Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / എം. കൃഷ്ണദാസ്
എം. കൃഷ്ണദാസ്

എം. കൃഷ്ണദാസ്

ലഘു ജീവചരിത്രം (Biography)

എറണാകുളം ജില്ലാപ്പഞ്ചായത്തിന്റെ ഐറ്റി സഹകരണപ്രസ്ഥാനമായ ഇലക്ട്രോണിക്സ് വ്യവസായവത്ക്കരണ അടിസ്ഥാനസൗകര്യവികസന ഏജൻസി(Electronics Industrialisation Infrastructure Development Society (EIID)യുടെ രൂപവത്ക്കരണത്തിൽ ജോബി ജോണിനെപ്പോലെതന്നെ സംഭാവന ചെയ്ത മറ്റൊരു വിദഗ്ദ്ധനാണ് എം. കൃഷ്ണദാസ്. 1986-ൽ പത്താംക്ലാസ് പരീക്ഷയിൽ 12-ാം റാങ്കുകാരനായിട്ടായിരുന്നു രംഗപ്രവേശനം. തൃശ്ശൂർ എൻ‌ജിനീയറിങ് കോളെജിൽനിന്നു കെമിക്കൽ എൻ‌ജിനീയറിംഗിൽ ബിടെക് പാസ്സായി. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴാണ് ജനകീയാസൂത്രണമൂട്ട കടിച്ചത്. EIID യുടെ ഡയറക്ടർ കൃഷ്ണദാസ് ആയിരുന്നു. താമസിയാതെ പൊതുമേഖലാസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പൂർണ്ണസമയം ജനകീയാസൂത്രണത്തിലായി.

EIID-യുടെ ലക്ഷ്യം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഇലക്ട്രോണിക് പ്രൊജക്ടുകൾ നടപ്പാക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്കു സഹായം നൽകുകയായിരുന്നു. പല പഞ്ചായത്തുകളിലും ഡാറ്റാ എൻട്രി സെന്ററുകളും പരിശീലനകേന്ദ്രങ്ങളും സ്ഥാപിച്ചു. 2001-ലെ ആലപ്പുഴയിലെ കയർസമരത്തെത്തുടർന്ന് 50,000-ത്തിൽപ്പരം തൊഴിലാളികളുടെ നഷ്ടപരിഹാര അപേക്ഷകൾ ഡാറ്റാ പ്രോസസ് ചെയ്തത് തൃപ്പുണ്ണിത്തുറയിലെ ഇതുപോലൊരു സെന്ററിൽ ആയിരുന്നുവെന്നു ഞാൻ ഓർക്കുന്നു.

പഞ്ചായത്തുകളുടെ കമ്പ്യൂട്ടർ പരിശീലനപരിപാടികൾക്ക് കേന്ദ്രീകൃതസംവിധാനം ഒരുക്കി. സിലബസ്, അദ്ധ്യാപകപരിശീലനം, പരീക്ഷാനടത്തിപ്പ് എന്നിവയ്ക്ക് കേന്ദ്രീകൃതസംവിധാനം ഒരുക്കി. പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്‌ഥികൾക്കു പരിശീലനം പൂർണ്ണമായും സൗജന്യമായിരുന്നു. മറ്റുള്ളവർക്കു വിപണിഫീസിന്റെ മൂന്നിലൊന്നു ഫീസും. ഏതാണ്ട് 400 പട്ടികവിഭാഗവിദ്യാർഥികൾക്കും 800 പൊതുവിദ്യാർത്ഥികൾക്കും ഈ പദ്ധതി ഉപകാരപ്പെട്ടു.

കിഴക്കമ്പലം പഞ്ചായത്തിലെ ഇലക്ട്രോണിക്സ് എഡ്യുക്കേഷണൽ ടോയ്സ് നിർമ്മാണപ്രൊജക്ട് ഇവരുടെ ഒരു മാതൃകാപ്രൊജക്റ്റ് ആയിരുന്നു. EIID യുടെ മറ്റൊരു പ്രധാന പ്രൊജക്ട് പോര് ജലവൈദ്യുതിപദ്ധതിയുടെ വിശദമായ സാങ്കേതികപഠനമായിരുന്നു.

EIID യിലെ മറ്റൊരു സജീവപ്രവർത്തകനായിരുന്ന ജോസഫ് തോമസ് ആയിരുന്നു ചോറ്റാനിക്കര പഞ്ചായത്തിലെ കീറിസോഴ്സ് പേഴ്സൺ. (മറ്റൊരു കുറിപ്പിൽ ജോസഫ് തോമസിനെ പരിചയപ്പെടുത്തുന്നുണ്ട്.) ഏതായാലും, EIID-യുടെ ഏറ്റവും പ്രധാനപ്പെട്ട ചില പ്രൊജക്ടുകളുടെ പരീക്ഷണവേദിയായി ചോറ്റാനിക്കരമാറി.

