളുടെ സംഘാടനത്തിൽ രാജശേഖരൻ മുഖ്യസഹായി ആകണമെന്നു തീരുമാനിച്ചു.

മൂന്നു കാര്യങ്ങളാണ് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് രാജശേഖരന്റെ മനസ്സിൽ ഇന്നും മങ്ങാതെ നില്ക്കുന്നത്. ഒന്നാമത്തേത്, കലാജാഥകളാണ്. സാക്ഷരതക്കാലത്തെപ്പോലെ ഒരു ഹൈവോൾട്ടേജ് പ്രചാരണം ഉണ്ടെങ്കിലേ ആസൂത്രണവികേന്ദ്രീകരണവും അധികാരവികേന്ദ്രീകരണവും സംബന്ധിച്ച ജനകീയപങ്കാളിത്തം ശരിയായ അർത്ഥത്തിൽ ഉണ്ടാക്കാനാകൂ. പലവിധ പ്രചാരണപ്രവർത്തനങ്ങളിൽ ഒന്നായി സംസ്ഥാനാടിസ്ഥാനത്തിൽ ഒരു കലാജാഥയും തീരുമാനമായി. പരിഷത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ കലാജാഥാപരിചയം ഉണ്ടെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് 160 കലാജാഥകൾ താഴേത്തട്ടിൽ പര്യടത്തിനു തയ്യാറാക്കുകയെന്നത് മുൻപരിചയമുള്ള കാര്യമായിരുന്നില്ല.

തിരുവനന്തരപുരത്ത് ടാഗോർ തിയേറ്ററിൽ സംസ്ഥാനതല രചന, പ്രൊഡക്ഷൻ വർക്‌ഷോപ്പ്. സീനിയർ ഓഫീസർമാരെന്ന നിലയിൽ ഡെപ്യൂട്ടി ഡയറക്റ്ററായിരുന്ന വിജയരാഘവൻ, കൾച്ചറൽ ഡെവലപ്പെമെന്റ് ഓഫീസറായിരുന്ന രവീന്ദ്രൻ, എസിഡിഒ ആയിരുന്ന കെ. മനോജ് കുമാർ എന്നിവർ ചുമതലക്കാരായുണ്ട്. രാജശേഖരനു ക്യാമ്പിന്റെ പ്രത്യേക ചുമതലയുണ്ടായിരുന്നു.

പരിഷത്തിന്റെ കലാജാഥകളിലൊക്കെ രചനയും സംവിധാനവും അഭിനയവും പാട്ടുമൊക്കെ നിർവഹിച്ചിരുന്ന അറുപതിലേറപ്പേർ 1996 സെപ്തംബർ രണ്ടുമുതൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ പത്തുദിവസത്തെ ക്യാമ്പിനായി ഒത്തുചേർന്നു. പരിഷത്തിന്റെ കലാചുമതലയുണ്ടായിരുന്ന, ഗ്രാമവികസനവകുപ്പിലെ സീനിയർ ഓഫീസറായിരുന്ന, കാലടി നീലേശ്വരത്തെ കെ. കെ. രവിമാഷാണ് കലാകാരരെ കോർഡിനേറ്റ് ചെയ്തത്. ഇവരിൽ പ്രമുഖരായ എല്ലാവരെയും വിശദമായി പരിചയപ്പെടുത്തുന്നുണ്ട്.

ക്യാമ്പിന്റെ അവസാനം സെപ്തംബർ 10-ന് ആശാൻ സ്ക്വയറിൽ പ്രത്യേകവേദി തയ്യാറാക്കി പരിപാടികളുടെ ആദ്യാവതരണം നടന്നു. മുല്ലനേഴിമാഷ് രചിച്ച ആമുഖഗാനംതന്നെ ആവേശം വിതറി.

ആത്മാഭിമാന കൊടിക്കൂറ പൊക്കുവാൻ

കൂട്ടുകാരെ നമുക്കൊത്തുചേരാം,

കാലങ്ങളായി നാം കാത്തുകാത്തിരുന്നൊരാ

കാലമിതാ നിങ്ങളുടെ മുന്നിലെത്തി.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . .

നമ്മളാണു ഭരണവും നമ്മളാണു പ്രജകളും

നമ്മളാണു നമ്മളുടെ നന്മതിന്മ തീർക്കുവാൻ

. . . . . . . . . . . . . . . . . . . . . . . . . . . . . . . . .

ഭാരതംബ നമ്മളെ, ഗ്രാമജീവിതങ്ങളെ

ഭാവിഭദ്രമാക്കുവാൻ വിളിക്കയാണു കൂട്ടരേ. . . .

മന്ത്രി ടി. കെ. രാമകൃഷ്ണനായിരുന്നു ഉദ്ഘാടനം. പാട്ടുകളും സംഗീതശില്പങ്ങളും നാടകങ്ങളുമായി പത്തോളം ഇനങ്ങൾ അവതരിപ്പിച്ചു സംസ്ഥാനടീമംഗങ്ങൾ ആയതിനാൽ എല്ലാം ആദ്യാവതരണത്തിൽത്തന്നെ അതിഗംഭീരമായി.

