Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / സി. കെ. ശിവരാമൻ
സി. കെ. ശിവരാമൻ

സി. കെ. ശിവരാമൻ

ലഘു ജീവചരിത്രം (Biography)

വയനാട് ജില്ലാ ജനകീയാസൂത്രണകോർഡിനേറ്റർ ജില്ലാകോർഡിനേറ്റർ ആണെങ്കിലും എന്തു പണിയുണ്ടെങ്കിലും നിശബ്ദമായി ചെയ്തുതീർക്കും. പതിഞ്ഞസ്വരത്തിലാണു സംസാരം. വലിയ അലങ്കാരമൊന്നുമില്ലാതെ കാര്യം പറഞ്ഞുതീർക്കും. പ്രവർത്തിച്ചു മുന്നിൽനിന്നു നയിക്കുക എന്നതാണു സ്വഭാവം. അതാണു സി. കെ. ശിവരാമൻ. ഒരിക്കൽ ശിവരാമനെ കണ്ടത് തിരുവനന്തപുരം വികസനകൺവെൻഷനു ബാഡ്ജുകൾ തയ്യാറാക്കുന്ന പ്രവർത്തകരുടെ കൂട്ടത്തിലാണ്.

ശിവരാമനെ അധികാരവികേന്ദ്രീകരണമൂട്ട കടിച്ചത് 1989-ലാണ്. പരിഷത്തിന്റെ സംസ്ഥാനസമ്മേളനം. സ്വാഗതസംഘം പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാർ. ശിവരാമൻ കൺവീനർ. ഈ സമ്മേളനത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അധികാരവികേന്ദ്രീകരണമായിരുന്നു പ്രധാനസെമിനാറിന്റെ വിഷയം. പ്രഭാഷകൻ പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. ഐ. എസ്. ഗുലാത്തി. സ്വാഗതം പറഞ്ഞത് ശിവരാമനാണ്. ജില്ലാക്കൗൺസിലുകൾ രൂപവത്ക്കരിക്കുന്നതിനുവേണ്ടി വി. രാമചന്ദ്രൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതായിരുന്നു ഈ സെമിനാറിന്റെ പശ്ചാത്തലം. കേരളത്തിൽ 1950-കൾക്കുശേഷം പഞ്ചായത്തുദിനാഘോഷപരിപാടികൾക്കു പുറത്തു നടന്ന ആദ്യത്തെ അധികാരവികേന്ദ്രീകരണസെമിനാർ എന്നു വിളിക്കാം. ഒരുവർഷവുംകൂടി കഴിഞ്ഞ് ജില്ലാക്കൗൺസിലുകൾ രൂപവത്ക്കരിച്ചതോടെയാണ് സെമിനാറുകളും ചർച്ചകളും തകൃതിയായത്.

സമ്പൂർണ്ണസാക്ഷരതായജ്ഞത്തിന്റെ വയനാട് ജില്ലാക്കോർഡിനേറ്റർ ആയിരുന്നു. ആദിവാസികൾക്കു പ്രാമുഖ്യമുള്ള വയനാട്ടിലെ സാക്ഷരതാപ്രവർത്തനം സംസ്ഥാനത്തെ ഏറ്റവും പ്രയാസമുള്ള ഒന്നായിരുന്നു. സാക്ഷരതയ്ക്കുശേഷം വിഭവഭൂപടങ്ങളുടെ അടിസ്ഥാനത്തിലുള്ള പഞ്ചായത്തുതലവികസനപദ്ധതിയുടെ കോർഡിനേറ്ററായി. പൂതാടി പഞ്ചായത്താണു പഠനത്തിനായി വയനാട്ടിൽ തെരഞ്ഞെടുത്തിരുന്നത്. ഇവിടെനിന്നു ജനകീയാസൂത്രണത്തിലേക്ക്. ഇതിനിടയിൽ എൻജിഒ യൂണിയൻ ജില്ലാജോയിന്റ് സെക്രട്ടറി. പരിഷത്ത് സെക്രട്ടറി, പ്രസിഡന്റ്, ഒക്കെയായി പ്രവർത്തിച്ചു. ഈ ബന്ധങ്ങളൊക്കെ ജനകീയാസൂത്രണത്തിനു സഹായകരമായി.

