Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ. സി. ജെ. ശിവശങ്കരൻ
പ്രൊഫ. സി. ജെ. ശിവശങ്കരൻ

പ്രൊഫ. സി. ജെ. ശിവശങ്കരൻ

ലഘു ജീവചരിത്രം (Biography)

പരിഷത്ത്, പാർട്ടി, പഞ്ചായത്ത്, വായനശാല, ഫിലിം ക്ലബ്ബ്, വീട്, കടകൾ, സമരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, മരണം, വിവാഹം എന്നിങ്ങനെ എവിടെ ചെന്നുപെട്ടാലും പ്രൊഫ. സി. ജെ. ശിവശങ്കരൻ എന്ന സിജെഎസ് അവിടത്തെ ഒരു പ്രധാന കക്ഷിയാകും. ചെല്ലുന്നിടത്തെ സാഹചര്യത്തിനനുസരിച്ച് ഇടപെടലുകൾ രൂപപ്പെടുത്തും. പോയ കാര്യം നടത്തിയിട്ടേ തിരിച്ചുപോരു. അക്കാര്യം നടത്താൻ കൃത്യമായ ഒരു ഗെയിം പ്ലാൻ നേരത്തേ തയ്യാറാക്കിയിരിക്കും. അതനുസരിച്ച്, ആർക്കും ഒരു വിമ്മിട്ടത്തിന് ഇടകൊടുക്കാതെ, വേണ്ടി വന്നാൽ കയ്പേറിയ കഷായം കുടിപ്പിച്ചും, കാര്യം നടത്തിയിട്ടേ പോരൂ.

തൃശൂരിനടുത്ത കോലഴിയിൽ ആരംഭിച്ച പൊതുപ്രവർത്തനം അദ്ദേഹം പിന്നീടു താമസമാക്കിയ ഇരിഞ്ഞാലക്കുടയിൽ വളർന്നു പന്തലിച്ചു. ക്രൈസ്റ്റ്‌ കോളെജിലെ അദ്ധ്യാപകൻ എന്ന നിലയിൽ മാത്രമല്ല പെരുമാറ്റംകൊണ്ടും ഇടപെടലുകൾകൊണ്ടും ശിവശങ്കരൻ‌മാഷ് ഇരിഞ്ഞാലക്കുടക്കാരുടെ പ്രിയപ്പെട്ടവൻ ആവുകയായിരുന്നു.

എകെപിസിറ്റിഎയുടെ ജില്ലാസെക്രട്ടറിയും സംസ്ഥാനട്രഷററും ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ആയിരുന്നു. 1972-മുതൽ സിപിഐ(എം)-ന്റെ ബ്രാഞ്ച് മുതൽ ഏരിയാതലംവരെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1975-ലാണു പരിഷത്തിൽ പ്രവർത്തനം തുടങ്ങുന്നത്. പരിഷത്‌പ്രവർത്തനവും പാർട്ടിപ്രവർത്തനവും വലിയ അലോരസങ്ങളില്ലാതെ കൊണ്ടുപോകാൻ കഴിഞ്ഞത് സിജെഎസിന്റെ നേരത്തേ പറഞ്ഞ മെയ്‌വഴക്കം കൊണ്ടാണ്.

1970-കളിലും 80-കളിലുമായി പരിഷത്ത് വളർന്നു വലുതായതിൽ സിജെഎസിന്റെ സംഘാടനപാടവം പ്രത്യേകം ഓർക്കണം. 1980-ൽ തൃശൂരിൽ നടന്ന സംസ്ഥാനസമ്മേളനത്തിലാണു ജനറൽ സെക്രട്ടറി ആകുന്നത്. 86-ൽ എറണാകുളത്തു നടന്ന 23-ാമതു വാർഷികത്തിൽ സംസ്ഥാനപ്രസിഡന്റുമായി. അതിനുമുമ്പേ 1976-ൽ സംസ്ഥാനട്രഷറർ ആയിരുന്നു. 1988-ൽ കണ്ണൂരിൽ പരിഷത്തിന്റെ രജതജൂബിലിസമ്മേളനവേദിയിലാണ് അഖിലേന്ത്യാ ജനകീയശാസ്ത്രശ്രംഖല രൂപവത്ക്കരിക്കുന്നത്. സിജെഎസ് ആയിരുന്നു പ്രസിഡന്റ്. റിട്ടയർ ചെയ്തയുടൻ 1996-ൽ ഐആർറ്റിസിയുടെ റജിസ്റ്റ്രാർ ചുമതല ഏറ്റെടുത്തു.

