Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ആർ. രാധാകൃഷ്ണൻ (അണ്ണൻ)
ആർ. രാധാകൃഷ്ണൻ (അണ്ണൻ)

ആർ. രാധാകൃഷ്ണൻ (അണ്ണൻ)

ലഘു ജീവചരിത്രം (Biography)

ഞങ്ങൾക്കെല്ലാവർക്കും അണ്ണനാണ് ആർ. രാധാകൃഷ്ണൻ. പരിഷത്തിൽ മാത്രമല്ല കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സംഘടനകളിലും പൊതുമണ്ഡലത്തിലും അദ്ദേഹം അണ്ണനാണ്. കുട്ടികൾക്ക് അണ്ണൻ‌മാമൻ. ബംഗാളുകാർക്കും ഒഡിഷക്കാർക്കും ഒണ്ണനും!

1964-മുതൽ 2001-വരെ ഏജീസ് ഓഫീസിൽ അക്കൗണ്ടന്റായിരുന്നു. അണ്ണൻ ജീവനക്കാർക്കു ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിനുള്ള ക്ലാസ് എടുക്കുമായിരുന്നു. പക്ഷെ, അണ്ണൻ ഒരു ഡിപ്പാർട്ട്മെന്റ് ടെസ്റ്റും എഴുതിയിട്ടില്ല. ഔദ്യോഗികപ്രമോഷനുകൾ വേണ്ടെന്നുവച്ച് സാമൂഹികപ്രവർത്തനങ്ങൾക്കു സ്വയം അർപ്പിച്ചു. ജേർണലിസം അദ്ധ്യാപനത്തെ സന്നദ്ധസേവനമായും സ്വീകരിച്ചു. ഒരുപക്ഷെ, ഏജീസ് ഓഫീസിൽ ജോലിക്കു കയറുന്നതിനു മുമ്പ് ഞെക്കാട് ഹൈസ്കൂളിലെ അദ്ധ്യാപകൻ ആയിരുന്നതിന്റെ സ്വാധീനത്തിൽനിന്ന് അണ്ണൻ സ്വതന്ത്രനായില്ല എന്നുവേണം കരുതാൻ.

ഭരണഘടന, മാദ്ധ്യമം, യുദ്ധവും സമാധാനവും, ഉപഭോക്തൃവിദ്യാഭ്യാസം, സ്പോർട്സ്, വികസനം തുടങ്ങിയ വിഷയങ്ങളിൽ അണ്ണന്റെ ക്ലാസ്സുകൾ പ്രസിദ്ധമാണ്. ഓരോ വിഷയവും കേൾവിക്കാരുടെ മനസ്സിലേക്കു തറച്ചുകയറുന്ന തരത്തിൽ ഉദാഹരണങ്ങളും യഥാർത്ഥസംഭവങ്ങളും കഥകളും സംയോജിപ്പിച്ചുള്ള ക്ലാസ്സെടുക്കൽ അദേഹത്തിന്റെ സവിശേഷതയാണ്. ശാസ്ത്രസാഹിത്യപരിഷത്‌ പ്രവർത്തനങ്ങളുടെ ഭാഗമായി അണ്ണൻ ക്ലാസ്സെടുക്കാത്ത സ്ഥലങ്ങൾ കേരളത്തിൽ വിരളമാണ്. ശാസ്ത്രസാഹിത്യപരിഷത് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1970-മുതൽ 14 വർഷം തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയിരുന്ന ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ സായാഹ്ന അധ്യാപകൻ ആയിരുന്നു. 1973-80-കാലത്ത് ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ ഇക്ക്യൂമെനിക്കൽ ക്രിസ്റ്റ്യൻ സെന്ററിൽ സാമൂഹികപ്രവർത്തകർക്കു ക്ലാസുകൾ എടുത്തിരുന്നു. റവ. എം. എ. തോമസ് അച്ചൻ രൂപം നല്കിയ ‘വിജിൽ ഇന്ത്യ മൂവ്മെന്റി’ന്റെ പ്രവർത്തകനായിരുന്നു. ഐകഫ് ജേർണലിസം ക്യാമ്പുകൾക്കും നേതൃത്വം നല്കി. എറണാകുളം പ്രസ് അക്കാദമിയിലും ക്ലാസ് എടുത്തിരുന്നു. കേരള യൂണിവേഴ്സിറ്റി സ്റ്റ്യൂഡന്റ്‌സ് സെന്ററിൽ നടത്തിയിരുന്ന ഇൻഫർമേഷൻ എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യൂറോയിൽ ദീർഘകാലം ജേർണലിസം ക്ലാസുകൾ എടുത്തിട്ടുണ്ട്.

എറണാകുളം സമ്പൂർണ്ണസാക്ഷരതാപ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള പരിഷത്തിന്റെ കാൽനടജാഥയുടെ ക്യാപ്റ്റൻ അണ്ണനായിരുന്നു. എറണാകുളം, കേരള സാക്ഷരതാപദ്ധതികളിലെ റിസോഴ്സ് പേഴ്സൺ പരിശീലനത്തിലും അണ്ണന്റെ സംഭാവന ശ്രദ്ധേയമായിരുന്നു.

