Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

സി. പി. ജോൺ

സി. പി. ജോൺ

ലഘു ജീവചരിത്രം (Biography)

സഹകരണവകുപ്പിൽ ഇൻസ്പെക്ടറായിരുന്ന സി. പി. ജോൺ പാലക്കാടുജില്ലാ എൻജിഒ യൂണിയൻ നേതാവായിരുന്നു. ജനകീയാസൂത്രണത്തിന്റെ മൂന്നാംഘട്ടത്തിലാണു ജോണിന്റെ സംസ്ഥാനതലരംഗപ്രവേശനം. അതുവരെ പാലക്കാടു ജില്ലയിൽ ഡിആർപി ആയി ആലത്തൂർ ബ്ലോക്കിൽ പ്രവർത്തിക്കുകയായിരുന്നു. നിർബ്ബന്ധിച്ച് ആലത്തൂർ ബ്ലോക്ക് കോർഡിനേറ്ററുമാക്കി.

മൂന്നാംഘട്ടം വലിയ തലവേദനയായിരുന്നു. പ്രൊജക്ടുകൾ എങ്ങനെയാണ് എഴുതിത്തയാറാക്കേണ്ടത്? സർക്കാരിൽ പ്രൊജക്ടുകൾ ഇല്ല. സ്കീമുകളേയുള്ളൂ. മുകളിൽ സ്കീമിന്റെ എല്ലാ വിശദാംശങ്ങളും തീരുമാനിച്ചിരിക്കും. അതനുസരിച്ചു താഴത്തു നടപ്പാക്കുക. എന്നാൽ പ്രൊജക്റ്റ് അങ്ങനെയല്ല. വാർപ്പുമാതൃകയിലുള്ള സ്കീമുകൾക്കുപകരം ഓരോ സ്ഥലത്തെയും സാഹചര്യങ്ങൾ അനുസരിച്ച് താഴേത്തട്ടിൽ തീരുമാനിക്കേണ്ടതാണ്. ഇങ്ങനെ പ്രൊജക്ടുകൾ എഴുതുന്നതിനു ചട്ടക്കൂടുണ്ട്. ഈ ചട്ടക്കൂടിനുള്ളിൽ ഓരോ മേഖലയിലെയും സ്വഭാവത്തിനു വ്യത്യാസമുണ്ടാകും. വിദ്യാഭ്യാസഗുണനിലവാരം ഉയർത്തുന്നതുപോലെ അല്ലല്ലോ റോഡു നിർമ്മിക്കാനുള്ള പ്രൊജക്റ്റ്. വിദ്യാഭ്യാസപ്രൊജക്റ്റ് ആവട്ടെ, നിലവിലുള്ള വിദ്യാഭ്യാസസൗകര്യങ്ങളും ആളുകളുടെ പ്രാപ്തിയുമൊക്കെ കണക്കിലെടുത്തു വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ അയവേറിയ ചട്ടക്കൂട് എന്തായിരിക്കണം? മാസങ്ങൾനീണ്ട ചർച്ചകളുടെ അവസാനമാണ് മൂന്നാംഘട്ടപരിശീലനത്തിനുമുന്നേ ഇതുസംബന്ധിച്ചു ധാരണയിൽ എത്തിയത്. ഇങ്ങനെയുള്ള ഒരു സംസ്ഥാനതലകൂടിയിരിപ്പിനാണു ജോൺ ആദ്യമായിട്ടു പങ്കെടുക്കുന്നത്.

പ്രൊജക്ടുകൾ എഴുതിത്തയാറാക്കിക്കൊണ്ടിരിക്കുന്ന വേളയിൽ ബ്ലോക്കുതലത്തിൽ പ്രൊജക്റ്റ് ക്ലിനിക്കുകൾ സംഘടിപ്പിച്ചു. തയ്യറാക്കിയ പ്രൊജക്ടുകൾ പരിശോധിച്ച് അവയെ അംഗീകാരയോഗ്യമാക്കി തീർക്കാനുള്ള സഹായമാണ് ഈ ക്ലിനിക്കുകൾ നല്കിയത്. പ്രൊജക്റ്റ് ക്ലിനിക്ക് സ്പെഷ്യലിസ്റ്റായിത്തീർന്നു ജോൺ.

