Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എൻ. ആർ. ബാലകൃഷ്ണൻ
എൻ. ആർ. ബാലകൃഷ്ണൻ

എൻ. ആർ. ബാലകൃഷ്ണൻ

ലഘു ജീവചരിത്രം (Biography)

ബാർട്ടൺഹില്ലിൽ നടന്ന ഒരാഴ്ചനീണ്ട ജനകീയാസൂത്രണപരിശീലനത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത അഞ്ചുവർഷം പൂർണ്ണസമയം ചുമതല ആവശ്യപ്പെടുന്ന ഒരു പ്രവർത്തനത്തിനാണു തുടക്കമെന്ന് എൻ. ആർ. ബാലകൃഷ്ണൻ കരുതിയില്ല. അന്ന് അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിന്റെ ചേർത്തല മേജർ സെക്‌ഷനിൽ ഓഫീസ് മേധാവിയുടെ ചുമതലയിൽ ആയിരുന്നു. ഒരു വിധത്തിൽ ലീവ് സംഘടിപ്പിച്ചാണു തിരുവനന്തപുരത്തു പരിശീലനത്തിന് എത്തിയത്.

വിശദാംശങ്ങളും സാങ്കേതികരീതികളും പഠിക്കാൻ ഒട്ടേറെ ബാക്കിയുണ്ടായിരുന്നെങ്കിലും നടക്കാൻ പോകുന്ന പരിപാടിയുടെ ഒരു വിഗഹവീക്ഷണം എല്ലാവർക്കും ലഭിച്ചു. അതിലുപരി വലിയൊരു ഊർജ്ജവും ആവേശവും പകർന്നുകിട്ടി. അവിടുന്നങ്ങോട്ട് ഇടതടവില്ലാത്ത പ്രവർത്തനമായിരുന്നു. ജനകീയാസൂത്രണസെല്ലിലേക്കു പൂർണ്ണസമയം നിയമിച്ചുകൊണ്ടു സർക്കാരുത്തരവും താമസിയാതെ പുറത്തിറങ്ങി.

ഗ്രാമസഭായോഗം മുതൽ പദ്ധതിരേഖ ഡിപിസിയിൽവച്ച് അംഗീകരിക്കുന്നതുവരെ ഒരുവർഷക്കാലം ശ്വാസം വിടാൻ ഇടയില്ലാത്തവിധം ആയിരുന്നു. പരിശീലനങ്ങൾക്കു നേതൃത്വം കൊടുക്കുക മാത്രമല്ല, അതിന്റെ അടിസ്ഥാനത്തിൽ റിസോഴ്സ് പേഴ്സൺസിനെ ഉപയോഗപ്പെടുത്തി തദ്ദേശഭരണസ്ഥാപനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യേണ്ടിയിരുന്നു.

കേവലം സംഘാടകന്റെ റോളിൽ മാത്രമായിരുന്നില്ല, ഫാക്കൽറ്റിയംഗമെന്ന നിലയിലും ബാലകൃഷ്ണനു പ്രവർത്തിക്കേണ്ടിയിരുന്നു. ത്രിതലപഞ്ചായത്തുകളുടെ പദ്ധതിയാസൂത്രണ-നിർവഹണപ്രവർത്തനങ്ങളുടെ ഏകോപനം ശ്രമകരമായ ദൗത്യംതന്നെ ആയിരുന്നു. എതിർപ്പുകൾ ധാരാളം ഉണ്ടായിരുന്നു. മാമൂൽ വിട്ട നടപടിക്രമങ്ങൾക്കെതിരെ യാഥാസ്ഥിതികർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചതു സ്വാഭാവികം. ഡിപിസിക്കു കാര്യമായ ഉദ്യോഗസ്ഥസംവിധാന ഇല്ലാതിരുന്ന അക്കാലത്ത് പദ്ധതിരേഖകൾ പരിശോധിച്ചു ഗുണമേന്മ ഉറപ്പു വരുത്തി അംഗീകാരം കൊടുക്കുന്ന ഘട്ടത്തിലായിരുന്നു ഏറ്റവും വലിയ തിരക്ക്. ജില്ലാപ്പദ്ധതി തയ്യാറാക്കുന്നതും വളരെ ശ്രമകരമായ ചുമതലയായിരുന്നു.

ജനകീയാസൂത്രണപദ്ധതിയിൽ ബാലകൃഷ്ണനെ ഏറ്റവും ആകർഷിച്ചതു ഗുണഭോക്തൃസമിതികൾ ആയിരുന്നു. അഴിമതി തടയാനും ജനപങ്കാളിത്തം ഉയർത്താനും വേണ്ടിയുള്ള ഒരു സംവിധാനമായിരുന്നു അത്. അദൃശ്യവും സർവ്വവ്യാപിയുമായ അഴിമതിയെ ഗുണഭോക്തൃസമിതികൾക്കു നേരിടാനാകുമോ എന്നത് അക്കാലത്തുതന്നെ തർക്കവിഷയം ആയിരുന്നു. നിലവിലുണ്ടായിരുന്ന പിഡബ്ല്യുഡി ഷെഡ്യൂൾ ഓഫ് റേറ്റ്സിലെ നിരക്കുകൾ കൂലിപോലുള്ള ചിലയിനങ്ങളിൽ വളരെ കുറവായിരുന്നു. വേണ്ടിവന്ന തൊഴിൽ സംബന്ധിച്ചു കള്ളക്കണക്ക് എഴുതിയുണ്ടാക്കിയാലേ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയൂ എന്നതായിരുന്നു അവസ്ഥ.