1996-ൽ തുടങ്ങിയ ജനകീയാസൂത്രണപ്രസ്ഥാനത്തിൽ വളരെ നിശബ്ദമായ, എന്നാൽ വളരെ പ്രധാനപ്പെട്ട, റോൾ വഹിക്കാൻ സിജെഎസ്സിനു കഴിഞ്ഞു. പാലക്കാട് ജില്ലാപ്പഞ്ചായത്ത് 1997-ലാണു മീൻവല്ലം ജലവൈദ്യുതിപദ്ധതിക്കുള്ള പ്രൊജക്റ്റ് ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഐആർറ്റിസി ആയിരുന്നു നിർവ്വഹണയേജൻസി. അടുത്തവർഷം ചാലക്കുടിനഗരസഭ ഖരമാലിന്യസംസ്കരണപദ്ധതി ആരംഭിക്കുന്നു. പ്ലാന്റിന്റെ നിർമ്മാണം നടത്തി രണ്ടുവർഷം നടത്തിച്ചു കുറ്റമറ്റതാക്കി നഗരസഭയ്ക്കു കൈമാറി.

ഐആർറ്റിസിയെ ജനകീയാസൂത്രണത്തിന്റെ ഒരു പ്രധാന പരിശീലനകേന്ദ്രമാക്കി സിജെഎസ് മാറ്റി. ഐആർറ്റിസിയുടെ ഭാഗമായി പരിഷത്ത് പ്രൊഡക്‌ഷൻ സെന്റർ (പിപിസി) രൂപവത്ക്കരിക്കാനും അതിലൂടെ സോപ്പും സോപ്പുത്പന്നങ്ങളും ഉണ്ടാക്കി വില്പനനടത്തി ഉപജീവനം നടത്താൻപറ്റുംവിധം നൂറു കണക്കിനു സാധാരണക്കാർക്കു പരിശീലനം കൊടുക്കാനും കഴിഞ്ഞു. മാരാരിക്കുളത്തും സോപ്പുനിർമ്മാണം പരിശീലിപ്പിക്കാൻ സിജെ‌എസ് എത്തിയിരുന്നു. സോപ്പുണ്ടാക്കിയാൽ പോരാ, അതിന്റെ ശാസ്ത്രവും അറിഞ്ഞിരിക്കണമെന്നു ശാഠ്യമുണ്ടായിരുന്നു.

സിജെഎസ് ഉണ്ടായിരുന്നപ്പോഴാണ് ഐആർറ്റിസി മാരാരിക്കുളത്തെ ജനപ്രതിനിധികളുടെ പരിശീലനത്തിന്റെ വേദിയായത്. ഈ പരിശീലനപരിപാടിയുടെ പൂർണ്ണസംഘാടകനായി സിജെഎസ് ആണു പ്രവർത്തിച്ചത്. രാത്രി കൾച്ചറൽ പ്രോഗ്രാമുകൾക്കുള്ള വേദിയും വേഷഭൂഷാദികളും തയ്യാറാക്കാൻ ഓടിനടന്ന സിജെഎസിനെ മറക്കാനാവില്ല. ആ കൂടിച്ചേരലിന്റെ ചിത്രങ്ങളിലൊക്കെ സിജെ‌എസുണ്ട്; ഒപ്പം ക്ലാസ് എടുക്കുന്നവരായി ജഗജീവനും ഗിരിജയും പിന്നെ മാരാരിക്കുളത്തെ പ്രമുഖരിൽ മിക്കവരും.

അകാലത്തിൽ നമ്മെ വിട്ടുപോയ ഇകെഎൻ എന്ന ഇ. കെ. നാരായണന്റെ സ്മരണയ്ക്കായി തുടങ്ങിയ ഇകെഎൻ സെന്ററിന്റെ താങ്ങും തണലും ക്ഷീണിതനാകുന്നതുവരെ സിജെഎസ് അല്ലാതെ മറ്റാരും ആയിരുന്നില്ല.

എനിക്ക് എന്തു നേട്ടം എന്നല്ല, ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നായിരുന്നു എപ്പോഴും ചോദിച്ചിരുന്നത്. കോവിഡ്‌ക്കാലത്തു വളരെ ക്ഷീണിതനായിരിക്കുന്ന സമയത്തും ഈ നിസ്വാർത്ഥചിന്തയായിരുന്നു സിജെഎസിന്റെ ചോദ്യങ്ങളിൽ.