Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / കെ. കെ. ജനാർദ്ദനൻ
കെ. കെ. ജനാർദ്ദനൻ

കെ. കെ. ജനാർദ്ദനൻ

ലഘു ജീവചരിത്രം (Biography)

ഗ്രാമസഭകൾ കഴിഞ്ഞു. നാട്ടിലെ രാഷ്ട്രീയ-സാംസ്ക്കാരികപ്രവർത്തകരും ചെറുപ്പക്കാരുമെല്ലാം വിവരശേഖരണത്തിലും വികസനരേഖയുടെ എഴുത്തുപണിയിലും വ്യാപൃതരാണ്. വിപുലമായ വികസനസെമിനാറുകൾക്കു നാടു തയ്യാറെടുക്കുകയാണ്. ആദ്യസെമിനാർ വളളിക്കുന്നിൽ ഗംഭീരമായി നടന്നു. ഇ. എം. ശ്രീധരൻ മുഴുവൻസമയവും അവിടെ ഉണ്ടായിരുന്നു. കുറെ ദിവസം കഴിഞ്ഞ് ഒരു പുലർച്ചെ മലപ്പുറം ജില്ലാകോർഡിനേറ്റർ ആയിരുന്ന കെ. കെ. ജനാർദ്ദനന് ഒരു ഫോൺ. അങ്ങേത്തലയ്ക്കൽ ഇ. എം. ശ്രീധരനാണ്. എല്ലായിടത്തും സെമിനാർ നടക്കുന്നു. ഏലംകുളം പഞ്ചായത്തിൽ ഒന്നും നടക്കുന്നതായി അറിയുന്നില്ല. അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. പിന്നെ പലരെയും വിളിച്ചു പെരിന്തൽമണ്ണയിൽ പ്രത്യേകയോഗം ചേർന്നു. ഇഎംഎസ്സിന്റെ ജന്മനാട്ടിൽ പ്രവർത്തകർ കാര്യങ്ങൾ ഏറ്റെടുത്തു. വികസനരേഖയുണ്ടായി. സെമിനാർ ഗംഭീരമായി.

ഞങ്ങൾ പ്ലാനിങ് ബോർഡ് മെമ്പർമാർ പ്രത്യേകിച്ച് അനിയൻ, ഇക്ബാൽ, ഞാൻ എന്നിവർക്കു വളരെ അനൗപചാരികമായ ബന്ധമാണ് ഏതാണ്ട് എല്ലാ ജനകീയാസൂത്രണപ്രവർത്തകരോടും ഉണ്ടായിരുന്നത്. ജനാർദ്ദനൻ ആണെങ്കിൽ അനിയനുമായി സ്വാശ്രയജാഥക്കാലം മുതലുള്ള സൗഹൃദമാണ്. ഈ അനൗപചാരികത പലപ്പോഴും ഉദ്യോഗസ്ഥരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ജനാർദ്ദനൻ ഓർക്കുന്ന ഒരു സന്ദർഭം ഇതാ:

മലപ്പുറത്ത് ഒരു സുപ്രധാന അവലോകനയോഗം. അനിയൻ രാവിലെ നേരത്തേ എത്തി. പ്ലാനിങ് ഓഫീസിൽ ജനാർദ്ദനനും എൻജിഒ യൂണിയൻ നേതാവായിരുന്ന വിശ്വംഭരനും (പെരിന്തൽമണ്ണയിലെ പ്രധാന റിസോഴ്സ് പേഴ്സൺ) ഹാജർ. ആലോചനകൾ മുറികിയപ്പോൾ ഒരു ചായകുടിക്കാം എന്നായി. പുറത്തേക്കു നടന്നു. വഴിയരികിൽ സിവിൽസ്റ്റേഷൻ കാന്റീൻ. ഇവിടെത്തന്നെ മതിയെന്ന് അനിയൻ. കാന്റീനിൽ ആളുകൾ വന്നുതുടങ്ങിയിട്ടില്ല. ഒഴിഞ്ഞ മൂലയിൽ ചായയും ചർച്ചയുമായി അവർ ഇരുന്നു.

ഒമ്പതരയോടെ പ്ലാനിങ് ഓഫീസിൽ എത്തുമ്പോൾ ഉദ്യോഗസ്ഥസുഹൃത്തുക്കളെല്ലാം വിവർണ്ണമുഖത്തോടെ നില്ക്കുന്നു. സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർക്ക് കാന്റീനിൽ ഇരുത്തി കട്ടൻചായ കൊടുത്തത് മാപ്പർഹിക്കാത്ത കുറ്റമായാണ് അവർ കണ്ടത്. ഉടൻതന്നെ ഫ്ലാസ്ക്കിൽ‍ ചായയെത്തി. അവർ ക്ഷമാപണം നടത്തി. ഈ പുകിലെല്ലാം കണ്ട് അനിയൻ ചോദിച്ചു, “പ്ലാനിങ് ബോർഡ് മെമ്പർ ആയാൽ ഒരു കാലിച്ചായപോലും കുടിക്കാൻ കഴിയില്ലെന്നോ?” പിന്നെ പലപ്പോഴും ജനാർദ്ദനനെ കളിയാക്കിക്കൊണ്ടു പരിചയപ്പെടുത്താറുണ്ടായിരുന്നു” “പ്ലാനിങ് ബോർഡ് മെമ്പർക്കു കാന്റീനിൽ കൊണ്ടുപോയി കട്ടൻചായ കൊടുത്ത വിദ്വാനാണിവൻ”.

