Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

എ. ശ്രീധരൻ

എ. ശ്രീധരൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണകാലത്തു സ്വന്തമായി വീട്ടിൽ ഫോണില്ലാത്ത ഒരു ജില്ലാകോർഡിനേറ്റർ ഉണ്ടായിരുന്നു - മലപ്പുറത്തെ എ. ശ്രീധരൻ. എത്ര പറഞ്ഞിട്ടും ചെവിക്കൊള്ളുന്നില്ല. വെളുക്കുമ്പോൾ മുതൽ രാത്രി ഏറെ വൈകി പ്ലാനിങ് ഓഫീസിൽ ചെലവഴിക്കുന്നതിനാൽ വ്യക്തിപരമായി ഫോൺ ആവശ്യമില്ലെന്ന ഭാവത്തിലായിരുന്നു ഇദ്ദേഹം. ഒരു ദിവസം രാജ്യസഭാംഗം എ. വിജയരാഘവൻ മലപ്പുറത്തെ പരിപാടികൾ എങ്ങനെയെന്ന് അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു, “എല്ലാം ശരിയായി പോകുന്നുണ്ട്, ഒന്നൊഴികെ. ശ്രീധരനു ഫോണില്ല. ആ പഹയനെ വിളിക്കണമെന്നു വിചാരിച്ചാൽ നടക്കത്തുമില്ല.” അങ്ങനെ വിജയരാഘവൻ ശ്രീധരനോട് അദ്ദേഹത്തിന്റെ എംപി ക്വാട്ടയിൽ അപേക്ഷിക്കാൻ പറഞ്ഞു. അതു നടന്നുവെന്ന് ഉറപ്പായപ്പോൾ ടി. എൻ. സീമയുടെ അമ്മ മാനസിയെ വിളിച്ച് പെട്ടെന്നുതന്നെ ഫോൺ കണക്‌ഷൻ കൊടുക്കാൻ ഏർപ്പാടുണ്ടാക്കി. അങ്ങനെയാണു ശ്രീധരനു ഫോൺ ലഭിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകനായിരുന്നു. സാക്ഷരതയിൽനിന്നാണു ജനകീയാസൂത്രണത്തിലേക്ക് എത്തിയത്. പരിഷത്തു നടത്തിയ വികസനജാഥകളുടെ മാനേജരായും അംഗമായും തെരുവുതോറും നടത്തിയ സംവാദങ്ങളിലും ക്ലാസ്സുകളിലുമെല്ലാം ശ്രീധരനും പങ്കാളിയായിരുന്നു. അതുകൊണ്ടു ജനകീയാസൂത്രണത്തിൽ ഇടപെടാൻ വലിയബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

ജനകീയാസൂത്രണം തുടങ്ങുമ്പോൾ മലപ്പുറം നഗരസഭയുടെ കോർഡിനേറ്റർ ആയിരുന്നു ശ്രീധരൻ. അന്നു നഗരസഭാരാഷ്ട്രീയം ഒരു പ്രത്യേക അവസ്ഥയിൽ ആയിരുന്നു. സ. ബദറുന്നീസ ആയിരുന്നു മലപ്പുറം നഗരസഭാ ചെയർപേഴ്സൺ. രാപ്പകലില്ലാതെ സന്നദ്ധപ്രവർത്തകരുടെകൂടെ ഓടിനടന്നു പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നല്കി. പുനരർപ്പണദിനത്തെ അവിസ്മരണീയമാക്കി. എന്നാൽ, അധികം താമസിയാതെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. നഗരസഭാനേതൃത്വത്തിൽ മാറ്റമുണ്ടായി. പക്ഷെ, അതു വലിയതോതിൽ ജനകീയാസൂത്രണപ്രവർത്തനങ്ങളെ ബാധിച്ചില്ലെന്നാണു ശ്രീധരന്റെ വിലയിരുത്തൽ. കെ. കെ. ജനാർദ്ദനൻ പരിഷത്തിന്റെ ജനറൽ സെക്രട്ടറി ആയപ്പോഴാണ് ജില്ലാകോർഡിനേറ്ററുടെ ചുമതല ശ്രീധരൻ ഏറ്റെടുത്തത്.

