Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പപ്പൻ കുട്ടമത്ത് (പി. വി. പത്മനാഭൻ)
പപ്പൻ കുട്ടമത്ത് (പി. വി. പത്മനാഭൻ)

പപ്പൻ കുട്ടമത്ത് (പി. വി. പത്മനാഭൻ)

ലഘു ജീവചരിത്രം (Biography)

പി. വി. പത്മനാഭൻ അഥവാ പപ്പൻ കുട്ടമത്ത്. ഞങ്ങൾക്കെല്ലാം പപ്പൻ മാഷ്. 1996-മുതൽ ഇന്നുവരെ കാസർഗോട്ടെ അധികാരവികേന്ദ്രീകരണത്തിന്റെ തുടർച്ചയാണു മാഷ്.

ജനകീയാസൂത്രണം ജില്ലാകോർഡിനേറ്റർ, ജില്ലാ ആസൂത്രണസമിതിയിലെ സർക്കാർ നോമിനി, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം, സംസ്ഥാന ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് അംഗം, കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി, ജില്ലാഫെസിലിറ്റേറ്റർ... തീർന്നില്ല, 25 വർഷം തുടർച്ചയായി കാസർഗോഡ് ജില്ലാപ്പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പ് അംഗം. ഇവിടങ്ങളിലെ ആസൂത്രണസമിതി അംഗവുമാണ്.

തുടക്കം സാക്ഷരതാപ്രസ്ഥാനത്തിൽനിന്ന് ആണ്. “നാളെ നേതാക്കളായി മാറേണ്ട നിങ്ങൾക്ക്” എന്നു തുടങ്ങുന്ന അവതരണഗാനവുമായി എറണാകുളം സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ കലാജാഥാസംഘാടകനായി പ്രവർത്തിച്ചു. കേരള സമ്പൂർണ്ണസാക്ഷരതയിൽ 1991-ൽ കാസർഗോഡ് ജില്ലാകോർഡിനേറ്ററായി പ്രവർത്തിച്ചു.

പരിഷത്തിന്റെ ശാസ്ത്രകലാജാഥയിൽ മൂന്നുവർഷം അംഗമായിരുന്ന പരിചയം ഉണ്ടായിരുന്നു. വനിതാകലാജാഥ, ബാലകലോത്സവജാഥ എന്നിവയുടെ മാനേജറും ആയിരുന്നു. ഭോപ്പാൽ ദുരന്തമുണ്ടായപ്പോൾ അതിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾ ചേർന്നു നടത്തിയ ഭാരത് ജ്ഞാൻവിജ്ഞാൻ ജാഥയുടെ ക്യാപ്റ്റനായിരുന്നു. 14 സംസ്ഥാനങ്ങളിൽ സഞ്ചരിച്ചു. മാലിദ്വീപിൽ നടന്ന ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ ശാസ്ത്രകലാപരിപാടി അവതരിപ്പിക്കാൻപോയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു പപ്പൻ കുട്ടമത്ത് എന്ന കേന്ദ്രനിർവ്വാഹകസമിതിയംഗം. അന്നു ശ്രീ. കെ. ആർ. നാരായണനുമായു. കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി.

നല്ല അദ്ധ്യാപകനായിരുന്നു. ജില്ലാക്കൗൺസിൽകാലത്ത് മടിക്കൈയിൽ ഡയറ്റും സാക്ഷരതാസമിതിയും ചേർന്ന് ആരംഭിച്ച വിദ്യാഭ്യാസകോംപ്ലക്സിന്റെ കൺവീനറായിരുന്നു. പഞ്ചായത്തിലെ ഹൈസ്കൂളും അതിലേക്കു പഠിക്കാൻ വരുന്ന കുട്ടികളുടെ ഫീഡർ സ്കൂളുകളും ഒറ്റ ശൃംഖലയായി കണ്ട് അദ്ധ്യാപകപരിശീലനവും നൂനതബോധനരീതികളുമെല്ലാം ആവിഷ്കരിച്ചു നടപ്പാക്കുന്ന വിദ്യാഭ്യാസപരീക്ഷണമാണിത്. സ്കൂൾനിരക്ഷത ഇല്ലായ്മ ചെയ്യാൻ ജില്ലാപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന അക്ഷരമുറ്റം പരിപാടിയുടെയും മുഖ്യസംഘാടകരിൽ ഒരാളായിരുന്നു. കോത്താരി കമ്മിഷൻ ശുപാർശ ചെയ്തതാണിത്. ഒരുപക്ഷെ, ആദ്യമായിട്ടാകും പരീക്ഷിച്ചുനോക്കിയത്. മടിക്കൈ പഠനോത്സവം അന്നു വലിയ അംഗീകാരം നേടുകയുണ്ടായി. ശിവപുരം പരീക്ഷണത്തിന്റെ തുടർച്ചയായാണു മടിക്കൈ പഞ്ചായത്തിലും കല്യാശ്ശേരിയിലും വിദ്യാഭ്യാസകോംപ്ലക്സുകൾ സ്ഥാപിച്ചത്. രണ്ടും വിദ്യാഭ്യാസമേഖലയിൽ എങ്ങനെ ഇടപെടണം എന്നതിന്റെ മാതൃകയായി ജനകീയാസൂത്രണത്തിൽ ഉയർത്തിപ്പിടിച്ചിരുന്നു.

വിദ്യാഭ്യാസനിർവ്വഹണോദ്യോഗസ്ഥർക്കു ക്ലാസ് എടുക്കാനുള്ള സംസ്ഥാനടീമിലെ അംഗമായിരുന്നു. ഈ വർഷവും 14 ജില്ലകളിലെയും വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ ഓൺലൈൻ പരിശീലനത്തിൽ പങ്കാളിയായിരുന്നു.

സഹകാരിണ്. ലൈബ്രറി കൗൺസിൽ പ്രവർത്തകനാണ്. കെഎസ്‌റ്റി‌എ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.

എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള പപ്പൻ മാഷിന്റെ കഴിവാണ് അദ്ദേഹത്തിന്റെ നീണ്ട സ്വീകാര്യതയുടെ ഒരു പ്രധാന കാരണമെന്ന് എനിക്കു തോന്നുന്നു.