ഗുണഭോക്തൃസമിതികൾ പ്രവൃത്തി ചെയ്യുമ്പോൾ എസ്റ്റിമേറ്റ് തയാറാക്കാൻ പ്രാദേശികനിരക്കുകൾ സ്വീകരിക്കാം എന്നതാണ് ഇതിനുകണ്ട പോംവഴി. അതുപ്രകാരം ആലപ്പുഴജില്ലയിൽ വിവിധ താലൂക്കുകളിൽ നിലവിലുള്ള പ്രാദേശികനിരക്കുകൾ അന്വേഷിച്ച് അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു ഷെഡ്യൂൾ ഓഫ് റേറ്റ്സിനു രൂപം കൊടുക്കുകയുണ്ടായി. അത് അംഗീകരിച്ചു കളക്ടർ ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ പിന്നീടു സംസ്ഥാനതലത്തിൽത്തന്നെ റേറ്റുകൾ നിശ്ചയിച്ച് ഉത്തരവു വന്നു. ഇതുണ്ടാക്കിയ ആശയക്കുഴപ്പം ചെറുതല്ലായിരുന്നു. മെഷർമെന്റും ചെക്ക്മെഷർമെന്റും പലയിടത്തും പ്രശ്നമായി. പല എൻജിനീയർമാരും നിസ്സഹരിച്ചു.

ഇതൊക്കെയാണെങ്കിലും അക്കാലത്തു ഗുണഭോക്തൃസമിതികൾ നടത്തിയ പല പ്രവൃത്തികളും പൊതുമരാമത്തുറേറ്റിൽ തയാറാക്കിയ എസ്റ്റിമേറ്റ് തുകയ്ക്കും താഴെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ചേർത്തല മുനിസിപ്പാലിറ്റിയിൽ ഗവ. ആയൂർവേദ ആശുപത്രിക്കായി നടന്ന സ്ഥലം റിക്ലമേഷൻ വർക്കും കെട്ടിടനിർമ്മാണവും എടുത്തു പറയാവുന്ന ഉദാഹരണങ്ങളാണ്. അഞ്ചുലക്ഷം രൂപ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന റിക്ലമേഷൻ പ്രവൃത്തി 3.15 ലക്ഷം രൂപയ്ക്കു പൂർത്തീകരിച്ചു. കെട്ടിടനിർമ്മാണത്തിന് എസ്റ്റിമേറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്തിട്ടും മൊത്തം പ്രവൃത്തി എസ്റ്റിമേറ്റ് തുകയ്ക്കുള്ളിൽ നിർത്താൻ കഴിഞ്ഞു.

ഒമ്പതാംപദ്ധതി ജനകീയപദ്ധതി എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. അത് ഏതാണ്ട് അങ്ങനെതന്നെ നടക്കുകയും ചെയ്തു. എന്നാൽ ഭരണമാറ്റത്തെത്തുടർന്ന് ജനകീയത ദുർബ്ബലമായി. ജനകീയക്കമ്മിറ്റികൾക്കു പകരം കോൺട്രാക്ടർമാർ തിരിച്ചുവന്നു. ഇടതുപക്ഷത്തിനിടയിൽത്തന്നെ ജനകീയാസൂത്രണം സംബന്ധിച്ചുണ്ടായ വിവാദം നിസ്വാർത്ഥസേവനം അനുഷ്ഠിച്ചിരുന്ന സന്നദ്ധപ്രവർത്തകരുടെയും വിദഗ്ദ്ധരുടെയും മനസ്സു മടുപ്പിച്ചു. അവരിൽ ഭൂരിപക്ഷവും പ്രവർത്തനത്തിൽനിന്നു പിൻവാങ്ങി.

എന്നിരുന്നാലും, ജനകീയാസൂത്രണത്തിന്റെ അഞ്ചു വർഷം കേരളത്തിൽ അന്യാദൃശ്യമായ ഒരു അധികാരവികേന്ദ്രീകരണസംവിധാനത്തിന് അടിത്തറയിട്ടു. ദൗർബല്യങ്ങൾ പലതുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന കേന്ദ്രീകൃതഭരണസംവിധാനത്തെക്കാൾ എത്രയോ മെച്ചപ്പെട്ടതാണ് അത് എന്നാണ് എൻ. ആർ. ബാലകൃഷ്ണൻ വിലയിരുത്തുന്നത്.