ജനകീയാസൂത്രണപദ്ധതിയുടെ ആദ്യവർഷങ്ങളിലെ പ്രൊജക്ടുകൾ ഇന്നും ഒട്ടേറെപ്പേർ ഓർക്കുന്നു. കാൽലക്ഷത്തോളം ജനങ്ങൾക്കു കുടിവെള്ളം എത്തിക്കുന്ന ഹാജിയാർപള്ളി ശുദ്ധജലവിതരണപദ്ധതിയാണ് ഏറ്റവും പ്രധാനം. നഗരസഭയോടുചേർന്ന ബസ് സ്റ്റാൻഡിനു മുകളിലെ സാംസ്കാരികകേന്ദ്രം യുവതികൾക്കു വൈദ്യുതോപകരണറിപ്പയർ പരിശീലനം, എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം തുടങ്ങിയവയും ശ്രീധരന്റെ ഓർമ്മയിലുണ്ട്. പട്ടികജാതിക്കാർക്ക് ഇരുനൂറോളം വീടുകൾ കോസ്റ്റ്ഫോർഡു വഴിയാണു നിർമ്മിച്ചത്. ഇഷ്ടികയും മണലും സിമന്റുമൊക്കെ കോസ്റ്റ്ഫോർഡ് പ്രവർത്തകർക്കൊപ്പം ചുമന്നു കോളനികളിൽ എത്തിക്കാൻ ശ്രീധരനടക്കമുള്ള സന്നദ്ധപ്രവർത്തകരും കൂട്ടുചേർന്നു. പിന്നീടു കാലമേറെ കഴിഞ്ഞ്, തെരഞ്ഞെടുപ്പു കുടുംബയോഗങ്ങളിൽ സംസാരിക്കാൻ കോളനിയിൽ പോകുമ്പോൾ പഴയ ആൾക്കാർ വീടു ലഭിച്ചതിലുള്ള സന്തോഷം അറിയിക്കാൻ ശ്രീധരന്റെ അടുത്തു വന്നു കൈപിടിക്കാറുണ്ട്.

ശ്രീധരന്റെ ഏറ്റവും അഭിമാനകരമായ ഓർമ്മ ഇന്നും മലപ്പുറം നഗരത്തിനു തിലകക്കുറി ചാർത്തി നില്ക്കുന്ന വാരിയൻ‌കുന്നത്ത് കുഞ്ഞഹമ്മദ്‌ഹാജി സ്മാരക ടൗൺ ഹോൾ ആണ്. പദ്ധതിയിൽ പ്രൊജക്റ്റ് ഉണ്ടായിരുന്നെങ്കിലും എസ്റ്റിമേറ്റും പ്ലാനുമൊന്നും തയ്യാറായിരുന്നില്ല. വർഷാവസാനം ആയപ്പോൾ പകരം പ്രൊജക്ടിനെക്കുറിച്ചുള്ള ആലോചനകൾ വന്നു. സഹകരണാശുപത്രിക്കു വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാക്കാൻ നീക്കവുമുണ്ടായി.

