Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ടി. രാധാമണി

ടി. രാധാമണി

ലഘു ജീവചരിത്രം (Biography)

“ശാസ്ത്രം സാമൂഹികവിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ചു പ്രവർത്തിക്കുന്ന നമുക്ക് ആ സാമൂഹികവിപ്ലവം നടപ്പാക്കാനുള്ള അസുലഭമായ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ജനാധിപത്യത്തിന് എബ്രഹാം ലിങ്കൺ നല്കിയ പ്രസിദ്ധമായ നിർവ്വചനം നാം ഇവിടെ നടപ്പിലാക്കണം. ജനഹിതമനുസരിച്ചു ഭരണം നടത്താനുള്ള സംവിധാനമായി പ്രാദേശികസർക്കാരുകൾ മാറും. ഈ ലക്ഷ്യം നേടാൻ നാമെല്ലാം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പിന്നിൽ അണിനിരക്കണം.” ജനകീയാസൂത്രണത്തിലെ പങ്കാളിത്തം ചർച്ചചെയ്യാൻ വിളിച്ചുചേർത്ത പരിഷത്‌പ്രവർത്തകരുടെ സമ്മേളനത്തിൽ എം. പി. പരമേശ്വരൻ നടത്തിയ ആവേശോജ്ജ്വലപ്രസംഗം ടി. രാധാമണി ഇന്നും ഓർക്കുന്നു.

പരിഷത്‌പ്രവർത്തകർ പഞ്ചായത്തുതലവികസനപ്രൊജക്ടിന്റെ തുടർച്ചയായാണു ജനകീയാസൂത്രണത്തെ കണ്ടത്. 22 പഞ്ചായത്തുകൾ വിഭവഭൂപടം നിർമ്മിച്ചെങ്കിലും അഞ്ചു പഞ്ചായത്തിൽ മാത്രമാണു വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. ഇതിൽ തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണു രാധാമണി കൂടുതൽ സമയം ചെലവഴിച്ചത്. പ്രാദേശികാസൂത്രണത്തിൽ സ്ത്രീപരിഗണന എങ്ങനെ ഉയർത്താം എന്നു കണ്ടെത്തലായിരുന്നു രാധാമണിയെപ്പോലുള്ള ഒരുസംഘം പ്രവർത്തകരുടെ ചുമതല.

ജനകീയാസൂത്രണത്തിൽ ആദ്യവട്ട കെആർപി പരിശീലനത്തിൽ പങ്കെടുത്തു. ഏജീസ് ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ എന്ന ചുമതല നിർവ്വഹിക്കുന്നതിനിടയിൽ എല്ലാ പരിശീലനപരിപാടികളിലും പങ്കെടുക്കാൻ രാധാമണി സമയം കണ്ടെത്തി. കേരളമൊട്ടാകെ ഓടിനടന്നു നൂറുകണക്കിനു ക്ലാസുകൾ കൈകാര്യം ചെയ്തു. സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുക, വനിതാഘടകപദ്ധതി ഫലപ്രദമാക്കുക എന്നിവയിലാണു കൂടുതൽ ശ്രദ്ധിച്ചത്.

പരിഷത്തിന്റെ 89-ലെയും 90-ലെയും വനിതാകലാജാഥകളുടെ പ്രാദേശികസംഘാടനം വനിതകൾതന്നെ നിർവ്വഹിക്കണമെന്നു സംഘടന വാശിപിടിച്ചിരുന്നു. 1989-ൽ 160 കേന്ദ്രങ്ങളിലും 1990-ൽ 1,200 കേന്ദ്രങ്ങളിലും സ്വാഗതസംഘം കൺവീനർമാർ വനിതകൾതന്നെ ആയിരുന്നു. അംഗങ്ങളിലെ ഭൂരിപക്ഷംപേരും സ്ത്രീകളായിരുന്നു. അന്നു മുതലുള്ള ഇത്തരം ബന്ധങ്ങൾ ജനകീയാസൂത്രണത്തിനുവേണ്ടി ഉപയോഗപ്പെടുത്തി.