1998-ൽ ഹൃദ്രോഗചികിത്സയ്ക്കായി അന്നത്തെ ജില്ലാക്കോർഡിനേറ്റർ ആർ. എ. ഉണ്ണിത്താൻ (എൻജിഒ യൂണിയന്റെ സംസ്ഥാനസെകട്ടറിയേറ്റ് മെമ്പർ) ചുമതലയൊഴിഞ്ഞു. തൽക്കാലം മലമ്പുഴ ബ്ലോക്ക് കോർഡിനേറ്ററായ വൈ. കല്യാണകൃഷ്ണന് അധികച്ചുമതല നല്കി. പിന്നീട് സി. പി. ജോണിനെ ജില്ലയുടെ മുഴുവൻസമയ കോർഡിനേറ്ററായി നിയോഗിച്ചു. ഡിപിസിയുടെ പ്രവർത്തനത്തിൽ സജീവസഹായിയായി. അതുപോലെതന്നെ ജില്ലാപ്പഞ്ചായത്തിന്റെ പദ്ധതി രൂപവത്ക്കരണത്തിലും.

ഏറ്റവും അഭിമാനം നല്കുന്ന പ്രവർത്താ ഏതെന്ന ചോദ്യത്തിനു രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല- ത്രാങ്ങാലിയിലെ തടയണനിർമ്മാണം. ഡിപിസിയുടെ ഉപാദ്ധ്യക്ഷനായി പ്രവർത്തിച്ചിരുന്ന മുൻ ജലക്കമ്മിഷൻ അംഗം കെ. മാധവൻസാറിന്റെ ആശയമായിരുന്നു ഇത്. പഞ്ചായത്ത് ഇവിടെ മണൽച്ചാക്കുകൊണ്ടു താൽക്കാലികതടയണ നിർമ്മിച്ചിരുന്നു. അതിനുപകരം സ്ഥിരംതടയണ നിർമ്മിക്കാനുള്ള രൂപരേഖ മാധവൻസാർ തയ്യാറാക്കി. ഒറ്റപ്പാലം ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് ദേവകിക്കുട്ടിട്ടീച്ചർ ചെയർമാനും വാണിയംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ. കുമാരൻ കൺവീനറുമായ ഗുണഭോക്തൃസമിതി നിർമ്മാണം ഏറ്റെടുത്തു. മനുഷ്യാധ്വാനമായും പണമായും സാധനങ്ങളായും ആറുലക്ഷം രൂപയ്ക്കുള്ള വിഭവം സമാഹരിച്ചു.

ഈ പ്രവർത്തനത്തിന്റെ തുടക്കം മുതൽ ജോണിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തടയണനിർമ്മാണത്തെക്കുറിച്ചു കൈപ്പുസ്തകം തയ്യാറാക്കി. 2000 ഫെബ്രുവരി 12, 13 തീയതികളിൽ വാണിയംകുളത്തു നടന്ന ‘ജലവിഭവാസൂത്രണവും തടയണകളും’ എന്ന സംസ്ഥാനതല പങ്കാളിത്തപഠനപരിപാടിയുടെ സംഘാടകൻ ജോണായിരുന്നു.

സംസ്ഥാനതലത്തിൽ പട്ടികജാതി-പട്ടികവർഗ്ഗപരിശീലനപരിപാടിയിൽ ഏതാണ്ട് ഒരുമാസം ജോൺ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എന്തിനും ഏതിനും ഏതു സമയത്തും റെഡി എന്ന ശൈലിയുടെ ഉടമയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ടെങ്കിലും ഇന്നും കിലയുടെ പാലക്കാട് ജില്ലാതല കോർഡിനേറ്ററായി പ്രവർത്തിക്കുകയാണ്.