Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ. പി. കെ. രവീന്ദ്രൻ
പ്രൊഫ. പി. കെ. രവീന്ദ്രൻ

പ്രൊഫ. പി. കെ. രവീന്ദ്രൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണം എന്ന ആശയം രൂപപ്പെട്ടപ്പോൾമുതൽ അതിനുള്ള മുന്നൊരുക്കങ്ങളിൽ സജീവപങ്കാളികളായ ആദ്യത്തെ 10 പേരു പറഞ്ഞാൽ അതിൽ പികെആർ എന്നു പരിഷത്തുകാർ സ്നേഹപൂർവം വിളിക്കുന്ന പ്രൊഫ. പി. കെ. രവീന്ദ്രൻ ഉണ്ടാകും. രാജ്യത്തുതന്നെ ആദ്യമായാണ് സാക്ഷരത ബൃഹത്തായ ജനകീയവിദ്യാഭ്യാസപരിപാടിയായി നടപ്പാക്കുന്നത്. കേരള സമ്പൂർണസാക്ഷരതാപ്രസ്ഥാനത്തിലേക്കു നയിച്ച എറണാകുളം ജില്ലാ സമ്പൂർണസാക്ഷരതാപ്രസ്ഥാനത്തിന്റെ പ്രൊജക്റ്റ് ഓഫീസർ എന്ന നിലയിൽ പികെആർ ആർജിച്ച അനുഭവങ്ങൾ ജനകീയാസൂത്രണത്തിനു വലിയ സഹായം ആയിരുന്നു.

ശാസ്ത്രസാഹിത്യപരിഷത് സ്ഥാപനമായ ഐആർറ്റിസിയും സെന്റർ ഫോർ എർത് സയൻസും (സെസ്) ചേർന്നു നടത്തിയ വിഭവഭൂപടനിർമ്മാണം, കല്യാശേരി വികസനമാതൃക രൂപവത്ക്കരിക്കാനുള്ള ഇടപെടൽ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സഹായത്തോടെ അഞ്ചു പഞ്ചായത്തുകളിൽ നടത്തിയ പിഎൽഡിപി(Panchayth Level Development Programme)യിലെ സജീവപങ്കാളിത്തം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളാണ് പികെആറിനെ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ആദ്യത്തെ പത്തു പേര് എടുത്താൽ അതിലൊരാൾ ആക്കിയത്.

ഏറ്റവും മികച്ച രസതന്ത്രാദ്ധ്യാപകൻ - 1969 മുതൽ വിവിധ കോളെജുകളിൽ അദ്ധ്യാപനം - ഇടയ്ക്കു കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ടിൽ, സർക്കാർക്കോളെജുകളുടെ പ്രിൻസിപ്പൽ, കോളെജ് എഡ്യൂക്കേഷൻ ഡപ്യൂട്ടി ഡയറക്റ്റർ എന്നിങ്ങനെ ദീർഘമായ അദ്ധ്യാപന - ഉന്നതവിദ്യാഭ്യാസ രംഗത്തെ അനുഭവങ്ങൾ…

1972 മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിൽ സജീവം. 1995-97 കാലഘട്ടത്തിൽ അതിന്റെ പ്രസിഡന്റ്. ഈ സന്ദർഭത്തിലാണ് പരിഷത്തിനു ‘ബദൽ നോബേൽ പ്രൈസ്’ എന്നു വിശേഷിപ്പിക്കുന്ന ‘റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്’ ലഭിക്കുന്നത്. അത് സ്റ്റോക്ഹോമിൽ ഏറ്റുവാങ്ങിയത് പികെആറും അന്നത്തെ പരിഷദ് ജനറൽ സെക്രട്ടറി, അകാലത്തിൽ പൊലിഞ്ഞുപോയ, ഇകെഎന്നും ചേർന്നാണ്.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐആർറ്റിസി) 1987-ൽ പാലക്കാട് മുണ്ടൂരിൽ ആരംഭിച്ചതുമുതൽ അതിന്റെ സജീവനേതൃത്വത്തിലും പികെആർ ഉണ്ട്. ഇക്കാലയളവിൽ, വിവിധ സന്ദർഭങ്ങളിൽ ഡയറക്റ്റർ, രജിസ്റ്റ്രാർ, റിസർച്ച് ഡയറക്റ്റർ എന്നിങ്ങനെ ചുമതലകൾ ഏറ്റും, എല്ലായ്പോഴും ഒരു കാരണവരുടെ റോളിൽ എംപിക്കൊപ്പം എന്നും സജീവം.

2001-ൽ ആര്യാട് - കഞ്ഞിക്കുഴി ബ്ലോക്കുകളുടെ സംയുക്തനേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ സ്ഥാപിച്ച മെഡികോം പ്രൊജക്ടിന്റെ കൺസൾട്ടൻറുമായി. പദ്ധതിയുടെ രൂപകൽപന മുതൽ നിർവഹണം വരെ എല്ലാറ്റിലും ഒരു പങ്ക്.