‘ഗ്രാമശാസ്ത്രം’ മാസികയിലേക്കു വാർത്തകൾ നല്കുന്ന ഗ്രാമീണറിപ്പോർട്ടർമാരെ തയ്യാറാക്കുന്നതായിരുന്നു ഒരു നൂതന ഇടപെടൽ. ഗ്രാമതലവികസനപ്രശ്നങ്ങൾ, വികസനയിടപെടലുകൾ, ജനങ്ങളുടെ മുൻകൈയിൽ നടക്കുന്ന സവിശേഷ വികസനയിടപെടലുകൾ തുടങ്ങിയ കാര്യങ്ങളെ എങ്ങനെ ‘ഗ്രാമശാസ്ത്രം’ മാസികയ്ക്കുള്ള വാർത്തകളാക്കാം എന്നതാണു പരിശീലിപ്പിച്ചത്. അതെ, ഡെവലപ്മെന്റ് ജേർണലിസത്തിന്റെ, റൂറൽ റിപ്പോർട്ടിങ്ങിന്റെ, കേരളത്തിലെ ആദ്യകളരികൾക്കു നേതൃത്വം നല്കിയ അറിയപ്പെടാത്ത മാദ്ധ്യമപ്രവർത്തകൻ ആയിരുന്നു നമ്മുടെ അണ്ണൻ. പിന്നീട് ജനകീയാസൂത്രണത്തിൽ ഗ്രാമതലറിപ്പോർട്ടർമാരെ ഉണ്ടാക്കാനുള്ള പരിശീലനത്തിനു നേതൃത്വം നല്കിയതും അണ്ണനാണ്.

ജനകീയാസൂത്രണപ്രസ്ഥാനത്തിൽ അണ്ണന്റെ പ്രധാന സംഭാവന രണ്ടു കാര്യങ്ങളിലായിരുന്നു. ഒന്നാമതായി, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ‘അധികാരവികേന്ദ്രീകരണത്തിലെ രാഷ്ട്രീയ’ത്തെക്കുറിച്ചുള്ള ക്ലാസുകൾ പതിവായിരുന്നു. അതിനായി ഓടിനടന്നവരിൽ പ്രധാനിയായിരുന്നു അണ്ണൻ.

രണ്ടാമത്തേത്, ഓഡിറ്റ് സംബന്ധിച്ച് ആയിരുന്നു. ഓഡിറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരിലും തദ്ദേശസ്വയംഭരണസ്ഥാപനജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും ഒഡിറ്റ് സംബന്ധിച്ചു നിലവിലരുന്ന ധാരണ നവീകരിക്കേണ്ടിയിരുന്നു. ഓഡിറ്റ് ഭയന്നു പദ്ധതിനിർവ്വഹണം നടത്താതിരിക്കുക, ഓഡിറ്റുകാരെ തൃപ്തരാക്കാൻമാത്രം കൃത്രിമരേഖകൾ ചമയ്ക്കുക, ഓഡിറ്റ് ഭയന്ന് അനാവശ്യനിബന്ധനകൾ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതുണ്ടായിരുന്നു. ഇക്കാര്യത്തിൽ മുൻ ട്രഷറി ഡയറക്റ്റർ എൽ. സുകുമാരൻ നായരുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലെ വേണുഗോപാൽ, ഇ.സി. തോമസ് (ഇദ്ദേഹം സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടു) തുടങ്ങിയവരുടെ ടീം സെല്ലിൽ രൂപപ്പെട്ടു. ഈ ടീമിനൊപ്പം ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥരും ചേർന്നു. ഇവർക്കൊപ്പം അണ്ണനും.

‘ഓഡിറ്റിൽ പുലർത്തേണ്ട ക്രിയാത്മകസമീപനം’ എന്ന ആമുഖാവതരണം അണ്ണന്റെ തകർപ്പൻ ക്ലാസ്. ഈ ക്ലാസ് കഴിയുന്നതോടെ ഓഡിറ്റിന്റെ അനിവാര്യത ബോദ്ധ്യമാകും. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഓഡിറ്റ് ഒരു സഹായി എന്ന തലത്തിലേക്കു ചർച്ചയ്ക്കും തുടക്കം കുറിക്കും. ഓഡിറ്റ് നടത്തുന്നവർ പുലർത്തേണ്ട സമീപനം സംബന്ധിച്ചു വേണുഗോപാലിന്റെ അവതരണവും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഇ. സി. തോമസിന്റെ ക്ലാസ്സും കഴിയുന്നതോടെ പരിശീലനക്ലാസ്സിന്റെ അന്തരീക്ഷം മാറുമായിരുന്നു. ഈ അന്തരീക്ഷമാറ്റത്തിന്റെ കാറ്റു വിതയ്ക്കുന്നത് അണ്ണന്റെ ക്ലാസ്സ് ആയിരുന്നു.

കിലയിലും ഐഎംജിയിലും ജനപ്രതിനിധിപരിശീലനപരിപാടിയിൽ അണ്ണൻ ദീർഘകാലം റിസോഴ്സ് പേഴ്സൺ ആയിരുന്നു.

മുടിനുമുകളിൽ കൈ തെറുത്തുകയറ്റിയ വെളുത്ത ഷർട്ടും മുണ്ടും കാലൻകുടയുമായി തമ്പാനൂർ ചെട്ടികുളരയിൽനിന്നു മ്യൂസിയത്തെത്തി പബ്ലിക് ലൈബ്രറിയിലും കയറി തിരികെ വീട്ടിലേക്ക് എന്ന ദിനചര്യ തെറ്റാതെ നടക്കുന്ന അണ്ണൻ ഇന്നും തിരുവനന്തപുരം നഗരത്തിലെ ഒരു കാഴ്ചയാണ്.