ജില്ലാക്യാമ്പുകൾ, ബ്ലോക്കുതലപരിശീലനങ്ങൾ എന്നിവ കഴിഞ്ഞ് 160 ജനാധികാരകലാജാഥകളാണ് 1996 ഒക്ടോബർ രണ്ടുമുതൽ കേരളത്തിലാകെ പര്യടനം നടത്തിയത്. കലാജാഥകൾ ജനകീയാസൂത്രണത്തെ ഒരു ജനകീയപ്രസ്ഥാനമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു.

രണ്ടാമത്തേത്, നേമം പഞ്ചായത്തിലെ കെആർപി എന്ന നിലയിലുള്ള പ്രവർത്തനമാണ്. ഒരു മാസക്കാലം പിആർഡിയിൽനിന്നു സ്പെഷ്യൽ ലീവ് എടുത്ത് നേമം പഞ്ചായത്തിൽ പ്രവർത്തിച്ചു. അവിടുത്തെ ഉദ്യോഗസ്ഥരുടെ, വിശേഷിച്ച് സൂപ്രണ്ടിന്റെ, പ്രധാനസഹായത്തിൽ വികസനരേഖയും ആദ്യപദ്ധതിയും തയ്യാറാക്കാനും ഗ്രാമസഭകളുടെ സംഘാടനത്തിനും വിവിധ ഉദ്യോഗസ്ഥപരിശീലനങ്ങൾക്കും നേതൃത്വം നല്കി. ലക്ഷക്കണക്കിനു കോപ്പികൾ അച്ചടിച്ച ഒട്ടേറെ ലഘുലേഖകൾ ഇക്കാലത്ത് പിആർഡി തയ്യാറാക്കുകയുണ്ടായി. ജനപഥത്തിന്റെ പ്രത്യേക പതിപ്പുകളും ഉണ്ടായിരുന്നു. ഇതിലെല്ലാം രാജശേഖരന്റെ സംഭാവനകളുണ്ട്.

മൂന്നാമത്തേത്, നന്ദിയോട് ഗ്രാമസഭയുടെ ഉദ്ഘാടനത്തിന് ഇഎംഎസുമായി വേദി പങ്കിട്ടതാണ്. റിസോഴ്സ് പേഴ്സൺ എന്ന നിലയിൽ ആമുഖാവതരണം രാജശേഖരനാണു ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് വിവിധ വാർഡുകളിൽ ഒരേസമയം ഗ്രാമസഭകൾ ചേരുകയായിരുന്നു. ഇഎംഎസ് ഉദ്ഘാടനം കഴിഞ്ഞ് ഉടനേ തിരികെപോകുമെന്നാണു രാജശേഖരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഗ്രാമസഭകളിൽ പങ്കെടുക്കാൻ താത്പര്യപ്പെട്ടെന്ന വിവരംകിട്ടിയതോടെ രാജശേഖരനും പിആർഡിസംഘവും അങ്ങോട്ടുപോയി. പച്ച എന്ന സ്ഥലത്തെ ഡിബിഎൽപിഎസ്സിലെ ഗ്രാമസഭയിലാണ് എത്തിയത്. മറ്റു ചില ഗ്രാമസഭകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

പച്ച സ്കൂളിലെ മരച്ചുവട്ടിൽ ഗ്രാമസഭ ഗൗരവതരമായ ചർച്ചയിലേക്കു കടന്നപ്പോഴാണ് ഇഎംഎസ് എത്തിയത്. സ്ത്രീകൾ കൂടുതലുള്ള ഗ്രൂപ്പായിരുന്ന് അത്. ഇഎംഎസിനെ കണ്ടപ്പോൾ ഗ്രാമീണരിൽ അത്ഭുതവും ആദരവും. ഇരിക്കാൻ മടികാണിച്ചു നില്ക്കുന്ന അവരോട് ഇരിക്കാൻ അദ്ദേഹംതന്നെ ആവശ്യപ്പെട്ടു. ചർച്ച തുടരാനും പറഞ്ഞു. പ്രസംഗിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. പ്രസംഗിക്കാനല്ല, ഇവിടെ നടക്കുന്ന ചർച്ച കേൾക്കാനാണു താൻ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കാഴ്ചക്കാരനായി മാത്രം. ചർച്ചയിലെ വിവിരങ്ങൾ പഞ്ചായത്തുപ്രസിഡന്റ് ഇഎംഎസിനു കുറിച്ചു കൊടുത്തു. എല്ലാം സൂക്ഷ്മമായി വായിച്ചു. ഈ അപൂർവ്വനിമിഷത്തിന്റെ സാക്ഷികളായി പിആർഡി ടീമിനെക്കൂടാതെ പത്രക്കാരനായി ‘ഇന്ത്യാ ടുഡേ’ ഫോട്ടോഗ്രാഫർ ശങ്കർ മാത്രം. അങ്ങനെ ഗ്രാമസഭയിൽ ഇഎംഎസ് നാട്ടുകാരോടൊപ്പം ഇരിക്കുന്ന ചിത്രം പിആർഡിക്കും ഇന്ത്യാ ടുഡേയിലെ ശങ്കറിനും മാത്രം ലഭിച്ചു.