Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. ജി. ഗോപാലകൃഷ്ണൻ നായർ
എം. ജി. ഗോപാലകൃഷ്ണൻ നായർ

എം. ജി. ഗോപാലകൃഷ്ണൻ നായർ

ലഘു ജീവചരിത്രം (Biography)

കാര്യമായ ഇടതുപക്ഷയടിത്തറ ഇല്ലാത്ത ജില്ലയായിരുന്നു കോട്ടയം. അതുകൊണ്ട് കോട്ടയം ജില്ലയിലെ ജനകീയാസൂത്രണസംഘാടനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ അങ്ങനെയായിരുന്നില്ല അനുഭവം. ഇതിൽ ഒരു സുപ്രധാന സംഭാവന ജില്ലാകോർഡിനേറ്റർമാരായി ചുമതലയേറ്റ ജോസ് ചാത്തുക്കുളം, പത്മകുമാർ, അവസാനം എം. ജി. ഗോപാലകൃഷ്ണൻ നായർ എന്നിവർക്കാണ്. മൂവരും അസാമാന്യ മെയ്‌വഴക്കത്തോടെ വ്യത്യസ്ത അഭിപ്രായഗതിക്കാരെ യോജിപ്പിച്ചു കൊണ്ടുപോകുന്നതിൽ വിജയിച്ചു.

ചങ്ങനാശ്ശേരി കോളെജിലെ പൊളിറ്റിക്സ് വിഭാഗം തലവനായിരുന്നു എം. ജി. ഗോപാലകൃഷ്ണൻ നായർ. തുടക്കം മുതൽ കെആർപി പരിശീലനത്തിൽ പങ്കെടുത്തിരുന്നു. വികേന്ദ്രീകൃതാസൂത്രണത്തോടുള്ള താൽപ്പര്യംതന്നെ ആയിരുന്നു ഇതിനു പിന്നിൽ. പരിഷത്ത് ജില്ലാപ്രസിഡന്റും എകെപിസിറ്റിഎ ജില്ലാസെക്രട്ടറിയും ആയിരുന്നു. അതുകൊണ്ട് ജില്ലയിൽ അത്യാവശ്യം പൊതുബന്ധങ്ങൾ ഉണ്ടായിരുന്നു.

കോട്ടയം ജില്ലയിൽ ക്ലാസുകൾ എടുക്കാനുംമറ്റും അദ്ധ്യാകരെ കണ്ടെത്തൽ ഒരു പ്രശ്നമായിരുന്നു. സങ്കുചിതമായ രാഷ്ട്രീയപരിഗണനകൾ ഒഴിവാക്കി പ്രാപ്തിയും താൽപ്പര്യവുമുള്ള ആളുകളെ കണ്ടെത്തി കെആർപിമാരാക്കാൻ കഴിഞ്ഞതാണു പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചതെന്നു ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ബ്ലോക്കുകളിലും നാലു നഗരസഭകളിലുമായി 15 കോർഡിനേറ്റർമാരും കെആർപിമാരും അടങ്ങുന്ന ഒരു വലിയ സന്നദ്ധസേന കൂടെ ഉണ്ടായിരുന്നു. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു കോർഡിനേറ്റർമാരെ നീക്കംചെയ്യേണ്ടിയുംവന്നു. തദ്ദേശഭരണസ്ഥാപനാദ്ധ്യക്ഷരുമായും ജില്ലാതല ഉദ്യോഗസ്ഥരുമായുമെല്ലാം നല്ല ബന്ധം നിലനിർത്താനായത് പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കി.

ജില്ലാ ആസൂത്രണസമിതികൾ നിലവിൽ‌വന്നപ്പോൾ ഗവൺമെന്റ് നോമിനി എന്നനിലയിൽ അതിൽ അംഗമായി. എംഎൽഇസി, ഡിഎൽഇസി, ബിഎൽഇസി യോഗങ്ങൾ കൃത്യമായി ചേരാനും അവിടങ്ങളിൽ എന്തെങ്കിലും സംശയങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ ഇടപെട്ടു പരിഹരിക്കാനുമുള്ള ഒരു രീതി ഗോപാലകൃഷ്ണനുണ്ടായിരുന്നു. ജനകീയാസൂത്രണം കഴിഞ്ഞും വികേന്ദ്രീകൃതാസൂത്രണത്തിൽ കിലയുടെ ഫാക്കൽറ്റി കൺവീനറായി തുടർന്നു. എന്നാൽ ജനകീയാസൂത്രണാനുഭവത്തിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു ഇക്കാലമെന്നാണ് ഗോപാലകൃഷ്ണന്റെ വിലയിരുത്തൽ. അദ്ധ്യാപനത്തിലേക്കും സംഘടനാചുമതലകളിലേക്കും പിൻവലിയാൻ ഇത് ഇടയാക്കി.

ചിത്രം 1: എം. ജി. ഗോപാലകൃഷ്ണൻ നായർ (ഇടതുവശത്തു ജനാലയ്ക്കരികിൽ നീല ഷർട്ടു ധരിച്ച് ഇരിക്കുന്നു).