Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ
പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ

പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ

ലഘു ജീവചരിത്രം (Biography)

പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്റെ അധികാരവികേന്ദ്രീകരണവുമായിട്ടുള്ള പ്രണയം ആരംഭിക്കുന്നത് 1989-ൽ എം. പി. പരമേശ്വരനും ടി. ഗംഗാധരനുമൊത്തു നടത്തിയ കർണ്ണാടക - ബംഗാൾ പര്യടനത്തോടെയാണ്. അന്ന് ഈ രണ്ടു സംസ്ഥാനങ്ങളും ആയിരുന്നു അശോക് മേത്ത കമ്മിറ്റിക്കുശേഷമുള്ള മൂന്നാംതലമുറ പഞ്ചായത്തീരാജിന്റെ മാതൃകകൾ. അന്നുമുതൽ ഇന്നുവരെ ടി. പി. കുഞ്ഞിക്കണ്ണൻ കേരളത്തിന്റെ അധികാരവികേന്ദ്രീകരണപരീക്ഷണങ്ങളെ അനുയാത്ര ചെയ്തു. അതുകൊണ്ടു കെ. ജയകുമാർ വൈസ് ചാൻസലർ ആയിരിക്കുമ്പോൾ മലയാളം സർവ്വകലാശാല ‘പഞ്ചായത്തീരാജ് വികസനപഠനം’ എന്നൊരു നൂതന വികസനപഠനകോഴ്സ് സംവിധാനം ചെയ്യാൻ കുഞ്ഞിക്കണ്ണനെയാണു ചുമതലപ്പെടുത്തിയത്. അങ്ങനെ അധികാരവികേന്ദ്രീകരണം സംബന്ധിച്ചു പ്രായോഗികജ്ഞാനം, പ്രചാരണപ്രക്ഷോഭങ്ങൾ, അക്കാദമികപഠനം ഇവയെല്ലാം ഒത്തുചേരുന്ന വ്യക്തിത്വമാണ് ടി. പി. കുഞ്ഞിക്കണ്ണന്റേത്.

എം. പി. പരമേശ്വരന്റെ പഠനസംഘം ബംഗാളിലെ ഒട്ടേറെ തദ്ദേശഭരണസ്ഥാപനങ്ങൾ സന്ദർശിച്ചു. ഡോ. അശോക് മിത്ര, തദ്ദേശമന്ത്രി ബിനോയ് കൃഷ്ണചൗധരി, ധനമന്ത്രി അസിംദാസ് ഗുപ്ത്, ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ എസ്. ബി. സെൻ എന്നിവരോടൊക്കെ ചർച്ചചെയ്തു. മിഡ്നാപ്പൂരിലെ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഡോ. സൂര്യകാന്ത് മിശ്രയേയും കണ്ടു. കർണ്ണാടകയിൽ മൈസൂർ ജില്ലാപ്പഞ്ചായത്ത് അധികാരികളെയും അവിടുത്തെ സംസ്ഥാന ആസൂത്രണബോർഡ് അംഗങ്ങളായ ഡോ. തിമ്മയ്യ, ഡോ. അബ്ദുൾ ലത്തീഫ് എന്നിവരെയുമാണു പ്രധാനമായി കണ്ടത്. ഈ സന്ദർശനാനുഭവങ്ങളെ ആസ്പദമാക്കി ടി. ഗംഗാധരൻ ‘പഞ്ചായത്തീരാജ് ബംഗാളിലും കർണ്ണാടകയിലും’ എന്ന ചെറിയൊരു പുസ്തകവും തയ്യാറാക്കുകയുണ്ടായി.

പരിഷത്തിന്റെ വികസനകമ്മിറ്റി കൺവീനർ എന്ന നിലയിലാണു ഞാൻ ഇക്കാലത്തു കുഞ്ഞിക്കണ്ണനെ പരിചയപ്പെടുന്നത്. അധികാരവികേന്ദ്രീകരണവും വികസനവും സംബന്ധിച്ച് എന്റെ വീട്ടിൽവച്ചു വിശദമായ ഒരു യോഗം നടന്നു. ഇതിന്റെ തുടർച്ചയായാണ് ‘അധികാരം ജനങ്ങൾക്ക്’ എന്ന പ്രൊഫ. ഗുലാത്തിയുടെ മുഖവുരയോടുകൂടിയ പുസ്തകം കുഞ്ഞിക്കണ്ണൻ പ്രസിദ്ധീകരിച്ചത്. ‘പഞ്ചായത്തീരാജ്: പ്രയോഗവും സിദ്ധാന്തവും’ എന്നൊരു ഗ്രന്ഥവും അദ്ദേഹം എഡിറ്റ് ചെയ്തു. ഇവയെല്ലാം പരിഷത്ത് സംഘടിപ്പിച്ച വികസനജാഥയിൽ പ്രധാന കാമ്പയിനായി ഉപയോഗിച്ചു.

ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ആദ്യ ആലോചനായോഗങ്ങളിൽ കുഞ്ഞിക്കണ്ണനും പങ്കാളിയായിരുന്നു. ആദ്യത്തെ കേന്ദ്രീകൃതപരിശീലനപരിപാടിയിലും തുടർന്നു ജില്ലകളിൽ നടന്ന പരിശീലനങ്ങളിലും നിരന്തരം പങ്കെടുത്തു. താമസം എന്റെ ക്വാർട്ടേഴ്സിൽ ആയിരുന്നു. കുറിപ്പുകളും കൈപ്പുസ്തകങ്ങളും തയ്യാറാക്കുന്നതിൽ പങ്കാളിയായി. തുടർന്ന് ആസൂത്രണബോർഡിൽ കൺസൾട്ടന്റായി ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. സംസ്ഥാനഫാക്കൽറ്റിയംഗം എന്ന നിലയിൽ പരിശീലനപരിപാടികളിൽ സ്ഥിരം അദ്ധ്യാപകനായിരുന്നു.

അതോടൊപ്പം പല സംസ്ഥാനതലപരിപാടികളുടെയും സംഘാടകനും ആയിരുന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന പ്രത്യേകഗ്രാമസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോടുജില്ലയിലെ പനങ്ങാട്ട് ആയിരുന്നു. 1997 ജൂൺ 13-നു നടന്ന ആ പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു കുഞ്ഞിക്കണ്ണൻ. കേന്ദ്രഗ്രാമവികസനമന്ത്രി യേരൻ നായിഡു ആയിരുന്നു മുഖ്യാതിഥി. കോഴിക്കോട് ഡിപിസിയുടെ ആദ്യത്തെ സർക്കാർനോമിനി ആയിരുന്നു കുഞ്ഞിക്കണ്ണൻ.

ജനകീയാസൂത്രണത്തിന്റെ പ്രത്യേകത പദ്ധതിനിർവ്വഹണത്തിലും ജനപങ്കാളിത്തം ലക്ഷ്യമിടുന്നതാണ്. ആഗോളമായി പ്രസിദ്ധമായ ലാറ്റിനമേരിക്കയിലെ പങ്കാളിത്തബജറ്റും ജനകീയാസൂത്രണവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. സന്നദ്ധപ്രവർത്തനത്തിനും സംഭാവനയ്ക്കും അപ്പുറം നിർവ്വഹണത്തിൽ ജനപങ്കാളിത്തം എങ്ങനെയാണു കൊണ്ടുവരിക എന്നതു സംബന്ധിച്ച് ആശയവ്യക്തത ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിൽ പഞ്ചായത്തീരാജിന്റെ മാതൃസ്ഥാപനങ്ങളിലൊന്നായ ഹൈദ്രാബാദിലെ എൻഐആർഡിയിൽ പോയി കാര്യങ്ങൾ മനസ്സിലാക്കിവരാൻ കുഞ്ഞിക്കണ്ണനെയാണു ചുമതലപ്പെടുത്തിയത്. പ്രൊഫ. ഗുലാത്തിയുടെ കത്തുമായി കുഞ്ഞിക്കണ്ണൻ എൻഐആർഡിയിലെത്തി ഒരാഴ്ച താമസിച്ചു. അത്ഭുതകരമായകാര്യം അവരാരും‌ പദ്ധതികളുടെ രൂപവത്ക്കരണമല്ലാതെ നിർവ്വഹണസംഘാടനത്തിൽ പങ്കാളിത്തം എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല എന്നതാണ്.