ഇത് എടുത്തുപറയാൻ ഒരു കാരണമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ വിദഗ്ദ്ധരുടെ ലഭ്യത നന്നേ കുറവായിരുന്നു. സാക്ഷരതാപ്രവർത്തകരിൽനിന്നാണു സന്നദ്ധപ്രവർത്തകരെ കണ്ടെത്തിയത്. ഇതൊക്കെ ജില്ലാകോർഡിനേറ്ററുടെ ഭാരം വളരെ വലുതാക്കി. ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള പദ്ധതിവിഹിതത്തിന്റെ ആദ്യഗഡു മന്ത്രി കെ. രാധാകൃഷ്ണനിൽനിന്നു കൽപ്പറ്റ നഗരസഭാചെയർപേഴ്സൺ അഡ്വ. പി. ചാത്തുക്കുട്ടി ഏറ്റുവാങ്ങി. ജനകീയാസൂത്രണത്തിന്റെ ഏറ്റവും അവസാന പരിശീലനമായിരുന്നു നീർത്തടവികസനരേഖയ്ക്കും നീർത്തടഗ്രാമസഭയ്ക്കുമുള്ള പരിശീലനം.

പൊതുവെ വയനാട്ടിൽ നിലനിന്നിരുന്ന അവികസിതാവസ്ഥ വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിക്കാൻ ഇടയാക്കി. സത്യം തുറന്നുപറഞ്ഞാൽ, ജനകീയാസൂത്രണംവരെ കേരളത്തിലെ ബജറ്റ് പരിശോധിച്ചാൽ മലബാറിനുള്ള അവഗണന വളരെ വ്യക്തമായി കാണാം. ചെലവിൽ നല്ലപങ്കും തെക്കൻ ജില്ലകളിൽ ആയിരുന്നു. 1957-ലെ സർക്കാരാണ് ഇതിനൊരു മാറ്റം കൊണ്ടുവന്നത്. പക്ഷെ, ഇതിനു തുടർച്ചയുണ്ടായില്ല. ജനകീയാസൂത്രണത്തിൽ അതുവരെ നിലവിലിരുന്ന സ്കീമുകളിൽനിന്നു വ്യത്യസ്തമായി ജനസംഖ്യാനുപാതികമായി പിന്നാക്കാവസ്ഥയ്ക്കും പരിഗണന നല്കി. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പണം പങ്കുവച്ചപ്പോൾ വയനാടുപോലെ പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിൽ ധനലഭ്യത കുത്തനെ ഉയർന്നു.

1996 കാലത്ത് ആറു ഗവണ്മെന്റ് ഹൈസ്കൂളുകൾ ഷിഫ്റ്റിലാണു പ്രവർത്തിച്ചിരുന്നത്. പല സ്കൂളിലും അടിസ്ഥാനസൗകര്യങ്ങൾപോലും ഇല്ല. സർക്കാർസ്കൂളുകളിൽ എസ്എസ്എൽസി വിജയശതമാനം 30-ൽത്താഴെ ആയിരുന്നു. എല്ലാ വർഷവും വയനാട്ടിലെ രണ്ടോ മൂന്നോ സ്കൂളുകളിൽ പൂജ്യം ശതമാനം റിസൾറ്റും. ജനകീയാസൂത്രണത്തിന്റെ ഭാഗമായി സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായി. ഷിഫ്റ്റ് സമ്പ്രദായം അവസാനിച്ചു. വിജയം 90 ശതമാനത്തിനു മുകളിലേക്ക് ഉയർന്നു.

