Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ടി. ഗംഗാധരൻ

ടി. ഗംഗാധരൻ

ലഘു ജീവചരിത്രം (Biography)

ആറടിയിലധികം ഉയരം. എഴുന്നേറ്റുനിന്നാൽ സദസ്സു മുഴുവൻ ശ്രദ്ധിക്കും. ഇരുത്തംവന്ന പതിഞ്ഞ സ്വരം, സ്ഫുടതയോടെയുള്ള മലയാളം, സരളവും വ്യക്തതയുള്ളതുമായ സംഭാഷണം. ഇതെല്ലാം റ്റിജി എന്നു വിളിക്കുന്ന ടി. ഗംഗാധരൻ എന്ന പരിഷത്‌നേതാവിനെ ജനകീയാസൂത്രണത്തിലെ ഏറ്റവും നല്ല അദ്ധ്യാപകരിൽ ഒരാളായി മാറ്റി. ആദ്യപടത്തിൽ അടുത്ത ക്ലാസ്സിനുള്ള കുറിപ്പു തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അന്നത്തെ പ്രധാന പണിയായുധം ഓവർഹെഡ്ഡ് പ്രൊജക്ടറായിരുന്നു. അതാണു മുന്നിൽ.

നല്ല അദ്ധ്യാപകൻ ആകണമെങ്കിൽ പഠിക്കാനും അറിയാനുമുള്ള ജ്വരമുണ്ടാകണം. റ്റിജി ആണെങ്കിൽ രാപ്പകൽ എത്ര വേണമെങ്കിലും പണിയെടുക്കാൻ സന്നദ്ധനുമാണ്; സംഘടാകനുമാണ്. എത്ര അനായാസമാണ് വിഭവഭൂപടനിർമ്മാണത്തിന്റെ സാങ്കേതികത മുഴുവൻ റ്റിജി ഹൃദ്യസ്ഥമാക്കിയത്! 1991 മുതൽ 25 പഞ്ചായത്തിലെ വിഭവഭൂപടനിർമ്മാണവും ആസൂത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഞങ്ങൾ ഏതാണ്ടു ദൈനംദിനം ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും കേരള ശാസ്ത്രസാഹിത്യപരിഷത്തും ചേർന്നു നടപ്പാക്കിയിരുന്ന പിഎൽഡിപി പ്രൊജക്റ്റിന്റെ ജോയിന്റ് ഡയറക്റ്റർമാരായിരുന്നു എം. പി. പരമേശ്വരനും ഞാനും. എന്റെ ക്വാർട്ടേഴ്സിലെ പഠനമുറി പിഎൽഡിപി ഓഫീസാക്കിമാറ്റി. മനമോഹനും ശിവരാമകൃഷ്ണനും പൂർണ്ണസമയപ്രവർത്തകരായി ഉണ്ടായിരുന്നു. റ്റിജിയെ പോലുള്ളവർ ഗസ്റ്റ് ആർട്ടിസ്റ്റുകളും.

കല്യാശ്ശേരി പഞ്ചായത്തിനു സമഗ്രവികസനറിപ്പോർട്ട് തയ്യാറാക്കി. 1995 ഒക്ടോബർ 2, 3 തീയതികളിൽ എ. കെ. ആന്റണിയും ഇഎംഎസും പങ്കെടുത്ത സെമിനാർ ഈ റിപ്പോർട്ട് ചർച്ചചെയ്തു. ഇങ്ങനെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്ന വേളയിലാണ് ജനകീയാസൂത്രണം നടപ്പാക്കാനുള്ള തീരുമാനം പുതിയ സർക്കാർ സ്വീകരിക്കുന്നത്. ഇതോടെ എന്നോടൊപ്പം മനമോഹനും ശിവരാമകൃഷ്ണനും പ്ലാനിങ് ബോർഡിലേക്കു മാറി. പിഎൽഡിപി പ്രൊജക്റ്റ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം? റ്റിജി ഇതിനകം ദില്ലിയിലെ ബിജിവിഎസിലേക്കു മാറിയിരുന്നു. അദ്ദേഹം പൂർണ്ണമായും പിഎൽഡിപി പ്രൊജക്ടിലേക്കു വന്നേപറ്റൂ.

ഇതു ചർച്ചചെയ്യാൻ സി. പി. നാരായണനും ഞാനുംകൂടി പോയി. അന്ന് കോഴിക്കോട്ട് ഒഞ്ചിയം പഞ്ചായത്തിൽ “കാലവർഷത്തെ വരവേൽക്കാം” എന്ന ഡ്രെയിനേജ് മാപ്പിങ്ങിന്റെ തയ്യാറെടുപ്പു നടക്കുകയായിരുന്നു. റ്റിജി അവിടെയാണ്. രാത്രി ഞങ്ങൾ അവിടെ എത്തിച്ചേർന്നു. എംപി അടക്കമുള്ള പ്രധാന പരിഷത്‌പ്രവർത്തകർ അവിയെ ഉണ്ടായിരുന്നു. ജനകീയാസൂത്രണവും ചർച്ചചെയ്തു. റ്റിജിയുടെ കാര്യത്തിലും തീരുമാനമെടുത്തു. പിന്നീടുള്ള ഏതാണ്ടു രണ്ടുവർഷക്കാലം റ്റിജിയുടെ ഓഫീസും കിടപ്പുമുറിയുമെല്ലാം എന്റെ ക്വാർട്ടേഴ്സിലായി.

