Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / സി. രവീന്ദ്രനാഥ്
സി. രവീന്ദ്രനാഥ്

സി. രവീന്ദ്രനാഥ്

ലഘു ജീവചരിത്രം (Biography)

പിന്നീടു വിദ്യാഭ്യാസമന്ത്രി ആയ സി. രവീന്ദ്രനാഥ് ആയിരുന്നു ആദ്യത്തെ തൃശ്ശൂർ ജില്ലാകോർഡിനേറ്റർ. മാഷെ ഉറപ്പിക്കാൻ ഒരുദിവസം രാവിലെ എം. എൻ. സുധാകരനുമൊത്തു വീട്ടിൽ ചെന്നു. വലിയൊരു ചട്ടിയിൽ പഴംകഞ്ഞിയുമായി ഇരിക്കുകയായിരുന്നു. നമുക്കു പരിചിതമായ പഴംകഞ്ഞിയല്ല. തലേദിവസം ബാക്കിവന്ന അവിയലും തോരനും സാമ്പാറുമെല്ലാം കൂട്ടിക്കലക്കി ഒറ്റയടി. പ്രാതൽ വീട്ടിലാണെങ്കിൽ മിക്കവാറും ഇങ്ങനെതന്നെ. മാഷിന്റെ വീട്ടിൽ ഭക്ഷണം വേസ്റ്റാവില്ല. ഏതായാലും കോർഡിനേറ്ററാകാൻ സമ്മതിപ്പിച്ചാണു മടങ്ങിയത്.

മാഷിന്റെ രണ്ടാമത്തെ പ്രത്യേകത അദ്ദേഹത്തിന്റെ വാഹനമാണ് - സൈക്കിൾ. തൃശ്ശൂർ പട്ടണവുമായി ബന്ധപ്പെട്ട് എവിടെയാണെങ്കിലും സൈക്കിളിലാണു യാത്ര. വലിയൊരു കാലൻകുടയും ഉണ്ടാകും. ഇപ്പോൾ വസ്ത്രധാരണത്തിൽ ഒരു ശ്രദ്ധയുണ്ട്. പക്ഷെ, അന്ന് അങ്ങനെയായിരുന്നില്ല. ജനകീയാസൂത്രണകാലത്തെ ചിത്രങ്ങൾ നോക്കിയാൽമതി. ഒരു ചിത്രം കണ്ടതിൽ അതാ, മുണ്ടുമടക്കിക്കുത്തി മരക്കൊമ്പിൽ പിടിച്ച് ഒരു ജയൻ സ്റ്റൈലിൽ! അതും മാഷുതന്നെ. കീ-റിസോഴ്സ് പേഴ്സൺ ടി. യു. രാധാകൃഷ്ണൻ (കോൺഗ്രസ് നേതാവ്), മാള ബ്ലോക്ക് കൺവീനർ ജോൺ കെന്നഡി എന്നിവർ വാർഡ് മെമ്പർ ലീലാമണി പ്രസന്നനോടു റോഡുനിർമ്മാണത്തിന്റെ കാര്യം സംസാരിക്കുകയായിരുന്നത്രേ! വിദഗ്ദ്ധസമിതിയംഗം അംഗം കെ. മോഹനനും ഡിആർപി വി. എം. ഹംസയും ഒപ്പമുണ്ടായിരുന്നു.

മൂന്നാമത്തെ പ്രത്യേകതയാണു മാഷിന്റെ ശക്തി. ഒന്നാംതരം അദ്ധ്യാപകനാണ്. ഓരോ പ്രസംഗവും ക്ലാസ്സാണ്. അതീവലളിതമായി, സദസ്സിനോടു ചോദ്യങ്ങൾ ചോദിച്ചും പറഞ്ഞതു മനസ്സിലായിയെന്ന് ഉറപ്പുവരുത്തിയുമാണു പ്രസംഗം മുന്നോട്ടുപോവുക. മാഷ് പ്രസംഗിക്കുമ്പോൾ സദസ്സു കുട്ടികളാകും. അതു മാഷിനൊരു അഡ്വാന്റേജാണ്. അതുകൊണ്ട്, ജനകീയാസൂത്രണത്തിലെ ഒരു പ്രധാന അദ്ധ്യാപകനായിരുന്നു. തൃശ്ശൂരിലെ ‘കില’ ആയിരുന്നല്ലോ പ്രധാനപരിശീലനകേന്ദ്രം.

വികസനറിപ്പോർട്ട് തയ്യാറാക്കുന്നതിലായിരുന്നു മാഷിന്റെ വൈദഗ്ദ്ധ്യവും സംഘടനാപാടവവും പൂർണ്ണമായും തെളിഞ്ഞത്. നല്ലൊരുസംഘം പരിഷത്തുപ്രവർത്തകരും കൂടെ ഉണ്ടായിരുന്നു. വികസനറിപ്പോർട്ട് തയ്യാറാക്കൽ വിചാരിച്ചതിലും പതുക്കെയാണു നീങ്ങിയത്. വേഗം കൂട്ടാൻ എന്താണു മാർഗ്ഗം? എവിടെയെങ്കിലും ചെയ്തു കാണിക്കുക. ആ ദൗത്യം മാഷാണ് ഏറ്റെടുത്തത്. ജില്ലയിലെ പഞ്ചായത്തുകളിൽ 42 എണ്ണത്തിൽ വികസനറിപ്പോർട്ടുകൾ അച്ചടിച്ചു തയ്യാറായി. കൊടകരയിൽ മറ്റുജില്ലകളിലെ പ്രധാനപ്രവർത്തകർകൂടി പങ്കെടുത്ത ചടങ്ങിലാണ് ഇവ പ്രകാശിപ്പിച്ചത്. അതോടെ സംസ്ഥാനത്തുടനീളം പുതിയ ഉന്മേഷം ഉണ്ടായി. മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും 100 പേജ് ശരാശരി വരുന്ന റിപ്പോർട്ടുകൾ തയ്യാറാക്കി.