ഇതിനിടെ അഖിലേന്ത്യാശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘സമത’ എന്നൊരു സ്ത്രീപ്രസ്ഥാനം രൂപംകൊണ്ടു. ഝാൻസിയിൽ നടന്ന സമ്മേളനത്തിൽ ക്യാപ്റ്റൻ ലക്ഷ്മിയാണു സമത ഉദ്ഘാടനം ചെയ്തത്. ഇതിന്റെ തുടർച്ചയായി ഉള്ളൂർ, നെടുങ്കാട് തുടങ്ങിയ പ്രദേശങ്ങളിൽ സ്ത്രീകളുടെ സ്വയംസഹായസംഘങ്ങൾ രൂപവത്ക്കരിക്കാൻ മുൻകൈയെടുത്തു. അവിടുത്തെ പരിഷത്‌പ്രവർത്തകരായ ഉണ്ണിക്കൃഷ്ണനും രാജനുമായിരുന്നു ആ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. സമത സ്വയംസഹായസംഘങ്ങൾ എന്ന പേരിൽ നൂറോളം സംഘങ്ങൾ രൂപംകൊണ്ടു. ഇന്നത്തെ കുടുംബശ്രീയുടെ ആദ്യരൂപമായിരുന്നു എന്നു വേണമെങ്കിൽ പറയാം. സ്വയംസഹായസംഘങ്ങൾക്കു വായ്പ നല്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾക്ക് മടിയായിരുന്നു. എസ്ബിഐയിലെ ഉന്നതോദ്യോഗസ്ഥനായ ഫ്രാങ്കൊയോട് ഇക്കാര്യം ചർച്ചചെയ്തു. ഫ്രാങ്കോ തിരുവനന്തപുരത്തു വന്ന് എസ്ബിഐ ജീവനക്കാർക്ക് ഒരുദിവസത്തെ പരിശീലനം നല്കി. സുഗമമായി വായ്പ ലഭ്യമാക്കാൻ ഇതു സഹായിച്ചു.

വേറെയുമുണ്ടായിരുന്നു പ്രതിബന്ധങ്ങൾ. നെടുങ്കാടുപ്രദേശത്തു ജാതി-മതസംഘടനകളുടെ എതിർപ്പുണ്ടായിരുന്നു. അവർ ജാതിയടിസ്ഥാനത്തിൽ സംഘങ്ങൾക്കു രൂപം നല്കി. സ്വയംസഹായമെന്ന നിലയിൽ ഇരട്ടയംഗത്വം അങ്ങനെ തുടങ്ങി എന്നു സാരം. ഹിന്ദുസ്ഥാൻ ലിവർ അവരുടെടെ ഉൽപ്പന്നങ്ങൾ ആകർഷകമായ ആനുകൂല്യങ്ങളോടെ വില്ക്കാൻ സ്വയംസഹായസംഘങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതിനെ ചെറുക്കേണ്ടിവന്നു.

പരിഷത്‌പ്രവർത്തനങ്ങളോടൊപ്പം ജനകീയാസൂത്രണചുമതലകളും ഏറ്റെടുത്തു. മാർ ഇവാനിയോസ് കോളെജിലെ തുടർച്ചയായ പരിശീലനങ്ങളിൽ ഫാക്കൽറ്റി ആയിരുന്നു. വർക്കിങ് വിമൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാഹോസ്റ്റൽ, ഷോർട്ട് സ്റ്റേ ഹോം, ഫാമിലി കൗൺസെലിങ്, സൗജന്യനിയമസഹായം തുടങ്ങിയവയ്ക്കും നേതൃത്വം നല്കി. ദേവകി വാര്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യഭക്ഷണവും താമസവും അടക്കമുള്ള ആതുരസേവനങ്ങളും നടത്തി. പിന്നെ, തിരുവനന്തപുരത്തെ എല്ലാ സമരസഹായസംഘടനകളിലും ഭർത്താവ് ടി. നാരായണനും ടി. രാധാമണിയും ഉണ്ടാവും. ഇതൊക്കെ ഇന്നും തുടരുന്നുണ്ട്. ഇവയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോകാൻ എങ്ങനെ സമയം കണ്ടെത്തിയെന്നതാണു വിസ്മയം. 2018-ലെ ‘മഹിളാരത്ന’ അവാർഡിന് അർഹയായി.