പിഎൽഡിപിക്കു വേണ്ടി തയ്യാറാക്കിയ പല ടെക്‌നിക്കുകളും അതേപടി ജനകീയാസൂത്രണത്തിനുവേണ്ടിയും ഉപയോഗിക്കുക ആയിരുന്നു. ആസൂത്രണത്തിനുള്ള സ്ഥിതിവിവരക്കണക്കുകൾ ഉണ്ടാക്കാൻ വിവിധ കീഴ്ത്തല സർക്കാഓഫീസുകളിൽ ലഭ്യമായ കണക്കുകൾ ശേഖരിക്കാനുള്ള ചോദ്യാവലി അപ്രകാരം രൂപപ്പെട്ടതാണ്.

ജനകീയാസൂത്രണത്തിന്റെ കൈപ്പുസ്തകങ്ങൾ തയ്യാറാക്കുന്നതിൽ വലിയ സഹായമായിരുന്നു എന്റെ വീട്ടിലെ റ്റിജിയുടെ സഹവാസം. പലകാര്യങ്ങളും കൂട്ടായി ചർച്ചചെയ്യും. എഴുതി രേഖയാക്കുന്നതു റ്റിജിയുടെ ചുമതലയാണ്. ആദ്യം പറഞ്ഞതുപോലെ നല്ല അദ്ധ്യാപകൻ ആയതുകൊണ്ട് തിരുവനന്തപുരത്തെ പരിശീലനങ്ങളിലും സംസ്ഥാനതലക്യാമ്പുകളിലും റ്റിജി സജീവസാന്നിധ്യം ആയിരുന്നു.

അദ്ധ്യാപകനെന്നനിലയിൽ റ്റിജി കസറിയത് ട്രാൻസെക്ട് വാക്ക് (Transect Walk) പഠിപ്പിക്കുന്നതിലാണ്. വികസനരേഖ തയ്യാറാക്കുന്നതിനു വിഭവഭൂപടം വരയ്ക്കാനൊന്നും നേരമില്ല. അതുകൊണ്ട് ഭൂപടത്തിനു പകരം ദ്രുതപഠനസങ്കേതമായ ട്രാൻസെക്ട് വാക്കിനെ ഭൂപ്രകൃതിപഠനത്തിനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. പഞ്ചായത്തിലൂടെ തെക്കു-വടക്കു നടക്കുക. (കിഴക്കു-പടിഞ്ഞാറും ആകാം. പക്ഷെ, കല്യാശ്ശേരിയിൽ നടന്നത് തെക്കു-വടക്കാണ്. അങ്ങനെ ട്രാൻസെക്ട് വാക്കിനു തെക്കു-വടക്കുനടത്തം എന്നു സംസാരഭാഷയിൽ പേരുംവീണു).

ഇതിനുള്ള കുറിപ്പും പഠനസാമഗ്രിയും തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് ഇപ്പോൾ മുംബൈ ഐഐറ്റി പ്രൊഫസറായിരിക്കുന്ന എൻ. സി. നാരായണനെയാണ്. അദ്ദേഹം മാതൃകാപഠനത്തിനു തെരഞ്ഞെടുത്തത് കല്യാശ്ശേരി പഞ്ചായത്തും. അവിടുത്തെ ട്രാൻസെക്ട് വാക്ക് വീഡിയോ പിടിക്കും. കേരളത്തിലെമ്പാടും പരിശീലനത്തിൽ പ്രദർശിപ്പിക്കും. റ്റിജിയായിരുന്നു നടത്തത്തിന്റെ നായകൻ. അങ്ങനെ കേരളം മുഴുവൻ ട്രാൻസെക്ട് വാക്ക് പഠിപ്പിച്ചതു റ്റിജിയാണ്. ട്രാൻസെക്ട് വാക്കിന്റെ ഉസ്താദായി ടി. ഗംഗാധരൻ.

പിഎൽഡിപി പ്രൊജക്റ്റ് തീർന്നതോടെ റ്റിജിയുടെ മുഖ്യപ്രവർത്തനമേഖല ദില്ലിയിൽ അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനത്തിൽ ആയി. കേരളത്തിന്റെ അനുഭവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വികസനറിപ്പോർട്ടുകളായും ചിലയിടങ്ങളിൽ പദ്ധതിരേഖയായും മറ്റും രൂപംകൊണ്ടിട്ടുണ്ട്. അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആഗോളമായ പഠനസന്ദർശനങ്ങൾക്കും വഴിയൊരുക്കി. റ്റിജിയുടെ ലോകയാത്രകളെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. കുറിപ്പുകളായി ചുരുക്കാതെ വിശദമായി എഴുതാത്തതിലുള്ള പ്രതിഷേധവും രേഖപ്പെടുത്തുന്നു.