കോർഡിനേറ്റർമാരിൽ ഏറ്റവും സങ്കീർണ്ണമായ ചുമതലയായിരുന്നു ജനാർദ്ദനന്റേത്. ലീഗിനു പൂർണ്ണാധിപത്യമുള്ള ജില്ല. ജനാർദ്ദനനാണെങ്കിൽ അറിയപ്പെടുന്ന സിപിഐ പ്രവർത്തകൻ. മഞ്ചേരിയിലെ സിപിഐ നേതാവ് പ്രൊഫ. ശ്രീധരൻ മാസ്റ്ററുടെ ആകർഷണവലയത്തിൽപ്പെട്ടു വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലേക്ക് എത്തി. പരിഷത്തുമായി ആദ്യമായി ബന്ധിപ്പിച്ചതും മാഷുതന്നെ. 1981-ൽ എഐഎസ്എഫ് ജില്ലാസെക്രട്ടറിയായി. തുടർന്ന് കുറച്ചു കാലം പ്രാദേശികരാഷ്ട്രീയപ്രവർത്തനം.

ഇതിനോടൊപ്പം പരിഷത്‌പ്രവർത്തനവും സജീവമായിരുന്നു. 1983-ൽ എളയൂർ യൂണിറ്റ് പ്രവർത്തകനായി ആയിരുന്നു തുടക്കം. എംകോം പാസ്സായി. 1984-ൽ മലപ്പുറത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലി ചെയ്യുമ്പോൾ തുടർപഠനം ലക്ഷ്യമിട്ടു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കു സ്ഥലംമാറ്റം വാങ്ങി. പഠനത്തിനു പകരം പരിഷത്തിൽ ആണ്ടുമുങ്ങി. 1987-ൽ മലപ്പുറം ജില്ലാസെക്രട്ടറി. ജില്ലാസെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഉടൻ 1989-ൽ എറണാകുളം സാക്ഷരതയിലേക്ക്. ഇ. കെ. നാരായണൻ (ഇകെഎൻ), ജഗജീവൻ എന്നിവരോടൊപ്പം എറണാകുളത്തു താമസം. എറണാകുളം സാക്ഷരതയ്ക്കു നേതൃത്വം നല്കിയ സി. ജി. ശാന്തകുമാർ പ്രശ്നപ്രദേശമായ മട്ടാഞ്ചേരി - ഫോർട്ട് കൊച്ചിയിലേക്കാണു നിയോഗിച്ചത്. തുടർന്ന്, 1990-ൽ കേരളസാക്ഷരതയിൽ മലപ്പുറത്തു സംഘാടനചുമതല. മലപ്പുറം ജില്ലയ്ക്കായിരുന്നു ഒന്നാംസ്ഥാനം. പ്രഖ്യാപനം നടത്തിയ ചേലക്കോടൻ ആയിഷ സ്വന്തം പഞ്ചായത്തായ കാവന്നൂരിൽനിന്നുതന്നെ.

പദ്ധതിരൂപവത്ക്കരണത്തിന്റെ അവസാനഘട്ടത്തിൽ ജില്ലാരാഷ്ട്രീയനേതൃത്വവുമായി സംസാരിച്ചു വ്യക്തതവരുത്തണമെന്നു ധാരണയുണ്ടായിരുന്നു. സാങ്കേതികകാര്യങ്ങളിലെ സംശയങ്ങൾ നേരിട്ടു ബോദ്ധ്യപ്പെടുത്തണം. മലപ്പുറത്ത് മുസ്ലിംലീഗ് സജീവമായി ജനകീയാസൂത്രണപ്രവർത്തനത്തിൽ ഉണ്ട്. നേതൃത്വത്തിലുള്ള ഒട്ടേറെ ലീഗ് പ്രവർത്തകർ ജനകീയാസൂത്രണത്തിലെ സജീവ റിസോഴ്സ് പേഴ്സൺമാരും ആയിരുന്നു.

തിരുവനന്തപുരത്തു കോർഡിനേറ്റർമാരുടെ യോഗം ഈ ചർച്ചകൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്തു. ആദ്യം റിപ്പോർട്ട് ചെയ്ത ജില്ലകളിലെല്ലാം എൽഡിഎഫായിരുന്നു ഭരണത്തിൽ. ജനാർദ്ദനന്റെ ഊഴം വന്നു. ‘‘മലപ്പുറം ജില്ലയിൽ പാർട്ടിഭാരവാഹികളുമായി ബന്ധപ്പെട്ടു, വിശദമായി കാര്യങ്ങൾ ചർച്ചചെയ്തു. ആവശ്യമായ പ്രവർത്തനപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്, നിർദേശങ്ങൾ താഴേക്കു നല്കിയിട്ടുണ്ട്’’. ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, അനിയൻ കുസൃതിയോടെ ചോദിച്ചു, “ഏതു പാർട്ടി?” മുസ്ലിം ലീഗ് എന്ന ജനാർദ്ദനന്റെ മറുപടിയോടെ ഹാളിൽ കൂട്ടച്ചിരിയായി.

ജനാർദ്ദനനും ശ്രീധരനും തുടങ്ങി ജനകീയാസൂത്രണത്തിനു ചുക്കാൻ പിടിച്ചവർക്കെല്ലാം മലപ്പുറത്തെ രാഷ്ട്രീയകക്ഷികളുടെ മുഴുവൻ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ് ജനകീയാസൂത്രണപ്രവർത്തനങ്ങൾ ഇത്ര സുഗമമായി നടന്നത്. ജനകീയാസൂത്രണത്തിനുശേഷം ജനാർദ്ദനൻ പൂർണ്ണമായി പരിഷത്തുപ്രവർത്തനങ്ങളിലേക്കു നീങ്ങി. ജനറൽ സെക്രട്ടറിയായി. ഇപ്പോൾ ഐആർറ്റിസി രജിസ്റ്റ്രാർ ചുമതലയിൽനിന്ന് ഒഴിഞ്ഞിട്ടേയുള്ളൂ.