ഇത്രയും ആയപ്പോഴേക്ക്, അദ്ദേഹം ജോലിചെയ്തിരുന്ന സ്വകാര്യകോളെജധികൃതർ ഡെപ്യുട്ടേഷൻ തരില്ലെന്നു വ്യക്തമാക്കി. പിന്നെ മറ്റു പോംവഴിയൊന്നും ഉണ്ടായില്ല. മാഷ് കോളെജിലേക്കു തിരിച്ചുപോയി. കെആർപിയായി ജനകീയാസൂത്രണപ്രവർത്തനം തുടർന്നു. ജനകീയാസൂത്രണത്തിൽനിന്നു പഠിച്ച പാഠങ്ങൾ എംഎൽഎ ആയപ്പോൾ സുസ്ഥിരകൊടകരയും പിന്നീട് സുസ്ഥിരപുതുക്കാടുമായി പുനരവതരിച്ചു. ഈ വികസനാനുഭവങ്ങളെക്കുറിച്ചു മാഷ് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനൊരു നീണ്ട അവതാരിക ഞാൻ എഴുതിയത് വലിയ അഭിമാനത്തോടെയായിരുന്നു.

കൊടകരയിലും പിന്നീട് പുതുക്കാട്ടും പഞ്ചായത്തുകളുമായി ചേർന്ന് മാഷ് ആവിഷ്കരിച്ച വികസനപ്രവർത്തനങ്ങൾ സംസ്ഥാനവികസനനയങ്ങളെത്തന്നെ സ്വാധീനിക്കാൻപോന്നവ ആയിരുന്നു. കൊടകരയിൽ സഹകരണബാങ്കിൽനിന്നു വായ്പയെടുത്തു നടപ്പാക്കിയ പാർപ്പിടപദ്ധതിയാണ് ഇഎംഎസ് പാർപ്പിടപദ്ധതിക്കു രൂപം നല്കാൻ ആത്മവിശ്വാസം നല്കിയത്. അന്ന് അവിടെ വീട് ഇല്ലാതിരുന്ന മുഴുവൻപേർക്കും വീടു നല്കി മാഷ് എല്ലാവരെയും ഞെട്ടിച്ചു. വിദ്യാഭ്യാസമേഖലയായിരുന്നു ഊന്നൽ നല്കിയ മറ്റൊരു മേഖല: ഡിജിറ്റൽ ക്ലാസ് മുറികൾ, സ്കൂൾ ജൈവോദ്യാനങ്ങൾ, ഓട്ടിസം പാർക്ക്, പിന്നാക്കം നില്ക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക സ്കീമുകൾ, മികവുറ്റ കുട്ടികൾക്കുള്ള സ്കീമുകൾ, തുടങ്ങിയവയെല്ലാം സ്വന്തം പ്രദേശത്തു പരീക്ഷിച്ചു വിജയിപ്പിച്ചശേഷമാണ് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമാക്കിയത്.

കാർഷികമേഖലയിലെ ഇടപെടലുകൾ വളരെ ശ്രദ്ധേയമായിരുന്നു. ഗുരുവായൂർ അമ്പലത്തിലെ ആവശ്യവുമായി ബന്ധപ്പെടുത്തി കുടുംബശ്രീ വഴി എല്ലാ വീട്ടിലും കദളിവാഴക്കൃഷി ആരംഭിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. ഔഷധിയുടെ കമ്പോളവുമായി ബന്ധപ്പെടുത്തിയാണ് ആടുഗ്രാമവും പാവൽക്കൃഷിയും ആരംഭിച്ചത്. തൃശ്ശൂർ പട്ടണത്തിലെ പാൽ‌വിതരണവുമായി ബന്ധപ്പെടുത്തി ഉപഭോക്താവു തെരഞ്ഞെടുക്കുന്ന ഒരേ പശുവിന്റെ പാലുതന്നെ സ്ഥിരമായി നല്കുന്ന പശുഗ്രാമം പദ്ധതിയും വിജയമായിരുന്നു. ചുരുക്കത്തിൽ, മാഷ് എപ്പോഴും വീണ്ടും വീണ്ടും പറയാറുള്ള ഉദ്ഗ്രഥനം എങ്ങനെയെന്ന് അദ്ദേഹം ചെയ്തുകാണിച്ചു. ഓരോ പദ്ധതിയുടെയും മുൻ-പിൻബന്ധങ്ങൾ പരിശോധിച്ച് അവയെ കൃഷിയുമായി ഉദ്ഗ്രഥിച്ചു. നെൽക്കൃഷിമേഖലയിൽ ഗലാസ പദ്ധതി വിജയകരമായി നടപ്പാക്കി. ഈ പ്രവൃത്തികളെല്ലാം ജനങ്ങളുടെ വലിയ പിന്തുണ അദ്ദേഹത്തിനു നേടിക്കൊടുക്കുകയും ചെയ്തു.

2021 ഓഗസ്റ്റിൽ ഇത് എഴുതുന്നതിനു തൊട്ടുമുമ്പ് ഒരുദിവസം തൃശ്ശൂരിൽവച്ചു കണ്ടപ്പോൾ ഞാൻ ചോദിച്ചു – നമുക്കൊന്ന് ഇനിയും ഇറങ്ങണ്ടേ? “ആവാല്ലോ. എന്താണു പണി?”