Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ജി. സാജൻ

ജി. സാജൻ

ലഘു ജീവചരിത്രം (Biography)

ജി. സാജൻ (ഫേസ്ബുക്കിൽ സാജൻ ഗോപാലൻ), കെ. മോഹൻകുമാർ എന്നീ രണ്ടുപേർക്ക് ആയിരുന്നു ജനകീയാസൂത്രണത്തിന്റെ ദൃശ്യമാദ്ധ്യമകുത്തക. ഇരുവർക്കും പൂർണ്ണസ്വാതന്ത്ര്യം കൊടുത്തിരുന്നു. വീഡിയോപരമ്പരയെക്കുറിച്ചു പൊതുനിർദ്ദേശങ്ങൾക്കപ്പുറം ഞങ്ങളുടെ മറ്റ് ഇടപെടലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ചിത്രം പിടിക്കുന്നവർ ഒരിക്കലും ചിത്രത്തിൽ വരില്ല എന്നതുകൊണ്ട് എന്റെ ശേഖരത്തിൽ ഇരുവരുടെയും ചിത്രങ്ങളൊന്നും ഇല്ല. വളരെ ബുദ്ധിമുട്ടി സാജന്റെ ഒരു പടം കണ്ടുപിടിച്ചു. നന്ദിയോട് ഗ്രാമസഭയുടെ യോഗവേദിയുടെ പിന്നിൽനിന്ന് എത്തിനോക്കുന്ന പയ്യൻസ്.

ഫോട്ടോകൾ പരതുമ്പോൾ സാജന്റെ സവിശേഷമായ മറ്റൊരു ഫോട്ടോ കിട്ടി - സാജൻ നീണ്ടകോലും പിടിച്ചിരുന്ന് എന്തോ ചെയ്യുന്നത്. കുറച്ചുനേരമെടുത്തു ഗുട്ടൻസു പിടികിട്ടാൻ. സാധനം നാടിനുചേർന്ന സാങ്കേതികവിദ്യയാണ് (Appropriate Technology). സൗണ്ട് റെക്കോർഡറിങ്ങാണ്. ക്യാമറാമാനേയും അടുത്തുകാണാം. മൈക്ക് ഹോൾഡർ കൊണ്ടുവരാൻ മറന്നുവെന്നു തോന്നുന്നു. അപ്പോൾ പ്പിന്നെ അനുയോജ്യമായ സാങ്കേതികവിദ്യ - കമ്പുവച്ചുകെട്ടി നീട്ടുകതന്നെ.

എവിടെയാണു സ്ഥലമെന്നു സാജനുപോലും ഓർമ്മയില്ല. എന്റെയൊരു തോന്നൽ തിരുവനന്തപുരത്തെ കാണിക്കുടികളിൽ എവിടെയെങ്കിലും ആയിരിക്കണം എന്നാണ്. ചെറിയൊരു ജനകീയാസൂത്രണസദസ്സ്. പാട്ട് റെക്കോർഡ് ചെയ്യുകയാണ്. മൂപ്പൻമാരെയും കാണാം. ആര്? എവിടെ? എപ്പോൾ? ആർക്കെങ്കിലും എന്തെങ്കിലും ഊഹമുണ്ടോ? അറിയിച്ചാൽ വെബ്‌സൈറ്റിൽ ചേർക്കാം. ഈ പുസ്തകത്തിന്റെ അടുത്തപതിപ്പിലും ചേർക്കാം.

സാജൻ ദൂരദർശനിൽ ആയിരുന്നു. ദൂരദർശന്റെയും ആകാശവാണിയുടെയും സ്വയംഭരണാവകാശത്തിനായി നടത്തിയ സമരം രൂക്ഷമായപ്പോൾ കേരളത്തിനു പുറത്തേയ്ക്കു ട്രാൻസ്ഫർ അടിച്ചുകിട്ടി. ഈ പശ്ചാത്തലത്തിൽ സി-ഡിറ്റിലേക്കു രണ്ടു വർഷത്തെ ഡെപ്യൂട്ടേഷൻ വാങ്ങി. അങ്ങനെ മോഹൻകുമാറിനോടൊപ്പം ജനകീയാസൂത്രണത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ കൊടിയടയാളമായി. മൊത്തം 14. 5 മണിക്കൂർ വരുന്ന 57 ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മിച്ചു.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനാധികാരകലാജാഥ മുതൽ പ്രൊജക്റ്റ് തയ്യാറാക്കുന്നതു സംബന്ധിച്ചു വരെയുള്ള ഏഴു പരിശീലനവീഡിയോകളാണ്. പരിശീലനത്തിനു കേരളവ്യാപകമായി ഇവ ഫലപ്രദമായി ഉപയോഗിച്ചു. വിവരണ, അപഗ്രഥന രീതിയിലുള്ള 11 വീഡിയോകളും ഉണ്ടായിരുന്നു. ഇവ കൂടുതലും ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഇഎംഎസ്, സി. പി. നായർ, എം. എസ്. സ്വാമിനാഥൻ തുടങ്ങിയവരുടെ പ്രതികരണങ്ങളാണ്.