കട്ടപ്പന ഗവ. കോളെജ് പ്രിൻസിപ്പൽ ആയിരിക്കെ ആണ് പികെആർ ഡപ്യൂട്ടേഷനിൽ സംസ്ഥാന ആസൂത്രണബോർഡിൽ എത്തുന്നത്. ഒപ്പം മാനവിയത്തിന്റെ സംസ്ഥാനകോർഡിനേറ്ററുടെ ഉത്തരവാദിത്വവും.

അധികാരം പഞ്ചായത്തുകൾക്കു നല്കണമെന്ന തികഞ്ഞ വാശിയുണ്ടായിരുന്ന തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടിയായി 2006-11-കാലത്തു പുതിയൊരദ്ധ്യായം. ഇക്കാലയളവിലാണു ജനകീയാസൂത്രണസംവിധാനങ്ങൾ സ്ഥാപനവൽക്കരിക്കാനും തദ്ദേശസ്ഥാപനങ്ങളിലെ അധികാരവികേന്ദ്രീകരണപ്രക്രിയ കൂടുതൽ അർത്ഥപൂർണ്ണം ആക്കാനുമുള്ള നിരവധി സർക്കാരുത്തരവുകളും ചട്ടങ്ങളും രൂപപ്പെടുത്തിയത്.

2021 ഓഗസ്റ്റ് ആദ്യം മൂന്നു ദിവസം ഞാൻ ഐആർറ്റിസിയിൽ ഉണ്ടായിരുന്നു. എല്ലാ ചർച്ചകളിലും ധൈഷണികനേതൃത്വമായി ഒപ്പം. പരിഷത്‌പ്രവർത്തകരിൽ പലരും സ്വപ്നജീവികളാണെന്നും കാല്പനികലോകത്താണെന്നും പലർക്കും അഭിപ്രായമുണ്ട്. അത്തരക്കാരുടെ സ്വപ്നങ്ങളെ പ്രായോഗികതയുടെ മൂശയിലിട്ടു പരുവപ്പെടുത്തുന്ന പികെആറിന്റെ വൈഭവം കൂടെ നില്ക്കുന്നവരെ വിസ്മയിപ്പിക്കും.

ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ മൂന്നു സ്കീമുകളിലൂടെയാണ് അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താൻ പരിഷത്ത് ഇടപെടുന്നത്. ഐആർറ്റിസി ഇപ്പോൾ നീർത്തടപദ്ധതി തയ്യാറാക്കാനും ശുചിത്വപരിപാടി നടപ്പാക്കാനുമുള്ള അക്രഡിറ്റഡ് ഏജൻസി ആണ്. ഇവ രണ്ടും പൂർവ്വാധികം ശക്തിപ്പെടുത്തും. നൂറിൽപ്പരം തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഇപ്പോൾത്തന്നെ നീർത്തടവികസനരേഖകൾ തയ്യാറാക്കി കൊടുത്തിട്ടുണ്ട്. അവ എത്രമാത്രം പ്രാവർത്തികമായി, പ്രാവർത്തികം ആകാതിരുന്നിടത്ത് അതിന്റെ കാരണമെന്ത്, എന്നതിനു വിശേഷാൽ പഠനം നടത്തും. ഇന്നു ശുചിത്വസേവനം നടത്തുന്ന 200-ൽപ്പരം തദ്ദേശഭരണസ്ഥാപനങ്ങളുണ്ട്. അവ സമ്പൂർണ്ണശുചിത്വത്തിലേക്കു നീങ്ങുന്നതിനു മുൻകൈ എടുക്കും.

പിഎൽഡിപി പദ്ധതി പൂർത്തീകരിച്ചതിന്റെ 25 വർഷം പിന്നിടുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ എന്തൊക്കെ മാറ്റങ്ങളാണു പഞ്ചായത്തുകളുടെ വിഭവങ്ങളിലും വിഭവവിനിയോഗത്തിലും ഉണ്ടായത് എന്ന പഠനം ഏറ്റെടുക്കുകയാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ പഞ്ചായത്തുകളെ ദുന്തരനിവാരണ ആക്‌ഷൻപ്ലാൻ ഉണ്ടാക്കാനും നീർത്തടപദ്ധതികൾ ആവിഷ്കരിക്കാനും സഹായിക്കും. സർക്കാരിന്റെ മാർഗ്ഗരേഖ പ്രകാരം 14-ാം പദ്ധതിയുടെ രൂപരേഖ ജില്ലയിൽ ഒരു പഞ്ചായത്തുവീതം എങ്കിലും മാതൃകയായി തയ്യാറാക്കുന്നതിലും പരിഷത്ത് മുൻകൈയെടുക്കാൻ പോവുകയാണ്. ഇതിന്റെയൊക്കെ തിരക്കിലാണു പി. കെ. രവീന്ദ്രൻ.