മാർച്ച് മാസം ആയപ്പോൾ ധനവിനിയോഗം വളരെ ദയനീയം ആയിരുന്നു. ടൗൺ ഹോൾ നിർമ്മാണം ഏതെങ്കിലും അക്രെഡിറ്റഡ് ഏജൻസിയെ ഏല്പിച്ചു പണം ഡെപ്പോസിറ്റ് ചെയ്താലേ മിനിമം ചെലവെങ്കിലും ഉറപ്പുവരുത്താനാകൂ. അങ്ങനെയാണു ശ്രീധരൻ എന്നെ വിളിക്കുന്നത്. ടൗൺ ഹോൾ നിർമ്മാണം കോസ്റ്റ്ഫോർഡിനെ ചുമതലപ്പെടുത്താനായിരുന്നു എന്റെ നിർദ്ദേശം. ശ്രീധരൻ ദത്ത് മാഷിനെ തൃശൂരിൽ പോയി കണ്ടു. അദ്ദേഹം കോസ്റ്റ്ഫോർഡിന്റെ എൻജിനീയർ ദേവപ്രിയനെ പരിചയപ്പെടുത്തി. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാമെന്ന് അദ്ദേഹം ഏറ്റു. റഫ് കോസ്റ്റ് എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കിത്തന്നു. അന്ന് ലാറിബേക്കർ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം സ്വന്തം കൈപ്പടയിൽ വരച്ച ടൗൺ ഹോളിന്റെ ചിത്രം നഗരസഭയുടെ ഏതെങ്കിലും ഫയലിൽ കാണും.

പിന്നീട് എല്ലാം പെട്ടെന്നാണു നടന്നത്. കോസ്റ്റ്ഫോർഡിനെ ടൗൺ ഹോളിന്റെ നിർവ്വഹണയേജൻസി ആക്കുന്നു. കോസ്റ്റ്ഫോർഡിനു പണം അഡ്വാൻസ് ചെയ്യാനുള്ള ഉത്തരവു നഗരസഭയ്ക്കു ഫാക്സ് ചെയ്തു കൊടുത്തു. അങ്ങനെയാണ് ഒരുകോടിയിൽപ്പരം രൂപ എക്സ്പെൻഡീച്ചർ ആയതും വാരിയൻ‌കുന്നത്ത് കുഞ്ഞഹമ്മദ്‌ഹാജി സ്മാരകം മലപ്പുറത്ത് ഉയർന്നതും.

റോഡുനിർമ്മാണത്തിനു പണം മാറ്റാതെ ടൗൺ ഹോളിനു ചെലവഴിച്ചതിന്റെ പേരിൽ ഒരു വിഭാഗം ജീവനക്കാരും ഏതാനും ഭരണസമിതിയംഗങ്ങളും ഏറെക്കാലം ശ്രീധരനോടു കെറുവിച്ചാണു നടന്നിരുന്നത്.

കോസ്റ്റ്ഫോർഡിന്റെ ഇടപെടൽ നിർമ്മാണപ്രവൃത്തികളിൽ എങ്ങനെ അഴിമതി ഇല്ലാതാക്കാം എന്നതിന് ഒരു സാധനപാഠമായി മാറി. ദത്തുമാഷുമായുള്ള ശ്രീധരന്റെ വ്യക്തിബന്ധം എത്രയേറെ ചുമതലകൾ മലപ്പുറത്ത് കോസ്റ്റ്ഫോർഡ് ഏറ്റെടുക്കുന്നതിനു പ്രേരകമായിട്ടുണ്ട്!

ജില്ലാകോർഡിനേറ്റർ എന്ന നിലയിൽ ജില്ലയിലുടനീളം ഓടിനടന്നു സ്തുത്യർഹമായി പ്രവർത്തിച്ചു. ജില്ലാപ്പഞ്ചായത്തുപ്രസിഡന്റിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സി. മുഹമ്മദ് ഹാജിയുടെയും പൂർണ്ണസഹകരണം ഉണ്ടായിരുന്നു. തുടർന്നുള്ള കാലയളവിൽ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താൻവേണ്ടി തദ്ദേശഭരണസ്ഥാപനങ്ങൾക്കൊപ്പം പ്രവർത്തിച്ചു. ഇന്നും മലപ്പുറത്തെ കാര്യങ്ങൾ അറിയണമെങ്കിൽ ഞാൻ ഫോൺ ചെയ്യുന്ന ആദ്യത്തെ രണ്ടുപേരിൽ ഒരാൾ ശ്രീധരനാണ്.