കൂടുതൽ സർഗ്ഗാത്മകമായിട്ടുള്ള വീഡിയോകൾ ‘കിളിവാതിൽ’ പരമ്പരയിലേതാണ്. 35 പഞ്ചായത്തുകളുടെ നൂതനവും ജനകീയവുമായ വികസനപ്രൊജക്ടുകൾ പരിചയപ്പെടുത്തുന്ന 4-5 മിനിറ്റ് വീതമുള്ള ഡോക്യുമെന്ററികളുടെ പരമ്പരയായിരുന്നു ഇത്. ഇവ ഏഷ്യാനെറ്റിലും ദൂരദർശനിലും സം‌പ്രേഷണം ചെയ്തു. ഇതിനുപുറമേ ‘വഴിയടയാളങ്ങൾ’ എന്ന പേരിൽ ആറു പഞ്ചായത്തുകളെക്കുറിച്ചുള്ള അപഗ്രഥനാത്മക വീഡിയോകളും ഉണ്ടായിരുന്നു. കൂടാതെ ഏഴു സ്പോട്ടുകളും നിർമ്മിച്ചു.

സാജന്റെ ഏറ്റവും സുപ്രധാന ഇടപെടൽ ഉണ്ടായത് യുഡിഎഫ് സർക്കാർ ജനകീയാസൂത്രണം അവസാനിപ്പിച്ചശേഷമാണ്. എല്ലാം അവസാനിച്ചുവെന്ന ചിന്തയിലായിരുന്നു സന്നദ്ധപ്രവർത്തകരും മറ്റും. അപ്പോഴാണ് ‘ഗ്രീൻ കേരള എക്സ്പ്രസ്സ്’ എന്ന സോഷ്യൽ റിയാലിറ്റി ഷോ ആരംഭിക്കുന്നത്. ഏറ്റവും നല്ല പഞ്ചായത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു ലക്ഷ്യം. അത്യപൂർവ്വമായ ഒരു മാദ്ധ്യമപരീക്ഷണമായിരുന്ന് അത്. ഈ പരമ്പര അധികാരവികേന്ദ്രീകരണരംഗത്തു പുതിയൊരു ആവേശം പകർന്നു നല്കാൻ പര്യാപ്തമായി.

തുടക്കം മുതൽ സാജൻ ഊന്നിപ്പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ജനകീയാസൂത്രണത്തിനു കൃത്യമായ ഒരു മാദ്ധ്യമതന്ത്രം ഇല്ല. ജനകീയാസൂത്രണം തുടങ്ങി ആറുമാസം പിന്നിടുമ്പോഴേയ്ക്കും ഒരു കാര്യം വ്യക്തമായിരുന്നു. സാക്ഷരതാപ്രസ്ഥാനത്തിനു ലഭിച്ചതുപോലെ സമ്പൂർണ്ണമാദ്ധ്യമപിന്തുണ ജനകീയാസൂത്രണത്തിനു ലഭിക്കില്ല. എൻ. പി. ചന്ദ്രശേഖരനും ഞാനുംകൂടി എഴുതിയ ‘മലയാളമാദ്ധ്യമവിമർശനം’ എന്ന ഗ്രന്ഥത്തിൽ ഒരു അദ്ധ്യായം ജനകീയാസൂത്രണത്തിലെ മാദ്ധ്യമതിക്താനുഭവങ്ങളെക്കുറിച്ചുള്ള വിശകലനമാണ്.

പിന്നെ വേറെയെന്തു മാർഗ്ഗം? ഒരു ബദൽമാർഗ്ഗം കണ്ടെത്താനായില്ലായെന്നതാണു സത്യം. എന്റെ കീഴിൽ മഞ്ജുള ഭാരതി തയ്യാറാക്കിയ പിഎച്ച്ഡി പ്രബന്ധത്തിന്റെ വിഷയംതന്നെ ജനകീയാസൂത്രണത്തിന്റെ കമ്മ്യൂണിക്കേഷൻ സ്റ്റ്രാറ്റജിയാണ്. ഇപ്പോൾ ജനകീയാസൂത്രണഗ്രന്ഥമാലയിൽ രണ്ടാമത്തെ ഗ്രന്ഥമായി ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനിതാഘടകപദ്ധതി ക്രമേണ മെച്ചപ്പെടുത്താനും ഫലപ്രദമാക്കാനും കഴിഞ്ഞു. എന്നാൽ ഇത് പട്ടികവർഗ്ഗ ഉപപദ്ധതിയെക്കുറിച്ചു പറയാനാവില്ല. ഈ രണ്ടുമേഖലകളും തമ്മിലുള്ള അന്തരത്തിന്റെ അടിസ്ഥാനം കമ്മ്യുണിക്കേഷൻ സ്റ്റ്രാറ്റജിയിലെ വ്യത്യസ്തതയാണ്. സ്ത്രീകളോടു സംവദിക്കാൻ ഫലപ്രദമായ കമ്മ്യൂണിക്കേഷൻ സ്റ്റ്രാറ്റജി ഉണ്ടാക്കി. എന്നാൽ പട്ടികവർഗ്ഗമേഖലയിൽ ഇതിൽ പരാജയപ്പെട്ടു.

സാജൻ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഒരു കാര്യമാണ് ഫലപ്രദമായ മാദ്ധ്യമതന്ത്രം. അവസാനം അറ്റകൈ പ്രയോഗമായി അമച്വർ പത്രപ്രവർത്തകരുടെ ഒരു നിര ജനകീയാസൂത്രണത്തിൽ ഉണ്ടാക്കാൻ ശ്രമിച്ചു. അതിനു കൊടുങ്ങല്ലൂരുവച്ച് നീണ്ട ശില്പശാലയും നടത്തി. ഇവർ ശേഖരിക്കുന്ന കഥകളും മറ്റും ജില്ലാപിആർഡി വഴി മാദ്ധ്യമങ്ങൾക്കു ദിവസവും എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഇതും വേണ്ടത്ര ഫലപ്രദമായില്ല. ബാക്കി കാര്യങ്ങൾ മോഹൻകുമാറിനെക്കുറിച്ചുള്ള കുറിപ്പിൽ ഉണ്ട്.