Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ: എൻ. രമാകാന്തൻ
പ്രൊഫ: എൻ. രമാകാന്തൻ

പ്രൊഫ: എൻ. രമാകാന്തൻ

ലഘു ജീവചരിത്രം (Biography)

ഗവൺമെന്റ് കോളെജ് അദ്ധ്യാപകസംഘടനയായ എകെജിസിറ്റിയുടെ സംസ്ഥാനസെക്രട്ടറിയായി പ്രൊഫ: എൻ. രമാകാന്തൻ പ്രവർത്തിച്ചുവരുന്ന കാലത്താണ് പൊടുന്നെ ജനകീയാസൂത്രണത്തിൽ ചുമതലയേൽക്കേണ്ടിവന്നത്. കോളെജദ്ധ്യാപനത്തിൽനിന്നു കുറേക്കാലം വിട്ടുനില്ക്കുന്നതിനു വിമുഖത കാണുമെന്ന് അറിയാമെന്നതുകൊണ്ട് പ്രൊഫ. പി. കെ. രവീന്ദ്രനെയാണ് സമ്മതിപ്പിക്കാൻ ശട്ടംകെട്ടിയത്.

“ആസൂത്രണപ്രക്രിയയിൽ മുൻപരിചയമോ പ്രൊഫഷണൽ വൈദഗ്ദ്ധ്യമോ ഇല്ലാത്ത ഞാൻ എന്താണ് അവിടെ ചെയ്യാനുള്ളത്” എന്നായിരുന്നു രമാകാന്തന്റെ പ്രതികരണം. “അതൊന്നും പ്രശ്നമില്ല. തനിക്ക് സമ്പൂർണ്ണസാക്ഷരതാപ്രവർത്തനത്തിന്റെ അനുഭവങ്ങൾ ഉണ്ടല്ലോ” എന്ന മറുപടിയോടെ ചർച്ച അവസാനിച്ചു.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ സംസ്ഥാന ആസൂത്രണബോർഡിൽ വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറക്കി. ഉത്തരവു ലഭിച്ച ഉടൻതന്നെ കോളെജുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്ററുടെ ‘റിലീവിങ് ഓർഡർ’ ഒന്നും കാത്തുനില്ക്കാതെ പ്രിൻസിപ്പലിന് അപേക്ഷ കൊടുത്തു. കോളെജിൽനിന്നു പ്രിൻസിപ്പൽ റിലീവും ചെയ്തു. ഇതിന്റെപേരിൽ പിന്നീടു വിദ്യാഭ്യാസവകുപ്പിൽനിന്നു ചില അച്ചടക്കനടപടിപൊല്ലാപ്പുകളും ഉണ്ടായി. ഏതായാലും ഹരം കയറി ഭ്രാന്തു പിടിച്ച ജനകീയാസൂത്രണക്യാമ്പയിൻ സെല്ലിലെ മുപ്പതു സന്നദ്ധപ്രവർത്തകരിൽ ഒരാളായി രമാകാന്തനും മാറി.

ഏഴുദിവസത്തെ ഒന്നാംഘട്ടപരിശീലനമാണു തന്നെ ജനകീയാസൂത്രണപ്രവർത്തകനാക്കി മാറ്റിയതെന്നു രമാകാന്തൻ ഓർക്കുന്നു. ആ പരിശീലനം അത്രയ്ക്കു ഫലപ്രദമായിരുന്നു. പരിശീലനം കഴിഞ്ഞ് ഇറങ്ങിയവരിൽ മഹാഭൂരിപക്ഷവും ഒരേ തരംഗവീചിയിലുള്ള ടീമായി രൂപാന്തരപ്പെടുകയായിരുന്നു.

പിന്നീട് രാജ്യത്തിനകത്തും പുറത്തും നടന്ന നിരവധി ദേശീയ, സാർവ്വദേശീയ പരിശീലനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പരിശീലകരുടെ പ്രൊഫഷണൽ വൈദഗ്ധ്യം വളർത്താനായി യുകെയിലെ ജെയിംസ് വാലി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു കേന്ദ്രഗവൺമെന്റിന്റെ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പു സംഘടിപ്പിച്ച വിവിധ പരിശീലനങ്ങളിൽ പങ്കെടുത്തുകൊണ്ട് ഒരു ‘അക്രെഡിറ്റഡ് ട്രെയിനർ’ എന്ന അംഗീകാരം നേടി. എന്നാൽ ഇത്തരം പരിശീലനങ്ങളിൽനിന്നു നേടാൻ കഴിഞ്ഞതിനെക്കാളും എത്രയോ അധികം ആത്മവിശ്വാസവും അവതരണമികവും ആർജ്ജിക്കാൻ ജനകീയാസൂത്രണപ്രസ്ഥാനവുമായി ബന്ധപ്പെടു സംഘടിപ്പിച്ച വിവിധ പരിശീലനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണു രമാകാന്തന്റെ സ്വയംവിലയിരുത്തൽ.

