Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

കെ. തങ്കമണി

കെ. തങ്കമണി

ലഘു ജീവചരിത്രം (Biography)

1999-ൽ പഞ്ചായത്തിന്റെ അങ്കണവാടി പ്രൊജക്ടിലെ സന്നദ്ധപ്രവർത്തക; 2000-ത്തിൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി, പിന്നെ എഡിഎസ് സെക്രട്ടറി, അതിനുശേഷം സിഡിഎസ് ചെയർപേഴ്സൺ; 2010-15-ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. 2015-20-ൽ ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ്. ഇതാണ് ഒളവണ്ണയിലെ കെ. തങ്കമണിയുടെ പൊതുപ്രവർത്തന റെക്കോർഡ്.

തങ്കമണി ഒരു പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമായിരുന്നു. ഭർത്താവ് ജയരാജ് സിപി‌ഐ(എം) കള്ളിക്കുന്ന് ബ്രാഞ്ചിലെ അംഗവും. വൈകുന്നേരം പണി കഴിഞ്ഞ് ബ്രാഞ്ചുയോഗങ്ങൾ കഴിഞ്ഞ് രാത്രി പത്തും പതിനൊന്നും മണിക്കു കയറിവരുമ്പോൾ ശണ്ഠയും ഉണ്ടാകാറുണ്ട്. അങ്ങനെയിരിക്കെയാണ് വീടിനു സമീപത്തു മരംവെട്ടുന്നതിനിടെ മരംവീണ് ജയരാജിനു നട്ടെല്ലിനു ക്ഷതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ജയരാജ് പണിയെടുത്തുകിട്ടുന്ന വരുമാനംകൊണ്ടു മാത്രം ജീവിതം കഴിഞ്ഞുപോകുന്ന ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പ്രതിസന്ധിയായി. ഭർത്താവിന്റെ ആശുപത്രി വാസക്കാലത്തും അതിനെത്തുടർന്നുള്ള മൂന്നുമാസ വിശ്രമഘട്ടത്തിലുമുള്ള ക്ഷേമാന്വേഷണവും ആവശ്യമായ സമയങ്ങളിൽ മരുന്നും ഭക്ഷണവും എത്തിച്ച സഖാക്കളുടെ പെരുമാറ്റമാണ് തന്റെ കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവന്നതെന്നു തങ്കമണി പറയുന്നു.

അതുവരെ ഒളവണ്ണയിൽ നടന്നുവരുന്ന വികസനപ്രവർത്തനങ്ങളിലോ കുടിവെള്ളപദ്ധതികളിലോ വേണ്ടത്ര താൽപ്പര്യം കാട്ടാതിരുന്ന തങ്കമണി അവിടുത്തെ പ്രവർത്തനങ്ങൾ ഒന്നൊന്നായി നോക്കിക്കാണാൻ തുടങ്ങി. 1999-2000 വർഷങ്ങളിലാണ് ഒളവണ്ണയിൽ ഐസിഡിഎസ് പ്രൊജക്ട് വരുന്നത്. അതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ആറു ശിശുമന്ദിരങ്ങൾ ഉൾപ്പെടെ 51 അങ്കണവാടികൾ നിലവിൽവന്നു. കള്ളിക്കുന്നിലും വന്നൂ ഒരെണ്ണം. തന്റെ മൂത്തകുട്ടി അവിടെ പഠിതാവുമായി. ശിശുമന്ദിരങ്ങൾ ഒഴികെയുള്ള മുഴുവൻ അങ്കണവാടികൾക്കും കെട്ടിടം വേണമായിരുന്നു.

ഒൻപതാംപദ്ധതികാലയളവിൽ 38 എണ്ണത്തിനു കെട്ടിടമായി. ഒരു അങ്കണവാടിക്കുപോലും സ്ഥലം വിലകൊടുത്തു വാങ്ങേണ്ടി വന്നില്ല. പഞ്ചായത്തിന്റെ സ്ഥലങ്ങൾ കഴിഞ്ഞു ബാക്കിയുള്ളവ മുഴുവൻ (32 എണ്ണം) നാട്ടുകാരുടെ സംഭാവനയായിരുന്നു. എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ഓരോന്നിനും ജനകീയക്കമ്മിറ്റികൾ രൂപവത്ക്കരിച്ചു. സർക്കാരിൽനിന്നു വേൾഡ് ബാങ്ക് സഹായമായി ഒരുലക്ഷം രൂപാവീതം അങ്കണവാടികൾക്കു ലഭിച്ചു. പക്ഷെ, കെട്ടിടനിർമ്മാണത്തിനു രണ്ടുലക്ഷം രൂപവരെ വേണ്ടിവന്നു; വിവിധോദ്ദേശ്യഅങ്കണവാടികൾക്കു മൂന്നുലക്ഷവും. ഇതിനെല്ലാം ആവശ്യമായ തുക ജനകീയക്കമ്മിറ്റികൾതന്നെ കണ്ടെത്തി.