മനുഷ്യൻ, ഭൂമി, സ്വാഭാവികാസ്തികൾ, മനുഷ്യനിർമ്മിത ആസ്തികൾ എന്നിവയെല്ലാം ഒരു കോമൺ ഡാറ്റാബേസിൽ വരുന്നതോടുകൂടി ഭരണപരിഷ്‌കാരം നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാനമാകും എന്ന കാഴ്ചപ്പാടിൽ ‘പഞ്ചായത്ത് വിവരവിനിമയശൃംഖല’ എന്ന പദ്ധതി രൂപവത്ക്കരിച്ചു. ഇത്തരത്തിലുള്ള വിവരശേഖരണത്തോടുകൂടിയ ഒരു പദ്ധതി എറണാകുളം ജില്ലയിലെ കുന്നത്തുനാട്, അശമന്നൂർ, ചോറ്റാനിക്കര പഞ്ചായത്തുകളിൽ നടപ്പിലാക്കി. ഇതിനു വേണ്ട കൈപ്പുസ്തകങ്ങൾ അടക്കം തയ്യാറാക്കി.

ഈ പ്രൊജക്ടിന്റെ ഭാഗമായാണ് കൃഷ്ണദാസ് Unique Citizen ID അഥവാ ഇന്നത്തെ ആധാറിനു സമാനമായ ഇ-ഗവേണൻസിനായുള്ള ഒരു പ്ലാറ്റ്ഫോം ഇന്നവേറ്റ് ചെയ്തത്. ഇതിന്റെ പൈലറ്റ് മോഡൽ എറണാകുളത്തു പരീക്ഷിച്ചു. 2000-ത്തിൽ Open Software Solutions Industrial Cooperative Society Ltd എന്ന വ്യവസായാടിസ്ഥാനത്തിലുള്ള ഒരു സഹകരണസംഘത്തിനും രൂപം നൽകി.

എറണാകുളം ജില്ലയിലെ ഇലക്ട്രോണിക്സ് ഐടി അധിഷ്ഠിത വ്യവസായങ്ങൾക്ക് ആവശ്യമായ പശ്ചാത്തലസൗകര്യങ്ങളെക്കുറിച്ച് അഖിലേന്ത്യാടിസ്ഥാനത്തിൽ വിപുലമായ മാർക്കറ്റ് സ്റ്റഡി നടത്തി ഒരു പദ്ധതി രൂപവത്ക്കരിച്ചു.

കൃഷ്ണദാസ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. 1987-ൽ 17 വയസ്സിൽ താഴെയുള്ള കേരള സെൻട്രൽ സോൺ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. പല ഗായകസംഘങ്ങളിലും പാടിയിരുന്നു. 33-ാമത്തെ വയസ്സിൽ (2004-ൽ) മഹാരാജാസ് കോളെജിൽനിന്ന് സംഗീതത്തിൽ ഡിഗ്രിയും നേടി. 1988-ൽ കഥാപ്രസംഗത്തിന് യൂണിവേഴ്സിറ്റി കലോത്സവത്തിൽ സമ്മാനം നേടി. കോളെജ് യൂണിയൻ സെക്രട്ടറിയായിരുന്നു.

പി. ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷനുവേണ്ടി പി. ജെ. ആന്റണിയുടെ സമാഹൃതകൃതികളുടെ എഡിറ്ററായി പ്രവർത്തിച്ചു. 2014 മുതൽ ‘തെരുവരങ്ങ്’ എന്ന തെരുവുനാടകോത്സവത്തിന്റെ സംഘാടകനാണ്. കുട്ടികളുടെ ഡിജിറ്റൽ ക്യാമ്പുകളും ഇഷ്ടവിഷയമാണ്. ഇതിനിടെ എംബിഎ എടുത്തു. ബിസിനസ് കൺസൾട്ടന്റും അദ്ധ്യാപകനുമാണ്. എറണാകുളം പബ്ലിക് ലൈബ്രറി പ്രവർത്തകനാണ്.

ഇപ്പോൾ ‘സമൂഹ്’ എന്ന വൈവിദ്ധ്യമാർന്ന സാംസ്കാരിക - ഡിജിറ്റൽ - കൺസൾട്ടൻസി സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. ‘കൃതി ഇന്റർനാഷണൽ ബുക്ക് ഫെയർ’ ക്യൂറേറ്റ് ചെയ്തു. അഭിമന്യു സ്മാരകമന്ദിരം രൂപകൽപ്പന ചെയ്തു പണിതത് ഇവരാണ്. എം. കെ. സാനുമാഷിന്റെ സമാഹൃതകൃതികൾ പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയതും ഈ സംഘംതന്നെ. എറണാകുളം റവന്യു ടവേഴ്സിൽ ദേശാഭിമാനി ബുക്ക് ഹൗസുമായി ബന്ധപ്പെട്ട് ഇടതുപക്ഷവായനക്കാരുടെ ഇടം സൃഷ്ടിക്കാനും മുൻ‌കൈ എടുത്തു.

ഇനിയിപ്പോൾ മോഹം വെറ്ററൻസ് കാറ്റഗറിയിൽ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കളിക്കണമെന്നതാണ്. അതോടൊപ്പം വിദ്യാഭ്യാസത്തിലും സംഗീതത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള ഗവേഷണപദ്ധതികളും.