ജില്ലയുടെ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ കോർഡിനേറ്ററുടെ അംശവടിയുമായി തൃശ്ശൂരിൽനിന്നു എറണാകുളത്ത് എത്തിയ രമാകാന്തന് എറണാകുളം ജില്ലയിലെ കോർഡിനേറ്ററായി ചാർജ്ജ് എടുത്തിനുശേഷം ആദ്യകാലത്തു കയ്പേറിയ പല അനുഭവങ്ങളും ഉണ്ടായി. ജില്ലാ പ്ലാനിങ് ഓഫീസിലെ അടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്നുപോലും വേണ്ടത്ര സഹകരണം ലഭിച്ചില്ല. ജനകീയകാമ്പയിനോടും ഇടപെടലുകളോടും അത്രകണ്ടു പൊരുത്തപ്പെടാൻ അവർക്കു കഴിഞ്ഞിരുന്നില്ല.

ഇതു തികച്ചും സ്വാഭാവികം മാത്രം. എന്നാൽ കളക്ടറായിരുന്ന ഇന്നത്തെ ചീഫ് സെക്രട്ടറി വി. പി. ജോയ് ഇടപെട്ടതോടെ അന്തരീക്ഷം മാറി. ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് പി. കെ. ഇബ്രാഹിംകുട്ടി പൂർണ്ണസഹകരണം വാഗ്ദാനം ചെയ്തു. വരാന്തയിൽനിന്ന് ഓഫീസിനുള്ളിലേക്കു ജില്ലാക്കോർഡിനേറ്ററുടെ ഓഫീസ് മാറി. ഇടതടവില്ലാത്ത തിരക്കുകളിൽ എല്ലാവരും മുഴുകി. ഈ തിരക്കിൽ വീട്ടുകാര്യംപോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.

എറണാകുളം ജില്ലയിൽ ഇന്നത്തെപ്പോലെ അന്നും ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫ് നിയന്ത്രണത്തിലായിരുന്നു. ജില്ലാപ്പഞ്ചായത്തുപ്രസിഡന്റിന്റെ സഹകരണംകൊണ്ട് ഇതു ജനകീയകാമ്പയിനിനു തടസ്സമായി മാറിയില്ല. ഗ്രാമസഭകളെ കൂടുതൽ കാര്യക്ഷമമാക്കാൻ 30-40 വീടുകളെ ഉൾപ്പെടുത്തി അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കാൻ ജില്ലാ ആസൂത്രണസമിതി പുറപ്പെടുവിച്ച ഉത്തരവ് വലിയ ചർച്ചയ്ക്കിടയാക്കി. തൃക്കാക്കരയിലെ സഹകരണയാശുപത്രിയും വാരപ്പെട്ടിയിലെ ജനകീയപാലവും ചെല്ലാനത്തെ ജലസംരക്ഷണപ്രവർത്തനങ്ങളും ചോറ്റാനിക്കരയിലെ കേരസംരക്ഷണപ്രവർത്തനങ്ങളും ഉൾപ്പെടെ എത്രയെത്ര മാതൃകാപ്രവർത്തനങ്ങൾ.

ജനകീയാസൂത്രണം അവസാനിക്കുംമുമ്പുതന്നെ രമാകാന്തന്റെ ചുമതല ക്യാപ്ഡെക്കിലേക്കു മാറി. സ്വിസ് സർക്കാരിന്റെ സഹായത്തോടെയുള്ള ഈ പ്രൊജക്ടിന്റെ ലക്ഷ്യം പരിശീലനം കിലയിൽ വ്യവസ്ഥാപിതമാക്കുക എന്നതായിരുന്നു. 2007-ൽ കില ഡയറക്റ്ററാകുന്നതുവരെ ഈ ചുമതലയിൽ തുടർന്നു. 2010-ൽ കോളെജിൽ തിരിച്ചു പ്രവേശിച്ചു. ആ ഇടവേള എംജി സർവ്വകലാശാലയിൽനിന്നു പി‌എച്ച്‌ഡി നേടാൻ ഉപയോഗപ്പെടുത്തി. ജനകീയാസൂത്രണമായിരുന്നു വിഷയം. 2016-ൽ ലോക്കൽ ഗവൺമെന്റ് കമ്മിഷനിലെ അംഗമായി. ഏകീകൃത സിവിൽ സർവ്വീസിനുവേണ്ടിയുള്ള നടപടികൾ നിർദ്ദേശിക്കലായിരുന്നു ഈ കമ്മിഷന്റെ മുഖ്യചുമതല.

അങ്ങനെ കഴിഞ്ഞ 25 വർഷക്കാലം കോർഡിനേറ്റർ, ക്യാപ്ഡെക്ക്, കില ഡയറക്റ്റർ, ജനകീയാസൂത്രണഗവേഷണം, ലോക്കൽ ഗവൺമെന്റ് കമ്മിഷൻ അംഗം എന്നീ നിലകളിലെല്ലാം വലിയ സംഭാവനയാണ് അധികാരവികേന്ദ്രീകരണത്തെ സുസ്ഥിരമാക്കുന്നതിൽ രമാകാന്തൻ നല്കിയിട്ടുള്ളത്.