ജനങ്ങൾക്കു പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒട്ടേറെ നിർവ്വഹണസൂക്ഷ്മവേദികൾ രൂപവത്ക്കരിക്കണം എന്നതായിരുന്നു പ്ലാനിങ് ബോർഡിലെ ഞങ്ങളുടെ കാഴ്ചപ്പാട്. ഇതിൽ ഏറ്റവും പ്രധാനം ഗുണഭോക്തൃസമിതികൾ ആയിരുന്നു. ഇവയ്ക്കു മാർഗ്ഗനിർദ്ദേശങ്ങൾ രൂപവത്ക്കരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. കരാറുകാരുടെയും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നു വലിയ എതിർപ്പാണ് ഉണ്ടായത്. അതിനെ മറികടന്നു ഗുണഭോക്തൃസമിതികളെ ശക്തിപ്പെടുത്താനുള്ള കുരിശുയുദ്ധത്തിലായിരുന്നു ഞങ്ങൾ.

ഗുണഭോക്തൃസമിതികളുടെ പരിമിതികൾ പരിഹരിക്കാനുള്ള ഒരു മാർഗ്ഗം അവയ്ക്കു പൂരകമായി പ്രവർത്തിക്കുന്ന ജനകീയസംവിധാനങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോടുജില്ലയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കാര്യം കുഞ്ഞിക്കണ്ണൻ എന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. അദ്ദേഹവും എൻജിനീയർ പി. സി. ബാലനുംകൂടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ പോയി പ്രാരംഭ ചർച്ചകൾ നടത്തി.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മാതൃകയാക്കി അനുഭവങ്ങൾ പങ്കിടാനായി സംസ്ഥാനതലത്തിലുള്ള ദ്വിദിനശില്പശാല 1999-ൽ വടകരയിൽ സംഘടിപ്പിച്ചു. അതു ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നിർവ്വഹണചരിത്രത്തിലും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചരിത്രത്തിലും കേരളവികസനചരിത്രത്തിലും ഗുണകരമായ ഒന്നാക്കി എന്നു പിന്നീടുള്ള അനുഭവങ്ങൾ തെളിയിച്ചു.

ഇതുപോലെതന്നെ ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ ജനകീയകുടിവെള്ളപദ്ധതി എന്ന സദ്മാതൃക പ്ലാനിങ് ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതും കുഞ്ഞിക്കണ്ണൻ ആയിരുന്നു. അതിനെപ്പറ്റി അക്കാലത്തെ ‘ദേശാഭിമാനി’ പത്രത്തിൽ ഒരു ലേഖനം കുഞ്ഞിക്കണ്ണൻ എഴുതി. ഒളവണ്ണയുടെ മാതൃക നേരിട്ടു മനസ്സിലാക്കാൻ സിപിഐ(എം) ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്ത് ഒളവണ്ണ സന്ദർശിച്ചത് വലിയൊരു അനുഭവമായിരുന്നു. ഈ പുസ്തകത്തിൽ സുർജിത്തിനെപ്പറ്റിയുള്ള കുറിപ്പിൽ ഈ പദ്ധതിയെപ്പറ്റി കുറെ വിവരങ്ങൾ ഉണ്ട്. ഇത് എങ്ങനെ പിന്നീടു ജലനിധിയായി രൂപാന്തരപ്പെട്ടു എന്നത് മറ്റൊരു വാള്യത്തിൽ വിശദീകരിക്കുന്നുമുണ്ട്.

കേരളത്തിലെ ഇത്തരം മാതൃകാപ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി ‘ജനകീയതയുടെ പൊൻകണി’ എന്ന പുസ്തകം തയ്യാറാക്കാൻ സെല്ലിനെ സഹായിക്കാനും കുഞ്ഞിക്കണ്ണനു കഴിഞ്ഞു.

പ്രസിദ്ധധനശാസ്ത്രജ്ഞനും ബംഗാളിലെ വികേന്ദ്രീകരണപ്രക്രിയയിൽ മുഖ്യപങ്കുവഹിച്ച ആളുമായ ഡോ. അരുൺ ഘോഷ് തദ്ദേശഭരണസ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ സഹായിയായി നിയോഗിച്ചത് അന്നു പ്ലാനിങ് ബോർഡിൽ കൺസൾട്ടന്റ് ആയിരുന്ന ടി. പി. കുഞ്ഞിക്കണ്ണനെ ആണ്. താൻ കുത്തിക്കുറിച്ച “From Administrative Reforms to a Political Movement” എന്ന ലേഖനം തെറ്റുതിരുത്തിനല്കാൻ അദ്ദേഹം സമയം കണ്ടെത്തിയെന്നു കുഞ്ഞിക്കണ്ണൻ ഓർക്കുന്നു.