ഗതാഗതസൗകര്യം പരിമിതമായ വയനാട്ടിൽ ജനങ്ങൾ സ്വയമേവ സ്ഥലം വിട്ടുനല്കിയും അദ്ധ്വാനിച്ചും നിരവധി റോഡുകൾ നിർമ്മിക്കപ്പെട്ടു. ആഴ്ചകളോളം നീണ്ടുനിന്ന ശ്രമദാനത്തിലൂടെ അഞ്ചര കിലോമീറ്റർ നീളത്തിൽ പാൽവെളിച്ചം - കവിക്കൽ ബാവലി റോഡ് നിർമിച്ചതും പുരോഹിതർ, കന്യാസ്ത്രീകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, എൻഎസ്എസ് വോളന്റിയർമാർ തുടങ്ങിയവരെല്ലാം അണിനിരന്നു നടത്തിയ തരിയോട് പഞ്ചായത്തിലെ കർലാട് തടാകത്തിന്റെ ഉത്സവസമാനമായ പുനരുത്ഥാരണവും ഇന്നും ഓർക്കുന്നു.

പട്ടികവർഗ്ഗക്കാരുടെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നതാണ് ഒരു പ്രധാന ദൗർബല്യം. പക്ഷെ, പട്ടികവർഗ്ഗഫണ്ടുവിനിയോഗം അമ്പേ പരാജയപ്പെട്ടു എന്നുതുടങ്ങിയ വിലയിരുത്തലുകളോടു ശിവരാമനു യോജിപ്പില്ല. മുൻകാലത്തെ അപേക്ഷിച്ച് പട്ടികവർഗ്ഗഫണ്ട് ഇരട്ടിയായി. പി. കെ. കാളനെപ്പോലുള്ള സമുന്നതനേതാക്കൾ ഉയർന്നുവന്നു. എന്നിരുന്നാലും പട്ടികവർഗ്ഗക്കാരുടെ പങ്കാളിത്തം ആദ്യവർഷം വേണ്ടത്ര ഉണ്ടായില്ല. ട്രൈബൽ സോഷ്യൽ ആക്ടിവിസ്റ്റുകൾ വന്നശേഷമാണു കാര്യങ്ങൾ കുറച്ചെങ്കിലും മെച്ചപ്പെട്ടത്.

പക്ഷെ, ജനകീയാസൂത്രണം തുറന്ന ഇടപെടൽസാദ്ധ്യതകൾ ഉപയോഗിക്കാൻ സമുദായസംഘടനകൾക്കോ സന്നദ്ധസംഘടനകൾക്കോ പ്രതീക്ഷിച്ച താൽപ്പര്യം ഉണ്ടായില്ല. ജനകീയാസൂത്രണത്തിന്റെ അവതരണഗാനത്തിൽ പാടുംപോലെ, ‘അധികാരം ജനതയ്ക്ക്, അതു മാത്രം പരിഹാരം’. താഴത്ത് ഇടപെടാനുള്ള ജനാധിപത്യയിടം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിൽ ഇടപെടാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ ആളുണ്ടോ എന്നതാണു പ്രശ്നം. പട്ടികവിഭാഗംഫണ്ടു തിരിച്ചെടുക്കുന്നതിനെതിരെ നടന്ന ധർണ്ണ ഈ വഴിക്കുള്ള ഒരു ഇടപെടലായിരുന്നു.

കഴിഞ്ഞ 25 വർഷവും ശിവരാമൻ അധികാരവികേന്ദ്രീകരണത്തോടൊപ്പം ഉണ്ടായിരുന്നു. അഞ്ചുവർഷം ജില്ലാകോർഡിനേറ്റർ എന്ന നിലയിൽ, 12 വർഷമായി മുനിസിപ്പൽ കൗൺസിലർ എന്ന നിലയിൽ, അഞ്ചു വർഷം ജില്ലാ ആസൂത്രണസമിതിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി, അഞ്ചു വർഷം സർക്കാർ നോമിനിയായി. കല്പറ്റ നഗരസഭ യുഡിഎഫ് ഭരിച്ചപ്പോൾ ശിവരാമൻ തന്നെയായിരുന്നു ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ. കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി അംഗവുമാണ്.