അന്ന് 51 അങ്കണവാടികളിലായി വർക്കർമാരും ഹെൽപ്പർമാരുമായി 102 പേരാണ് ഉണ്ടായിരുന്നത്. 1024 കുട്ടികളും. മുഴുവൻ വർക്കർമാർക്കും ഹെൽപ്പർമാർക്കും പരിശീലനം നൽകി. അങ്കണവാടികളിലെ പഠനം ഒട്ടും ശാസ്ത്രീയവും ശിശുസൗഹൃദവുമല്ലായെന്ന ഒരു വിമർശനം ഉണ്ടായിരുന്നു. അന്വേഷണത്തിൽ അതിൽ കുറേയധികം സത്യവും ഉണ്ടെന്നു കണ്ടു. പ്രൈമറി സ്കൂളിലെ പഠനത്തിന് അനുരൂപമായിട്ട് ആയിരുന്നില്ല അങ്കണവാടിയിലെ വിദ്യാഭ്യാസം നടന്നിരുന്നത്. ഒന്നാം ക്ലാസിലെ കുട്ടി 1-20 അക്കങ്ങൾ തിട്ടപ്പെടുത്തുകയും അക്ഷരമാല പഠിക്കുകയും വേണ്ടിയിരുന്നു. നാലിലെ കുട്ടിയാകുമ്പോൾ മാത്രമാണ് ഇംഗ്ലീഷ് അക്ഷരങ്ങൾ പരിചയപ്പെടുക. എന്നാൽ, അങ്കണവാടിയിലെ കുട്ടി 1-100 എണ്ണാനും എഴുതാനും പഠിക്കുകയും മലയാളം, ഇംഗ്ലീഷ് അക്ഷരമാലകൾ ഹൃദ്യസ്ഥമാക്കുകയും വേണ്ടിവരുന്നതു വലിയ പ്രയാസം സൃഷ്ടിച്ചു.

കുട്ടികളുടെ മാനസികവളർച്ചയ്ക്കനുസരിച്ച് എണ്ണാനും സംഖ്യകൾ കൈകാര്യം ചെയ്യാനും കഴിയുംമുമ്പെ ഇത്തരം കാര്യങ്ങൾ കുട്ടിയിൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും പകരം പഠനം കൂടുതൽ ആസ്വാദ്യമാകരമാക്കുന്നതാണു വേണ്ടതെന്നും പഞ്ചായത്തുതലവിദ്യാഭ്യാസസമിതി അഭിപ്രായപ്പെട്ടു. മാത്രമല്ല, കുട്ടിയുമായി ചെലവിടുന്ന സമയം രക്ഷിതാവും പഠിപ്പിക്കൻവേണ്ടി അദ്ധ്യാപകരായി മാറുന്നു. കുട്ടിയും അച്ഛനമ്മമാരുമായുള്ള ബന്ധത്തിൽ കുട്ടിക്കു സ്നേഹവും വാത്സല്യവും സുരക്ഷാബോധവും നൽകി പരസ്പരം നിർവൃതി നൽകുന്ന ഒരു ബന്ധമാണു വേണ്ടതെന്നും പകരം ക്ലാസുമുറിയിലെ പഠനത്തിന്റെ ഗൃഹപാഠങ്ങൾ ചെയ്യുമ്പോൾ ഇതു സാധ്യമാകില്ലായെന്നും അവർ കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്കായി വിദഗ്ദ്ധരുടെ സഹായത്തോടെ നിയതമായ പഠനരീതി ആവിഷ്കരിച്ചു. ഇതുപ്രകാരം മുഴുവൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി. അങ്ങനെ അങ്കണവാടികളിൽ മെച്ചപ്പെട്ട ശിശുസൗഹൃദവിദ്യാഭ്യാസത്തിനു തുടക്കമായി. ഈ പ്രവർത്തനങ്ങളുടെയെല്ലാം അംഗീകാരമായിരുന്നു 2000-2005 കാലയളവിൽ ഏറ്റവും നല്ല അങ്കണവാടി പ്രവർത്തനത്തിനുള്ള സാമൂഹികക്ഷേമവകുപ്പിന്റെ അവാർഡ് പഞ്ചായത്തിനു ലഭിച്ചത്.

2000-ലാണ് ഒളവണ്ണയിൽ കുടുംബശ്രീ വരുന്നത്. കള്ളിക്കുന്ന് അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയായാണ് തങ്കമണി പൊതുജീവിതത്തിലേക്കു വരുന്നത്. അന്നു മുതൽ ഇന്നുവരെ ശക്തയായ കുടുംബശ്രീവക്താവാണ്. തിരുവനന്തപുരത്തെ കുടുംബശ്രീസമരത്തിലും പങ്കാളിയായിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന പ്രസിഡന്റായിരുന്നു. പ്രളയവും നിപയും കോവിഡുമെല്ലാം തങ്കമണി പ്രസിഡന്റായിരുന്ന കാലത്തായിരുന്നു. സന്നദ്ധപ്രവർത്തനത്തിന്റെ ഒരുതലം മുമ്പുള്ള ഒളവണ്ണയിൽ എല്ലാവരെയും ഒപ്പം നിറുത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ തങ്കമണിക്കായി. നല്ല സംഘാടക, ഏതു വിഷയവും പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ്, അതിലുപരി ഉയർന്ന നേതൃശേഷിയും. നിലവിൽ സിപി‌ഐ(എം) ഏരിയാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ സെക്രട്ടറി, കിലയുടെ റിസോഴ്സ് പേഴ്സൺ എന്നീനിലകളിൽ പ്രവർത്തിക്കുന്നു.